മുംബൈ: മഹാരാഷ്ട്രയിലെ ദേശീയപാത 48 ലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ അതിലുണ്ടായിരുന്ന സ്ത്രീ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. പാൽഘർ ജില്ലയിലെ ഛായപുരവാണ് (49) മരിച്ചത്. ഇത് പാൽഘറിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെയും എൻഎച്ച് 48 ലെ ഗതാഗതക്കുരുക്കിനേയും ഒരേസമയം വെളിച്ചത്തു കൊണ്ടുവന്നു.
പാൽഘറിലെ മധുകർ നഗറിൽ താമസിക്കുന്ന ഛായയുടെ മേൽ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റു. അവരുടെ വാരിയെല്ലുകൾക്കും തോളുകൾക്കും തലയ്ക്കുമായിരുന്നു പരിക്ക്. പാൽഘറിൽ ട്രോമ സെന്റർ ഇല്ലാത്തതിനാൽ പ്രാദേശിക ആശുപത്രി അവരെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
100 കിലോമീറ്റർ യാത്രയ്ക്ക് സാധാരണയായി ഏകദേശം 2.5 മണിക്കൂർ എടുക്കും. അതനുസരിച്ച് അവർക്ക് അനസ്‌തേഷ്യ നൽകി, ഉച്ചകഴിഞ്ഞ് മൂന്നോടെ യാത്ര ആരംഭിച്ചു, ഭർത്താവ് ആംബുലൻസിൽ അവരുടെ അരികിൽ ഇരുന്നു. എന്നാൽ ആംബുലൻസ് എൻഎച്ച് -48 ൽ വലിയൊരു ഗതാഗതക്കുരുക്കിൽ കുടുങ്ങി. ആറുമണിക്കൂറോളം യാത്ര മുടങ്ങി.അനസ്തേഷ്യയുടെ പ്രഭാവം കുറയാൻ തുടങ്ങി. അവർക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു.
നില വഷളായപ്പോൾ, ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മീരാറോഡിലുള്ള ഓർബിറ്റ് ആശുപത്രിയിലേക്ക് വൈകീട്ട് ഏഴോടെ ആംബുലൻസ് എത്തി. ഡോക്ടർമാർ ഛായപുരവിനെ പരിശോധിച്ച് മരിച്ചതായി പ്രഖ്യാപിച്ചു. വെറും 30 മിനിറ്റ് മുമ്പ് ആശുപത്രിയിൽ എത്തിയിരുന്നെങ്കിൽ അവരെ രക്ഷിക്കാമായിരുന്നുവെന്ന് ഭർത്താവ് കൗശിക്കിനോട് ഡോക്ടർമാർ പറഞ്ഞു. നാല് മണിക്കൂർ തന്റെ ഭാര്യ അസഹനീയമായ വേദന അനുഭവിച്ചതായി കൗശിക് പറഞ്ഞു.ഗതാഗതക്കുരുക്ക് എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി.
Content Highlights: woman died in an ambulance stuck in a traffic jam on National Highway 48 in Maharashtra
Published: 11 Aug 2025, 08:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented