മുത്തങ്ങ(വയനാട്): കാടിന് പലനിറങ്ങളാണ്, പല മണവും.. മഞ്ഞിൽ ഒരു ഭാവം, സൂര്യനെത്തുമ്പോൾ തെളിയുന്ന നിറങ്ങൾ, മണ്ണിന്റെ മണം... കാടിനെ അനുഭവിക്കുകയെന്നാൽ മനുഷ്യനെ അറിയുക എന്നതു കൂടിയാണെന്ന തിരിച്ചറിവായിരുന്നു മാതൃഭൂമി അക്ഷരപ്രകൃതി ക്യാമ്പ് സമ്മാനിച്ചത്. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി മുത്തങ്ങയിൽ സംഘടിപ്പിച്ച അക്ഷരപ്രകൃതി ക്യാമ്പിൽ ശനിയാഴ്ച നടന്ന വനയാത്ര അംഗങ്ങൾക്ക് വേറിട്ട അനുഭവമായി.
കാട്ടിലൂടെ നടക്കുമ്പോൾ കാടാവുക എന്നു വായിച്ചറിഞ്ഞത് അനുഭവിച്ചത് ഇന്നാണെന്നായിരുന്നു ദേവഗിരി കോളേജ് വിദ്യാർഥിയായ ബി.എസ്. കൃഷ്ണയുടെ അനുഭവം. കാടിന്റെ നിശബ്ദതയും അനക്കങ്ങളും നിറങ്ങളെയും തൊട്ടറിഞ്ഞു, എക്കാലത്തേക്കുമുള്ള ഓർമകളാണിതെന്നും കൃഷ്ണ പറഞ്ഞു. സുഹൃത്തായ മാധവി റോയ് മുത്തങ്ങ കാടുകളെ വിഴുങ്ങുന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന (സെന്ന) നിർമാർജനത്തില് പങ്കാളിയാവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു. കോഴിക്കോട് എൻഐടിയിലെ എൻഎൻഎസ് അംഗങ്ങളാണ് സെന്ന നിർമാർജനത്തിനായി മുത്തങ്ങയിലെത്തിയത്. ഇവർക്കൊപ്പം ക്യാമ്പംഗങ്ങൾക്കും മഞ്ഞക്കൊന്ന കാടിനെ കീഴടക്കുന്നതിന്റെ ഭീകരത വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു നല്കി. ഇതോടെ തങ്ങളും സെന്നയെ പിഴുതെറിയുവാൻ തുടങ്ങിയെന്നും മാധവി പറഞ്ഞു.
28 പേരടങ്ങുന്ന ക്യാമ്പംഗങ്ങളും നേതൃത്വം നൽകിയ ക്യാമ്പ് ഡയറക്ടർ സുഭാഷ് ചന്ദ്രൻ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ആർ. രാഹുലും അഞ്ച് മണിക്കൂറോളമാണ് കാട്ടില് ചെലവഴിച്ചത്. തുടർന്ന് കാട് കവിയോട് പറയുന്നത് എന്ന വിഷയത്തിൽ കവി റഫീഖ് അഹമ്മദും എഴുത്തിന്റെ വാതിലുകൾ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും സംസാരിച്ചു. വായനയുടെ വിസ്മയങ്ങൾ എന്ന വിഷയത്തിൽ കെ.വി. സജയ്, എന്നെ ഞാനാക്കിയ എഴുത്തുകാർ എന്ന വിഷയത്തില് ആലങ്കോട് ലീലാകൃഷ്ണനും സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Content Highlights: Mathrubhumi's Akshara Prakruti Camp: Experiencing the Soul of Muthanga Forest
Published: 27 Dec 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented