അമ്പത് ഏക്കറിലധികം വരുന്ന കാവ്, അത് വളര്‍ന്നുവളര്‍ന്ന് വലിയൊരു കാടായി മാറുന്നു. കാടിനകത്ത് അഭയവരദായിനിയായ അമ്മ, ഇരിങ്ങോള്‍ ഭഗവതി. ഐതിഹ്യത്തിന്റെ നിലവറപ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്നത് മന്വന്തരങ്ങള്‍ പിറകിലേക്കാണ്. ദ്വാപരയുഗം. കൃഷ്ണാവതാരസമയം. ദേവകിയുടേയും വസുദേവരുടേയും എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമെന്ന മനസ്സിലാക്കുന്ന കംസന്‍ ഇരുവരെയും തടവിലാക്കുന്നു. പുത്രനെ പ്രതീക്ഷിച്ചവര്‍ കണ്ടത് ശിശുരൂപത്തിലുള്ള പെണ്‍കുഞ്ഞിനെ. അതിനെയും വെറുതെവിടില്ലെന്നായി കംസന്‍. കുഞ്ഞിനെ തറയിലെറിഞ്ഞുകൊല്ലാനായി കാലില്‍ തൂക്കിയെടുത്തു. അദ്ഭുതം, ആ കുഞ്ഞ് അഭൗമതേജസ്സോടെ ആകാശത്തില്‍ മറഞ്ഞു. ഭൂമിയില്‍ ആ വെളിച്ചം സ്പര്‍ശിച്ച സ്ഥലം ഇരുന്നോള്‍ ആയിത്തീര്‍ന്നു. അത് പിന്നീട് ഇരിങ്ങോള്‍ ആയി മാറുകയായിരുന്നു. ദേവിയുടെ അനുഗ്രഹം തേടിയെത്തിയ ദേവഗണങ്ങള്‍, വൃക്ഷങ്ങളും ചെടികളുമായിത്തീര്‍ന്നു.
സ്വയംഭൂവാണ് ഇരിങ്ങോളിലെ പ്രതിഷ്ഠ. രാവിലെ സരസ്വതിയും ഉച്ചയ്ക്ക് വനദുര്‍ഗയുമായി മാറുന്ന ദേവി. 108 ദുര്‍ഗാക്ഷേത്രങ്ങളിലൊന്നായ ഇത് പരശുരാമനാല്‍ സ്ഥാപിതമായി എന്നാണ് വിശ്വാസം.
പൂക്കളില്ലാതെ സുഗന്ധമില്ലാതെ
പൂമാലകളുടെ കടുംമണങ്ങളോ സാമ്പ്രാണിത്തിരിയുടെ ഗന്ധമോ ഇരിങ്ങോള്‍ കാവില്‍ കാണില്ല. സുഗന്ധപുഷ്പങ്ങള്‍ ചൂടിയ ആരെയും അകത്തേക്ക് കടത്താറില്ല. പൂജയ്ക്കുപോലും പുഷ്പങ്ങളില്ല. ദേവിക്ക് മാല ചാര്‍ത്താനായി ചെത്തി, താമര, തുളസി എന്നിവ മാത്രം. ഉപദേവന്‍മാരില്ലാത്ത ക്ഷേത്രം കൂടിയാണ് ഇത്. വിവാഹം, കെട്ടുനിറ, രാമായണപാരായണം എന്നീ ചടങ്ങുകളൊന്നും നടക്കാറില്ല. മീനമാസത്തിലെ പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പടിഞ്ഞാറേ നടയിലൂടെ കാവിനകത്തേക്ക് നടന്നു. സുഖകരമായ തണുപ്പ്. കാവ് വലിയൊരു മേലാപ്പായി വന്നുപൊതിയുകയാണ്. കമ്പകം, വെള്ളപ്പൈന്‍, മഞ്ചാടി, വീട്ടി, ആഞ്ഞിലി, കരിമ്പന, ചൂണ്ടപ്പന, ചേര്, കാഞ്ഞിരം, ഞാവല്‍ തുടങ്ങിയ വന്മരങ്ങള്‍. മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ അവയുടെ തായ്‌വേരുകള്‍. മാനത്തേക്ക് നീളുന്ന അവയുടെ തലപ്പ് കാണാന്‍ സാധിക്കുന്നില്ല. കാട്ടുകുരുമുളകും കാട്ടുപത്രിയും ചിറ്റമൃതും തിപ്പലിയും അടങ്ങുന്ന ഔഷധക്കലവറ. പുള്ളും, നത്തും പരുന്തും ചീവീടും തുമ്പിയും ഉറുമ്പും ചിതലും പങ്കിട്ടെടുക്കുന്ന മണ്ണ്. എല്ലാം ശാന്തമായി കഴിയുന്നു. 'പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍' എന്ന ലളിതമായ പ്രകൃതിപാഠം.
നടക്കുന്നതിനിടയില്‍ ഒരു ബോര്‍ഡ് കണ്ടു. ഫോട്ടോയും വീഡിയോയും പാടില്ല എന്ന് അതില്‍ എഴുതിയിരിക്കുന്നു. അന്വേഷിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. മുന്‍പ് ഇവിടേ റീല്‍സുകാരുടെയും സേവ് ദ ഡേറ്റുകാരുടേയും തിരക്കായിരുന്നു. കാവിലേക്കുള്ള കടന്നുകയറ്റം നാട്ടുകാര്‍ക്ക് ശല്യമായി. കമ്മറ്റി ഹൈക്കോടതിയെ സമീപിച്ചു. തത്കാലത്തേക്ക് ഫോട്ടോയെടുപ്പും വീഡിയോയുമെല്ലാം നിരോധിച്ചിരിക്കുകയാണ്. എങ്കിലും തൊഴുതുവരുന്നവര്‍ കാവിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയുടെ സിന്ദൂരം ചാര്‍ത്തിയേ തിരിച്ചുപോകാറുള്ളൂ!
കൂടുതല്‍ വായിക്കാന്‍ ഒക്ടോബര്‍ ലക്കം യാത്ര മാസിക കാണുക.
Content Highlights: Iringole Bhagavathy Temple, Rayamangalam
Published: 11 Sept 2024, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented