ജൂലൈ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് തത്കാൽ ബുക്കിങ്ങിന് ഇനി ആധാർ നിർബന്ധമാണ് എന്ന് അറിഞ്ഞിട്ടുണ്ടാകുമല്ലോ. എ.ഐ ടൂളുകളുപയോഗിച്ചും അല്ലാതെയുമൊക്കെ തത്കാൽ ബുക്കിങ്ങിൽ ഉണ്ടായ ചില മോശം പ്രവണതകൾ ഇല്ലാതാക്കാനാണ് യാത്രക്കാരനെ ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്യാനുള്ള തീരുമാനം വന്നത്. ഓൺലൈനിൽ മാത്രമല്ല, നേരിട്ട് പോയി ടിക്കറ്റെടുക്കാൻ പോയാലും ഇനി മുതൽ ആധാർ വേണം. ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി മുതൽ ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. മിനിറ്റുകൾക്കകം നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് തന്നെ ഐആർസിടിസി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാം. 

To advertise here,

അതിന് ആദ്യം ഐആർസിടിസി ആപ്പ് തുറന്ന് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യാം. ശേഷം account എന്ന സെക്ഷൻ ക്ലിക്ക് ചെയ്ത് അതിൽ‌ authenticate user എന്ന ഓപ്ഷൻ‌ തിരഞ്ഞെടുക്കാം. തുറന്ന് വരുന്ന പേജിൽ select authentication type എന്നതിൽ ക്ലിക്ക് ചെയ്യാം. അവിടെ നിന്നും ആധാർ കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക. താഴെയുള്ള കൺഫേം ചെയ്യാനുള്ള കോളത്തിൽ ടിക് നൽകിയാൽ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി വരും. ഇത് സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ആധാർ ലിങ്ക് ആവും. ഇനി തുറക്കുന്ന ആധാർ കെവൈസി നോക്കി വിവരങ്ങൾ ശരിയാണെന്ന് വീണ്ടും ഉറപ്പ് വരുത്താം.

ലിങ്ക് ചെയ്യുംമുൻപ് ആധാർ കാർഡിലെ പേരും irctc അക്കൗണ്ടിലെ പേരും ഒന്ന് തന്നെയാണെന്ന് ഉറപ്പാക്കണം. ഒരുവട്ടം ആധാർ ലിങ്ക് ചെയ്താൽ വീണ്ടും ചെയ്യേണ്ടതില്ല. ആധാർ വേരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് മാസത്തിൽ 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാനുമാവും. ഓർക്കുക, ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നിർബന്ധമായും നൽകേണ്ടിവരും. ഒരു കാര്യം കൂടിയുണ്ട്,  ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല.

മാറ്റങ്ങൾക്ക് നടുവിൽ മാറ്റമില്ലാതെ തുടരുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തന്നെയായിരിക്കും തത്കാല്‍ ടിക്കറ്റ് നല്‍കുക. രാവിലെ 10 മണിക്ക് എ.സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് തത്കാൽ യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.  ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍ ടിക്കറ്റിലേക്ക് മാറ്റി വെക്കുക. കണ്‍ഫേംഡ് തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല. വെയ്റ്റിങ് ലിസ്റ്റാണെങ്കിൽ നിരക്ക് കഴിച്ച് ലഭിക്കും