ദേശീയതലത്തിൽ ശില്പ കലാരംഗത്ത് പ്രമുഖമായ സ്ഥാനമാണ് ജി. രഘുവിന്. സെറാമിക് ശില്പങ്ങളുടെ മേഖലയിൽ പതിഞ്ഞ ആ കയ്യൊപ്പിന്  നാല് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുണ്ട്. ഭോപ്പാൽ ഭാരത് ഭവനിലെ കലാസപര്യ ,തുടർന്ന് രാജ്യത്തെ പലയിടങ്ങളിലുമായി നിരവധി പ്രദർശനങ്ങൾ, പുരസ്കാരങ്ങൾ. രാജാ രവിവർമ്മയുടെ നാടായ കിളിമാനൂർ ആണ് രഘുവിന്റെയും ദേശം. സാമ്പത്തിക ബുദ്ധിമുട്ടിൽ ഞെരങ്ങുന്ന കുടുംബത്തിൽ ആയിരുന്നു ജനനം. കുഷ്ഠരോഗാശുപത്രിയിലെ ഡോക്ടറായി വിഖ്യാതവാസ്തുശിൽപി ലാറി ബേക്കറുടെ ഭാര്യ എലിസബത്ത്  എത്തിയത് രഘുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ബാഗിൽ ഉണ്ടായിരുന്ന കടലാസുകളും പെൻസിലുകളും നാട്ടിലെ കുട്ടികൾക്ക് എലിസബത്ത് കൊടുക്കുമായിരുന്നു. തനിക്ക് കിട്ടിയ കടലാസുകളിൽ ആറു വയസ്സുകാരനായ രഘു ചിത്രങ്ങൾ വരച്ചു. അടുത്ത തവണ അവർ വന്നപ്പോൾ അവ മടക്കി നൽകി. അവർക്ക് അത് വളരെ കൗതുകമായി തോന്നി. ഒരു പ്രതിഭയുടെ മിന്നലാട്ടം അവർ കണ്ടു.
സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ഒരു ബന്ധത്തിൻറെ തുടക്കമായിരുന്നു അത്. സ്കൂൾ കാലം കഴിയും വരെ രഘുവിന്റെ ചെലവുകൾ അവരാണ് വഹിച്ചത്. സ്കൂൾ കഴിഞ്ഞപ്പോൾ കോളേജിലും അങ്ങനെ തണലേകാൻ പല കൈകൾ ഉണ്ടായി. കേരളത്തിൽ ഇതാദ്യമായി രഘുവിന്റെ കേരളത്തിലെ ഏകാംഗ പ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഇപ്പോൾ നടക്കുകയാണ്.29നാണ് സമാപനം.
 

To advertise here,