ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ മോഹം ട്രംപ് അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുകയാണ്. പരസ്യമായി പലവട്ടം ആഗ്രഹം പ്രകടിപ്പിച്ച ഡൊണാൾഡ് ട്രംപ് മേഖലയിൽ സൈനിക സാന്നിദ്ധ്യം കൂട്ടുന്ന കാര്യത്തേക്കുറിച്ച് സംസാരിച്ച മാധ്യമപ്രവർത്തകരോട് തന്ത്രപരമായ മൗനം പാലിച്ചത് ഈ കഴിഞ്ഞ ദിവസമാണ്. ട്രംപ് ജൂനിയറിന്റെ ഗ്രീൻലൻഡ് സന്ദർശനവും പിന്നാലെയുണ്ടായി.
157 കൊല്ലം പഴക്കമുള്ള ഒരു അമേരിക്കന്‍ മോഹം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുക. അമേരിക്കയുടെ ഈ സ്വപ്നത്തെ വീണ്ടും പൊടിതട്ടിയുണര്‍ത്തിയിരിക്കുകയാണ് യു.എസ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയസുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലന്‍ഡിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും തീര്‍ത്തും അനിവാര്യമാണെന്ന് യു.എസ്. കരുതുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ, സ്വയം ഭരണാവകാശമുള്ള ദ്വീപാണ് ഗ്രീന്‍ ലാന്‍ഡ്. ട്രംപ് അധികാരമേല്‍ക്കാനിരിക്കേ നടത്തിയ ഈ പ്രസ്താവനയോടെ ഗ്രീന്‍ലാന്‍ഡ് വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. സത്യത്തില്‍ എന്താണ് അമേരിക്കക്ക് ഗ്രീന്‍ലാന്‍ഡിനോട് ഇത്ര താല്‍പ്പര്യം?. ലോകത്തിലെ ഇത്രയും വലിയ ഭൂപ്രദേശം എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമോ?
പേപാല്‍ സഹസ്ഥാപകന്‍ കൂടിയായ കെന്‍ ഹോവറിയെ ഡെന്മാര്‍ക്കിലേക്കുള്ള യു.എസ്. അംബാസിഡറായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള കുറിപ്പിലായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നടത്തിയ ഈ പ്രസ്താവന ഗ്രീന്‍ലാന്‍ഡിന് മീതേയുള്ള അമേരിക്കന്‍ മോഹത്തെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ്.
നേരത്തെ പറഞ്ഞതുപോലെ ഇതാദ്യമായല്ല, ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള താല്‍പര്യം അമേരിക്ക പ്രകടിപ്പിക്കുന്നത്. 1867 മുതല്‍ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ യു.എസ്. ആഗ്രഹിക്കുന്നുണ്ട്. 1946-ല്‍ അന്നത്തെ പ്രസിഡന്റ് ഹാരി ട്രൂമാന്‍, നൂറ് മില്യണ്‍ ഡോളറിന് ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരവും സൈനികവുമായ ആവശ്യം ചൂണ്ടിക്കാണിച്ചായിരുന്നു യു.എസിന്റെ ആ നീക്കമെങ്കിലും അന്ന്, അത് നടന്നില്ല. അക്കാലത്ത് പരമരഹസ്യമായി നടന്ന ഈ നീക്കം 1991-ലാണ് പുറംലോകം അറിഞ്ഞതു തന്നെ.
ഈയടുത്ത് അഞ്ചുകൊല്ലം മുന്‍പ് 2019-ല്‍ ട്രംപ് തന്നെ ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും രംഗത്തെത്തുകയും ട്രംപിന്റെ ആഗ്രഹം നടക്കാതെ പോവുകയും ചെയ്തു. അക്കൊല്ലം തന്നെ നിശ്ചയിച്ചിരുന്ന ഡെന്മാര്‍ക്ക് സന്ദര്‍ശനം ട്രംപ് റദ്ദാക്കുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് ഗ്രീന്‍ലാന്‍ഡ്
ഇനി എന്തുകൊണ്ടാണ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ യു.എസ്. ആഗ്രഹിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. പക്ഷേ, അതിന് മുന്‍പ് എവിടെയാണ് എങ്ങനെയാണ് ഗ്രീന്‍ലന്‍ഡ് എന്ന് നോക്കാം. നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. വടക്കേ അമേരിക്ക ഭൂഖണ്ഡത്തിന്റെ ഭാഗം. അറുന്നൂറിലധികം വര്‍ഷമായി ഡെന്മാര്‍ക്കിനൊപ്പമാണ് ഗ്രീന്‍ലാന്‍ഡ്.

പേരില്‍ ഗ്രീന്‍ എന്നുണ്ടെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ എണ്‍പത് ശതമാനം ഭാഗവും മഞ്ഞുമൂടിക്കിടക്കുകയാണ്. 1953 വരെ ഡെന്മാര്‍ക്കിന്റെ കോളനിയായിരുന്നു ഗ്രീന്‍ലാന്‍ഡ്. ഇപ്പോഴും ഡെന്മാര്‍ക്കിന്റെ ഭാഗമായി തുടരുന്ന ഗ്രീന്‍ലാന്‍ഡ് 2009-ലാണ് സ്വയംഭരണാധികാരമുള്ള പ്രദേശമായി മാറുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആഭ്യന്തര വിഷയങ്ങളില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുമെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ പ്രതിരോധം, വിദേശനയം എന്നിവ കൈകാര്യം ചെയ്യുന്നത് ഡെന്മാര്‍ക്കാണ്. നൂക്കാണ് തലസ്ഥാനം.
ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രരിത് സെക്കന്‍ഡിനെ ഗ്രീന്‍ലന്‍ഡിന്റെ സെറിമോണിയല്‍ ഹെഡായും അവര്‍ പരിഗണിക്കുന്നു. മെക്സിക്കോയേക്കാളും വലിപ്പമുണ്ട് ഗ്രീന്‍ലന്‍ഡിനെങ്കിലും ആകെ ജനസംഖ്യ അമ്പത്താറായിരത്തോളം മാത്രമാണ്. ഡെന്മാര്‍ക്കില്‍നിന്ന് ബജറ്റ് വിഹിതമായി ലഭിക്കുന്ന സാമ്പത്തികസഹായമാണ് ഗ്രീന്‍ലാന്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്സ്.
ഭൂമിശാസ്ത്രപരമായ സ്ഥാനംപോലെ തന്നെ ഗ്രീന്‍ലന്‍ഡിലെ ധാതുനിക്ഷേപവും യു.എസിനെ മോഹിപ്പിക്കുന്നുണ്ട്. ധാതുസമ്പുഷ്ടമാണ് ഗ്രീന്‍ലാന്‍ഡ്. നിയോഡിമിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം തുടങ്ങിയ റെയര്‍ എര്‍ത്ത് മിനറലുകളുടെ വന്‍നിക്ഷേപം ഇവിടുണ്ട്. മാത്രമല്ല, യുറാനിയവും ധാരാളമായുണ്ട്. കമ്പ്യൂട്ടറുകള്‍, ചിപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, വൈദ്യുത വാഹനങ്ങള്‍ അങ്ങനെ ആധുനികലോകത്തിന് അനിവാര്യമായ വസ്തുക്കളുടെ നിര്‍മാണത്തിന് ഏറെ അത്യാവശ്യമാണ് റെയര്‍ എര്‍ത്ത് മിനറലുകള്‍. ഇന്ന് ഈ മേഖലയില്‍ ആധിപത്യമുള്ളത് ചൈനയ്ക്കാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ ധാതുസമ്പുഷ്ട മേഖലയെ അമേരിക്ക കണ്ണുവെക്കുന്നു എന്നത് വ്യക്തം. യു.എസിന്റെ പ്രത്യേകിച്ചും ട്രംപിന്റെ ചൈനാ വിരുദ്ധ തന്ത്രങ്ങള്‍ക്ക് വലിയ തോതില്‍ ഗുണകരമാവും ഗ്രീന്‍ലന്‍ഡ്.
ഗ്രീന്‍ലാന്‍ഡ് കിട്ടിയാലും അമേരിക്കക്ക് ഇനിയുമുണ്ട് ബോണസ് പോയിന്റുകള്‍..
- ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കിയാല്‍ ഈ മേഖലയിലെ റഷ്യയുടെ താല്‍പര്യങ്ങളെ ഇല്ലാതാക്കാന്‍ യു.എസിന് കഴിയും. അമേരിക്കക്കും റഷ്യക്കും ഇടയിലെ പ്രധാന ഭൂപ്രദേശമാണ് ഗ്രീന്‍ലന്‍ഡ്. ഗ്രീന്‍ലന്‍ഡ് സ്വന്തമായാല്‍ റഷ്യയുടെ ഭാവി നീക്കങ്ങള്‍ക്ക് ചെക്കുവെക്കാന്‍ അമേരിക്കക്കാവും. അതായത് ഒരുവെടിക്ക് രണ്ടുപക്ഷി.
- ഗ്രീന്‍ലാന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്താണ് യു.എസ് മിലിട്ടറിക്ക് കീഴിലുള്ള പീറ്റുഫിക് സ്‌പേസ് ബേസ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ എയര്‍ബേസുകളില്‍ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന ഈ പീറ്റുഫിക്കാണ് മിസൈല്‍ പ്രതിരോധവും സ്‌പേസ് സര്‍വെയ്‌ലന്‍സുമുള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്‌പേസ് സ്റ്റേഷനുകളിലൊന്ന്.
എന്നാല്‍, ട്രംപിന്റെ ഈ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി ഉടന്‍ തന്നെ ഗ്രീന്‍ലാന്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിനെ വില്‍പനയ്ക്കുവെച്ചിട്ടില്ല. ഒരിക്കലും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല, എന്നാണ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മുറ്റെ ബി ഈഗ്ഡ് പറഞ്ഞത്.
അമേരിക്ക ഇത് ആദ്യമായൊന്നുമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നും പണം കൊടുത്ത് പ്രദേശങ്ങള്‍ സ്വന്തമാക്കുന്നത്. 1803-ല്‍ ഫ്രാന്‍സില്‍നിന്ന് 15 മില്യണ്‍ ഡോളറിനാണ് യു.എസ്.ലൂസിയാന വാങ്ങുന്നത്. 1867-ല്‍ റഷ്യയുടെ പക്കല്‍നിന്ന് 7.2 മില്യണ്‍ ഡോളറിന് അലാസ്‌ക വാങ്ങി. 1916-ല്‍ 25 മില്യണ്‍ ഡോളറിനാണ് ഡെന്മാര്‍ക്കില്‍നിന്ന് ഡാനിഷ് വെസ്റ്റ് ഇന്‍ഡീസ് ഐലന്‍ഡ് വാങ്ങുന്നത്.
അമേരിക്ക മാത്രമല്ല, മറ്റു ചില രാജ്യങ്ങളും പ്രദേശങ്ങള്‍ വിലകൊടുത്തു വാങ്ങിയിട്ടുണ്ട്. 1958-ലാണ് ഒമാനില്‍നിന്ന് ഗ്വാദര്‍ തുറമുഖം പാകിസ്താന്‍ വിലയ്ക്കു വാങ്ങുന്നത്. 5.5 ബില്യൺ പാകിസ്താനി രൂപയ്ക്കായിരുന്നു വില്‍പന. കരീബിയന്‍ ദ്വീപായ സെയിന്റ് ബാര്‍ഥലമി സ്വീഡനില്‍നിന്ന് 1878-ലാണ് ഫ്രാന്‍സ് വാങ്ങുന്നത്.
2025 ജനുവരി 20-നാണ് യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വമ്പന്‍വിജയം നല്‍കുന്ന ആത്മവിശ്വാസത്തിന്റെ പുറത്ത് വലിയ വലിയ പ്രഖ്യാപനങ്ങളാണ് ഓരോദിവസവും ട്രംപിന്റേതായി വന്നുകൊണ്ടിരിക്കുന്നത്. ഗ്രീന്‍ലന്‍ഡ് വേണമെന്ന് ട്രംപും അതിന് മനസില്ലെന്ന് ഗ്രീന്‍ലന്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു. ഇനി എന്തു സംഭവിക്കുമെന്നറിയാന്‍ കാത്തിരിക്കാം.
Inshort: The United States, under Donald Trump, renewed its long-standing interest in acquiring Greenland, citing its strategic location and rich rare earth mineral deposits. Despite its importance for Arctic geopolitics and US-China rivalry, Greenland and Denmark firmly rejected any sale, asserting their sovereignty.
Content Highlights: why trump wants to buy greenland
Published: 10 Jan 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented