ലോകത്തെ ഏറ്റവും വലിയ ദ്വീപ്, ധാതു സമ്പത്തുകളാൽ സമ്പന്നമായ, അമേരിക്കയെ സംബന്ധിച്ച് തന്ത്രപരമായ ഗ്രീൻലൻഡ്... 160 വർഷമായി പല പ്രസിഡന്റുമാർ പല രീതിയിൽ ശ്രമിച്ചിട്ടും കിട്ടാതെ പോയ ആ ഗ്രീൻലൻഡ് സ്വന്തമാക്കാൻ ട്രംപ് നീക്കം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ടേമിൽ അതിന് കഴിഞ്ഞില്ല. രണ്ടാം ടേമിൽ എന്തുവിലകൊടുത്തും ഗ്രീൻലൻഡിനെ ഒപ്പംചേർക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ട്രംപ്. വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് മഡൂറോയെ റാഞ്ചിയ ട്രംപിന്റെ അടുത്ത ഉന്നം ഗ്രീൻലൻഡ് ആണെന്ന ചർച്ചകൾ സജീവമാണ്. ഒളിഞ്ഞും തെളിഞ്ഞും ട്രംപ് അത് പറയുന്നുമുണ്ട്. ഇതിനായി സൈനിക നടപടി ഉൾപ്പെടെ അമേരിക്ക പരിഗണിച്ചുവരുകയാണ്. അടുത്ത യുദ്ധത്തിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്കയിലാണ് ലോകം. സത്യത്തിൽ എന്തിനാണ് ഗ്രീൻലൻഡിൽ അമേരിക്ക കണ്ണുവെക്കുന്നത്? ഇത്ര വലിയ സാമ്പത്തിക-പ്രതിരോധ ശക്തിയായ അമേരിക്കയ്ക്ക് എന്താണ് ഗ്രീൻലൻഡിലൂടെ നേടാനുള്ളത്? 

To advertise here,

യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന് കീഴിലെ സ്വയംഭരണപ്രദേശമാണ് ഗ്രീൻലൻഡ്. നേരത്തെ പറഞ്ഞല്ലോ, ലോകത്തെ ഏറ്റവും വലിയ ദ്വീപ്. യുഎസ്, യൂറോപ്പ്, റഷ്യ എന്നിവയ്ക്ക് ഇടയിലാണ് ഗ്രീൻലൻഡ്. കൃത്യമായി പറഞ്ഞാൽ യുഎസിൽനിന്ന് 5000 കിലോമീറ്റർ അകലെ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഈ വമ്പൻ ദ്വീപ്. 1979 മുതൽ തിരഞ്ഞെടുപ്പിലൂടെ നിയമിക്കപ്പെടുന്ന സ്വന്തം സർക്കാരും പ്രധാനമന്ത്രിയും അവിടെയുണ്ട്. എങ്കിലും ഗ്രീൻലൻഡിന്റെ പ്രതിരോധം, വിദേശനയം തുടങ്ങിയവയെല്ലാം കൈകാര്യംചെയ്യുന്നത് ഡെന്മാർക്കാണ്. ദ്വീപ് നിവാസികളെല്ലാം ഡെൻമാർക്ക് പൗരൻമാരുമാണ്.

ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണിത്. ആകെ ജനസംഖ്യ 60000-ത്തിൽ താഴെ മാത്രം. ദ്വീപിന്റെ ആകെ വിസ്തൃതി 22 ലക്ഷം ചതുരശ്ര കിലോമീറ്റർ. ഇതിന്റെ 20 ശതമാനത്തിൽ താഴെ പ്രദേശത്ത് മാത്രമേ ജനവാസമുള്ളു. ബാക്കി 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്നു. വർഷത്തിൽ രണ്ട് മാസമേ തുടർച്ചയായി സൂര്യപ്രകാശം പോലും കിട്ടുകയുള്ളു. ഗ്രീൻലൻഡിന്റെ വാർഷിക ജിഡിപി ഏകദേശം 300 കോടി ഡോളറിന്റേതാണ്. വേനൽക്കാലം കുറവായതിനാൽ മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗം. കാലാവസ്ഥയും ഭൂമിശാസ്ത്രവും മറ്റ് കൃഷികൾ അസാധ്യമാക്കി. അങ്ങനെയുള്ള ഒരു ദ്വീപ് കിട്ടിയിട്ട് എന്താണ് അമേരിക്കയ്ക്ക് കാര്യം?

യുഎസിന്റെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഗ്രീൻലൻഡ് തങ്ങൾക്ക് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ കാലങ്ങളായുള്ള നിലപാട്. ഗ്രീൻലൻഡിനെ സ്വന്തമാക്കിയാൽ മേഖലയിലെ റഷ്യൻ-ചൈനീസ് താത്പര്യങ്ങളെ ഇല്ലാതാക്കാൻ യുഎസിന് സാധിക്കും. റഷ്യയോ ചൈനയോ അമേരിക്കയിലേക്ക് മിസൈലുകൾ വിക്ഷേപിച്ചാൽ, ഏറ്റവും വേഗത്തിലെത്തുന്ന പാത ആർട്ടിക് കടന്ന് ഗ്രീൻലൻഡിന് മുകളിലൂടെയായിരിക്കും. ഈ സാധ്യതകൂടി മുൻകൂട്ടി കണ്ടാണ് തന്ത്രപ്രധാനമായ ഈ മേഖല കൈയ്യടക്കി അവിടെ സൈനികശക്തി ബലപ്പെടുത്താൻ അമേരിക്ക തയ്യാറെടുക്കുന്നത്.

അതു മാത്രമല്ല, ഇ.വിയുടേയും ഇലക്ട്രോണിക്‌സിന്റേയും പുതിയ യുഗത്തിൽ അത്യാവശ്യമായി വേണ്ട ധാതുക്കളുടെ വലിയ ശേഖരം ഗ്രീൻലൻഡിലുണ്ട്. യൂറോപ്യൻ യൂണിയൻ നിർണായക അസംസ്‌കൃത വസ്തുക്കളെന്ന് വിലയിരുത്തിയ 34 ധാതുക്കളിൽ 25 എണ്ണം ഗ്രീൻലൻഡിലുണ്ടെന്ന് കണക്കാക്കുന്നത്. അതിലും ട്രംപ് കണ്ണുവെച്ചിട്ടുണ്ട്. വർഷംമുഴുവൻ ഭൂരിഭാഗം പ്രദേശവും മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ അവിടത്തെ ധാതുസമ്പത്ത് ഇന്നോളം കാര്യമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് ഫോണുകൾ, മിസൈലുകൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ അപൂർവ ധാതുക്കളെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. നിലവിൽ ഇത്തരം ധാതുക്കളുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് ചൈനയിലാണ്. ഗ്രീൻലൻഡ് കയ്യിലെത്തിയാൽ വിപണിയിലെ ചൈനീസ് ആധിപത്യം തകർക്കാമെന്നാണ് യുഎസ് കണക്കുകൂട്ടൽ. കേവലം വിപണി താൽപ്പര്യം മാത്രമല്ല, എന്നും തങ്ങൾക്ക് തലവേദനയായ ചൈനക്കെതിരെയുള്ള തന്ത്രപരമായ നീക്കമായും ഇതിനെ വിലയിരുത്തണം.

തീർന്നില്ല, ഗ്രീൻലൻഡിൽ കാലക്രമേണ മഞ്ഞുരുകി ആർട്ടിക് സമുദ്രത്തിലൂടെ പുതിയ കപ്പൽ പാത സജീവമായാൽ അതുവെച്ച് നേട്ടമുണ്ടാക്കാമെന്ന മോഹവും ട്രംപിനുണ്ട്. അതോടെ പ്രദേശം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിൽ നിർണായകമാകും. വടക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് സഞ്ചരിക്കുന്ന കപ്പലുകൾക്ക് സൂയസ് കനാൽ വഴി കടന്നുപോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ആർട്ടിക് സമുദ്രത്തിന് ചുറ്റുമുള്ള പാതകൾ സഞ്ചാരയോഗ്യമായാൽ യാത്രാദൈർഘ്യം പകുതിയോളം കുറയും. അത്തരമൊരു മാറ്റം ഇന്ധനം ഉൾപ്പെടെയുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കും. ആഗോള ചരക്കുഗതാഗതത്തിൽ നിർണായക നേട്ടമായി ഇത് മാറും. രാജ്യസുരക്ഷയ്ക്ക് പുറമേ ട്രംപിനേയും അമേരിക്കയേയും ഗ്രീൻലൻഡിൽ മോഹിപ്പിക്കുന്ന ഘടകങ്ങൾ ഇവയൊക്കെയാണ്.

160 വർഷമായിട്ടും നടക്കാത്ത യുഎസ് മോഹം

1867 മുതൽ അമേരിക്കയ്ക്ക് ഗ്രീൻലൻഡിൽ കണ്ണുണ്ട്. അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഗ്രീൻലൻഡിനെ ഒപ്പംകൂട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 1910-ൽ പ്രസിഡന്റ് വില്യം ടാഫ്റ്റും ഇത്തരത്തിലൊരു ശ്രമം നടത്തി. അതും വിജയംകണ്ടില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത് ദേശീയ സുരക്ഷാ താൽപര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക ദ്വീപ് കൈവശപ്പെടുത്തി. പിന്നാലെ പ്രസിഡന്റ് ഹാരി ട്രൂമാൻ ഗ്രീൻലൻഡ് വാങ്ങാൻ വീണ്ടും താൽപര്യം പ്രകടിപ്പിച്ചു. 10 കോടി ഡോളറാണ് അദ്ദേഹം ഡെന്മാർക്കിന് വാഗ്ദാനം ചെയ്തത്. പക്ഷേ, വിൽക്കാൻ ഡെന്മാർക്ക് ഒരുക്കമായിരുന്നില്ല. പിന്നീട് 1951-ൽ ഗ്രീൻലൻഡുമായി പ്രതിരോധ കരാർ ഉണ്ടാക്കാൻ അമേരിക്കയ്ക്കായി. അതനുസരിച്ചാണ്, ഗ്രീൻലൻഡിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്ത് അമേരിക്ക പിറ്റുഫിക് വ്യോമതാവളം സ്ഥാപിച്ചത്.

വലിയ ഇടവേളയ്ക്കുശേഷം 2017ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ഗ്രീൻലൻഡ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നത്. പണംകൊടുത്ത് ഗ്രീൻലൻഡിനെ ഒപ്പംകൂട്ടാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും ട്രംപിന്റെ ആ മോഹം മുളയിലേ നുള്ളി. രണ്ടാം ടേമിലും ഇതിനായി ട്രംപ് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ സമ്മർദം നിർത്തണമെന്നും ദ്വീപ് വിൽക്കുമെന്ന് മനക്കോട്ടകെട്ടേണ്ടെ എന്നുമായിരുന്നു ട്രംപിന്റെ ഭീഷണിയോട് ഗ്രീൻലൻഡിന്റേയും ഡെൻമാർക്കിന്റേയും പ്രതികരണം. ഒടുവിൽ പണംകൊടുത്ത് പാട്ടിലാക്കാൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് വേണമെങ്കിൽ സൈനിക നീക്കത്തിന് മടിക്കില്ലെന്ന ഭീഷണി ട്രംപ് ഉയർത്തിയത്. വെനസ്വേലയിൽ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് പുതിയ ഭീഷണിയെന്നതും ശ്രദ്ധേയമാണ്.

എന്താകും നാറ്റോയുടെ ഭാവി?

ട്രംപിന്റെ ഭീഷണിയിൽ അശങ്കയിലായത് ഡെൻമാർക്കും ഗ്രീൻലൻഡും മാത്രമല്ല. നാറ്റോ സൈനിക സഖ്യം കൂടിയാണ്. 29 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നിലവിൽ 32 അംഗങ്ങളാണ് നാറ്റോയിലുള്ളത്. നാറ്റോയിലെ ഏതെങ്കിലും രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റുള്ളവർ പ്രതിരോധത്തിനായി എത്തണമെന്നാന്ന് ചട്ടം. നാറ്റോയിലെ അംഗരാജ്യമാണ് ഡെൻമാർക്ക്. ഗ്രീൻലൻഡ് ഡെൻമാർക്കിന്റെ ഭാഗമായതിനാൽ തന്നെ ആ രാജ്യത്തിനുള്ള എല്ലാ പരിരക്ഷയും ഗ്രീൻലൻഡിനും ലഭിക്കും. അങ്ങനെയിരിക്കെ ഗ്രീൻലൻഡിന് നേരെയുള്ള അമേരിക്കൻ ഭീഷണിയെ നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ട്രംപ് ഭീഷണി ഉയർത്തിയതിന് പിന്നാലെ ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൽ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഡെൻമാർക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാറ്റോ സഖ്യരാജ്യത്തിന് എതിരെ അതിൽ ഉൾപ്പെട്ട മറ്റൊരു രാജ്യം തന്നെ ഭീഷണിമുഴുക്കുന്നത് നാറ്റോയുടെ വിശ്വാസ്യത തന്നെ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. സൈനിക നടപടിയിലേക്ക് അമേരിക്ക കടന്നാൽ ഒന്നുകിൽ അത് വലിയ സംഘർഷത്തിൽ കലാശിക്കും അല്ലെങ്കിൽ നാറ്റോ സഖ്യം അതോടെ ഇല്ലാതാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. യൂറോപ്യൻ രാജ്യങ്ങളെ പിണക്കിക്കൊണ്ട് ഇങ്ങനെയൊരു സാഹസത്തിന് ട്രംപ് മുതിരുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.