'ഇന്ദിരാ ഗാന്ധി തോറ്റിട്ടില്ലേ, രാഹുൽ ഗാന്ധിയും കെ. കരുണാകരനും പരാജയപ്പട്ടിട്ടില്ലേ. അതുപോലെ പ്രിയങ്ക ഗാന്ധിയും പരാജയപ്പെടും'- സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വയനാട്ടിലെ സിപിഐ സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത്ര ആത്മവിശ്വാസത്തോടെ പ്രിയങ്കയെ നേരിടാൻ മാത്രം ശക്തനാണോ സത്യൻ മൊകേരി? ആണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. കാരണം യുഡിഎഫ് കോട്ടയായ വയനാട്ടിൽ അവരെ വിറപ്പിച്ച ചരിത്രമുണ്ട് സത്യൻ മൊകേരിക്ക്. 

To advertise here,

2014-ലായിരുന്നു ആ പോരാട്ടം. വയനാട് മണ്ഡലം കണ്ട ഏറ്റവും വാശിയേറിയ മത്സരം. അക്കാലത്ത് വയനാടിന് പ്രിയങ്കരനായ എംഐ ഷാനവാസായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാർഥി. അതിന് തൊട്ടുമുമ്പ് നടന്ന 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു ഷാനവാസിനെ വയനാട്ടുകാർ ജയിപ്പിച്ചുവിട്ടത്. അതിനാൽ തെല്ലും പരാജയഭീതിയില്ലാതെ, ഉയർന്ന ഭൂരിപക്ഷത്തിലുള്ള വിജയം യുഡിഎഫ് മത്സരത്തിന് മുമ്പേ ഉറപ്പിച്ചു. എന്നാൽ ആ അമിത അത്മവിശ്വാസത്തിന് ബാലറ്റ് പെട്ടി പൊട്ടിക്കുന്നത് വരേയേ ആയുസ്സുണ്ടായുള്ളു. യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ച് പലയിടത്തും സത്യൻ മൊകേരി വോട്ടുകൾ വാരിക്കൂട്ടി. 2009-ൽ ലഭിച്ചതിനെക്കാൾ ഒരുലക്ഷം വോട്ടുകൾ സിപിഐയ്ക്ക് കൂടുതൽകിട്ടി.

വലതുകോട്ടകളെ വിറപ്പിച്ചശേഷം പരാജയം സമ്മതിച്ചെങ്കിലും, ഷാനവാസിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിൽനിന്ന് 20000-ത്തിലേക്ക് കുത്തനെ ഇടിഞ്ഞു. 2009ൽ നാല് ലക്ഷത്തി പതിനായിരം വോട്ടുകൾ പിടിച്ച ഷാനവാസിന് രണ്ടാമൂഴത്തിൽ കിട്ടിയത് മൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരം വോട്ടുകൾ മാത്രം. സത്യൻ മൊകേരി നേടിയതാകട്ടെ മൂന്ന് ലക്ഷത്തി അമ്പത്താറായിരം വോട്ടുകളും. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർഥി പിടിച്ച ഏറ്റവും വലിയ വോട്ടായിരുന്നു അത്. ഒരുപക്ഷേ, സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ 37000-ത്തിലധികം വോട്ടുകൾ പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം ഒപ്പംനിന്നേനെയെന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു.

ആത്യന്തികമായി തിരഞ്ഞെടുപ്പിൽ തോൽവി, തോൽവി തന്നെയാണ്. എങ്കിലും യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോയി അവരെ വിറപ്പിച്ച സത്യൻ മൊകേരി അന്ന് തല ഉയർത്തിയാണ് മണ്ഡലം വിട്ടത്. ഷാനവാസിനെ വിറപ്പിച്ച തിളക്കമാർന്ന അതേ പ്രകടനം സത്യൻ മൊകേരി ഇക്കുറിയും ആവർത്തിക്കുമെന്നാണ് ഇടതു ക്യാമ്പിന്റെ പ്രതീക്ഷ.

രാഹുൽ ഗാന്ധിയുടെ വരവോടെ 2019 മുതൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. രാഹുലിനെ നേരിടാൻ കഴിഞ്ഞ തവണ ദേശീയ നേതാവായ ആനി രാജയെ തന്നെ സിപിഐ രംഗത്തിറക്കി. എന്നാൽ, രാഹുലിന്റെ ഭൂരിപക്ഷം ചെറുതായൊന്ന് കുറയ്ക്കാനായി എന്നത് മാത്രമായിരുന്നു അന്ന് പാർട്ടിക്കുണ്ടായ നേട്ടം. രാഹുലിന്റെ പിൻഗാമിയായി, പ്രിയങ്ക വരുമ്പോൾ വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലത്തിൽ, വനിതാ നേതാക്കളുടെ പേരുകളടക്കം സിപിഐ നേതൃത്വം ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നു. എന്നാൽ, വയനാട്ടിലെ രാഷ്ട്രീയ മത്സരത്തിന് ഏറ്റവും ഉചിതനായ സ്ഥാനാർഥി സത്യൻ മൊകേരിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഒറ്റപ്പേരിലേക്കെത്തിയത്.

പ്രിയങ്കയെ പോലൊരു ശക്തയായ സ്ഥാനാർഥിയെ നേരിടാൻ വയനാട്ടുകാർക്ക് വലിയ പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ലാത്ത നേതാവിനെ അനിവാര്യവുമായിരുന്നു. അതിനുള്ള ഏറ്റവും മികച്ച ചോയിസാണ് സത്യൻ മൊകേരി. കർഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവാണ് അദ്ദേഹം. വയനാട്ടിലെ കർഷകരെ അദ്ദേഹത്തോളം അറിയുന്നവരുണ്ടാവില്ലെന്നാണ് എൽ.ഡി.എഫ്. ക്യാമ്പിന്റെ തന്നെ പ്രചാരണം.

ഷാനവാസിനെ വിറപ്പിച്ച ചരിത്രം മാത്രമല്ല സത്യൻ മൊകേരിക്ക് പറയാനുള്ളത്. 1987 മുതൽ 2001 വരെ തുടർച്ചയായി മൂന്നുതവണ നാദാപുരം എം.എൽ.എ.യായിരുന്നു അദ്ദേഹം. അക്കാലത്ത് നടത്തിയ മികച്ച പ്രവർത്തനത്തിന് നിയമസഭയുടെ കെ. ശങ്കരനാരായണൻ തമ്പി സ്മാരക യുവ പാർലമെന്റേറിയൻ അവാർഡും ലഭിച്ചിട്ടുണ്ട്. 1953ൽ കോഴിക്കോട് മൊകേരിയിലായിരുന്നു ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജായിരുന്നു രാഷ്ട്രീയ കളരി. എഐഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശനം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ രാഷ്ട്രീയത്തിൽ മുൻനിരയിലേക്ക് ഉയർന്നു. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷം അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗമാണ്.

വയനാട്ടിൽ ഇനിയാരുംതന്നെ വന്നാലും പ്രിയങ്കയുടെ നിഴലിൽ പോലും തൊടാനാകില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം. പ്രിയങ്കയുടെ ജയത്തെക്കുറിച്ച് അവർക്കൊന്നും ആശങ്കയേയില്ല. കന്നി അങ്കത്തിൽ, രാഹുലിനെക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നൽകുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. എന്നാൽ, രാഹുൽ വോട്ടർമാരെ ചതിച്ച് മണ്ഡലത്തെ ഉപേക്ഷിച്ചെന്ന പ്രചാരണം പരമാവധി ഉയർത്തിക്കാട്ടി നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. മണ്ഡലത്തിൽ സുപരിചിതനായ സത്യൻ മൊകേരിക്ക്, ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത നേട്ടമാകുമെന്നും സിപിഐ കണക്കുകൂട്ടുന്നു.

Inshort - Sathyan Mokeri, CPI candidate in Wayanad, faces Priyanka Gandhi. He gave a tough fight to M.I. Shanavas in 2014, reducing the UDF majority significantly. Can he do it again?