ലോകത്തിലെ ഏറ്റവും വലിയ ധനികനും അമേരിക്കന്‍ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) തലവനുമായ ഇലോണ്‍ മസ്‌കിന്റെ പ്രധാന സംരംഭമായ ടെസ്ല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ 2022 ന് ശേഷം കമ്പനി ഏറ്റവും മോശം പെര്‍ഫോമന്‍സ് നടത്തിയത് കഴിഞ്ഞ മാസമായിരുന്നു. വില്‍പ്പനയിലും കമ്പനി വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ആദ്യ മാസങ്ങളിലാണ് ആ ഭരണകൂടത്തിലെ ഏറ്റവും ശക്തനായ മസ്‌കിന് ഇത് സംഭവിക്കുന്നതെന്നാണ് ഏറ്റവും കൗതുകകരം. ഫെബ്രുവരി മാസത്തില്‍ മാത്രം 28 ശതമാനം ഇടിവാണ് ടെസ്ലയുടെ ഓഹരികളില്‍ ഉണ്ടായത്. മാര്‍ച്ച് ആദ്യത്തോടെ അത് 45 ശതമാനത്തിലേറെയായി. ജനുവരിയില്‍ വന്ന കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവുകളുണ്ടാകുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വാഹന വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മറ്റ് വരുമാനങ്ങളില്‍ 23 ശതമാനം കുറവുമുണ്ടായി.

To advertise here,

ഇത് ഇല്ക്ട്രിക് വാഹന കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രതിസന്ധിയാണെന്ന് കരുതരുത്. ഇ.വി മാര്‍ക്കറ്റിന്റെ സുവര്‍ണകാലങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. 2024ല്‍ ആഗോള ഇ.വി വില്‍പ്പനയിലുണ്ടായ വര്‍ധനവ് 25 ശതമാനമാണ്. എന്നാല്‍, ടെസ്ലയുടെ കാര്യത്തില്‍ അത് വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. 2025ല്‍ ഇത് ഇതിലും മോശമാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലും വില്‍പ്പനയിലുമെല്ലാം ലോകത്തിലെ മറ്റേത് കമ്പനിയെക്കാളും ഒരുപാട് മുന്നില്‍ നടന്ന കമ്പനിയാണ് ടെസ്ല എന്ന കാര്യമോര്‍ക്കണം. 2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ജനുവരി മുതല്‍ ടെസ്ലയുടെ ഓഹരികള്‍ പകുതിയോളം ഇടിഞ്ഞു. ഇത് മസ്‌കിന്റെ സമ്പത്തിലും വന്‍ ഇടിവുണ്ടാക്കി. മസ്‌കിന്റെ 145 ബില്യണ്‍ ഡോളര്‍ നഷ്ടം 122 രാജ്യങ്ങളുടെ ജി.ഡി.പി.യേക്കാള്‍ കൂടുതലാണെന്ന് പറയപ്പെടുന്നു. ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ബജറ്റിന്റെ ഇരട്ടിയും നാസയുടെ വാര്‍ഷിക ബജറ്റിന്റെ ആറ് മടങ്ങുമാണിത്. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കുകളില്‍ നിന്നാണ്. ഓഹരിയെക്കാളും വില്‍പ്പനയിലുണ്ടായ ഈ ഇടിവാണ് പലരെയും ഞെട്ടിച്ചത്. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെ ഭാഗമായി ഷെയര്‍ ഇടിഞ്ഞാലും ടെസ്ലയുടെ വില്‍പ്പനയെ ബാധിക്കില്ല എന്നായിരുന്നു പലരും കരുതിയിരുന്നത്. 2024 വരെ അതായിരുന്നു സ്ഥിതിയും. എന്നാലിപ്പോള്‍ ഷെയര്‍ കുത്തനെ ഇടിയുകയും അതോടൊപ്പം വില്‍പ്പനയില്‍ പുറകോട്ട് പോകുകയും ചെയ്തതോടെയാണ് ചിത്രം മാറിയത്. എന്താണ് ടെസ്ലയെ തകര്‍ക്കുന്നത്?