ഇതുവരെ നമ്മുടെ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് വേണ്ടി, ജീവിക്കാൻ വേണ്ടി പോവുകയായിരുന്നു. ഇനി ലോകം കേരളത്തിലേക്ക് വരുന്ന കാഴ്ചയാണ് കാണാൻ പോകുന്നത് - കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുകളായിരുന്നു ഇത്. എന്നാൽ ഏത് ലോകമാണ് സ്മാർട്ട് സിറ്റിയിലൂടെ കേരളത്തിലേക്ക് വന്നതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. മാറിമാറി വന്ന ഇടത്-വലത് സർക്കാറുകളുടെ മേൽനോട്ടക്കുറവ് കാരണം ഏങ്ങുമെത്താതെ പോയ കേരളത്തിന്റെ സ്വപ്ന പദ്ധതി. പരസ്പരം തർക്കിച്ചും കലഹിച്ചും പ്രതിഷേധിച്ചും രാഷ്ട്രീയ നേതൃത്വങ്ങൾ പാഴാക്കിക്കളഞ്ഞ ഐ.ടി മേഖലയുടെ രണ്ട് പതിറ്റാണ്ട്. 

To advertise here,

ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ അത്യാധുനിക ഐടി കേരളം കെട്ടിപ്പടുക്കാൻ സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന സ്മാർട്ട് സിറ്റിക്ക് എന്താണ് സംഭവിച്ചത്? ആരെല്ലാം ചേർന്നാണ് സ്മാർട്ട് സിറ്റിയിലൂടെ കേരളത്തിലെ യുവാക്കളെ പറ്റിച്ചത്?

നഷ്ടപരിഹാരത്തിലെ യുക്തിയെന്ത്?

കേരളത്തിന്റെ പ്രതീക്ഷകളത്രയും തകർത്ത് കരാർ വ്യവസ്ഥ പാലിക്കാതെ പദ്ധതിയിൽനിന്ന് ദുബായ് ഹോൾഡിങ്സിന്റെ ടീകോം കമ്പനി ഒഴിയുമ്പോഴും അവർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനം. കരാർ ലംഘനമുണ്ടായാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെ ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞയക്കുന്നതിന് പിന്നിലുള്ള യുക്തി എന്താണെന്നും പൊതുജനം ചോദിക്കുന്നു.  

  • പത്ത് വർഷത്തിനകം 90,000 തൊഴിലവസരങ്ങൾ.
  • 88 ലക്ഷം ചതുരശ്ര അടിയിൽ ഐടി ബിസിനസ് ടൗൺ ഷിപ്പ്.

ഇതായിരുന്നു ടീകോമും സർക്കാരുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകൾ. എന്നാൽ 13 വർഷം പിന്നിട്ടിട്ടും ടീകോമിന് ആകെ നൽകാനായത് പതിനായിരത്തിൽ താഴെ തൊഴിലവസരങ്ങൾ മാത്രം. പണിതതാകട്ടെ വെറും ആറര ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടവും. അവിടെ പ്രവർത്തിക്കുന്നത് 40ൽ താഴെ കമ്പനികൾ. അതിൽതന്നെ ബഹുരാഷ്ട്ര കമ്പനികൾ നാലെണ്ണം മാത്രം. കരാർ പ്രകാരം വേണ്ടതിന്റെ പത്തിലൊന്നോ, ഇരുപതിലൊന്നോ കെട്ടിടങ്ങൾ പോലും സ്മാർട്ട് സിറ്റി ഭൂമിയിലില്ല.

ഈ രീതിയിൽ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ സമ്മർദത്തെ തുടർന്ന് ടീകോം ഒഴിയുന്നത്. യുഎഇയ്ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീകോമിന്റെ തീരുമാനവും അവരുടെ കൊച്ചിയിൽനിന്നുള്ള പിൻമാറ്റത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇങ്ങോട്ട് കിട്ടേണ്ട നഷ്ടപരിഹാരം അങ്ങോട്ട് കൊടുക്കുന്നു

പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിലോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിലോ, പ്രത്യേക സാമ്പത്തിക മേഖലയുടെ വിജ്ഞാപനത്തിലോ സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മാത്രമേ ടീകോമിന് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതുള്ളു. എന്നാൽ ഇവിടെ ടീകോം വ്യവസ്ഥകൾ ലംഘിച്ചുവെന്നത് ആർക്കും വ്യക്തമാകുന്ന കാര്യമാണ്. എന്നിട്ടും ഖജനാവിലെ പണമെടുത്ത് ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം എന്തിനാണെന്ന് സർക്കാരിനെ അനുകൂലിക്കുന്നവർ പോലും ചോദിച്ചുപോകുന്നു.

പദ്ധതിക്ക് പാട്ടത്തിനു നൽകിയ 246 ഏക്കർ ഭൂമി സർക്കാർ തിരിച്ചു പിടിക്കുമെങ്കിലും കെട്ടിട നിർമാണത്തിനടക്കം ടീകോം മുടക്കിയ തുക അവർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ നീക്കം. എത്ര നഷ്ടപരിഹാരം നൽകണമെന്ന് സ്വതന്ത്ര ഇവാല്യുവേറ്ററാണ് തീരുമാനിക്കുക. എന്നാൽ ഈ സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായി സർക്കാർ നിയോഗിച്ച സമിതിയിൽ ടീകോം മുൻ എംഡി കൂടിയായ ബാജു ജോർജിനെ ഉൾപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.

സ്മാർട്ട് സിറ്റിയുടെ നാൾവഴി......

2004 മുതലാണ് കൊച്ചി സ്മാർട്ട് സിറ്റി എന്ന പേര് മലയാളി കേട്ട് തുടങ്ങിയത്. തുടക്കം മുതൽ വിവാദങ്ങളുടെ ഘോഷയാത്ര ആയതിനാൽ ആ പേര് മലയാളികളുടെ മനസ്സിലിടം പിടിച്ചു. അന്ന് മുതൽ തുടങ്ങിയ ഭരണ-പ്രതിപക്ഷ പോര് രണ്ട് പതിറ്റാണ്ടിനിപ്പുറം പദ്ധതിയിൽനിന്ന് ടീകോം പിൻമാറുമ്പോഴും നിലനിൽക്കുന്നു. പൂർവ്വാധികം ശക്തിയാർജിച്ച്.

ഐ.ടി മേഖലയിൽ വലിയൊരു കുതിപ്പിനുള്ള കേരളത്തിന്റെ ശ്രമമായിരുന്നു കൊച്ചി സ്മാർട്ട് സിറ്റി. കോടിക്കണക്കിന് വരുന്ന വലിയ നിക്ഷേപങ്ങൾ നേരിട്ടെത്തിക്കാൻ സംസ്ഥാന സർക്കാരിന് അന്നും ഇന്നും പരിമിതികളേറെയായിരുന്നു. അങ്ങനെയാണ് ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനിയെ സ്മാർട്ട് സിറ്റി പദ്ധതിക്കായി 2004-ൽ ഉമ്മൻ ചാണ്ടി സർക്കാർ ക്ഷണിക്കുന്നത്. 2005-ൽ പദ്ധതിക്കുള്ള കരട് കരാറിന് നിയമവകുപ്പ് അംഗീകാരം നൽകി.

സർക്കാർ ഐടി പാർക്കായ കാക്കനാട്ടെ ഇൻഫോ പാർക്ക് ഉൾപ്പെടെ സ്മാർട്ട് സിറ്റിക്കായി ടീകോമിന് കൈമാറാനായിരുന്നു ആദ്യ നീക്കം. എന്നാൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ലാതെ ടീകോമിന് ഭൂമി വിട്ടുനൽകുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. സർക്കാർ നീക്കത്തിനെതിരേ അന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനായിരുന്നു മുന്നിൽനിന്ന് പടനയിച്ചത്.

പ്രതിഷേധങ്ങൾക്കിടെ 2006 മാർച്ചിൽ ഉമ്മൻ ചാണ്ടി സർക്കാർ കരാറിന് അംഗീകാരം നൽകി. തൊട്ടുപിന്നാലെയെത്തിയ തിരഞ്ഞെടുപ്പിൽ പക്ഷേ യുഡിഎഫ് തോറ്റു. തുടർന്നുവന്ന വിഎസ് സർക്കാരും സ്മാർട്ട് സിറ്റിയെ കൈവിട്ടില്ല. ഇൻഫോ പാർക്കിനെ വിട്ടുകൊടുക്കാതെ തന്നെ സർക്കാരിന് അനുകൂലമായ പല വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്താനും വി.എസിനായി. പിന്നീടും ചർച്ചകൾ നിരന്തം നടന്നു. പല തവണ ചർച്ചകൾ വഴിമുട്ടുകയും ചെയ്തു.

ഒടുവിൽ 2007 മേയ് 13ന് ടീകോമുമായി പ്രാഥമിക കരാർ സർക്കാർ ഒപ്പിട്ടു. 104 കോടി രൂപ, 99 വർഷത്തേക്ക് ഒറ്റത്തവണ പാട്ടത്തുക. ഏക്കറിന് ഒരു രൂപവെച്ച് വാർഷിക പാട്ടം. ടീകോമിന് 84 ശതമാനവും സർക്കാരിന് 16 ശതമാനവും ഓഹരി പങ്കാളിത്തം. ഇങ്ങനെയായിരുന്നു കരാർ.

എന്നാൽ സ്റ്റാംപ് ഡ്യൂട്ടി തർക്കവും പ്രത്യേക സാമ്പത്തിക മേഖല പദവിയിലും തട്ടി പിന്നേയും നാല് വർഷങ്ങൾ കടന്നുപോയി. ഒടുവിൽ 2011 ഫെബ്രുവരിന് രണ്ടിന് വിഎസ് സർക്കാർ തർക്കം തീർത്ത് കടമ്പ്രയാറിന് തീരത്തെ 246 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് ടീകോമിന് കൈമാറി. പിന്നാലെ കൊട്ടിയാഘോഷിക്കപ്പെട്ട ഉദ്ഘാടനം. തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മാറി, യുഡിഎഫ് അധികാരത്തിലെത്തി. എന്നിട്ടും സ്മാർട്ട് സിറ്റി പദ്ധതിയിലെ ആദ്യ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ പിന്നേയും അഞ്ച് വർഷം കാത്തിരിക്കേണ്ടിവന്നു. 2016-ൽ ആദ്യ ഐടി ടവറിന്റെ ഉദ്ഘാടനം ആഘോഷമായി തന്നെ നടന്നു.

പിന്നീടൊരു കെട്ടിടം കൂടി ഉടൻ ഉയരുമെന്ന് പറഞ്ഞെങ്കിലും ഏങ്ങുമെത്തിയില്ല. 88 ലക്ഷം ചതുരശ്ര അടിയിൽ കെട്ടിടങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ ഇടത്ത് ആകെ പൂർത്തിയായത് ആറര ലക്ഷം ചതുരശ്ര അടിയിൽ ഒറ്റ കെട്ടിടം മാത്രം. ബാക്കിയുള്ള ഭൂമിയത്രയും കാടുകയറി നശിച്ചു. ഇതിനിടെ സ്മാർട്ട് സിറ്റിയിലെ പല കമ്പനികളും സുരക്ഷിതമായ സൗകര്യമേറിയ മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തു. കൊച്ചിയുടെ സാധ്യതകളെ ലോകവിപണയിൽ മാർക്കറ്റ് ചെയ്യുന്നതിൽ ടീകോം പരാജയപ്പെട്ടതോടെ സ്മാർട്ട് സിറ്റി സ്മാർട്ടാകെ പാതിവഴിയിൽ നിലച്ചു.

ഇൻഫോ പാർക്ക് കൂടി കൊടുത്തിരുന്നെങ്കിലോ?

കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാരിന് കീഴിലുള്ള ഇൻഫോ പാർക്കിൽ മൂന്നിരട്ടി തൊഴിലവസരങ്ങൾ ലഭിച്ചപ്പോഴാണ് അതിന് തൊട്ടരികേയുള്ള സ്മാർട്ട് സിറ്റി അനക്കമില്ലതെ കിടന്നുപോയതെന്നും ശ്രദ്ധേയമാണ്. സ്മാർട്ട് സിറ്റിയുടെ തകർച്ചയ്ക്ക് കാരണം സർക്കാരിന്റെ കൃത്യമായ മേൽനോട്ടമില്ലായ്മ ആണെന്ന് ഇതിലൂടെ തന്നെ വ്യക്തം. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ഐടി വകുപ്പ് സ്മാർട്ട് സിറ്റിയുടെ കാലതാമസത്തിൽ എന്തുകൊണ്ട് കൃത്യമായ ഇടപെടലുകൾ നടത്തിയില്ല എന്നതും പ്രസക്തമായ ചോദ്യമാണ്.

കരാർ ഒപ്പുവെച്ചതിന് ശേഷം സ്മാർട്ട് സിറ്റി പദ്ധതിക്ക് എന്തു സംഭവിച്ചുവെന്ന് നിരീക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു. എന്നാൽ 13 വർഷം കഴിഞ്ഞതിന് ശേഷമാണ് പത്ത് ശതമാനം പോലും പണി നടന്നിട്ടില്ല എന്ന് തിരിച്ചിറിയുന്നത്. 10 വർഷമായി ടീകോം കൊച്ചിയിൽ കാര്യമായ നിക്ഷേപമൊന്നും നടത്തിയിട്ടില്ല. കരാറിന്റെ തുടക്കത്തിൽ ഉണ്ടാക്കിയ വ്യവസ്ഥയനുസരിച്ച് ഇൻഫോ പാർക്ക് കൂടി ടീകോമിന് അന്ന് കൈമാറിയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ ഐടി മേഖലയുടെ സ്ഥിതിയെന്ന ചോദ്യവും പലയിടത്തും ഉയർന്നുകേൾക്കുന്നു. 

ഏതായാലും ടീകോം ഒഴിയുന്ന സാഹചര്യത്തിൽ ഇവിടെ മറ്റ് നിക്ഷേപ സാധ്യതകളെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്. സ്ഥലത്തോട് ചേർന്നുള്ള ഇൻഫോ പാർക്കിന്റെ വികസന സാധ്യതകളും സർക്കാർ പരിഗണിച്ചേക്കാം.

Inshort - Kochi Smart City project, a collaboration with Tecom, failed to meet targets. Why government paying compensation to Tecom company?