തിരുവനന്തപുരം: സ്മാർട്ട് സിറ്റി കൊണ്ട് സർക്കാർ ഉദ്ദേശിച്ചതൊന്നും നിലച്ചുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിലുള്ള ഊഹപോഹങ്ങളും പ്രചരിപ്പിക്കുന്ന അവസ്ഥയുണ്ട്. കേരളത്തിന്റെ ഭാവി വികസനത്തിൽ ഐ.ടി. മേഖലയ്ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതിനുതകുന്ന ഇടപ്പെടലാണ് ഉദ്ദേശിക്കുന്നത്. 

To advertise here,

നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുകയെന്ന സമീപനമല്ല സർക്കാരിനുള്ളത്. ഇതൊരു ​ഗവൺമെന്റ് - ഗവൺമെന്റ് സംവിധാനമാണ്. യു.എ.ഇയിലെയും കേരളത്തിലെയും സർക്കാരുകൾ ഇടപ്പെട്ടു കൊണ്ടുള്ള വിവിധ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നേരത്തെ നടന്നിട്ടുണ്ട്. രണ്ടു ​ഗവൺമെന്റകളുടെയും സഹകരണത്തിന്റെ ഭാ​ഗമായുള്ള ഉത്പന്നമാണ് സ്മാർട് സിറ്റി കരാർ. 

സ്ഥലം സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അത്തരമൊരു പിന്മാറ്റനയം തയാറാക്കുന്നതിന് ഒരു കമ്മിറ്റി രൂപികരിച്ചിരുന്നു. അവരാണ് അതിന്റെ വിശദാംശങ്ങൾ തയാറാക്കേണ്ടത്. ഭാവിയിൽ എന്തു ചെയ്യാൻ കഴിയുമെന്നതിൽ കമ്മിറ്റിയുടെ കൂടി നിർദേശം വന്നതിന് ശേഷം തീരുമാനിക്കും. 

സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരിവിലയാണ് സാധാരണ നിലയ്ക്ക് തിരികെക്കൊടുക്കേണ്ടി വരിക. അത് നഷ്ടപരിഹാരമല്ല. കരാറിന്റെ ഭാ​ഗമായി വരുന്ന കാര്യമാണ്. ദുബായ് ഹോൾഡിങ്സ് 2017-ൽ ദുബായിക്ക് പുറത്തുള്ള ഓപ്പറേഷനുകൾ നിർത്താൻ  തീരുമാനിച്ചു. അതിന്റെ കൂടി ഫലമാണ് ഇപ്പോൾ സ്മാർട്ട് സിറ്റിക്കുണ്ടായത്.

​ഗവൺമെന്റ് ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായി ഇത് നിലനിൽക്കും. ആർക്കും ഇത് പതിച്ചുക്കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു സ്വകാര്യ പങ്കാളിത്തവും അതിലുണ്ടാവില്ല. സർക്കാർ നിയന്ത്രണത്തിലാണ് തുടർന്നുള്ള വികസനങ്ങൾ നടക്കുക. സ്വകാര്യ സ്ഥാപനങ്ങളും പദ്ധതികളും പാർക്കിൽ വരാം. അതിനൊക്കെ ആവശ്യമായ സഹായം ചെയ്യും. 246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിന് നൽകിക്കൊണ്ടാണ് സ്മാർട്ട് സിറ്റി രൂപീകരിച്ചത്. ഈ സ്ഥലം കേരളത്തിന്റെ ഐ.ടി. വികസനത്തിന് ഫലപ്രദമായി ഉപയോ​ഗിക്കാൻ  കഴിയും. 

സ്മാർട്ട് സിറ്റിയുടെ പ്രശ്നങ്ങളെ കുറിച്ചും മുന്നോട്ട് എങ്ങനെ പോകുമെന്നതിനെ കുറിച്ചും പഠിച്ച് വ്യക്തമായ ശുപാർശ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തിൽ ധന, റവന്യൂ, നിയമ, ഐ.ടി. സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്. സ്മാർട്ട് സിറ്റി ഫ്രെയിം വർക്ക് എ​ഗ്രിമെന്റിലെ ക്ലോസ് 7, 2, 1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് പകരം ടീകോമുമായി ചർച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറിലേർപ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറൽ നിയമോപദേശത്തിൽ ഊന്നൽ നൽകിയത്.

അതനുസരിച്ച് കേരള സർക്കാരിനോ നോമിനിക്കോ ടീകോമിന്റെ ഓഹരികൾ വാങ്ങാനും കരാർ ബാധ്യതകളിൽനിന്ന് അവരെ ഒഴിവാക്കാനും സാധിക്കും. ഇതിനാലാണ് കേരള സർക്കാർ തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്നത്. സ്മാർട്ട് സിറ്റി ഫ്രെയിം വർക്ക് എ​ഗ്രിമെന്റിലെ ക്ലോസ് 7, 2, 2 പ്രകാരം ഇൻഡിപെൻഡന്റ് ഇവാലുവേറ്ററെ നിയമിച്ച് ടീകോമിന് നൽകാനുള്ള ഓഹരിവില കണക്കാക്കാനും തീരുമാനമായി. ഈ നടപടിക്രമങ്ങളിലൂടെയാണ് പിന്മാറ്റ കരാർ തയാറാക്കുന്നതിലേക്ക് മന്ത്രിസഭ തീരുമാനമെടുത്തത്. 

ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ലീസ് പ്രീമിയം തുകയായ 91 കോടി 50 ലക്ഷം രൂപയും അടിസ്ഥാന സൗകര്യത്തിനായി വിനിയോ​ഗിച്ച തുകയും നൽകണമെന്നാണ് ഫ്രെയിം വർക്ക് എ​ഗ്രിമെന്റിലെ വ്യവസ്ഥ. ഇതെല്ലാം പരി​ഗണിച്ചാണ് ഇൻഡിപെൻഡന്റ് ഇവാലുവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നൽകുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.