കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ തിരിച്ചു പിടിക്കുകയും ഇതുവരെയുള്ള നിക്ഷേപം കണക്കാക്കി കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

To advertise here,

ഐ.ടി രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് എന്താണ് സംഭവിച്ചത്?. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി.മാത്യു സംസാരിക്കുന്നു.

സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച്?

പത്തുവര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥലസൗകര്യം ഉണ്ടാക്കുക, അതില്‍ 70 ശതമാനവും ഐ.ടി.ക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി
നീക്കിവെക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. പ്രതിവര്‍ഷം എത്ര തൊഴില്‍ എന്നതിനു വരെ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരു വര്‍ഷം പോലും അവരത് പാലിച്ചില്ല. 

കരാര്‍ പ്രകാരം വേണ്ടതിന്റെ പത്തിലൊന്നോ, ഇരുപതിലൊന്നോ കെട്ടിടങ്ങള്‍ പോലും നിര്‍മിച്ചിട്ടില്ല. വീഴ്ച വരുത്തിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവരെ പറഞ്ഞു വിടുകയാണ് വേണ്ടത്. വസ്തുവിന് അവര്‍ തന്ന പാട്ടത്തുകയായ 105 കോടിയുണ്ട്, അവര്‍ കെട്ടിയ ചില കെട്ടിടങ്ങളുണ്ട്. അതൊക്കെ അവര്‍ക്കു നഷ്ടപ്പെട്ടു. അവര്‍ പൊയ്ക്കോണം, അത്രേയുള്ളൂ. അതിനുപകരം അങ്ങോട്ട് നഷ്ടപരിഹാരത്തുക കൊടുക്കുമെന്ന് പറയുന്നത് അഴിമതിയാണ്. അത് ഈ വസ്തു വേണ്ടപ്പെട്ട കുറെ ആള്‍ക്കാര്‍ക്ക് കൊടുക്കാനുള്ള ഗൂഢതാല്‍പര്യത്തിന്റെ പുറത്തു കാണിക്കുന്ന വ്യഗ്രതയാണ്.

2011-ല്‍ ടീക്കോമുമായി അന്നത്തെ മുഖ്യമന്ത്രി വി.എസ് കരാര്‍ ഉണ്ടാക്കിയപ്പോള്‍ താങ്കളും ഒപ്പമുണ്ടായിരുന്നല്ലോ?

കരാര്‍ ഉണ്ടാക്കിയത് 2007-ലാണ്. 2011-ല്‍ കരാറൊന്നും ഒപ്പിട്ടിരുന്നില്ല. ഈ കരാറില്‍ അവര്‍ നിശ്ചിത ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം (ഫ്രീ ഹോള്‍ഡ്) എന്ന ആവശ്യത്തില്‍ പണി തുടങ്ങാതെ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ഇട്ടിട്ടു പൊക്കോളാന്‍ പറഞ്ഞ് ഞങ്ങള്‍ നോട്ടീസ് കൊടുത്തു. നമ്മള്‍ (ഇടതു സര്‍ക്കാര്‍) മാറിയശേഷം വീണ്ടും യു.ഡി.എഫ് വരുമ്പോള്‍ കച്ചവടം നടത്താന്‍ നില്‍ക്കുകയാണ് ആ കമ്പനി എന്ന് തോന്നി. അതിനാല്‍ 2011 മെയ് മാസം ഞങ്ങള്‍ സ്ഥാനമൊഴിയും മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്നു കരുതി ജനുവരിയില്‍ ടീക്കോമിന് കത്ത് കൊടുത്തു. അപ്പോള്‍ ഫ്രീ ഹോള്‍ഡ് സംബന്ധിച്ച് അവര്‍ ഉന്നയിച്ച ആവശ്യം പിന്‍വലിക്കുകയായിരുന്നു
 
2016-ല്‍ ഉമ്മന്‍ചാണ്ടി അവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ കൊടുത്തു എന്ന ആരോപണം ഉണ്ടായിരുന്നല്ലോ?

ഈ കരാറിന്റെ തുടക്കം 2005-ലാണ്, ഉമ്മന്‍ചാണ്ടിയുടെ കാലത്ത്. ഒമ്പതു ജില്ലകളില്‍ ഐ.ടി വികസനത്തിനുള്ള എക്സ്‌ക്ലൂസീവ് അവകാശത്തോടെ അവര്‍ക്ക് നൂറ് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാനുള്ള കരാറുണ്ടാക്കാന്‍ ശ്രമിച്ചു. അത് ഞങ്ങള്‍ സമ്മതിച്ചില്ല, പൊളിച്ചെഴുതി. ഒമ്പതു ജില്ലകളിലെ ഐ.ടി വികസനത്തിനുള്ള എക്സ്‌ക്ലൂസീവ് അവകാശം ഇവര്‍ക്ക് മാത്രം കൊടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ എന്ന് ആലോചിച്ചു നോക്കണം.

ടെക്നോപാര്‍ക്കില്‍ ജീവനക്കാരനായിരുന്ന സമയത്ത് ഞാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു കത്ത് അയച്ചു, 'നോട്ട് ഇന്‍ അവര്‍ നെയിം' എന്ന് പറഞ്ഞിട്ട്. ഞങ്ങളുടെ പേരില്‍ ഈ കച്ചവടം നടത്തരുത് എന്ന്. അത് പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നെ വി.എസിനൊപ്പം ഐഡന്റിഫൈ ചെയ്യും മുമ്പുള്ള കാലത്തായിരുന്നു അത്. മറുപടി കിട്ടിയില്ലെങ്കിലും ആ കത്ത് വ്യാപകമായി ഇ-മെയില്‍ മുഖാന്തരം സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. മറുപടി കിട്ടിയില്ലെങ്കിലും സ്മാര്‍ട്ട് സിറ്റി പ്രോജക്ടിനെ സംബന്ധിച്ച് ഐ.ടി മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് കത്ത് കാരണമായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് അതേ വാദമുഖങ്ങളാണ് വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും മുന്നോട്ടുവെച്ചത്.

ഇന്‍ഫോപാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ തന്നെ ഇപ്പോള്‍ 40,000 പേര്‍ക്ക് തൊഴിലുണ്ട്. 33,000 തൊഴില്‍ ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ 100 ഏക്കര്‍ സ്ഥലം സൗജന്യമായി കൊടുക്കാം എന്ന് പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. ഇന്‍ഫോപാര്‍ക്കിന്റെ സ്വാഭാവിക വളര്‍ച്ച സര്‍ക്കാര്‍ നിക്ഷേപത്തിന്റെ ഫലമാണ്. അതിനെ അവരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത് വെറുതെ സ്ഥലം കൊടുക്കാനുള്ള പ്രോജക്ട് ആയിരുന്നു അത്.

2016-ല്‍ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടന കാലത്ത് കുറെ വിവാദങ്ങള്‍ ഉണ്ടായല്ലോ?

ഐ.ടിക്കുള്ള സ്പെഷ്യല്‍ എക്കണോമിക് സോണ്‍ (സെസ്) എന്നത് മാറ്റി ജനറല്‍ സെസ് ആക്കി അഞ്ചേക്കര്‍ സ്ഥലം കൂടി കൊടുത്തുകൊണ്ട് അവരെ കൊണ്ടുവരാനും അതുവഴി അവരുടെ റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ഉപയോഗിക്കാനും പറ്റുന്ന വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് നീക്കം നടത്തി. ബാക്കി 50 ഏക്കര്‍ സ്ഥലത്തെ റിയല്‍ എസ്റ്റേറ്റില്‍ നിന്നും കിട്ടുന്ന പണമെടുത്ത് ഇപ്പുറത്ത് ഉപയോഗിക്കാമോ എന്ന് നോക്കാനാണ് അവര്‍ വന്നത് തന്നെ.

പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്തി ടീകോമിന്റെ ലാഭസാധ്യതകള്‍ കുറച്ചതാണ് പ്രശ്നം എന്നും കേള്‍ക്കുന്നുണ്ടല്ലോ?

എല്ലാം കള്ളത്തരമാണ്. 2007-ല്‍ ഒപ്പിട്ട കരാര്‍ പുതുക്കിയിട്ടേയില്ല, അത് പുതുക്കാന്‍ പറ്റില്ല. ചില ഉദ്യോഗസ്ഥര്‍ കമ്പനിക്ക് സഹായകമായ ഒരുപാട് നടപടികള്‍ എടുത്തത് എനിക്കറിയാം. ഞങ്ങള്‍ ക്ലോസ് ചെയ്ത ഫ്രീ ഹോള്‍ഡ് വ്യവസ്ഥ വീണ്ടും ഓപ്പണ്‍ ചെയ്ത് ചില പ്രബല ഗ്രൂപ്പുകള്‍ക്ക് കൊടുക്കാനുള്ള നീക്കം അന്ന് നടന്നിരുന്നു. അത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ വീണ്ടും ചെയ്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ അവരൊന്നും ചെയ്തില്ല.

ടീകോം വിട്ടിട്ടു പോകാനുള്ള കാരണം?

അവരുടെ കയ്യില്‍ ഇതിനുള്ള സാമര്‍ത്ഥ്യവും പണവും ഇല്ല. ഞങ്ങള്‍ക്ക് ഇതൊക്കെ ആദ്യമേ മനസ്സിലായിരുന്നു. പക്ഷേ, രാഷ്ട്രീയമായി ഈ രീതിയിലെ പോകാന്‍ പറ്റൂ എന്നുള്ള സ്ഥിതിയില്‍ എത്തിപ്പോയിരുന്നു. അവര്‍ക്ക് മര്യാദയ്ക്ക് മാര്‍ക്കറ്റ് ചെയ്തുള്ള പരിചയം പോലുമില്ല.

നോക്കുക, കേരളത്തിലേക്ക് വന്ന ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയാണിത്. ഇത്തരക്കാരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നതാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ കാര്യം. അവര്‍ക്ക് നിബന്ധനകള്‍ വച്ചതുകൊണ്ടാണ് കേരളത്തിലേക്ക് വന്ന പതിനെട്ടോളം പ്രത്യേക സാമ്പത്തിക മേഖലാ പദ്ധതികള്‍ വന്നവഴി ഓടിയത്. കേരളം മുഴുവന്‍ കട്ടുമുടിക്കാന്‍ വന്ന കുറേ കമ്പനികളായിരുന്നു അവ. അതിന്റെ പേരില്‍ വി.എസ് എന്തെല്ലാം പഴികളാണ് കേട്ടത്. എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മിക്കാതിരുന്നതെന്ന് ഈ വികസന വാദികള്‍ ഒന്നു പറഞ്ഞു തരട്ടെ.

പദ്ധതിയുടെ പരാജയത്തിനു പിന്നില്‍

പദ്ധതി പരാജയപ്പെടുത്തിയതില്‍ ഇവിടുത്തെ ഐ.എ.എസ് കൂട്ടായ്മയ്ക്ക് വലിയ പങ്കുണ്ട്. നിങ്ങള്‍ എന്തിനാണ് ഒരു പദ്ധതിയില്‍ 16 ശതമാനം ഓഹരി പങ്കാളിത്തം എടുക്കുന്നത്? 26 ശതമാനം വേണമെന്ന് എന്തിനാണ് കടുംപിടുത്തം പിടിച്ചത്? മുഖ്യമന്ത്രി ചെയര്‍മാനായ അതിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? 84 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ കമ്പനി പണം കൊണ്ടുവരികയോ നിര്‍മ്മാണം നടത്തുകയോ ചെയ്യുന്നില്ല. 

അവരോട് എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നതെന്ന് ആരും ചോദിച്ചില്ല. ഈ മുഖ്യമന്ത്രിയും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട ഐ.ടി സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ എന്താണ് ചെയ്യുന്നത്, എന്തിനാണ് ഡയറക്ടര്‍ ബോര്‍ഡിലിരിക്കുന്നത്? ഇതിന്റെ നടത്തിപ്പ് ടീകോമിന്റെ ചുമതലയാണ്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നമ്മളെന്തിനാണ് നിയമിക്കുന്നത്, അവരുടെ ബാധ്യതയുടെ പങ്ക് നമ്മള്‍ എന്തിനാണ് ഏറ്റെടുക്കുന്നത്?

മുന്നോട്ടുള്ള വഴി?

നമ്മള്‍ ഈ സ്ഥലം ഏറ്റെടുത്ത് ഐ.ടി വികസിപ്പിക്കാന്‍ പറ്റുന്ന കമ്പനികളുമായി സഹകരിക്കണം. ആരെ ഏര്‍പ്പെടുത്തിയാലും സമയബന്ധിതമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ദൃഢനിശ്ചയവും സര്‍ക്കാര്‍ കാണിക്കണം.

ദുബായ് കമ്പനിയില്‍ നിന്ന് സ്ഥലം തിരിച്ചെടുത്തിട്ട് റിയല്‍ എസ്റ്റേറ്റുകച്ചവടത്തിനുള്ള പദ്ധതിയാണ് ഇത് എന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ട്?

കമ്പനിയെ പുറംകാലടിയും കൊടുത്ത് ഓടിക്കുകയാണ് വേണ്ടത്. അല്ലാതെ പാരിതോഷികം കൊടുത്തു വിടുകയല്ല. ഇവരെന്തിനാണ് മന്ത്രിസഭാ യോഗത്തിനുള്ള ഒരു കുറിപ്പില്‍ നഷ്ടപരിഹാരത്തുക ഉള്‍പ്പെടുത്തിയത് എന്നു മനസ്സിലാവുന്നില്ല. ഉള്‍പ്പെടുത്തിയതിനര്‍ത്ഥം നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്ന് തത്വത്തില്‍ അംഗീകരിക്കുകയാണ്.