പുകയുന്ന പശ്ചിമേഷ്യയുടെ മേല്‍ എണ്ണയിറ്റിച്ചുകൊണ്ടാണ് സിറിയന്‍ മണ്ണില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെടുന്നത്. ഇദ്‌ലിബില്‍ തുടക്കമിട്ട വിമതനീക്കത്തിന്റെ പതിനൊന്നാം നാള്‍ സിറിയ സാക്ഷിയായത് അരനൂറ്റാണ്ട് നീണ്ട അസദ് കുടുംബാധിപത്യത്തിന്റെ അന്ത്യത്തിനാണ്. എന്നാല്‍, 11 ദിവസം കൊണ്ട് മാറിമറിഞ്ഞതല്ല ഒന്നും. സിറിയയെ കലുഷിതമാക്കിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് പഴക്കമേറെയുണ്ട്. അറബ്‌ നാടുകളില്‍ പടര്‍ന്നുപിടിച്ച ജനകീയ വിപ്ലവങ്ങളുടെ ബാക്കിപത്രമാണിതും.  അതിനു വിത്തുപാകിയതാകട്ടെ ടുണിഷ്യയിലെ വെറും 26 വയസ്സുള്ള ഒരു പഴക്കച്ചവടക്കാരന്‍ സ്വയം ആളിക്കത്തി തൊടുത്തുവിട്ട തീപ്പൊരിയും.

To advertise here,

ഉത്തരാഫ്രിക്കയുടെ ഭാഗമാണ് ടുണീഷ്യ. 1956- ല്‍ ഫ്രഞ്ച് ആധിപത്യത്തില്‍നിന്ന് ടുണീഷ്യ വിമോചനം നേടിയെങ്കിലും ജനാധിപത്യഭരണം രാജ്യത്തുണ്ടായില്ല. സ്വാതന്ത്ര്യാനന്തരം കോണ്‍സ്റ്റിറ്റിയൂഷണല്‍ ലിബറല്‍ പാര്‍ട്ടി അഥവാ ഡെസ്റ്റോര്‍ നേതാവായ ഹബീബ് ബുര്‍ഗ്വീബ പ്രസിഡന്റായി. എന്നാല്‍, മറ്റ് അറബ് നേതാക്കളില്‍നിന്ന് വിഭിന്നമായി പുരോഗമനപരമായ പല മാറ്റങ്ങളും ബുര്‍ഗ്വീബ രാജ്യത്ത് കൊണ്ടുവന്നിരുന്നു. അങ്ങനെയിരിക്കെ 1975-ല്‍ ബുര്‍ഗ്വീബ ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ആ കാലയളവില്‍ ബുര്‍ഗ്വീബയുടെ പ്രധാനമന്ത്രിയായിരുന്നു സൈനല്‍ അബിദീന്‍ ബിന്‍ അലി. ബുര്‍ഗ്വീബയുടെ ആരോഗ്യം ക്ഷയിച്ചുവന്ന് അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയാത്ത സാഹചര്യം വന്നു. ആ സമയത്ത് ബിന്‍ അലി ബുര്‍ഗ്വീബയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തു. പിന്നീട് 23 വര്‍ഷം ബിന്‍ അലിയുടെ ഏകാധിപത്യഭരണത്തിനു കീഴിലായിരുന്നു ടുണീഷ്യ. തൊഴിലില്ലായ്മയും വിലക്കയറ്റവും ബിന്‍ അലിയുടെ ഭരണകാലത്ത് ജനങ്ങളെ വലച്ചു. 

ടുണീഷ്യന്‍ തലസ്ഥാനമായ ട്യൂണിസിനടുത്തുള്ള സിദി ബൂസിദ് എന്ന പട്ടണത്തിലെ ബിരുദധാരിയായ ഒരു ചെറുപ്പക്കാരനായിരുന്നു  മുഹമ്മദ് ബവ് അസീസി. ബിരുദം നേടിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ അസീസി ഉന്തുവണ്ടിയില്‍ പഴങ്ങളും പച്ചക്കറിയും വില്‍ക്കാന്‍ തുടങ്ങി. എന്നാല്‍, ഇത് അനധികൃതവ്യാപാരമാണെന്ന് ആരോപിച്ച് പോലീസ് അസീസിയെ തടഞ്ഞു. ഉന്തുവണ്ടിയും സാധനങ്ങളും പിടിച്ചെടുത്തു. കച്ചവടം തുടരണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് അവര്‍ പറഞ്ഞു. അപമാനിതനായ അസീസി 2010 ഡിസംബര്‍ 17-ന് തീകൊളുത്തി ആത്മഹത്യ ചെയ്തു. 

അസീസിയുടെ ആത്മഹത്യ രാജ്യത്ത് പുകഞ്ഞ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചു. സ്വേച്ഛാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബിന്‍ അലി കഠിനപ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല. 23 വര്‍ഷത്തെ ബിന്‍ അലിയുടെ സേച്ഛ്വാധിപത്യത്തിന് അങ്ങനെ തിരശ്ശീല വീണു. അതായിരുന്നു അറേബ്യന്‍ വിപ്ലവത്തിന്റെ തുടക്കം.

അറബ് വസന്തത്തിന്റെ പ്രതിധ്വനികൾ ടുണീഷ്യയിൽനിന്ന് പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചു. ഒടുവിൽ അത് സിറിയയിലും എത്തി.

1963 മുതൽ ബാത്ത് പാർട്ടിയുടെ കീഴിലാണ് സുന്നി ഭൂരിപക്ഷമുള്ള സിറിയയുടെ ഭരണം. 1971-ൽ അട്ടിമറിയിലൂടെ ഹാഫിസ് അൽ അസദ് ഭരണം പിടിച്ചെടുത്തു. ഷിയ വിഭാഗത്തിലെ അലവി എന്ന ഉപവിഭാഗത്തിൽപ്പെടുന്നവരാണ് അസദ് കുടുംബം.  30 വർഷം ഹാഫിസ് അസദിന്റെ സേച്ഛ്വാധിപത്യത്തിനു കീഴിലായിരുന്നു സിറിയ. പുതിയ ഭരണഘടന കൊണ്ടുവന്നു. പാഠ്യപദ്ധതി പരിഷ്‌കരിച്ച് ബാത്തിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിച്ചു. ഇസ്ലാമിനെ ഔദ്യോഗിക മതമല്ലാതാക്കി.

മൂത്തമകൻ ബാസിലിനെയെയായിരുന്നു ഹാഫിസ് പിൻഗാമിയായി വളർത്തിക്കൊണ്ടിരുന്നത്. പക്ഷേ 1994-ൽ കാറപകടത്തിൽ ബാസിൽ മരിച്ചു. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദവുമായി നാട്ടിലെത്തിയ രണ്ടാമത്തെ മകൻ ബാഷർ അൽ അസദ് ഹാഫിസിന്റെ പിൻഗാമിയായി. സിറിയയിലെ നിയമപ്രകാരം പ്രസിഡന്റാകാനുള്ള പ്രായപരിധി 40 വയസ്സായിരുന്നു. ബാഷറിന് അത്രയും പ്രായമുണ്ടായിരുന്നില്ല.  പിന്നാലെ പാർലമെന്റ് പ്രായപരിധി 34 ആക്കി. അങ്ങനെ 2000 ജൂലായ് 17-ന് ബാഷർ അൽ അസദ് പ്രസിഡന്റായി .

തുടക്കത്തിൽ ബാഷർ സ്വീകരിച്ച നിലപാടുകൾ പ്രതീക്ഷ ഉണർത്തുന്നതായിരുന്നു. ഹാഫിസ് അസദിന്റെ ഭരണകാലത്തെ രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. തുറന്ന സംവാദങ്ങൾക്ക് അനുമതി നൽകി. കലയും സംസ്‌കാരവും രാഷ്ട്രീയവും നിരത്തുകളിൽ മുഴങ്ങി. തിരുത്തൽവാദിയായി ബാഷർ വാഴ്ത്തപ്പെട്ടു. എല്ലാം അവസാനിച്ചത് വളരെ പെട്ടെന്നാണ്.  

2011-ൽ കൂടുതൽ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.  സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭത്തെ ബാഷർ കലാപത്തിലേക്കും കൂട്ടക്കുരുതിയിലേക്കും നയിച്ചു. ജനങ്ങളെ കൂട്ടത്തോടെ ജയിലലടച്ചു. പ്രക്ഷോഭം ആഭ്യന്തരകലാപത്തിന് വഴിമാറി. സിറിയൻ തലപ്പത്തുനിന്ന് സൈനികർ കൂറുമാറി സ്വതന്ത്ര സിറിയൻ ആർമിയിൽ ചേർന്നു. പ്രതിപക്ഷ സംഘടനകൾ അസദിനെതിരെ ഒന്നിച്ചു. ഇറാനും റഷ്യയും ഹിസ്ബുള്ളയും അസദിനെ പിന്തുണച്ചപ്പോൾ  ഫ്രാൻസ്, ജർമനി, തുർക്കി തുടങ്ങിയ രാജ്യങ്ങൾ വിമതർക്കൊപ്പം നിന്നു.

അലവികൾക്ക് സ്വാധീനമുള്ള ഡമസ്‌കസും ഹോംസും അടങ്ങുന്ന മേഖലകളൊഴിച്ച് ഏതാണ്ടെല്ലാം പ്രദേശങ്ങളും അസദിന് കൈവിട്ടു. ഹയാത്ത് തെഹ്‌രീർ അൽ ഷാം, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്, തുർക്കിയുടെ പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി, യു.എസ്. പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ സംഘടനകൾ ബാക്കി പ്രദേശങ്ങളുടെ ഭരണമേറ്റെടുത്തു.

അസദിനെതിരെ പോരാടാൻ വിമതരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾ ആയുധമൊഴുക്കി. അതേസമയം, റഷ്യ അസദിന് സൈന്യത്തെ വിട്ടുകൊടുത്തു. ഇതിനിടെയായിരുന്നു അസദിന്റെ അറ്റകൈ. വിമതർ തമ്പടിച്ചെന്ന് കരുതിയ മേഖലകളിലെല്ലാം സൈന്യം മാരക രാസായുധമായ സരിൻ പ്രയോഗിച്ചു. നിരപരാധികൾ കൂട്ടത്തോടെ മരിച്ചുവീണു. മരണമടഞ്ഞ കുഞ്ഞുങ്ങൾ ലോകത്തിന്റെ നെഞ്ച് കീറി.  ജൈവ- രാസായുധ ഉടമ്പടികളിൽ ഒപ്പുവെക്കാത്ത രാജ്യമായിരുന്നു സിറിയ. അതുകൊണ്ടുതന്നെ അവരുടെ കൈവശമുള്ള രാസായുധ ശേഖരത്തെപറ്റി പുറംലോകത്തിന് അറിവുണ്ടായിരുന്നില്ല. പല രാജ്യങ്ങളും സിറിയയ്‌ക്കെതിരെ രംഗത്ത് വന്നെങ്കിലും സ്വന്തം ജനങ്ങൾക്ക് മേൽ ഒരിക്കലും രാസായുധം പ്രയോഗിക്കില്ല എന്നായിരുന്നു അസദിന്റെ അവകാശവാദം.

ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ട 2011 മുതൽ 2021 മാർച്ച് വരെ സിറിയയിൽ മൂന്ന് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇവരിൽ ഏഴിലൊന്നും കുട്ടികളാണ്. ദശലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. ജനസംഖ്യയിൽ നല്ലൊരു പങ്കും പരിക്കേറ്റവരായി.

എന്താകും സിറിയയുടെ ഭാവി? സിറിയയ്ക്കകത്തു തന്നെയുള്ള ഹിസ്ബുള്ളയുടെ നേതൃനിരയിൽ ഇസ്രയേൽ കനത്ത നാശനഷ്ടമേൽപ്പിച്ചതിനാൽ തൽക്കാലം അവർ രംഗത്തുവരാൻ സാധ്യതയില്ല. ആഭ്യന്തരപ്രശ്‌നങ്ങൾ അലട്ടുന്ന ഇറാന് ഹിസ്ബുള്ളയെ പഴയതുപോലെ സഹായിക്കാനും ആവില്ല. അസദിനു പകരം വയ്ക്കാൻ ബാത്ത് പാർട്ടിയേ ഇനി സിറിയയിൽ ഉണ്ടാവില്ല. പൂർണശ്രദ്ധയും യുക്രെയ്‌നിൽ ആയതിനാൽ റഷ്യയും തൽക്കാലം പിന്മാറും.

സിറിയയുടെ ഭാവി ഇനി സിറിയക്കാർ തന്നെ തീരുമാനിക്കും. അതു ശോഭനമായിരിക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാൻ വയ്യ. പ്രാദേശികതയും ജനാധിപത്യത്തിന്റെ അഭാവവും അവരെ എങ്ങോട്ടു നയിക്കുമെന്ന് കണ്ടുതന്നെ അറിയണം. അറബ് വസന്തം ഉഴുതുമറിച്ച എല്ലാ രാജ്യങ്ങളിലും സംഭവിച്ചതുപോലെ, എല്ലാറ്റിനും പിന്നിലെ അദൃശ്യനായ ആ സൂപ്പർ പവറും നിഷ്‌ക്രമിച്ചാൽ സിറിയ ഇരുട്ടിലേക്കു വീഴും. ആ ഇരുട്ട് വരാനിരിക്കുന്ന പ്രതീക്ഷകൾക്കു മുകളിൽ വീഴുന്ന കരിമ്പടം പോലെ ഒരു രാജ്യത്തെ ഛിന്നഭിന്നമാക്കും.

In Short: The Syrian conflict, sparked by the Arab Spring in 2011, escalated from protests against Bashar al-Assad’s regime into a devastating civil war involving global powers and factions. Over 300,000 lives have been lost, millions displaced, and Syria remains divided, with its future uncertain amid ongoing geopolitical struggles.