പ്രിയങ്കയുടെയും കൈപിടിക്കുമോ? വയനാട്ടില്‍ ചെങ്കൊടിയേറ്റമോ താമരക്കാലമോ?
നിങ്ങള്‍ക്കെന്നെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാം ശത്രുപക്ഷത്ത് നിര്‍ത്താം. വെറുപ്പിന്റെ ഒരു കണിക പോലും നിങ്ങളോടില്ല. കൂടുതല്‍ ബഹുമാനവും സ്‌നേഹവും മാത്രം. അധികാരം നഷ്ടപ്പെട്ടാലും ശക്തി നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് തിരിച്ചുവരാനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. ഇങ്ങനെ സുന്ദരമായി സംസാരിച്ചുകൊണ്ടായിരുന്നു താര പരിവേഷത്തില്‍ രാഹുല്‍ഗാന്ധി 2019 ല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത്. ഒരു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസ് നീക്കം. അത് വയനാടിനെ മാത്രമല്ല കേരളത്തെയാകെ സ്വാധീനിക്കുകയും ചെയ്തു.
വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ഒളിച്ചോട്ടമാണെന്നും ബി.ജെ.പിയെ പേടിച്ചാണെന്നും ഇടതുപക്ഷവും ബി.ജെ.പിയുമടക്കമുള്ളവര്‍ ആരോപിച്ചു. രാഹുലിന്റെ വരവിനെ ട്രോളുകളായും കളിയാക്കലുകളായും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചു. പക്ഷെ നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തിയ രാഹുലിന് അര്‍ഹമായ പരിഗണന തന്നെ വയനാട്ടുകാര്‍ നല്‍കി. 4,31,770 എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം.
അഞ്ച് വര്‍ഷത്തിനിപ്പുറം രണ്ടാം തവണയും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയെങ്കിലും 3,64,422 എന്ന സംഖ്യയിലേക്ക് ഭൂരിപക്ഷം ചുരുങ്ങി. റായ്ബറേലിയിലെ വിജയത്തിന് ശേഷം രാജിവെച്ചതോടെ വയനാട് ഉപതിരഞ്ഞെടുപ്പിലേക്കും പോയി. പുതിയ സാഹചര്യത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുന്നു. എതിരാളിയായുളളത് എന്‍.ഡി.എയില്‍ നിന്ന് നവ്യഹരിദാസും എല്‍.ഡി.എഫില്‍ നിന്ന് സത്യന്‍മൊകേരിയുമാണ്.
പ്രിയങ്കാ ഗാന്ധിയുടെ ആദ്യ മത്സരം. ഏത് പ്രതികൂല സാഹചര്യത്തിലും യു.ഡി.എഫിനെ കൈവിടാത്ത വയനാട് മണ്ഡലം. ആനിരാജയും തുഷാര്‍ വെള്ളാപ്പള്ളിയും കെ. സുരേന്ദ്രനുമടക്കം പല പ്രമുഖരും ഭാഗ്യപരീക്ഷണം നടത്തിയ ഇടം. പക്ഷെ ഇത്തവണ പഴയ സാഹചര്യമല്ല വയനാട്ടില്‍.
രാജ്യം തന്നെ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല വയനാട്ടുകാര്‍. പലരുമിന്ന് മണ്ണിനടിയിലാണ്. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരേറെ. ഇതിനിടയില്‍ ഒരു തിരഞ്ഞെടുപ്പ് കൂടെയെത്തുമ്പോള്‍ അതിനെ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ തിരഞ്ഞെടുപ്പിനോട് ചെറുതായൊന്നു മുഖം തിരിച്ചാല്‍ അത് പോളിങ്ങിനെയാകെ മാറ്റിമറിക്കും. ഇതിനെയാണ് മറികടക്കേണ്ടത്.
ദുരന്തബാധിതരോട് കേന്ദ്രം മുഖം തിരിക്കുന്നുവെന്ന വലിയ ആക്ഷേപമുണ്ട് വയനാട്ടില്‍. പ്രധാനമന്ത്രി വന്നിട്ട് പോലും കേന്ദ്രത്തിന്റെ സഹായധനം പ്രഖ്യാപനങ്ങളിലൊതുങ്ങിയിരിക്കുകയാണ്. ഇത് മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഒപ്പം വയനാടിനെ അനാവശ്യ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരും കാലങ്ങളിലും ആവര്‍ത്തിക്കുമെന്നുമുള്ള ആക്ഷേപവും എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചും ആശങ്കകളുണ്ട.് പലരും പലയിടത്തായി ചിതറിയിപ്പോയിരിക്കുന്നു. ഇതിനല്ലാം പരിഹാരം കാണണം. ഒപ്പം മനുഷ്യ മൃഗ സംഘര്‍ഷം പോലുള്ള വിഷയങ്ങളുണ്ട്. ഇതെല്ലാം എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2024 ല്‍ രാഹുല്‍ഗാന്ധി രണ്ടാംതവണയും മത്സരിക്കാനെത്തിയപ്പോള്‍, ശക്തമായ മത്സരമെന്ന സന്ദേശം ദേശീയ തലത്തില്‍ നല്‍കാനായിരുന്നു എല്‍.ഡി.എഫ് സി.പി.ഐയുടെ ദേശീയ നേതാവായ ആനി രാജയെ തന്നെ രംഗത്തിറക്കിയത്. പക്ഷെ 2,83023 വോട്ട് നേടി രണ്ടാം സ്ഥാനത്തായി. 2019 ലെ 274597 എന്ന വോട്ടില്‍ നിന്ന് ചെറിയ മുന്നേറ്റം മാത്രമാണ് അവര്‍ക്ക് നടത്താനായത്. ബി.ഡി.ജെ.എസ്സില്‍ നിന്ന് മണ്ഡലം ഏറ്റെടുത്ത് ബിജെപി മത്സരിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കി. ഫലം വന്നപ്പോള്‍ 141,045 വോട്ട് നേടി മൂന്നാംസ്ഥാനത്തായി സുരേന്ദ്രന്റെ സ്ഥാനം. 2019 ലെ 7.25 ശതമാനം വോട്ടില്‍ നിന്ന് 13 ശതമാനത്തിലേക്ക് വോട്ടിങ് ശതമാനം ഉയര്‍ത്താനായി എന്നതാണ് ബിജെപിയുടെ നേട്ടം.
ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതോടെ പാര്‍ട്ടി നേതൃത്വങ്ങളും ആശങ്കയിലാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ് വന്നതാണ് എല്‍.ഡി.എഫിന് മുന്നിലെ വെല്ലുവിളി. പാര്‍ട്ടി സമ്മേളനത്തിരക്കിലാണ്. പ്രമുഖരുടെ പേരുയര്‍ന്ന് കേട്ട മണ്ഡലത്തില്‍ പുതുമുഖ സ്ഥാനാര്‍ഥിയെത്തിയതോടെ അവരെ മണ്ഡലത്തിലാകെ പരിജയപ്പെടുത്തേണ്ട വെല്ലുവിളിയാണ് ബിജെപിക്ക്. എന്നും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലത്തില്‍ കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞത് കൃത്യമായി വോട്ടുചേര്‍ക്കാത്തതുകൊണ്ടാണെന്നുള്ള പഴി കേള്‍ക്കേണ്ടി വന്നിരുന്നു കോണ്‍ഗ്രസിന്. അത് ഇത്തവണയും ആവര്‍ത്തിച്ചാല്‍ നേതൃത്വം മറുപടി പറയേണ്ടി വരും. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍. അതുകൊണ്ടു തന്നെ വോട്ടുചേര്‍ക്കലടക്കം നേരത്തെ പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Content Highlights: wayanad byelection candidates ready for fight
Published: 22 Oct 2024, 05:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented