പതിറ്റാണ്ടുകളായി കേരളം കണ്ടിരുന്ന സ്വപ്നം‌. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം തുറമുഖം ഇതാ രാജ്യത്തിന് സമർപ്പിച്ചു കഴിഞ്ഞു. തീരക്കടലില്‍ 20 മീറ്ററിലേറെ ആഴം, ഡ്രഡ്ജിങ് കൂടാതെ ഈ ആഴം നിലനിർത്താമെന്ന പ്രത്യേകത, അന്താരാഷ്ട്ര കപ്പൽച്ചാലിന്റെ സാമീപ്യം. ഒരു തുറമുഖം വികസിപ്പിക്കുന്നതിനു വേണ്ട ഭൗമശാസ്ത്രപരമായ എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ വിഴിഞ്ഞത്ത് അത് യാഥാർഥ്യമാവുമ്പോൾ എന്തൊക്കെയാണ് നേട്ടങ്ങൾ? ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തികരം​ഗത്തിന് ഇത് എങ്ങനെ കുതിപ്പേകും? 

To advertise here,

പ്രത്യേകതകൾ

- ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട്, അടിത്തട്ടിൽ മണലടിയുന്നത് കുറവായതിനാൽ ഡ്രജ്ജിങ് ഇല്ലാതെ 20 മീറ്റർവരെ ആഴം എപ്പോഴും നിലനിർത്താൻ വിഴിഞ്ഞത്ത് കഴിയുമെന്നതാണ് പ്രധാനനേട്ടം. ഇത്തരം തുറമുഖങ്ങൾ അപൂർവമാണ്. ദുബായ് ഉൾപ്പെടെ മിക്ക തുറമുഖങ്ങളും കൃത്യമായി ഡ്രജ്ജിങ് നടത്തിയാണ് 15 മീറ്റർ ആഴം നിലനിർത്തുന്നത്. വല്ലാർപാടത്തുപോലും കോടികൾ ചെലവഴിച്ചാണ് ഡ്രജ്ജിങ്ങ് നടത്തുന്നത്. 

- സ്വാഭാവിക ആഴം 20 മീറ്റർ ആയതിനാൽ സാധാരണ ചെറിയ കപ്പലുകൾ വന്നടുക്കുന്നതുപോലെ മദർഷിപ്പുകൾക്കും അനായാസം കടന്നുവന്ന് ബർത്ത് ചെയ്യാനും മടങ്ങിപ്പോകാനാവുമാകും, അതും ഏത് കാലാവസ്ഥയിലും. ഓട്ടോമാറ്റഡ് ക്രെയിൻ സംവിധാനമായതിനാൽ കയറ്റിറക്കുമതിയിൽ വലിയ തോതിൽ സമയലാഭമുണ്ടാകുന്നതും കപ്പൽ കമ്പനികൾക്ക് ഗുണകരമാണ്. ഏറ്റവും കുറവ് ടേണോവർ ടൈം എന്നതും ആഗോള ട്രാൻസ്ഷിപ്‌മെന്റ് മേഖലയിൽ വിഴിഞ്ഞത്തിന്റെ പ്രാധാന്യം കൂട്ടുന്നു. വമ്പൻ ചരക്കുകപ്പലുകളായ അൾട്രാ ലാർജ് കണ്ടെയ്‌നർ വെസൽസ്, പനാമാക്സ്, പോസ്റ്റ് പനാമാക്സ് എന്നിവയ്ക്ക് ഇവിടെ അനായാസം കടന്നുവരാനാകും. ഒരേസമയം രണ്ട് മദർഷിപ്പുകൾക്കും ഇവിടെ ബർത്ത് ചെയ്യാം. 

- ലോകത്തെ തിരക്കേറിയ രണ്ട് കപ്പൽച്ചാലുകളും വിഴിഞ്ഞത്തിന് അടുത്താണ്. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രം. ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ എന്നിവടങ്ങളിൽനിന്നുള്ള കപ്പലുകൾ സിങ്കപ്പൂർ, ഹോങ്‌കോങ്, ചൈന, കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നതും വിഴിഞ്ഞത്തിന് സമീപത്തുകൂടിയാണ്. 

- ഐഐടി മദ്രാസും മാരിടൈം ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് വികസിപ്പിച്ച റഡാർ, സെൻസർ എന്നിവ ഉപയോഗിച്ചുള്ള വെസൽ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമാണ് (വിടിഎംഎസ്) കപ്പലുകളുടെ ചലനങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നത്. ചരക്കുനീക്കത്തെ വേഗത്തിലാക്കാൻ ഈ പുതുമകൾ സഹായിക്കും.  

നേട്ടങ്ങൾ 

- ഇനി രാജ്യത്തിന്റെ സമുദ്രവാണിജ്യമേഖലയുടെ പ്രവേശനകവാടമാകും വിഴിഞ്ഞം. വൻതോതിൽ വിദേശനാണ്യം നേടിത്തരും. 

- നിലവിൽ കൊളംബോ, സിങ്കപ്പുർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയുടെ ട്രാൻസ്ഷിപ്‌മെന്റ് വ്യാപാരം. ഇത് വിഴിഞ്ഞം വഴിയാകുമ്പോൾ ആയിരക്കണക്കിന് കോടി രൂപ സാമ്പത്തിക ലാഭമുണ്ടാവും. രാജ്യത്തിന്റെ ജിഡിപിയുടെ 14 ശതമാനമാണ് ലോജിസ്റ്റിക് ചെലവ്. പല വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ശരാശരി അഞ്ചുശതമാനം കൂടുതലാണിത്. വിഴിഞ്ഞം എത്തുന്നതോടെ ചരക്കുനീക്കച്ചെലവ് വൻതോതിൽ കുറഞ്ഞ് ലോജിസ്റ്റിക് ചെലവ് ജിഡിപിയുടെ ഏഴുശതമാനമെങ്കിലും ആകുമെന്നാണ് കണക്കുകൂട്ടൽ. 

- പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചാൽ പ്രതിവർഷം 10,000 കോടി രൂപ വരുമാനമാണ് വിഴിഞ്ഞത്ത് നിന്നും പ്രതീക്ഷിക്കുന്നത്. തുറമുഖം പ്രവർത്തനസജ്ജമായി ആദ്യ നാലുമാസത്തിനകം 42 കോടിയാണ് ജിഎസ്ടി വരുമാനമായി മാത്രം സംസ്ഥാന സർക്കാരിന് ലഭിച്ചത്. ഇത്രയും തുക കേന്ദ്രത്തിനും ലഭിച്ചു. ട്രാൻസ്‌ഷിപ്‌മെന്റിനുപുറമേ ആഭ്യന്തര ചരക്കുകൂടി കൈകാര്യംചെയ്തുതുടങ്ങുമ്പോൾ ഇത് ഇരട്ടിയാകും. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽനിന്ന് 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും ലഭിക്കും. 2034 മുതലാണ് സംസ്ഥാന സർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങുക. കേന്ദ്രത്തിന് 6,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് അനുമാനം. ഒരു കപ്പൽ വന്നുപോവുമ്പോൾ ശരാശരി ഒരുകോടി രൂപ തുറമുഖ കമ്പനിക്കും ലഭിക്കും.

- തെക്കേ ഇന്ത്യയിൽ പുത്തൻ വ്യവസായവിപ്ലവത്തിനും വിഴിഞ്ഞം വഴിയൊരുക്കും. മദർ കപ്പലുകൾ നേരിട്ട് നങ്കൂരമിടാൻ കഴിയുന്നതാൽ, കൊളംബോ, ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യൻ ഉത്പന്നങ്ങൾ നേരിട്ട്, വളരെപ്പെട്ടെന്ന്, കുറഞ്ഞ ട്രാൻസ്പോർട്ട് ചെലവിൽ യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് തുടങ്ങിയ അന്താരാഷ്ട്രവിപണിയിലെത്താനാകും.

- വിഴിഞ്ഞം തുറമുഖത്ത് നിന്ന് നേരിട്ട് ദേശീയ പാത 66ന്‍റെ നാലുവരിപ്പാതയിലേക്ക് കടക്കനാകും. ബാലരാമപുരം റെയില്‍വേ സ്റ്റേഷനിലേക്ക് കേവലം 10.7 കിലോമീറ്ററും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് 16 കിലോമീറ്ററും സഞ്ചരിച്ചാല്‍ മതി. ഔട്ടർ റിങ് റോഡ്, ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ എന്നിവയും റെയിൽ, റോഡ് പദ്ധതികളും പൂർത്തിയാകുന്നതോടെ വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തികമേഖലയുടെ ന്യൂക്ലിയസായിമാറും. 

- 2024 ഡിസംബർമുതൽ വാണിജ്യപ്രവർത്തനങ്ങൾ ആരംഭിച്ച വിഴിഞ്ഞം തുറമുഖം 2025 മാർച്ച് അവസാനത്തോടെ 246 കപ്പലിനെയും 5,01,847 ടിഇയു ചരക്കും കൈകാര്യംചെയ്തിട്ടുണ്ട്. ഈ രീതിയിലാണെങ്കിൽ 2025-’26 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വിഴിഞ്ഞത്തിന് അതിന്റെ സ്ഥാപിതശേഷിയായ ഒരു ദശലക്ഷം ടിഇയു മറികടക്കാനാകും.

- ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ, പോർട്ട് ഓപ്പറേഷൻ, ടെർമിനൽ മാനേജ്മെന്റ് അടക്കം വിവിധ മേഖലകളിൽ നിരവധി പുത്തൻ തൊഴിലവസരം സൃഷ്ടിക്കും. അഞ്ച് ലക്ഷം തൊഴില്‍ സൃഷ്‌ടിക്കപ്പെടുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.

വിഴിഞ്ഞം ആരുടെ പ​ദ്ധതി? ‌

എട്ടാം നൂറ്റാണ്ടുമുതൽ 14-ാം നൂറ്റാണ്ടുവരെ പ്രശസ്തമായ തുറമുഖനഗരമായിരുന്നു വിഴിഞ്ഞം. ആയ് രാജവംശമാണ് തുറമുഖത്തെ വികസിപ്പിച്ച് വ്യാപാരകേന്ദ്രമാക്കി മാറ്റിയത്. പിന്നീട് ചോള രാജാവായ രാജരാജ ചോളൻ ഈ പ്രദേശം പിടിച്ചെടുത്തതോടെ ഇവിടം ‘രാജേന്ദ്ര ചോള പട്ടണം’  എന്നറിയപ്പെട്ടു. തുടർന്ന് ചേര-ചോള രാജ വംശങ്ങളുടെ പോരാട്ടത്തിൽ ഈ തുറമുഖം നശിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. 1940-കളിൽ തിരുവിതാംകൂർ രാജഭരണകാലത്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത പരിശോധിക്കുന്നത്. രാജാവായ ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ തുറമുഖത്തിന്റെ സാധ്യതകൾ പരിശോധിക്കാനും തുറമുഖ നിർമാണത്തിനു‌മായി സർവേ നടത്തുകയും ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യർ ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചർച്ച നടത്തുകയും ചെയ്തു.

പക്ഷേ, രാജ്യഭരണം അവസാനിച്ച് ജനാധിപത്യ ഭരണത്തിലേക്കെത്തിയതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി. 1990-കളിലാണ് വീണ്ടും വിഴിഞ്ഞം ചർച്ചകളിലെത്തുന്നത്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ തുറമുഖവകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവൻ വിഴിഞ്ഞത്ത് പുതിയ ഒരു തുറമുഖം നിർമിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ തീരുമാനിക്കുകയും ഇതിനായി കുമാർഗ്രൂപ്പുമായി സഹകരിക്കുകയും ചെയ്തു. എന്നാൽ, ഈ പദ്ധതി നടപ്പായില്ല.

വിഴിഞ്ഞം തുറമുഖത്തിനായി ബി.ഒ. ടി. വ്യവസ്ഥയിൽ ആദ്യ കരാറിന് രൂപം നൽകിയത് 1996-ലെ ഇ.കെ. നായനാർ സർക്കാരാണ്. പഠനം നടന്നെ ങ്കിലും കരാർ എങ്ങുമെത്തിയില്ല. പിന്നീട് 2000ത്തിലും കരാർ നടപടി സ്വീകരിച്ചെങ്കിലും പദ്ധതി തുടങ്ങാനായില്ല. 2004 ൽ എ.കെ. ആന്റണി സർക്കാറാണ് പദ്ധതി നടത്തിപ്പിനായി ആദ്യ ആഗോള ടെൻഡർ വിളിക്കുന്നത്. എം.വി. രാഘവൻ തന്നെയായിരുന്നു അന്നത്തെ തുറമുഖമന്ത്രി. എന്നാൽ ടെൻഡറിൽ പങ്കെടുത്ത കമ്പനിയുടെ ചൈനീസ്ബന്ധം കാരണം കേന്ദ്രത്തിൻ്റെ സുരക്ഷാ അനുമതി ലഭിച്ചില്ല. തൊട്ടടുത്ത വർഷം രണ്ടാമത്തെ ആഗോള ടെൻഡർ വിളിച്ചെങ്കിലും ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ തമ്മിലുള്ള കേസ്‌ കാരണം പ്രധാന കമ്പനി പിന്മാറി.

2006ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ അധികാരത്തിലേറിയ സമയത്താണ് തുറമുഖത്തിനായി സ്ഥലമേറ്റെടുക്കാനുള്ള നടപടികളിൽത്തുടങ്ങി കുടിവെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കിയത്. കരാറെടുക്കാൻ കൂടുതൽ കമ്പനികളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.

പിന്നീട് 2011ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണ് ടെൻഡർ വിളിക്കുന്നത്. പക്ഷേ കമ്പനികളുടെ ഭാഗത്ത്‌ നിന്നും അന്ന് വേണ്ടത്ര സഹകരണമുണ്ടായില്ല. ഒടുവിൽ അദാനി പോർട്‌സിനെ കണ്ട് തുറമുഖത്തിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തി ടെൻഡർ നടപടികളിൽ പങ്കെടുപ്പിക്കുകയായിരുന്നു. എൻ.ഡി.എ. സർക്കാരിന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന അദാനിക്ക് കേരളത്തിൻ്റെ ഒരു പദ്ധതി നൽകുന്നതിൽ യു.പി.എ.യിൽ നിന്നുതന്നെ എതിർപ്പുണ്ടായിരുന്നു. എന്നാൽ, ശശി തരൂരും ഉമ്മൻചാണ്ടിയും സോണിയാഗാന്ധിയെ നേരിട്ടുകണ്ട് വികസനസാധ്യതകൾ ബോധ്യപ്പെടുത്തി കോൺഗ്രസിൻ്റെ അനുമതി നേടിയെടുത്തു. ഇതിനിടെ 2010ൽ പുതിയ പരിസ്ഥിതിക അഘാത പഠനത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിർദേശിക്കുകയും 2014 ജനുവരിയോടെ പരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്തു.

2014ലാണ് അദാനി പോർട്സിന് തുറമുഖ നിർമാണത്തിനായുള്ള കരാർ ലഭിക്കുന്നത്. 2015 ഓഗസ്റ്റ് 17ന് ഇതുസംബന്ധിച്ച് കരാർ ഒപ്പുവെച്ചു. ഡിസംബർ അഞ്ചിന് നിർമാണവും തുടങ്ങി. പിന്നാലെ പ്രതിസന്ധികളുമെത്തി. 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റ് തുറമുഖത്ത് നിർമിച്ച ബ്രേക്ക് വാട്ടറിനെ തകർത്തു, കല്ലുകൾ ഒഴുകിപ്പോയി. 2020 മാർച്ചുമുതൽ കോവിഡ് ലോക്‌ഡൗണായതോടെ നിർമാണപ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടിവന്നു. 2022 ജൂലായിൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയപ്പോഴും നിർമ്മാണം നിർത്തിവെച്ചിരുന്നു. പിന്നീട് ഒത്തുതീർപ്പു ചർച്ചകൾക്ക് ശേഷം 2022 ഡിസംബറിൽ ജോലികൾ പുനരാരംഭിച്ചു. നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ രണ്ടാം പിണറായി സര്ക്കാറും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് സർക്കാർ വിഴിഞ്ഞത്തെ ഉയർത്തിക്കാട്ടിയത്. 

ഒടുവിൽ 2023 ഒക്ടോബർ 15-ന് ക്രെയിനുമായി ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി. 2025ൽ ലോകത്തെ വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്സി ക്ലൗഡ് ജെറാൾഡെറ്റും വിഴിഞ്ഞത്തെത്തി. മൊത്തം 8.867 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതില്‍ 61.5ശതമാനം കേരള സര്‍ക്കാറും 9.6ശതമാനം കേന്ദ്രവും 28.9ശതമാനം അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമാണ് വഹിക്കുന്നത്.