VIDEO | വിലയ്ക്കെടുത്തും പിടിച്ചെടുത്തും വളർന്ന റിയൽ എസ്റ്റേറ്റ് ഭീമൻ, യുഎസിന്റെ ലക്ഷ്യം ഗ്രീൻലാൻഡ്
അമേരിക്ക അടുത്തതായി കണ്ണെറിയുന്നു ഗ്രീന്‍ലാന്‍ഡ് ദ്വീപിലേക്ക്. വിലക്ക് വാങ്ങിയും ഏറ്റെടുത്തും പല രാജ്യത്തിന്റെ പല പ്രദേശങ്ങള്‍ പലപ്പോഴായി കൂട്ടിച്ചേര്‍ത്താണ് അമേരിക്ക ഇന്നത്തെ അമേരിക്കയായത്. ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തിലും വില്ക്കുകയാണെങ്കില് വാങ്ങാം. ഇനി അതല്ലെങ്കില്‍ പിടിച്ചെടുക്കാനും മടിക്കില്ലെന്നാണ് രണ്ടാം വരവില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. അമേരിക്ക ഇങ്ങനെ വാങ്ങിയതും കൂട്ടിച്ചേര്‍ത്തതുമായ പ്രദേശങ്ങള്‍ ഏതൊക്കെ? എന്തുകൊണ്ട് ഗ്രീന്‍ലാന്‍ഡ് കൂടി കൈവശപ്പെടുത്താന്‍ അമേരിക്ക നോക്കുന്നു. അത് സംഭവിച്ചാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഡീലുകളില്‍ ഒന്നായിരിക്കുമത്.
വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ് കോളനികള്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിലൂടെയാണ് യു.എസ് അല്ലെങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പിറവി. ആധുനിക അമേരിക്ക എന്ന വന്‍ശക്തി രാജ്യത്തിന് ഇന്നുള്ളത് 50 സംസ്ഥാനങ്ങളാണ്.
പലപ്പോഴായി അമേരിക്കയുടെ ഭാഗങ്ങളായി ചേര്‍ത്ത പ്രദേശങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ആ പട്ടികയില്‍ ആദ്യത്തേത് ലൂസിയാനയാണ്. 1803 ല്‍ തോമസ് ജെഫേഴ്സന്റെ കാലത്ത് ലൂസിയാന അമേരിക്കയുടെ ഭാഗമാക്കിയതാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കുന്നത്. അതും അക്കാലത്ത് ഒന്നരക്കോടി ഡോളറിനായിരുന്നു ഇടപാട്. ഇന്നത്തെ മൂല്യം വച്ച് നോക്കിയാല്‍ ഏകദേശം 42 കോടി ഡോളര്‍ വരും. ലൂസിയാന ചേര്‍ന്നതോടെ രാജ്യത്തിന്റെ വലിപ്പം തന്നെ ഇരട്ടിയായി. ഫ്രാന്‍സില്‍ നിന്നാണ് ലൂസിയാന അമേരിക്ക വാങ്ങിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലും മൂല്യമേറിയതുമായിരുന്നു ലൂസിയാനോയുടെ കൂട്ടിച്ചേര്‍ക്കല്‍. ഇന്നത്തെ ഒക്കലഹോമ, അര്‍കന്‍സാസ്, കാന്‍സാസ്, നെബ്രാസ്ക്, മിസൂറി, ഇയോവ ഒക്കെ അന്ന് ചേര്‍ക്കപ്പെട്ട പ്രദേശങ്ങളാണ്.
1819 ലാണ് സമാനമായ രീതിയില്‍ ഫ്ളോറിഡ അമേരിക്കയുടെ ഭാഗമായത്. സ്പാനിഷ് കോളനിയായിരുന്നു അക്കാലത്ത് ഫ്ളോറിഡ. യുദ്ധാനന്തരം ആഡംസ് ഒനീസ് ഉടമ്പടി പ്രകാരമായിരുന്നു ഫ്ളോറിഡയുടെ കൈമാറ്റം. നഷ്ടപരിഹാരമായി അന്ന് 50 ലക്ഷം ഡോളറാണ് സ്പെയിന് കൊടുത്തത്. അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള യുദ്ധത്തിനൊടുവില്‍ 1848 ല്‍ അതിര്‍ത്തി രാജ്യമായ മെക്സിക്കോയില്‍ നിന്ന് 77,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഒന്നരക്കോടി കോടി ഡോളറിന് വാങ്ങുകയുണ്ടായി. ഇന്നത്തെ കാലിഫോര്‍ണിയ, നെവാദ, ഉത്ത, അരിസോണ സംസ്ഥാനങ്ങളും കോളറാഡോയുടേയും അരിസോണയുടെയും ന്യൂ മെക്സിക്കോയുടെയും വ്യൂമിങ്ങിന്റെയും ഭാഗങ്ങളും അന്നത്തെ ഡീലില്‍ യു.എസിന്റെ ഭാഗമായി.
വാങ്ങിയതില്‍ വലിയ നേട്ടങ്ങളില്‍ ഒന്ന് അലാസ്കയായിരുന്നു. പ്രകൃതി വിഭവങ്ങളുടെ കലവറയായ പ്രദേശം പിന്നീട് വലിയ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചു. സാമ്പത്തിക നേട്ടം മാത്രമല്ല പ്രതിരോധപരമായും അലാസ്ക യു.എസിന് വളരെ പ്രധാനപ്പെട്ടതാണ്. അലാസ്ക വാങ്ങിയ കാലത്തും ഗ്രീന്‍ലാന്‍ഡിനായി അമേരിക്ക ശ്രമിച്ചിരുന്നു. റഷ്യയില്‍ നിന്ന് അലാസ്ക വാങ്ങിയത് 1867 ലാണ്. അന്ന് അതിനായി ചെലവഴിച്ചത് 72 ലക്ഷം ഡോളറായിരുന്നു. ഏറ്റവും ഒടുവില്‍ അമേരിക്ക ഒരു പ്രദേശം വാങ്ങിയത് 1917 ലാണ്. ഇപ്പോള്‍ യുഎസ് വിര്‍ജിന്‍ ദ്വീപുകളായി അറിയപ്പെടുന്ന പഴയ ഡാനിഷ് വെസ്റ്റ് ഇന്തീസ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ആ ദ്വീപുകള്‍ ജര്‍മ്മനി അധീനതയിലാക്കുമോ എന്ന ആശങ്കയ്ക്കിടെ 1916 ല്‍ നടന്ന ജനഹിത പരിശോധനയിലാണ് ഡാനിഷ് പൗരന്മാരില് മൂന്നില്‍ രണ്ടും ഡാനിഷ് വെസ്റ്റ് ഇന്തീസ് ദ്വീപുകള്‍ വില്‍ക്കാനുള്ള അനുമതി നല്‍കിയത്. അന്ന് പക്ഷേ, ദ്വീപ് വാസികളില്‍ ഭൂരിപക്ഷമായ കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ പോലും അവസരം നിഷേധിക്കപ്പെട്ടു. അന്ന് ഡെന്മാര്ക്ക് ഈ ദ്വീപ് അമേരിക്കയ്ക്ക് കൈമാറിയത് രണ്ടരക്കോടി ഡോളറിന് തുല്യമായ സ്വര്ണനാണയങ്ങള്ക്കാണ്. കരീബിയയില്‍ സൈനിക സ്വാധീനം ശക്തിപ്പെടുത്താനാണ് ആ ദ്വീപ് സമൂഹം അമേരിക്ക വാങ്ങിയത്.
ഇതുപോലെ പണ്ട് ക്യൂബ വാങ്ങാനും അമേരിക്ക ശ്രമിച്ചതാണ്. സ്പാനിഷ് കോളനിയായിരുന്നു ക്യൂബ, സ്വതന്ത്രരാജ്യമായപ്പോള്‍ 1903 ല്‍ ഗ്വാണ്ടനാമോ ബേ സ്ഥിതി ചെയ്യുന്ന പ്രദേശം അമേരിക്കയ്ക്ക് ലീസിന് നല്‍കുകയായിരുന്നു. മെക്സിക്കോയില്‍ നിന്ന് സ്വതന്ത്രമായ ടെക്സസ് 28 മാത്തെ സംസ്ഥാനമായി 1845 ലാണ് അമേരിക്കയോട് ചേര്‍ന്നത്. പസഫിക്കിലും കരീബിയനിലുമായി ചെറുദ്വീപുകള്‍ പലതും അമേരിക്ക കൈവശപ്പെടുത്തി.
അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ 1856 ലെ ഗുവാനോ ദ്വീപ് നിയമം അമേരിക്കന്‍ അധിനിവേശത്തിനുള്ള ഫ്രീ ലൈസന്‍സായി. പക്ഷിയുടെ കാഷ്ടം വീണ് വളമായി ഉപയോഗിക്കാവുന്ന മണ്ണുള്ള, ലോകത്ത് അവകാശികളില്ലാത്ത സ്ഥലം അമേരിക്കന്‍ പൗരര്‍ക്ക് കൈവശപ്പെടുത്താന്‍ നിയമം അധികാരം നല്കുന്നു. വേണ്ടി വന്നാല്‍ സൈനിക ശക്തിവരെ ഉപയോഗിക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. 1803 നും 1898 നും ഇടയില്‍ പല ഡീലുകളിലൂടെയും അമേരിക്ക ഇതുപോലെ ഏറ്റെടുത്ത് വികസിച്ചത് മൂന്നിരട്ടിയാണ്. അതിശയോക്തിയല്ല. വിലക്ക് വാങ്ങിയതും ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ടും ബലപ്രയോഗത്തിലൂടെയും ഒക്കെ ഇത് തുടര്‍ന്നു. പ്യൂര്‍ട്ടോ റിക്കോ, ഗുവാം ദ്വീപുകളും ഹവായിയും ഒക്കെ ആ ലിസ്റ്റില്‍ വരും. അതിലേക്കാണ് ഇപ്പോള്‍ ഗ്രീന്ലാഡിനായി ശ്രമിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയില്‍ ആര്‍ട്ടിക് മേഖലയിലാണ് ഈ ദ്വീപ് സമൂഹം സ്ഥിതിചെയ്യുന്നത്. ആര്ട്ടിക്കിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്കിന്റെ കീഴിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളില്‍ ഒന്നാണ് ഗ്രീന്‍ലാന്‍ഡ്. അന്നാട്ടുകാരെല്ലാം ഡെന്മാര്ക്ക് പൗരരാണ്. നൂക്കാണ് തലസ്ഥാനം. 1979 ല്‍ ഹിതപരിശോധനയിലൂടെ ഗ്രീന്‍ലാന്‍ഡ് സ്വയംഭരണം നേടി. കഷ്ടിച്ച് 57,000 പേരെ താമസക്കാരായി ദ്വീപിലുള്ളൂ. 80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ദ്വീപില്‍ വര്‍ഷത്തില്‍ രണ്ട് മാസമേ തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടൂ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോളതാപനം ശക്തമാകുന്നു, ലോകമെങ്ങും ചൂട് കൂടുന്നു. ഒരുവശത്ത് കാര്യങ്ങള്‍ ഇങ്ങനെ. മറുവശത്ത്, പ്രളയവും കടലേറ്റവുമായി പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിക്കുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ലോകമെന്ന സങ്കല്പം നടക്കാത്ത സ്വപ്നമെന്ന് പലരും പറയുമ്പോഴും ലോകം അത് ആഗ്രഹിക്കുന്നു. ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുക അടക്കം കാലാവസ്ഥാ ഉടമ്പടിയിലെ ഒരു നിര്‍ദേശവും സ്വീകാര്യമല്ലെന്ന് പണ്ടേ പറഞ്ഞിട്ടുള്ള ട്രംപിന്, ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് മോഹം ഉദിക്കുന്നു. ആര്‍ട്ടിക്കില്‍ മഞ്ഞില്ലാത്ത ഒരു വേനല്‍ക്കാലം 2040 ല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഗവേഷകര്‍ നല്കുന്നു. അവിടെയാണ് ട്രംപിന്റെ ബുദ്ധി ഒളിഞ്ഞിരിക്കുന്നത്. മുമ്പത്തെ പോലെയല്ല, നാലിരട്ടി വേഗത്തിലാണ് ആര്‍ട്ടിക്കില്‍ മഞ്ഞുരുകുന്നത്. മഞ്ഞുരുകുമ്പോള്‍ വികസിക്കാവുന്ന കപ്പല്പാതയും അപൂര്‍വ ധാതുക്കളും അതുപോലെ എണ്ണ പ്രകൃതി വാതക നിക്ഷേപങ്ങളുടെ ശേഖരവുമാണ് ലക്ഷ്യം. അപൂര്‍വ്വ ധാതുക്കളായി വിലയിരുത്തപ്പെടുന്ന 34 ല്‍ 25 എണ്ണം ഗ്രീന്ലാന്ഡിലുണ്ടെന്ന് സര്‍വെകള്‍ പറയുന്നു. ചൈനക്ക് പുറത്ത് റെയര്‍ എര്‍ത്ത്സ് നിക്ഷേപം ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. ഗ്രീന്‍ലാന്‍ഡിലെ എണ്ണക്കിണറുകളില്‍ 5200 കോടി ബാരല്‍ എണ്ണ നിക്ഷേപമുണ്ടെന്നാണ് നിഗമനം. എണ്ണപര്യവേഷണം 2021 മുതല്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് 1946 ല്‍ ഹാരി ട്രൂമാന് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ഒരു ശ്രമം നടത്തിയതാണ്. അന്ന് ഏകദേശം 10 കോടി ഡോളറിന് തുല്യമായ സ്വര്‍ണമായിരുന്നു ഓഫര്‍ വച്ചത്. ഇന്നത്തെ വിലയായി പറഞ്ഞാല്‍ 130 കോടി ഡോളര്‍ വരും. എന്നുവെച്ചാല്‍ 10,920 കോടി രൂപ! ആ സ്ഥാനത്ത് ഫിനാന്‍ഷ്യല്‍ ടൈംസ് ആ ദ്വീപിന്റെ ഇന്നത്തെ മൂല്യമായി പറയുന്നത് ഏകദേശം ഒരുലക്ഷം കോടി ഡോളറാണ്. അത്രയും ധാതുസമ്പന്നമാണ് ഗ്രീന്‍ലാന്‍ഡെന്ന് ചുരുക്കം.
അമേരിക്കയിലെ ഏത് സംസ്ഥാനത്തേക്കാളും വലുതാണ് വിസ്തൃതി വച്ച് പറഞ്ഞാല്‍ ഗ്രീന്‍ലാന്‍ഡ്. ടെക്സസിന്റെ മൂന്നിരട്ടി വലുപ്പമുണ്ട്. ഏകദേശം 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരും ദ്വീപിന്റെ വിസ്തീര്‍ണം. ഫ്രാന്‍സിനെക്കാള്‍ മൂന്നിരട്ടി വലുപ്പം വരുമത്. വിസ്തൃതി വച്ച് പറഞ്ഞാല്‍ ലോകത്തിലെ 12 ാമത്തെ വലിയ രാജ്യമെന്ന് വിശേഷിപ്പിക്കാം. 2021 ലെ കണക്ക് വച്ച് ഗ്രീന്‍ലാന്‍ഡിന്റെ വാര്‍ഷിക ജിഡിപി ഏകദേശം 300 കോടി ഡോളറിന്റേതാണ്. ഫിഷറീസും ഡെന്മാര്ക്കില് നിന്ന് കിട്ടുന്ന ഗ്രാന്റും മാത്രമാണ് ഗ്രീന്‍ലാന്‍ഡിന്റെ സാമ്പത്തിക അടിത്തറ. 52 കോടി ഡോളറാണ് ശരാശരി ഓരോ വര്‍ഷവും ഗ്രാന്റായി ഡെന്മാര്ക്ക് ഗ്രീന്‍ലാന്‍ഡിന് കൊടുക്കുന്നത്. അതായത് ഗ്രീന്‍ലാന്‍ഡിന്റെ വാര്‍ഷിക ബജറ്റിന്റെ മൂന്നില്‍ രണ്ടും ഈ രണ്ടുവഴിക്കാണ് വരുന്നത്. ട്രംപിന്റെ ആദ്യ ടേമിലും ഗ്രീന്‍ലാന്‍ഡിനായി അമേരിക്ക ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഡെന്മാര്ക്കിന് ഈ സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്നും കൈയൊഴിഞ്ഞുകൂടെയെന്നും ട്രംപ് അന്ന് ചോദിച്ചതാണ്. പക്ഷേ അന്ന് ഡെന്മാര്ക്കോ ഗ്രീന്‍ലാന്‍ഡ് ഭരണകൂടമോ അമേരിക്കന്‍ താത്പര്യത്തിന് വഴങ്ങിയില്ല. ഇന്നതല്ല സ്ഥിതി. അമേരിക്കന്‍ താത്പര്യം ജനങ്ങള്‍ക്കിടയിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഡെന്മാര്ക്ക് പ്രധാനമന്ത്രി തന്നെ അത് സമ്മതിക്കുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡിലാണ് അമേരിക്കയുടെ തുലേ വ്യോമതാവളമുള്ളത്. അതുപോലെ അമേരിക്കയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായ ഒരു സ്പേസ് ബേസും അവിടെയുണ്ട്. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് ഗ്രീന്‍ലാന്‍ഡില്‍ യു.എസ് കോണ്‍സുലേറ്റ് വീണ്ടും തുറന്നു. പോരാത്തതിന് ഒരുകോടി ഡോളറിന്റെ സഹായവും അന്ന് നല്കി. ബൈഡന് വന്നപ്പോള്‍ ഒരുപടി കൂടി കടന്ന് സാന്നിധ്യം ശക്തമാക്കി. ഗ്രീന്‍ലാന്‍ഡ് ഭരണകൂടവുമായി 395 കോടി ഡോളറിന്റെ 12 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. ദ്വീപില്‍ സൈന്യത്തെ നിലനിര്‍ത്താനും ആര്‍ട്ടിക്കിലേക്ക് യുഎസ് അംബാസിഡര്‍ അറ്റ് ലാര്‍ജിനെയും ബൈഡന് നിയമിച്ചു.
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് സ്വന്തമായാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൊന്നായി അത് മാറും. അലാസ്കയോ ഡാനിഷ് വെസ്റ്റ് ഇന്‍ഡീസോ സ്വന്തമാക്കിയതുപോലെ എളുപ്പത്തില്‍ നടക്കില്ലത്. ഒരു ലക്ഷം കോടി ഡോളറിന്റെ മൂല്യം കണക്കാക്കുമ്പോള്‍ വന്‍വില തന്നെ നല്‍കേണ്ടി വരും. അതിന് പുറമെ ദ്വീപിലെ ഓരോരുത്തര്‍ക്കും വന്‍തുക നേരിട്ട് നല്‍കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ന്നാല്‍ ആര്‍ട്ടിക് സമുദ്രത്തിലൂടെ സജീവമാകുന്ന പുതിയ കപ്പല്‍പാത വലിയ നേട്ടമാകും. ഫലപ്രദമായ ചരക്ക് വ്യാപാരം സാധ്യമാകും. പാനമ കനാലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. ആര്‍ട്ടിക്കില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക് ഹൈവേ പോലെയാണ് കപ്പല്‍പാതയുടെ കിടപ്പ്. പ്രാധാന്യം എത്രയുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ. തലസ്ഥാനമായ നൂക്കില്‍ നിന്ന് ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ എത്തുന്നതിനേക്കാണ് ദൂരക്കുറവാണ് ന്യൂയോര്‍ക്കിലേക്ക്. ഏകദേശം 3000 കിലോമീറ്റര്‍ ദൂരമേയുള്ളൂ വാഷിങ്ടണിലേക്ക് പോലും.
പുതിയ വ്യാപാര റൂട്ടുകള്‍, ബഹിരാകാശ, സൈനിക കേന്ദ്രങ്ങള്‍, മത്സ്യബന്ധന സോണുകള്‍ അങ്ങനെ ലക്ഷ്യങ്ങള്‍ ഏറെ. റഷ്യ, ചൈന, അമേരിക്ക ബലാബലം ആര്‍ട്ടിക്കില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു. റഷ്യയുടെ ഭാവി സാമ്പത്തികം ആര്‍ട്ടിക് സമുദ്രവുമായി ബന്ധപ്പെട്ടും സൈബീരിയന്‍ എണ്ണ വാതക പാടങ്ങളും ചേര്‍ന്നതാണെന്ന് 2000 ാമാണ്ടില്‍ തന്നെ പുതിന് പറഞ്ഞതാണ്. ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ ഐസ്ബ്രേക്കര്‍ കപ്പലിന്റെ നിര്‍മാണത്തിലാണ് റഷ്യയിപ്പോള്‍. 2018 ല്‍ തന്നെ ചൈന പോളാര്‍ സില് റോഡ് പ്രഖ്യാപിച്ച് ആര്‍ട്ടിക്കിലൂടെ ഊര്ജവ്യാപാര നീക്കം താലോലിക്കുന്നുണ്ട്. സൈബീരിയയിലെ വാതക പദ്ധതികളിലും ചൈനീസ് കമ്പനികള്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് സ്ഥിതിചെയ്യുന്നത് വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും മധ്യേയുള്ള ഏറ്റവും വേഗത്തിലെത്താവുന്ന റൂട്ടിലാണ്. ഏഷ്യയില്‍ നിന്ന് യു.എസ്സിലേക്ക് പാനമ കനാല്‍ വഴിയുള്ള കപ്പല്‍യാത്ര ഒഴിവാക്കി ആര്ട്ടിക്കിലൂടെയായാല് ദിവസങ്ങള്‍ ലാഭിക്കാം. ചരക്ക് നീക്കം വേഗത്തിലാകും. ലാഭമേറെ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആര്‍ട്ടിക്കിലൂടെയുള്ള ഷിപ്പിങ് 37 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍.
കോപ്പര്‍, ലിഥിയം, കൊബാള്‍ട്ട് എന്നിങ്ങനെ ധാതുശേഖരത്തിന്റെ ഒരു അപൂര്വ്വഖനിയാണ് ഗ്രീന്‍ലാന്‍ഡ്. ധാതുക്കളുടെ വിതരണം ചുരുക്കി കുത്തകയ്ക്ക് ചൈന ശ്രമിക്കുന്നു. ഇലക്ട്രിക് വാഹനയുഗത്തില്‍ ഈ ധാതുക്കളുടെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ വിപുലമായ ഹൈഡ്രോ കാര്‍ബണ്‍ ശേഖരം. ഗ്രീന്‍ലാന്‍ഡ് വില്ക്കാന് വച്ചിട്ടില്ലെന്ന് അവരുടെ പ്രധാനമന്ത്രി ആണയിടുന്നു. സ്വതന്ത്രപരമാധികാര രാജ്യമാകാനുള്ള ചട്ടക്കൂടുണ്ടാക്കാനുള്ള ജോലികള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. 2009 ല്‍ കൂടുതല്‍ അധികാരം ഗ്രീന്‍ലാന്‍ഡ് ഭരണകൂടത്തിന് ലഭിച്ചു. ഇത് പ്രകാരം ഹിതപരിശോധന നടത്തി സ്വന്തം നിലയില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അങ്ങനെ ഗ്രീന്‍ലാന്‍ഡ് സ്വതന്ത്രമാകുകയും അമേരിക്കന്‍ പക്ഷത്ത് നില്ക്കാം എന്ന് തീരുമാനിക്കുകയും ചെയ്താല്‍ ഡെന്മാര്ക്ക് കളത്തിന് പുറത്താകും. അമേരിക്കയുടെ ഓഫറും വികസനവാഗ്ദാനങ്ങളും അവരെ വശത്താക്കാന്‍ കഴിയുമോ. ആത്യന്തികമായി 1979 ലെ പോലെ ഒരു ജനഹിത പരിശോധനയാകും അമേരിക്കന്‍ കോളനിയായി മാറി ട്രംപിന്റെ മോഹം ഫലിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുക.
അധികാരമേല്‍ക്കും മുന്നെ ഗ്രീന്‍ലാന്‍ഡും പാനമകനാലുമാണ് ട്രംപ് രണ്ടാം വരവില്‍ ടാര്‍ജറ്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് മാത്രമല്ല കാനഡ കൂടി അമേരിക്കയോട് ചേര്‍ക്കണമെന്ന മോഹവും ട്രംപ് പറഞ്ഞുകഴിഞ്ഞു. 51 ാമത് സംസ്ഥാനമായി കാനഡ വരട്ടെ അതുപോലെ ഗള്‍ഫ് ഓഫ് മെക്സികോ ഗള്‍ഫ് ഓഫ് അമേരിക്കയാക്കി മാറ്റുക. ചെറിയ മോഹങ്ങളല്ല ട്രംപിന്റേത്.
Inshort: America`s interest in Greenland: A look at its history of land acquisitions, Greenland`s strategic importance, and the potential implications.
Content Highlights: USA interest on Greenland: History, Politics & Future
Published: 30 Jan 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented