ട്രംപിനെ ഭയന്ന് യു.എസ്. സര്‍വകലാശാലകള്‍; 'വിദ്യാര്‍ഥികളേ സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ മടങ്ങിവരൂ'
ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും മുന്‍പേ യു.എസിലേക്ക് മടങ്ങിയെത്താന്‍ വിദേശവിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ഐവി ലീഗിലേത് ഉള്‍പ്പെടെയുള്ള പല അമേരിക്കന്‍ സര്‍വകലാശാലകളും. യു.എസ്. സര്‍വകലാശാലകളിലും കോളേജുകളിലും ഇത് വിന്റര്‍ ബ്രേക്കിന്റെ കാലമാണ്. വിന്റര്‍ ബ്രേക്കിന് സ്വന്തംരാജ്യങ്ങളിലേക്കും വിനോദയാത്രകള്‍ക്കുമൊക്കെ പോയ വിദേശ വിദ്യാര്‍ഥികളോടാണ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20-ന് മുന്‍പേ മടങ്ങിയെത്താന്‍ സര്‍വകലാശാലകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കുടിയേറ്റനയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗാസ, സിറിയ, സൊമാലിയ, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറയുകയും ചെയ്തിരുന്നു. ഇത് വിദേശവിദ്യാര്‍ഥികളെ ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ് താനും. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍വകലാശാലകളുടെ നീക്കം.
നാലുകൊല്ലത്തെ ബൈഡന്‍ കാലത്തിന് ശേഷം ഓവല്‍ ഓഫീസിലെത്തുന്ന ട്രംപ്, യാത്രാവിലക്ക് പ്രഖ്യാപിച്ചേക്കുമെന്ന ഭയമാണ് സര്‍വകലാശാലകളുടെ നീക്കത്തിന് പിന്നില്‍. ഐവി ലീഗില്‍ ഉള്‍പ്പെട്ട കോര്‍ണല്‍, ഹാര്‍വാര്‍ഡ്, ബ്രൗണ്‍ സര്‍വകലാശാലകള്‍, എം.ഐ.ടി.,വെസ്ലിയന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൗത്തേണ്‍ കാലിഫോര്‍ണിയ, നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങി പന്ത്രണ്ടിലധികം സ്ഥാപനങ്ങള്‍ വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനകംതന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ട്രപ് അധികാരമേല്‍ക്കുന്നതിന് മുന്‍പേ മടങ്ങിവരാനാണ് ചില സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സത്യപ്രതിജ്ഞയ്ക്കു മുന്‍പ് യു.എസ്. വിട്ട് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മറ്റു ചില സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നു. ഇനി മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ സ്പ്രിങ് സെമസ്റ്റര്‍, അതായത് ജനുവരിയില്‍ തുടങ്ങുന്ന സെമസ്റ്റര്‍, ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്‍പേ തന്നെ ആരംഭിക്കാനുളള നീക്കത്തിലാണ്. അപ്പോള്‍ സ്വാഭാവികമായും വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളിലെത്തേണ്ടിവരും.
2023-24 അക്കാദമിക് വര്‍ഷം ഏകദേശം പത്തുലക്ഷത്തില്‍ അധികം വിദേശ വിദ്യാര്‍ഥികള്‍ യു.എസിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനം നേടിയിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദേശവിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ളവരാണ്.
2023-24-ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെത്തിയത് ഇന്ത്യയില്‍നിന്നുമായിരുന്നു. നോണ്‍ ഇമിഗ്രന്റ് വിസയില്‍ യു.എസിലെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് അവിടെ പഠനത്തിന് മാത്രമാണ് അവകാശമുള്ളത്. അതായത് അവിടെ താമസംതുടരാന്‍ നിയമപരമായ അവകാശമില്ല. ഇനി, യു.എസില്‍ ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ഥികള്‍ പഠിക്കുന്നത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലാണ്, ഏകദേശം 27,000-ല്‍ അധികംപേരാണ് ഈ സര്‍വകലാശാലയില്‍ പഠിക്കുന്നത്.
2017- ജനുവരിയില്‍ ആദ്യമായി യു.എസ്. പ്രസിഡന്റ് പദത്തിലെത്തിയപ്പോള്‍ ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്.
പിന്നീട് നൈജീരിയ, മ്യാന്‍മര്‍, എറിത്രിയ, ടാന്‍സാനിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്കും ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അക്കാലയളവില്‍ നാല്‍പ്പതിനായിരത്തോളം വിസ അപേക്ഷകള്‍ നിരാകരിക്കപ്പെട്ടുവെന്നാണ് കണക്ക്. യാത്രാവിലക്ക് വിഷയം കോടതി കയറുകയും യു.എസ്. സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. അതോടെ ആയിരക്കണക്കിന് വിദേശ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. പിന്നീട് ജോ ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2021-ലാണ് യാത്രാവിലക്ക് നീക്കുന്നത്.
പുതിയ പ്രസിഡന്റിന് കീഴില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട സംഗതികളില്‍ വ്യത്യാസമുണ്ടാകാന്‍ ഇടയുണ്ടെന്ന് കോര്‍ണല്‍ സര്‍വകലാശാലയുടെ ഓഫീസ് ഓഫ് ഗ്ലോബല്‍ ലേണിങ്, വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തുകഴിഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം യാത്രാവിലക്ക് നിലവില്‍ വന്നേക്കാം. ആദ്യ ട്രംപ് സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരുന്ന കിര്‍ഗിസ്താന്‍, നൈജീരിയ, മ്യാന്‍മര്‍, സുഡാന്‍, ടാന്‍സാനിയ, ഇറാന്‍, ലിബിയ, നോര്‍ത്ത് കൊറിയ, സിറിയ, വെനസ്വേല, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കായിരിക്കാം വിലക്ക് നേരിടേണ്ടിവരിക. പുതിയ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം, പ്രത്യേകിച്ച് ഇന്ത്യയും ചൈനയും എന്നാണ് കോര്‍ണല്‍ സര്‍വകലാശാല പ്രസ്താവനയില്‍ പറയുന്നത്.
ഒന്നാം ട്രംപ് സര്‍ക്കാര്‍ കാലത്തെ യാത്രാവിലക്കും വിസയുമായി ബന്ധപ്പെട്ട കാലതാമസങ്ങളും നിരവധി വിദ്യാര്‍ഥികളെ പെരുവഴിയിലാക്കുകയും പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇക്കുറിയും ട്രംപ് ഭരണകൂടം യാത്രാവിലക്ക് കൊണ്ടുവന്നാല്‍ അത് ഇന്ത്യയില്‍നിന്നുള്ളത് ഉള്‍പ്പെടെയുള്ള നിരവധി വിദേശവിദ്യാര്‍ഥികള്‍ക്ക് ദുഃസ്വപ്‌നമായി മാറുമെന്ന് ഉറപ്പാണ്.
യാത്രാവിലക്ക് എന്ന ഭൂതത്തെ കുപ്പിയില്‍ സൂക്ഷിച്ചുകൊണ്ടാണെങ്കിലും വിദേശവിദ്യാര്‍ഥികള്‍ക്ക് മുന്‍പാകെ മോഹിപ്പിക്കുന്നൊരു വാഗ്ദാനവും ട്രംപ് വെച്ചിട്ടുണ്ട്. യു.എസ്. സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് ഓട്ടോമാറ്റിക്കലി ഗ്രീന്‍കാര്‍ഡ് അനുവദിക്കും എന്നതാണ് ആ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ നിരവധി വിദേശവിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിന് വഴിയൊരുങ്ങും. ഒരു വശത്ത് യാത്രാവിലക്ക് മറുവശത്ത് ഗ്രീന്‍കാര്‍ഡ് വാഗ്ദാനം. ട്രംപിന്റെ ഭരണകാലം, അത് യു.എസിലെ വിദേശവിദ്യാര്‍ഥികള്‍ക്കും ലോകക്രമത്തിന് ആകെമാനത്തിലും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കാം.
Content Highlights: us universities urges foreign students to come back before donald trump inauguration
Published: 28 Dec 2024, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented