ധാക്ക: യുവനേതാവും ആക്ടിവിസ്റ്റുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഫൈസൽ കരീം മസൂദിനെതിരെ കണ്ടെത്താൻ രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യം വിട്ടുപോകുന്നത് തടയാൻ ധാക്ക കോടതി യാത്രാ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

To advertise here,

മസൂദ് ഇപ്പോഴും ബംഗ്ലാദേശിൽ തന്നെയുണ്ടെന്നും എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ നിരന്തരം ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് സുരക്ഷ ഏജൻസികൾ വിലയിരുത്തുന്നത്.

ഡിസംബർ 12-ന് ധാക്കയിൽ വെച്ചാണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് വെടിയേറ്റത്. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ ഹാദിയുടെ തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡിസംബർ 15-ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2024-ലെ ബംഗ്ലാദേശി വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ഹാദി. 2026 ഫെബ്രുവരിയിൽ നടക്കാനിരുന്ന ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബീജോയ് നഗറിലെ ധാക്ക-8 മണ്ഡലത്തിൽ മത്സരിക്കാനും തയ്യാറെടുക്കുകയായിരുന്നു.