തീരുവ തുറുപ്പുചീട്ടാക്കി ലോകരാജ്യങ്ങൾക്കെതിരേ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വ്യാപാരയുദ്ധത്തിനേറ്റ വൻ തിരിച്ചടിയാണ് യു.എസ്. സുപ്രീംകോടതി വിധി. വിദേശരാജ്യങ്ങൾക്ക് ട്രംപ് ചുമത്തിയ ഇറക്കുമതിത്തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധി ആഗോള വ്യാപാരമ മേഖലക്ക് ആശ്വാസമാകുകയാണ്, ഒപ്പം പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങാൻ ട്രംപിന് പ്രകോപനവും.

To advertise here,

രാജ്യങ്ങൾക്ക് ഏകപക്ഷീയമായി തീരുവചുമത്തുന്നതിലൂടെ പ്രസിഡൻ്റ് ഫെഡറൽ നിയമങ്ങൾ ലംഘിക്കുകയാണെന്നുമുള്ള വിധി, സ്ഥാനമേറ്റെടുത്തതുമുതൽ തീരുവയുദ്ധം തുടങ്ങിയ ട്രംപിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. മാത്രമല്ല പിന്നാലെ ട്രംപ് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുപ. സുപ്രീംകോടതിക്കെതിരെ പ്രസിഡന്റിന്റെ വെല്ലുവിളി... സത്യത്തിൽ ട്രംപിന് സുപ്രീംകോടതിക്കും മുകളിൽ തീരുമാനമെടുക്കാനാവുമോ? വിധി വന്ന സാഹചര്യത്തിൽ അധികമായി പിരിച്ച പണം അതത് രാജ്യങ്ങൾക്ക് തിരികെ നൽകേണ്ടിവരുമോ? ഇന്ത്യയെ ഈ വിധി ഏതുരീതിയിലാണ് ബാധിക്കുക?

സുപ്രീംകോടതി പറഞ്ഞത്

1977-ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാരനിയമം പ്രയോജനപ്പെടുത്തിയാണ് ട്രംപ് രാജ്യങ്ങൾക്കെതിരെ തീരുവകൾ ചുമത്തിയിരുന്നത്. ഈ നിയമത്തിന്റെ ചുവടുപിടിച്ച് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റ്റിന് തീരുവചുമത്താനാകുമോയെന്ന വിഷയമാണ് കോടതി പരിശോധിച്ചത്. ട്രംപിന്റെ നടപടിക്കെതിരേ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലായിരുന്നു നടപടി. സാമ്പത്തിക അടിയന്തരസാഹചര്യങ്ങളിൽ തീരുവ നിശ്ചയിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ യു.എസ്. ഭരണഘടനപ്രകാരം - നികുതി, തീരുവകൾ എന്നിവ ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും അവരുടെ അനുമതിയില്ലാതെ പ്രത്യേകാധികാര നിയമം പ്രയോജനപ്പെടുത്തി നടപടികളെടുക്കാൻ പ്രസിഡന്റിന് കഴിയില്ലെന്നും കോടതി പറഞ്ഞു.

അങ്ങനെ തീരുവ ചുമത്താനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രയോജനപ്പെടുത്തി പല മുൻ പ്രസിഡൻറുമാരും വിദേശരാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ട്രംപാണ് തീരുവചുമത്തുന്ന ആദ്യ പ്രസിഡന്റ്.

സുപ്രീംകോടതി ഉത്തരവ് വന്നതോടെ യൂറോപ്യൻ യൂണിയൻ, യുകെ, ജപ്പാൻ, മലേഷ്യ, ഇൻഡനേഷ്യ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയ വ്യാപാരകരാറുകൾ അനിശ്ചിതത്തിലാവും. ഇപ്പോഴുള്ള താരിഫുകൾ തുടരാനാകാത്തതിനാൽ പുതിയ താരിഫ് ഘടന തന്നെ ഇനി രൂപപ്പെടുത്തണം.

അതേസമയം സുപ്രീം കോടതി വിധിക്ക് പിന്നാലെ വിപണികൾ കുതിച്ചുയരുകയാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ഫ്യൂച്ചർ വ്യാപാരം നടക്കുന്ന ഗിഫ്റ്റി നിഫ്റ്റി അഞ്ഞൂറോളം പോയിൻറ് കുതിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണം 2.5 ശതമാനത്തോളം ഉയർന്ന് ഔൺസിന് 5,100 ഡോളർ പിന്നിട്ടു.

വെല്ലുവിളിച്ച് ട്രംപ്

ഡിക്ഷണറിയിൽ ഏറ്റവും ഇഷ്ടമുള്ള വാക്ക് താരിഫ് ആണ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ പ്രവർത്തിയിലും വ്യക്തമായിരുന്നു. അമേരിക്കയുടെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയായും വിദേശനയത്തിന്റെ ഭാഗമായുമെല്ലാം തീരുവ ചുമത്തലിനെ ന്യായീകരിച്ചിരുന്നെങ്കിലും മറ്റു രാജ്യങ്ങളെ വറുതിയിൽ കൊണ്ടുവരാനുള്ള ട്രംപിന്റെ നീക്കമായിരുന്നതെന്ന് വ്യക്തം. അമേരിക്കയുമായി വ്യാപാരക്കമ്മിയുള്ളതും ഉയർന്ന തീരുവ ചുമത്തുന്നതുമായ അറുപതോളം രാജ്യങ്ങൾക്കാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. വ്യക്തിപരമായ താത്പര്യം മുൻനിർത്തിയുള്ള പ്രതികാരനടപടിയായും ചില രാജ്യങ്ങൾക്ക് തീരുവചുമത്തി. സുഹൃത്തും ബ്രസീലിയൻ മുൻപ്രസിഡന്റു മായ ജെയ്ർ ബൊൽസൊനാരോയെതിരേയുള്ള വിചാരണാനടപടികളുടെ പേരിലാണ് ബ്രസീലിനുള്ള തീരുവ 50 ശതമാനമാക്കി കൂട്ടിയത്. റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സാമ്പത്തികസഹായം ചെയ്യുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കും 25 ശതമാനം പിഴച്ചുങ്കം ചുമത്തി.

ട്രംപിന്റെ താരിഫ് യുദ്ധത്തിനെതിരെ വിമർശനങ്ങള്‌ ഒരുപാട് ഉയർന്നിരുന്നെങ്കിലും പലപ്പോഴും വലതുപക്ഷ നിലപാട് സ്വീകരിച്ച സുപ്രീംകോടതി തന്നെ താരിഫ് നയങ്ങളെ അസാധുവാക്കിയത് വ്യക്തിപരമായും രാഷ്ട്രീയപരമായും ട്രംപിന് വലിയ തിരിച്ചടിയാണ്. വിധിയെ രാജ്യത്തോടുള്ള വഞ്ചനയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത് പോലും. താൻ നാമനിർദേശം ചെയ്ത ജസ്റ്റിസുമാരെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും കോടതി വിദേശ താത്പര്യങ്ങൾക്കും ചില രാഷ്ട്രീയ നീക്കങ്ങൾക്കും വഴങ്ങിയതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞില്ല, കോടതി തള്ളിയ താരിഫുകൾക്കു പകരമായി 150 ദിവസത്തേക്ക് 10 ശതമാനം താത്കാലിക ആഗോളനികുതി ഏർപ്പെടുത്തിയിട്ടുണ്ട്. 1974-ലെ ട്രേഡ് ആക്ടിലെ 'സെക്ഷൻ 122' ആണ് പ്രസിഡൻ്റ് പ്രയോഗിച്ചിരിക്കുന്നത്. അമേരിക്കയുടെ പേയ്മെന്റ് ബാലൻസിൽ വലിയ കുറവുണ്ടാകുകയോ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുകയോ ചെയ്യുമ്പോൾ പ്രസിഡന്റിന് താൽക്കാലികമായി നികുതി ചുമത്താൻ അധികാരം നൽകുന്നതാണ് ഈ സെക്ഷൻ. പ്രത്യേക അന്വേഷണങ്ങളോ നടപടി ക്രമങ്ങളോ ആവശ്യമില്ലാതെ 150 ദിവസത്തേക്ക് 15 ശതമാനംവരെ നികുതി ചുമത്താൻ ഈ നിയമം പ്രസിഡന്റ്റിന് അധികാരം നൽകും. എന്നാൽ കാലാവധി കഴിഞ്ഞും തീരുവ തുടരണമെങ്കിൽ കോൺഗ്രസിന്റെ അനുമതി വേണം. ഫെബ്രുവരി 24 മുതൽ 10% താരിഫ് പ്രാബല്യത്തിൽ വരും.

ഇന്ത്യക്ക് പ്രയോജനമോ?

ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ഇന്ത്യ യുഎസിന് തീരുവ നൽകും എന്നാൽ, തിരിച്ച് യുഎസ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകമാകുമെന്ന് മാറ്റിപ്പറഞ്ഞു. ഇതോടെ ഇന്ത്യയ്ക്കുള്ള 18 ശതമാനം തീരുവ പത്തായി കുറഞ്ഞു.

എന്തായാലും സുപ്രീം കോടതി വിധി വന്നതോടെ യുഎസുമായുള്ള വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യയ്ക്ക് മേൽക്കൈ ലഭിക്കാൻ സാധ്യതയുണ്ട്. കരാറിലെ വ്യവസ്ഥകളിൽ കൂടുതൽ വിട്ടുവീഴ്ചകൾ ഇന്ത്യക്ക് ആവശ്യപ്പെടാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ട്രംപിന് നിർബന്ധിക്കാനും ഇനി കഴിയില്ല.

ലഭിച്ചതെല്ലാം തിരിച്ചു നൽകേണ്ടി വരുമോ?

യു.എസ്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തീരുവയിനത്തിൽ സമാഹരിച്ച വരുമാനം യുഎസ് സർക്കാർ തിരികെ നൽകേണ്ടിവരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അധികമായി ഈടാക്കിയ തുക തിരിച്ചു നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി വ്യക്തത നൽകിയിട്ടില്ല. എങ്കിലും തീരുവ ബാധിക്കപ്പെട്ട രാജ്യങ്ങൾ വിധി ചൂണ്ടിക്കാട്ടി പണം തിരികെ ആവശ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്. ചരക്കിറക്കാൻ വിദേശകമ്പനികൾ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയിലടച്ച തീരുവകൾ മടക്കി നൽകേണ്ടിവരും. എന്നാൽ തുക തിരികെ കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റീഫണ്ട് ആവശ്യപ്പെട്ട് കമ്പനികൾ കോടതിയെ സമീപിച്ചാൽ തീരുമാനമാകാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം.

എന്തായാലും പല ഇനങ്ങളിലായി വിദേശരാജ്യങ്ങൾക്ക് ചുമത്തിയ ഇറക്കുമതിത്തീരുവകളിലൂടെ നിലവിൽ 17,500 കോടി ഡോളർ യു.എസ്. സമാഹരിച്ചിട്ടുണ്ടെ ന്നാണ് സാമ്പത്തികവിദഗ്‌ധർ പറയുന്നത്. 2025-ൽ യു.എസ്. ഗതാഗതവകുപ്പിനും നീതിന്യായവകുപ്പിനും ബജറ്റിൽ വകയിരുത്തിയ ആകെ തുകയെക്കാൾ കൂടുതലാണിത്.