ലോകാരോഗ്യ സംഘടനയില്‍ നിന്ന് യു.എസ് പിന്മാറി. ഒരുവര്‍ഷത്തിനുള്ളില്‍ പിന്മാറ്റം പ്രാബല്യത്തില്‍ വരും. പദവിയിലേറി ആദ്യ ദിനം തന്നെ ട്രംപ് എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ ഇറക്കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ലോകാരോഗ്യ സംഘടനയ്ക്ക്യുഎസ് നല്‍കുന്ന സാമ്പത്തിക സഹായം നിലയ്ക്കും. ലോകാരോഗ്യ സംഘടനയുടെ ഭാവിയെ മാത്രമല്ല, അമേരിക്കയുടെ പോലും ആരോഗ്യമേഖലയെയും മാനവരാശിയെയും ട്രംപിന്റെ തീരുമാനം സാരമായി ബാധിക്കും. യുഎസ് കൈവിട്ട സംഘടനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ചൈനയെത്തിയതോടെ പ്രതിസന്ധി കടുക്കും.

To advertise here,

ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, രോഗനിവാരണ യത്‌നങ്ങള്‍ നടത്തുക തുടങ്ങിയവയാണ് സംഘടനയുടെ ചുമതലകളില്‍ പ്രധാനം. വ്യക്തമായ, ശക്തമായ ഘടനയിലാണ് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചു പോരുന്നത്. എല്ലാ അംഗരാജ്യങ്ങളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ലോകാരോഗ്യ അസംബ്ലിയാണ് മുകളില്‍. അവര്‍ നയങ്ങള്‍ തീരുമാനിക്കുകയും ബജറ്റുകള്‍ അംഗീകരിക്കുകയും ചെയ്യും. 34 സാങ്കേതിക വിദഗ്ധരുടെ ഗ്രൂപ്പായ എക്സിക്യൂട്ടീവ് ബോര്‍ഡാണ് ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇതാണ് ചുരുക്കിപ്പറഞ്ഞാല്‍ ലോകാരോഗ്യ സംഘടന.

പണമില്ലാതെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല. 680 കോടി ഡോളറാണ് 2024-2025 വര്‍ഷത്തെ ലോകാരോഗ്യ സംഘടനയുടെ ബജറ്റ്. നിശ്ചയിച്ച തുകക്ക് പുറമെ സ്വമേധയായും അംഗരാജ്യങ്ങള്‍ സംഭാവനകള്‍ നല്‍കാറുണ്ട്. 2022-23 ലെ കണക്കെടുത്താല്‍ യുഎസ് നല്‍കിയ 128 കോടി ഡോളര്‍ സംഘടനയുടെ ആകെ വരുമാനത്തിന്റെ 18% വരും. ഗാസ, യുക്രെയ്ന്‍ തുടങ്ങിയ യുദ്ധദുരിതം പേറുന്ന രാജ്യങ്ങളിലേക്ക് ആ പണവും ചെന്നെത്തിയിട്ടുണ്ട്. അതിന് പുറമേ, എയ്ഡ്‌സ് പോലെയുള്ള പകര്‍ച്ചാ വ്യാധികള്‍ക്കുള്ള ഫണ്ടിങ്ങിന്റെ 75% വും ക്ഷയരോഗ നിര്‍മാജന ഫണ്ടിന്റെ 50%വും അമേരിക്ക തന്നെയാണ് നല്‍കുന്നത്. ലോകാരോഗ്യ സംഘടന വഴി അന്താരാഷ്ട്രതലത്തില്‍ സഹായം എത്തിക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കി വരുന്ന രാജ്യമാണ് യുഎസ്. എന്നതില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടാണ് അമേരിക്കയുടെ സഹായം നിലച്ചാല്‍ ലോകാരോഗ്യ സംഘടനയുടെ ഭാവി പരുങ്ങലിലാവും എന്ന് പറയുന്നത്. 

ലോകാരോഗ്യ സംഘടനയില്‍ അമേരിക്കയുടെ സ്ഥാനം എന്ത് എന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളയാള്‍ ഡോണള്‍ഡ് ട്രംപ് തന്നെയാണ് എന്നു പറയേണ്ടി വരും. അമേരിക്ക ലോക പോലീസ് മാത്രമല്ല, ലോകത്തിന്റെ നാഥന്‍ കൂടിയാണ് എന്ന് കരുതിയിരുന്ന മുന്‍ ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി കര്‍ശനമായ നിലപാടുകളുമായാണ് ട്രംപ് അന്നും ഇന്നും മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നടത്തിയ ഈ പുതിയ നീക്കം തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

പിന്മാറ്റം ആദ്യമല്ല

2020-ല്‍, ട്രംപ് ഭരണത്തിന്റെ ഒന്നാം പതിപ്പില്‍, അവസാന കാലത്ത് ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള അന്വേഷണവും, അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ഡബ്ല്യു. എച്ച്.ഒ. ചൈനയ്ക്ക് അനുകൂലമായി നിലകൊണ്ടതാണ് ആദ്യം അദ്ദേഹത്തെ ചൊടിപ്പിച്ചത്. ലോകാരോഗ്യ സംഘടന COVID-19 മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തു, ചൈനയാല്‍ സ്വാധീനിക്കപ്പെട്ട സംഘടനയായി ലോകാരോഗ്യ സംഘടന മാറി എന്നൊക്കെയായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണങ്ങളായി ട്രംപ് അന്ന് ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങള്‍.

COVID-19 ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും, സുതാര്യതയില്ലായ്മ ആരോപിച്ചിട്ടും മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ചൈനയെ അവര്‍ പ്രശംസിച്ചെന്നും ട്രംപ് അടക്കമുള്ള വിമര്‍ശകര്‍ ആരോപണമുന്നയിച്ചു. അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഡെമോക്രാറ്റിക് അംഗങ്ങളും ട്രംപിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചു. 1948ല്‍ യുഎസ് ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുമ്പോള്‍, അംഗത്വം പിന്‍വലിക്കുന്നതിന് ഒരു വര്‍ഷത്തെ നോട്ടീസ് പിരിയഡും സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കുമെന്നുമുള്ള നിബന്ധന അംഗീകരിച്ചിരുന്നു. 2020 ല്‍ പിന്മാറാന്‍ ഉത്തരവിടുകയും ഇത്പ്രകാരം നോട്ടീസ് സമയം അവസാനിക്കാനിരിക്കെയാണ് 2021 ജനുവരിയില്‍ ജോ ബൈഡന്‍ അധികാരമേറ്റെടുക്കുന്നത്. ബൈഡന്‍ വന്ന ശേഷം പിന്മാറ്റ ഉത്തരവ് പിന്‍വലിക്കുകകായിരുന്നു. അതായത് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും തന്റെ പഴയ തീരുമാനം നടപ്പിലാക്കി എന്നു ചുരുക്കം.

പുതിയ പ്രഖ്യാപനം

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതിനുള്ള നിര്‍ണായക ഉത്തരവില്‍ തിങ്കളാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. അമേരിക്കയെലോകാരോഗ്യ സംഘടന പറ്റിക്കുകയാണെന്നും അതിന് ഇനി അനുവദിക്കില്ലെന്നുമാണ് പിന്മാറ്റ ഉത്തരവില്‍ ഒപ്പിട്ടുകൊണ്ട് ട്രംപ് പറഞ്ഞത്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന പണം അനാവശ്യമായ ചെലവാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. പറഞ്ഞത് ട്രംപായതുകൊണ്ട് കൂടുതലൊന്നും പറയേണ്ടതില്ല.

അതേസമയം 2020ലെ കോണ്‍ഗ്രസ്ഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ലോകാരോഗ്യസംഘടനയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും മൃഗീയമായ സ്വാധീനം ഇല്ലെന്നത് തിരിച്ചടിയായേക്കാം.

പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യസംഘടനയില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ ഖേദിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക അംഗമായിരുന്ന അമേരിക്കക്ക് അന്നുമുതല്‍ ലോകാരോഗ്യ അസംബ്ലിയിലും എക്‌സിക്യൂട്ടീവ് ബോര്‍ഡിലും സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. മറ്റ് 193 അംഗരാജ്യങ്ങളോടൊപ്പം ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും യുഎസും ഭാഗമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യുഎസ് തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. 

സംഘടനയുടെ ഭാവി 

പകര്‍ച്ചവ്യാധികളെ കൈകാര്യം ചെയ്യുന്നത് മാത്രമല്ല, മലേറിയ, പോളിയോ തുടങ്ങിയ രോഗങ്ങളെ ചെറുക്കുക, വാക്‌സിന്‍ കാമ്പെയ്നുകളെ ഏകോപിപ്പിക്കുക, ലോകമെമ്പാടുമുള്ള ആരോഗ്യ അടിയന്തരാവസ്ഥകളോട് പ്രതികരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്യുന്നുണ്ട്. ദരിദ്ര രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതും ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതും സമ്പന്ന രാജ്യങ്ങളുടെ സഹായം കൊണ്ടാണ്. ആ സഹായം നിലച്ചാല്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ലോകാരോഗ്യ സംഘടനയ്ക്ക് പണം മുടക്കുന്നത് പകര്‍ച്ചവ്യാധികളെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നും ദുര്‍ബലരായ ജനങ്ങളെ അപകടത്തിലാക്കുമെന്നും പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആരോഗ്യ സംവിധാനം കുറവുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ലെങ്കിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ അവസ്ഥ അങ്ങനെയായിരിക്കില്ല. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം യുഎസിന്റെ സഹായം ലഭിക്കുന്നുണ്ട്.

യുഎസ് പിന്മാറുന്നതോടെ ലോകാരോഗ്യ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും. ഇതോടെ വിദഗ്ദരായ ആരോഗ്യപ്രവര്‍ത്തകരെ കൂടി സംഘടനയ്ക്ക് നഷ്ടമാകും. സംഘടനയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും തമ്മിലുണ്ടായിരുന്ന സഹകരണത്തെയും ഇതെല്ലാം ബാധിക്കും. അങ്ങനെ നോക്കുമ്പോള്‍ യുഎസ് പിന്മാറിയാല്‍ നഷ്ടപ്പെടുന്ന മനുഷ്യവിഭവശേഷി മറ്റു രാജ്യങ്ങളില്‍ നിന്നും ലോകാരോഗ്യ സംഘടന കണ്ടത്തേണ്ടിവരും.

അമേരിക്കയ്ക്കും തിരിച്ചടിയാകും

കോവിഡ് വന്നത് ചൈനയില്‍ നിന്നാണെങ്കിലും, ലോകം മുഴുവന്‍ അത് വ്യാപിച്ചു, എന്തിന് അമേരിക്കന്‍ പ്രസിഡന്റിനെ പോലും അത് ബാധിച്ചു. കോവിഡ് വൈറസിന് ആന്‍ഹുയിയെന്നോ അംഗോളയെന്നോ അമേരിക്കന്‍ പ്രസിഡന്റെന്നോ വ്യത്യാസമില്ല എന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഒന്ന് മനസിലാക്കിയാല്‍ നല്ലതാണ്. സാംക്രമിക രോഗങ്ങള്‍ ഏതെങ്കിലുമൊരു രാജ്യത്ത് മാത്രമല്ല ഒതുങ്ങിനില്‍ക്കുന്നത്. അതിന് അതിര്‍ത്തിയില്ല. അമേരിക്കയില്‍ പടര്‍ന്ന പല രോഗങ്ങളും അവിടെ ജോലിയെടുക്കാനെത്തിയ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ കൊണ്ടുവന്നതാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്ലാതെ യുഎസിന് മുന്നോട്ടു പോകാന്‍ കഴിയുകയുമില്ല. അതുകൊണ്ട് ഈ തീരുമാനം അമേരിക്കയെ സംബന്ധിച്ച് ഒരു മണ്ടന്‍ തീരുമാനമാണ്.

മഹാമാരികളെ പ്രതിരോധിക്കാനുള്ള സീസണല്‍ ഫ്‌ലൂവൈറസുകളിലെ മാറ്റങ്ങള്‍ ട്രാക്ക് ചെയ്യല്‍, ഫലപ്രദമായ വാര്‍ഷിക ഫ്‌ലൂവാക്സിനുകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ പദ്ധതികളില്‍ നിന്നും മറ്റ് ആരോഗ്യ സംരംഭങ്ങളില്‍ നിന്നും ഇനി യുഎസ് സ്വയം ഒറ്റപ്പെട്ടേക്കാം. സുപ്രധാന ആഗോള ആരോഗ്യ ശ്രമങ്ങളില്‍ നിന്ന് യുഎസിനെ ഒറ്റപ്പെടുത്താനും ഈ തീരുമാനം ഇടയാക്കും. അമേരിക്കയുടെ ആഗോള ആരോഗ്യ സഹകരണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകളും ഇത് ഉയര്‍ത്തുന്നു.

ശക്തമാകുന്ന ചൈന

ആരോഗ്യ പ്രതിസന്ധികളില്‍ ലോകാരോഗ്യ സംഘടനക്ക് നിഷ്പക്ഷത പാലിക്കാന്‍ കഴിയില്ലെന്നും, രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഭയന്ന വിമര്‍ശകരെ ആശങ്കപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. യുഎസ് പിന്‍വാങ്ങിയതോടെ ചൈന നല്‍കുന്ന സംഭാവനകള്‍ വര്‍ധിപ്പിക്കുകയും സംഘടനയിലെ ഇടപടലുകള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 2020ല്‍ ട്രംപ് സംഘടനയ്ക്കുള്ള സഹായം നിര്‍ത്തലാക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്ന് കോടി ഡോളര്‍ അധികസഹായം ചൈന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്.

ഇപ്പോള്‍ സംഭാവന നല്‍കുന്ന കാര്യത്തില്‍ എട്ടാമതാണ് ചൈന. കഴിഞ്ഞ വര്‍ഷം 26 കോടി ഡോളര്‍ അമേരിക്ക നല്‍കിയപ്പോള്‍ 17.5 കോടി ഡോളറായിരുന്നു ചൈന നല്‍കിയത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ ചൈനീസ് സര്‍ക്കാര്‍ തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് ഗുവോ ജിയോകുന്‍ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയില്‍ ചൈനയുടെ പങ്ക് വര്‍ഷങ്ങളായി വര്‍ധിക്കുകയാണെന്നാണ് വിലയിരുത്തലും. സ്വാധീനത്തിലെ ഈ മാറ്റം ആഗോള നേതൃത്വം ഉറപ്പിക്കുന്നതിനുള്ള ചൈന തന്ത്രത്തിന്റെ ഭാഗമാണെന്നാണ് കണക്കാക്കുന്നത്.

എന്തായാലും ആഗോളതലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ രാഷ്ട്രീയേതരമായ ഐക്യം ആവശ്യമാണ്. അതിന് ശക്തമായും കൂടുതല്‍ സ്വതന്ത്രവുമായും പ്രവര്‍ത്തിക്കാന്‍ ലോകാരോഗ്യ സംഘടനക്ക് അവസരമുണ്ടാകണം. അമേരിക്കയുടെ പുതിയ നീക്കം, അതിന് വിപരീതമാണ്. ഇനി അറിയേണ്ടത്, അമേരിക്ക നിലപാട് തിരുത്തുമോ എന്നതാണ്.

Inshort:The World Health Organization (WHO) was created to protect global health beyond political boundaries. The US, under Trump, announced withdrawal from WHO, impacting 18% of its budget. China increased funding, strengthening its influence. WHO relies on member countries for initiatives like AIDS and TB programs. Critics stress the need for WHO's neutrality and independence. China's growing role aligns with its global ambitions. Continued global health cooperation is essential to ensure WHO's effectiveness in managing crises