മേരിക്കന്‍ പ്രസിഡന്റ് ഡൊഡാള്‍ഡ് ട്രംപിന് വേണം ഒരു നോബേല്‍. 2009 -ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതുമുതലാണ് സമാധാന നോബേല്‍ ട്രംപിന്റേയും സ്വപ്നമായി മാറിയത്.ട്രംപിന്റെ ഈ ആഗ്രഹം കണ്ടറിഞ്ഞിട്ടാണ് പല ലോകരാജ്യങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഈ രാജ്യങ്ങള്‍ക്കെല്ലാം തങ്ങളുടേതായ മുന്‍ഗണനകളുമുണ്ട്. ചിലര്‍ക്ക്, രാജ്യങ്ങളുടെയും മേല്‍ ചുമത്തുന്ന അമേരിക്കന്‍ തീരുവകള്‍ ഒഴിവാക്കണം, മറ്റു ചിലര്‍ക്കാകട്ടെ ട്രംപിന്റെ സ്വാധീനം ഉപയോഗിച്ച് അവരുടെ പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കണം. ആഗോള സമാധാനത്തിന്റെ ദൂതനായി തന്നെ വാഴ്ത്തണമെന്ന ട്രംപിന്റെ തീവ്രമായ ആഗ്രഹത്തെ നടത്തിക്കൊടുക്കാനാണ് അവരുടെ ശ്രമങ്ങള്‍. ഇത്തരത്തില്‍  സമാധാനനൊബേലിനെപ്പോലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്ന പ്രവണതകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

To advertise here,

തനിക്ക് 'ഒബാമ എന്ന് പേരിട്ടിരുന്നെങ്കില്‍' അത് '10 സെക്കന്‍ഡിനുള്ളില്‍' ലഭിക്കുമായിരുന്നുവെന്നുപോലും ട്രംപ്  വിളിച്ചുപറഞ്ഞിട്ടുണ്ട്. താന്‍ എന്തൊക്കെ  നല്ല ചെയ്താലും സമാധാനത്തിനുള്ള അംഗീകാരം ലഭിക്കില്ല, പക്ഷെ ജനങ്ങള്‍ക്ക് തന്നെയറിയാമെന്നും അതിനാണ് പ്രാധാന്യമെന്നൊക്കെ ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും താന്‍  ലോകസമാധാനത്തിനായി കുറെയധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ ട്രൂത്തില്‍ ജൂലൈ 21-ല്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം അക്കമിട്ടുനിരത്തുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തടഞ്ഞു,സെര്‍ബിയ -കോസോവോ യുദ്ധം അവസാനിപ്പിച്ചു, ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇടപെട്ടു, മിഡില്‍ ഈസ്റ്റില്‍ അബ്രഹാം ഉടമ്പടി ഉണ്ടാക്കി ഇതൊക്കെയാണ് പോസ്റ്റിലുള്ളത്.

റഷ്യ - യുക്രൈന്‍ പ്രശ്നത്തിലും, ഇസ്രായേല്‍ - ഇറാന്‍ വിഷയത്തിലും എന്ത് സംഭവിച്ചാലും തനിക്ക് നോബല്‍ സമ്മാനം കിട്ടില്ലെന്നുമൊക്കെ ട്രംപ് അന്ന് വിലപിച്ചു. അവര്‍ തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കില്ലെന്നും ലിബറലുകള്‍ക്ക് മാത്രമേ നല്‍കൂവെന്നും ട്രംപ് ആരോപിച്ചു.ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള മധ്യസ്ഥതയില്‍ മൂന്നാം കക്ഷി ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഇടപെട്ടുവെന്നാണ് ട്രംപിന്റെ അവകാശവാദം.

ട്രംപിന്റെ നയതന്ത്രജ്ഞതയുടെ മികവ് പറഞ്ഞ് പാകിസ്താന്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 2026-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാണ് പാകിസ്താന്റെ പക്ഷം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ട്രംപ് നടത്തിയ ഇടപെടല്‍ കണക്കിലെടുത്താണ് 2026-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാകിസ്താന്‍ നാമനിര്‍ദ്ദേശം ചെയ്തത്. ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്താന്‍, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

ഒരു യഥാര്‍ത്ഥ സമാധാനകാംക്ഷിയെന്ന  നിലയില്‍ അദ്ദേഹത്തിന്റെ പങ്കാണ് ഈ ഇടപെടലെന്ന് പ്രകീര്‍ത്തിക്കുയും ചെയ്തു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ഉള്‍പ്പെടെ നിരവധി സമാധാനശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയെന്നും നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്താന്റെ നാമനിര്‍ദേശം. പുരസ്‌കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.  ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയതിന്  പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് അമേരിക്ക വിരുന്നൊരുക്കുകയും ചെയ്തു. 

ആണവായുധ യുദ്ധം തടഞ്ഞതിന് യുഎസ് പ്രസിഡന്റിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് അസിം മുനീര്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപ് വിരുന്നൊരുക്കിയതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ഔദ്യോഗികമായി ട്രംപിനെ നോബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചത്. അതേസമയം ജി7 ഉച്ചകോടിക്കെത്തിയ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചെങ്കിലും മോദി നിരസിച്ചിക്കുകയാണുണ്ടായത്.

ട്രംപിനെ പ്രശംസിച്ച് നെതന്യാഹു

പാകിസ്താനും പിന്നാലെയാണ് ഇസ്രയേലും ഇതേ നിലപാട് വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളിയും സുരക്ഷാസഹകാരിയുമാണ് ഇസ്രായേല്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍, അമേരിക്ക ഇസ്രായേലിന് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിദേശ സഹായം നല്‍കിവരുന്നുണ്ട്. വൈറ്റ് ഹൗസില്‍ നടന്ന അത്താഴ വിരുന്നിനിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നോബേലിന് നാമനിര്‍ദേശം നടത്തിയ കാര്യം ട്രംപിനോട് വെളിപ്പെടുത്തിയത്. 

സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ ട്രംപ് വഹിച്ച പങ്ക് ചൂണ്ടിക്കാണിച്ചാണ് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം നല്‍കിയതെന്നും നെതന്യാഹു ട്രംപിനെ പൊക്കിപ്പറയുകയും ചെയ്തു. നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തും ട്രംപിന് കൊടുത്തു. മറുപടിയായി നൊബേലിന് നാമനിര്‍ദ്ദേശം ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറയുകയും ചെയ്തു. താന്‍ യുദ്ധങ്ങള്‍ നിര്‍ത്തുകയാണ്. ആളുകള്‍ കൊല്ലപ്പെടുന്നത് കാണുന്നതിനെ വെറുക്കുന്നുവെന്നും ട്രംപ് പറയുകയുണ്ടായി.

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതില്‍ ട്രംപിന്റെ  ഇടപെടല്‍ എടുത്തുപറയുകയും  സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍  നടത്തുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തോടെ ട്രംപും സന്തുഷ്ടനായി.ബഹറൈനും - ഇസ്രായേലും - യുഎഇയും ചേര്‍ന്നുള്ള സമാധാന കരാറായിരുന്നു അബ്രഹാം കരാര്‍.  ട്രംപിന്റെ ഇടപെടലിന്റെ ഫലമായാണ് അത്തരത്തില്‍ ഒരു കരാറുണ്ടായത്.പുതിയ മധ്യപൂര്‍വേഷ്യയുടെ ഉദയം എന്നാണ് ട്രംപ് അന്ന് ഇതിനെ വിശേഷിപ്പത്. അറബ് രാജ്യങ്ങളുമായി സമാധാന കരാര്‍ എന്നത് ഇസ്രായേലിന്റെ വിദേശനയത്തില്‍ നിര്‍ണായകമായിരുന്നു. നെതന്യാഹുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനാണ്  അന്ന് ട്രംപ് കുടപിടിച്ചത്.

കംബോഡിയ തായ്ലന്‍ഡ് പ്രതിസന്ധി

കംബോഡിയയും സമാനമായ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.  സമാധാനത്തിനായി ട്രംപ് ചെയ്ത കാര്യങ്ങള്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമാണെന്നാണ് ഈ രാജ്യങ്ങളുടെ വാദം. കംബോഡിയ-തായ്ലന്‍ഡ് തര്‍ക്കത്തില്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ സമാധാനം കൊണ്ടുവന്നുവെന്നാണ് അവരുടെ പക്ഷം. കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അസാധാരണമായ നയതന്ത്രജ്ഞതയെ പ്രശംസിച്ചുകൊണ്ടാണ് ,കംബോഡിയയുടെ പ്രധാനമന്ത്രി ഹണ്‍ മാനെറ്റ് ട്രംപിനെ  സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തത്.

നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ചതായി  പറയുന്ന ഒരു കത്ത് സഹിതമാണ് ഫേസ്ബുക്കില്‍ അദ്ദേഹം ഇതിനെക്കുറിച്ച് പോസ്റ്റിട്ടത്.ദിവസങ്ങള്‍ക്ക് മുന്‍പ്  കംബോഡിയയുടെ ഉപപ്രധാനമന്ത്രി സണ്‍ ചന്തോള്‍ ട്രംപിനെ നോബേലിനായി നോമിനേഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ , അമേരിക്ക കംബോഡിയന്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 49 ശതമാനം തീരുവ 19 ശതമാനമായി കുറച്ചുകൊടുത്തു.ഏകദേശം 900 വര്‍ഷം പഴക്കമുള്ള ഒരു ശിവക്ഷേത്രത്തെച്ചുറ്റിയാണ് സംഘര്‍ഷം. 1907-ലാണ് ഈ ക്ഷേത്രത്തെ ചൊല്ലി ആദ്യമായി പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. കംബോഡിയ ഫ്രഞ്ച് കോളനിയായിരുന്ന കാലത്ത് നിര്‍മിച്ച ഒരു മാപ്പ് ആയിരുന്നു ഈ തര്‍ക്കത്തിന് കാരണം.

817 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. അതിര്‍ത്തി എവിടെയാണ് എന്നതില്‍ ഇവര്‍ തമ്മില്‍ ഇതുവരെ രമ്യതയിലെത്തിയിട്ടില്ല.തര്‍ക്ക പ്രദേശത്തുള്ള താമോന്‍തോം ക്ഷേത്രത്തിന് സമീപം സൈനികര്‍ക്ക് നേരെ നടന്ന ഒരു ആക്രമണമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ട്രംപിന്റെ ഇടപെടലില്‍ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും അതിര്‍ത്തി പ്രശ്നത്തിന് ഇതൊരു പരിഹാരമല്ല എന്നതാണ് വസ്തുത. തായ്ലാന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരുരാജ്യങ്ങളും രമ്യതയിലും എത്തിയെന്നാണ് ട്രംപിന്റെ വാദം.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, റുവാണ്ടയുമായുള്ള സമാധാന കരാറിന് ട്രംപ് നല്‍കിയ സംഭാവനകള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ട്രംപിനെ നോബേലിന് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് സമാധാനകരാറില്‍ ഒപ്പുവെച്ചത്. ആഫ്രിക്കയില്‍ സ്വാധീനത്തിനായി യുഎസും ചൈനയും സജീവമായി മത്സരിക്കുന്ന ഈ സമയത്ത്, ലോകോത്തര സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ സ്വര്‍ണ്ണം, കൊബാള്‍ട്ട്, ചെമ്പ്, ലിഥിയം തുടങ്ങിയ നിര്‍ണായക ധാതുക്കള്‍ ലഭ്യമാക്കാന്‍ യുഎസ് സര്‍ക്കാരിനെയും അമേരിക്കന്‍ കമ്പനികളെയും ഡിആര്‍സി-റുവാണ്ട കരാര്‍ സഹായിക്കും. 

ഈ പ്രദേശത്ത്  പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ത്തിന് പകരമായി സുരക്ഷയും ശാന്തതയും ഉറപ്പാക്കാനുള്ള യു.എസ് ശ്രമത്തിന് പിന്നിലും വ്യക്തമായ ഭൗമരാഷ്ട്രീയമുണ്ട്. ധാതു സമ്പന്നമായ ഈ മേഖലയിലെ നിക്ഷേപത്തിലൂടെ െൈചനയുടെ ആധിപത്യത്തെ ചെറുക്കാനാണ് അമേരിക്കയുടെ ലക്ഷ്യം.1990-കളുടെ തുടക്കം മുതല്‍ വിഭവങ്ങളുടെ നിയന്ത്രണത്തിനായി മത്സരിക്കുന്ന ഡസന്‍ കണക്കിന് സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശങ്ങളില്‍  ഈ താത്ക്കാലിക സമാധാനക്കരാര്‍ ദീര്‍ഘകാലത്തേയ്ക്ക് ശാന്തി പരത്തുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ പോരാട്ടം അത്ര  പെട്ടെന്ന് അവസാനിക്കുമോയെന്നും ചിന്തിക്കേണ്ടതുണ്ട്.

അര്‍മേനിയയും അസര്‍ബൈജാനും

ട്രംപ് 'സമാധാനത്തിനുള്ള നോബല്‍ സമ്മാനം അര്‍ഹിക്കുന്നു' എന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. ചിരകാല വൈരികളായ അര്‍മേനിയയും അസര്‍ബൈജാനും പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ചാണ് സമാധാന കരാറില്‍ ഒപ്പുവെച്ചത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍  സുപ്രധാന സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിന്  പിന്നാലെ ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ നല്‍കണമെന്നായിരുന്നു ഇരുരാജ്യങ്ങളുടേയും നേതാക്കന്മാരുടെ ആവശ്യം.

ട്രംപിന്റെ  ഈ മധ്യസ്ഥത സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിക്കൊടുക്കുമെന്നാണ് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിന്യനും അസര്‍ബൈജാന്‍ പ്രസിഡന്റ്  ഇല്‍ഹാം അലിയേവും പറയുന്നത്. കൂടാതെ നോബല്‍ കമ്മിറ്റിക്ക് സംയുക്തമായി അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍  അമേരിക്കയുമായി ചേര്‍ന്ന് ഒരു കരാറില്‍ ഒപ്പുവെച്ചതോടെ മേഖലയിലെ റഷ്യയുടെ സ്വാധീനം കുറയും.

ഊര്‍ജ്ജം, സാങ്കേതികവിദ്യ, സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി അര്‍മേനിയയും അസര്‍ബൈജാനും അമേരിക്കയുമായി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അസര്‍ബൈജാനുമായുള്ള യുഎസ് സൈനിക സഹകരണത്തിലെ നിയന്ത്രണങ്ങളും അമേരിക്ക അതോടെ നീക്കിയിട്ടുണ്ട്. അസര്‍ബൈജാനെ അവരുടെ ബാഹ്യപ്രദേശമായ നഖ് ചിവനുമായി ബന്ധിപ്പിക്കുന്നതിന് അര്‍മേനിയയിലൂടെ ഒരു ഗതാഗത ഇടനാഴി സ്ഥാപിക്കും.ട്രംപ് റൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് പ്രോസ്പെരിറ്റി എന്ന് പേരിട്ടിരിക്കുന്ന ഇടനാഴിയുടെ വികസന അവകാശങ്ങള്‍ അമേരിക്കയ്ക്കായിരിക്കും.

ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അര്‍മേനിയയും മുസ്ലീം ഭൂരിപക്ഷമുള്ള അസര്‍ബൈജാനും പതിറ്റാണ്ടുകളായി സംഘര്‍ത്തിലായിരുന്നു.തര്‍ക്ക പ്രദേശമായ കാരബാഖിന്റെ പേരില്‍ ഇരുരാജ്യങ്ങളും രണ്ടുതവണ യുദ്ധവും ചെയ്തിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ബന്ധം തുറക്കാനും പരസ്പരം പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു. 
ദക്ഷിണ കോക്കസിലെ എതിരാളികള്‍ തമ്മിലുള്ള കരാര്‍  ട്രംപ് ഭരണകൂടത്തിന് ഒരു സുപ്രധാന നേട്ടമാണ്. ഈ മേഖലയെ തങ്ങളുടെ സ്വാധീന മേഖലയായി കാണുന്ന മോസ്‌കോയെ ഇത് തീര്‍ച്ചയായും അസ്വസ്ഥമാക്കും.

എന്നാല്‍ ഈ കരാറിന്റെ ദീര്‍ഘകാല സാധ്യതകള്‍ തുടര്‍ച്ചയായ യുഎസ് ഇടപെടലിനെ ആശ്രയിച്ചിരിക്കുമെന്നും വിമര്‍ശനമുണ്ട്. കാരണം അര്‍മേനിയയ്ക്കും അസര്‍ബൈജാനും സമാധാനപരമായ പരിഹാരങ്ങളേക്കാള്‍ പരാജയപ്പെട്ട ചര്‍ച്ചകളുടെയും അക്രമങ്ങളുടേയും നീണ്ട ചരിത്രമാണുള്ളത്. യുഎസിന്റെ , ശരിയായതും തുടര്‍ച്ചയായതുമായ ഇടപെടല്‍ ഇല്ലെങ്കില്‍ പ്രശ്നം വീണ്ടും സ്തംഭനാവസ്ഥയിലാകുകയും പുതിയ പിരിമുറുക്കങ്ങള്‍ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.ശരിക്കും പറഞ്ഞാല്‍  ട്രംപിന് നോബല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ നീക്കങ്ങള്‍ നയതന്ത്രപരമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കാണാം. 

ട്രംപിന്റെ സമാധാനചര്‍ച്ചകളിലും കൃത്യമായ അമേരിക്കന്‍ താത്പര്യങ്ങളുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ പിന്തുണ നേടാനും ആഗോളതലത്തില്‍ തങ്ങളുടെ പ്രാധാന്യം കൂട്ടാനുമുള്ള  നീക്കങ്ങളാണിതെന്നും വിമര്‍ശനമുണ്ട്. ഈ രാജ്യങ്ങള്‍ നിലവില്‍ നേരിടുന്ന രാഷ്ട്രീയ-സൈനികസാഹചര്യങ്ങള്‍ അവരുടെ നിലപാടുകളെയും സ്വാധീനിക്കുന്നുണ്ട്.

 ട്രംപിന് സമാധാന നോബേല്‍ നല്‍കണമെന്നുള്ളതിന് പിന്നിലുള്ള ലോകരാജ്യങ്ങളുടെ ഫ്‌ളാറ്ററി ഡിപ്ലോമസിയെ വിമര്‍ശനാത്മകമായി തന്നെ വീക്ഷിക്കണം. ട്രംപിന് സമാധാന നോബേലിനായി നാമനിര്‍ദ്ദേശം നല്‍കുന്ന രാജ്യങ്ങളുടെ നയതന്ത്രപരമായ ലക്ഷ്യങ്ങളേയും പരിശോധിക്കേണ്ടതുണ്ട്.ഇറാനില്‍ യുദ്ധകാഹളം മുഴക്കിയതും, റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രെയിന് ആയുധവും ധനവും നല്‍കിയതും ട്രംപ് തന്നെയാണ്.  

യുക്രെയ്‌നിലെ റഷ്യയുടെ മൂന്നര വര്‍ഷം പഴക്കമുള്ള യുദ്ധമോ ഗാസയിലെ ഹമാസുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷമോ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സമാധാനത്തിന്റെ ദൂതനായ വാഴ്ത്തപ്പെടാന്‍ ട്രംപ് ആഗ്രഹിക്കുമ്പോഴും തര്‍ക്കഭൂമികളിലെ കരാറുകളെ വിശകലനം ചെയ്താല്‍  പല കരാറുകള്‍ക്കും ദീര്‍ഘാകാലടിസ്ഥാനത്തില്‍ നിലനില്‍പ്പില്ലെന്നും കാണാം.സമാധാന നോബല്‍ സമ്മാനം നല്‍കുന്നത് സായുധ സംഘര്‍ഷം കുറയ്ക്കുന്നതിനും, മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, അനുരഞ്ജനം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണെന്നും നമ്മള്‍ മറന്നുപോകരുത്.

inshort-Several countries nominated Donald Trump for the Nobel Peace Prize, citing his role in various peace deals.  But are these nominations genuine, or driven by political motives?