ഇക്കുറി പാര്‍ട്ടികള്‍ എന്നതിനേക്കാള്‍ വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് തെലങ്കാനയില്‍ സംഭവിക്കുന്നതെന്ന് പറയാം. കെ.സി.ആര്‍. വേഴ്‌സസ് രേവന്ത് റെഡ്ഡി. ആരോപണങ്ങളും അഴിമതികളും ഏറെയുണ്ടെങ്കിലും ചന്ദ്രശേഖര റാവു തെലങ്കാനയിലൊഴുക്കിയ ക്ഷേമപദ്ധതികളെ കണ്ടില്ലെന്ന് നടിക്കാന്‍ തെലുങ്ക് ജനതയ്ക്കാവില്ല. രാജ്യത്ത് ഏറ്റവുമുയര്‍ന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാക്കി തെലങ്കാനയെ മാറ്റിയത് കെ.സിആറിന്റെ ഭരണമികവ് തന്നെയാണ്. ഇങ്ങനെയൊക്ക ആണെങ്കിലും ഹാട്രിക് വിജയം എന്നത് ടി.ആര്‍.എസ്. എന്ന പുതിയ ബി.ആര്‍എസിന് ഒട്ടും എളുപ്പമല്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് കാരണം. 2018 തിരഞ്ഞെടുപ്പില്‍ ആകെ കിട്ടിയ 19 എം.എല്‍.എമാരില്‍ 12 പേരും ബി.ആര്‍.എസിലേക്ക് ചേക്കേറിയ ഇടത്തുനിന്നാണ് ഇന്ന് ഭരണം പിടിക്കാമെന്ന പ്രതീക്ഷയോടെ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.

To advertise here,

കന്നടദേശത്ത് ഡി.കെ. ശിവകുമാര്‍ മിന്നിച്ച പോലെയൊരു വെന്നിക്കൊടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിലും സ്വപ്നം കാണുന്നുണ്ട് കോണ്‍ഗ്രസ്. സംസ്ഥാന രൂപീകരണത്തിനായി നടത്തിയ പോരാട്ടങ്ങളില്‍ തന്നെയാണ് കെസിആറിന്റെ കണ്ണെങ്കില്‍, ബി.ആര്‍.എസിന്റെ ഭരണപോരായ്മകളിലേക്ക് കണ്ണു തുറപ്പിക്കുന്നതിലാണ് രേവന്തിന്റെ നോട്ടം. ബി.ആര്‍.എസ്. മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാഴായതും പാര്‍ട്ടി മക്കള്‍ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തുന്നത് ഓര്‍മ്മിപ്പിച്ചും കോണ്‍ഗ്രസും അഴിമതിയുടെ നീണ്ട ലിസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതത്വത്തില്‍ ബി.ജെ.പിയും പ്രചാരണരംഗം കൊഴുപ്പിക്കുമ്പോള്‍ കെ.സി.ആറിന് ഇക്കുറി കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല.