
രാജ്യം തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ മറികടന്ന് യുദ്ധവിമാനം യാഥാര്‍ഥ്യമായത് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. ഇത്രയും കാലതാമസം നേരിട്ടിട്ടും വ്യോമസേനയുടെ ആവശ്യത്തിനനുസരിച്ച് അവ നിര്‍മിച്ച് വിതരണം ചെയ്യാന്‍ വിമാനത്തിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് അഥവാ എച്ച്.എ.എല്ലിന് സാധിച്ചിട്ടില്ല. തൊട്ടടുത്ത അയല്‍ക്കാരനായ ചൈന തങ്ങളുടെ സ്വന്തം ആറാം തലമുറ യുദ്ധവിമാനങ്ങള്‍ രംഗത്തിറക്കി ലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് നാലാം തലമുറ വിഭാഗത്തില്‍ വരുന്ന യുദ്ധവിമാനത്തിന്റെ കാര്യത്തില്‍ എച്ച്എഎല്ലിന്റെ മെല്ലെപ്പോക്ക്.
1984ലാണ് തേജസ് പദ്ധതി തുടങ്ങിയത്. എന്നാല്‍ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടന്നത് 2001ലും. 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ് യാഥാര്‍ഥ്യമായത്. അവിടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വീണ്ടുമൊരു 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആദ്യത്തെ തേജസ് വിമാനം വ്യോമസേനയ്ക്ക് ലഭിക്കുന്നത്. ആദ്യവിമാനം സേനയ്ക്ക് ലഭിച്ചിട്ട് 10 വര്‍ഷത്തോളമാകുന്നു. എന്നാല്‍ വ്യോമസേന ആദ്യം ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ ഇതുവരെ എച്ച് എ എല്ലിന് സാധിച്ചിട്ടില്ല. ഇതാണ് പുകള്‍പ്പെട്ട എച്ച്എല്ലിന്റെ നിര്‍മാണ ശേഷി. സംഭവത്തില്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് എച്ച്എഎല്ലിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. സാങ്കേതിക വിദ്യ വൈകുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് വ്യോമസേന മേധാവിയുടെ പരാമര്‍ശം.
പറക്കുന്ന ശവപ്പെട്ടികളെന്ന് വിളിപ്പേരുള്ള മിഗ് വിമാനങ്ങള്‍ക്ക് പകരമായാണ് തേജസ് വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കി മാറ്റാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ സേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി കുത്തനെ കുറയുന്ന അവസ്ഥയുണ്ടായിട്ടും പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ എച്ച്എഎല്ലിന് കാലതാമസമുണ്ടായി. പ്രൊഡക്ഷന്‍ കൂട്ടാന്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നുമുയരുമ്പോഴും ഇക്കാര്യത്തിലെ മോണോപോളി നിലനിര്‍ത്താനാണ് എച്ച്എഎല്ലിന് താത്പര്യം. ഇതിനെയും വ്യോമസേന മേധാവി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍മാതാക്കള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും എങ്കില്‍ മാത്രമേ സാഹചര്യങ്ങള്‍ മാറുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
തേജസ് എംകെ1 തേജസ് എംകെ2 എന്നിവയാണ് മിഗ് വിമാനങ്ങള്‍ക്ക് പകരമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതില്‍ തേജസ് എം.കെ 2 വിമാനങ്ങള്‍ ഇതുവരെ പരീക്ഷണ പറക്കല്‍ പോലും നടത്തിയിട്ടില്ല. മറുവശത്ത് നമ്മുടെ അയല്‍ക്കാരായ ചൈന സ്വന്തമായി അഞ്ചാം തലമുറ വിമാനം നിര്‍മിച്ച് സേനയുടെ ഭാഗമാക്കി. ആറാം തലമുറ വിമാനം വികസിപ്പിച്ച ഏക രാജ്യവുമായി മാറി. നമ്മളാകട്ടെ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ചാംതലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പ്രൊപ്പോസലിന് അടുത്തിടെയാണ് കേന്ദ്രം അനുമതി നല്‍കിയത് പോലും.
യുദ്ധവിമാനങ്ങളുടെ എന്‍ജിനുകള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമവും പൂര്‍ണവിജയത്തിലെത്തിയിട്ടില്ല. ഇന്ത്യയുടെ സൈനിക സാങ്കേതിക വിദ്യയുടെ വേഗത ഇങ്ങനെ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഇതൊക്കെ പൂര്‍ത്തിയാകുമ്പോഴേക്കും യുദ്ധരീതികളും സാഹചര്യങ്ങളും മാറുമെന്നകാര്യം ഇന്ത്യന്‍ ഗവേഷകര്‍ ഓര്‍ക്കുന്നത് എപ്പോഴും നല്ലതാണ്.
Content Highlights: Tejas fighter jet program faces criticism for slow production, hindering the IAF's modernization
Published: 09 Jan 2025, 10:10 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented