ശബരിമല. വര്‍ഷം തോറും ദേശ-ഭാഷാ ഭേദമില്ലാതെ, ലക്ഷക്കണക്കിന് ഭക്തരെത്തുന്ന വിശ്വാസികളുടെ പ്രിയപ്പെട്ട ഇടം. കാണിക്കയും വഴിപാടുമായി ശരാശരി 400 കോടി രൂപയാണ് ശബരിമലയുടെ വാര്‍ഷിക വരുമാനം. സ്വര്‍ണമുള്‍പ്പെടെ ആസ്തി വകകളിലും മുമ്പില്‍. ഹൈ റിസ്‌ക് കാറ്റഗറി സുരക്ഷയും ക്യാമറകളും ഉദ്യോഗസ്ഥരുമടക്കം ശക്തമായ നിരീക്ഷണ- സുരക്ഷാ സംവിധാനമുള്ള ശബരിമലയില്‍ ആ പിഴവ് എങ്ങനെ സംഭവിച്ചു.

To advertise here,

ഒരു ആരോപണമായി തുടങ്ങിയതാണ്. ഒടുവിൽ ചെന്നെത്തിയത് ക്ഷേത്ര ശ്രീകോവിലിനോട് ചേര്‍ന്ന ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ നീക്കം ചെയ്യപ്പെട്ടുവെന്നും, അതില്‍ നിന്നും നാല് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നും ഉള്ള കണ്ടെത്തലിൽ. അന്വേഷണൾ ഓരോ ദിവസവും പിന്നിടുമ്പോൾ, കണ്ടെത്തലുകളുടെ വ്യാപ്തിയും കൂടിവരുന്നു. ദേവസ്വം ബോര്‍ഡിന്റെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത കൊള്ള. സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി നേരിട്ട് ഇടപെടുന്നതോടെയാണ് കാര്യങ്ങളിൽ വഴിത്തിരിവുണ്ടാകുന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതോടെ നീതിപീഠം സ്വന്തം നിരീക്ഷണത്തിൽ പ്രത്യേക സംഘത്തേയും നിയമിച്ചു കഴിഞ്ഞു. ദേവസ്വം ബോർഡിൽ നേരിട്ട് ഇടപെടാറില്ലെന്നും, തങ്ങളും കോടതിക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നും ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ കൊള്ളരുതായ്മയാണ് എന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. രാഷ്ട്രീയത്തിന് വിശ്വാസം എന്നും ഒരായുധമാണല്ലോ.

എന്താണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം? ആരൊക്കെയാണ് ആ വിവാദത്തിന് പിന്നില്‍?

വിവാദത്തിന്റെ തുടക്കം

ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയിലെത്തിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയോ ഹൈക്കോടതിയേയോ അറിയിക്കാതെ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നും സംഭവം. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതോടെ സ്വര്‍ണപ്പാളി തിരികെ എത്തിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച കോടതിക്ക് മുന്നില്‍ തെളിഞ്ഞത് ക്രമക്കേടുകളുടെ നീണ്ടനിര. അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. അവിടെയാണ് സ്വര്‍ണപ്പാളികള്‍ ചെന്നെയ്ക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്.

1998-ല്‍ വ്യവസായി വിജയ് മല്യ ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ടാണ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും ശ്രീകോവിലിലും സ്വര്‍ണം പൊതിയുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത 30.3 കിലോഗ്രാം 24 കാരറ്റ് സ്വര്‍ണമായിരുന്നു അന്നതിനായി ഉപയോഗിച്ചത്. ചെന്നൈ സ്വദേശി ജെന്‍.ആര്‍.ജ്വല്ലറി നാഗരാജന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ സ്വര്‍ണം പൊതിയല്‍. ശ്രീകോവില്‍ മേല്‍ക്കൂര, വാതില്‍, തൂണുകള്‍, ദ്വാരപാലകര്‍, ചിത്രത്തകിടുകള്‍, കലശങ്ങള്‍, കര്‍ണകൂടം, ഭണ്ഡാരം..എല്ലാം സ്വര്‍ണം പൊതിഞ്ഞു. വിജയ് മല്യയുടെ യുബി ഗ്രൂപ്പ് 2008-ല്‍ ദേവസ്വം ബോര്‍ഡിന് അയച്ച കത്തനുസരിച്ച് ദ്വാരപാലക ശില്പങ്ങളില്‍ ഉപയോഗിച്ചത് 1.564 കിലോ സ്വര്‍ണമായിരുന്നു. 40 വര്‍ഷത്തെ വാറന്റിയും നല്‍കി.

ഇനി 2019 ലേക്ക് വരാം …

ശബരിമലയിലെ സ്ത്രീപ്രവേശനവും തുടര്‍ന്ന് വന്ന വിവാദങ്ങളും കാരണം അയ്യപ്പന്മാരുടെ വരവുകുറഞ്ഞ കാലം. ശബരിമലയില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും അക്കാലത്താണ്. ക്ഷേത്രവാതില്‍, കട്ടിള, ദ്വാരപാലകര്‍ എന്നിങ്ങനെ അഴിച്ചെടുക്കലും പുനഃസ്ഥാപിക്കലുമായി വിവിധ പ്രവര്‍ത്തനങ്ങള്‍. അന്ന് ക്ഷേത്രവാതിലിന് തകരാറുണ്ടെന്ന് കാണിച്ചാണ് പകരം പുതിയ വാതില്‍ സ്ഥാപിക്കുന്നത്. 2019 മാര്‍ച്ച് 11ന് ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ പുതിയ വാതില്‍ സ്ഥാപിച്ചു. മല്യ സ്വര്‍ണം പൊതിഞ്ഞ വാതില്‍ തങ്ങൾ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു. സികെ കണ്‍സ്ട്രക്ഷന്‍സ് ഉടമ വാസുദേവന്‍, ബംഗളൂരൂ സ്വദേശികളായ സി.ആര്‍ അജി കുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവര്‍ധനന്‍ എന്നിവരായിരുന്നു സ്വര്‍ണം പൊതിഞ്ഞ വാതിലിന് പകരമെത്തിയ സ്വര്‍ണം പൂശിയ വാതിലിന്റെ സ്‌പോണ്‍സര്‍മാര്‍. ഇതിനുശേഷം പിന്നീടങ്ങോട്ട് പലതവണ പലകാര്യങ്ങള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്തെത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി വരെ ബന്ധമുണ്ടാക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് പ്രിയങ്കരനായിരുന്നു പോറ്റി. 'അവതാരം' എന്നായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശേഷിപ്പിച്ചത്.

ദ്വാരപാലകശില്പങ്ങളും അവയുടെ പീഠങ്ങളും സ്വര്‍ണം പൂശി നവീകരിക്കാമെന്നും പോറ്റി ബോര്‍ഡിനെ അറിയിക്കുന്നതും ഇതേ 2019ലാണ്. ഉപയോഗംകൊണ്ട് മങ്ങലേറ്റു എന്ന കാരണം കാട്ടി 2019 മാര്‍ച്ച് 19ന് ശ്രീകോവിലിന്റെ കട്ടിളപ്പാളിമാറ്റാന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു. ജൂലായ് അഞ്ചിനാണ്, ദ്വാരപാലകശില്പങ്ങളും അവയുടെ പീഠങ്ങളും സ്വര്‍ണം പൂശി നവീകരിക്കാമെന്ന് പോറ്റി ബോര്‍ഡിനെ അറിയിക്കുന്നത്. ജൂലൈ 20ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാളികള്‍ അഴിച്ചെടുത്ത് പോറ്റി ചെന്നൈക്ക് കൊണ്ടുപോയി. തിരുവാഭരണ കമ്മിഷണര്‍, ശബരിമല എക്സിക്യുട്ടീവ് എന്‍ജിനിയര്‍, ദേവസ്വം സ്മിത്ത് എന്നിവരാരും പോറ്റിക്കൊപ്പം പോയില്ല. സെപ്റ്റംബര്‍ 11ന് സ്വര്‍ണം പൂശിയ പാളി തിരികെ എത്തിച്ചു.
അതിനിടെ നവീകരണത്തിനായി കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പലയിടങ്ങളിലും പ്രദര്‍ശനവും പൂജകളും നടത്തി. നടന്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും കോട്ടയം പള്ളിക്കത്തോടിനടുത്തുള്ള ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രത്തിലും സ്വര്‍ണപ്പാളികള്‍ എത്തിച്ച് പൂജകള്‍ നടത്തി. ഇതെല്ലാം ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ ആയിരുന്നോ എന്നതിനും വ്യക്തതയില്ല.

ആ സ്വര്‍ണമെങ്ങനെ ചെമ്പായി?

സ്വര്‍ണപ്പാളികള്‍ക്ക് 40 വര്‍ഷത്തെ വാറന്റി മല്യഗ്രൂപ്പ് അറിയിച്ചുവെന്നിരിക്കെ 21 വര്‍ഷം പിന്നിടുന്നതിന് മുന്‍പ് എങ്ങനെ മങ്ങിയെന്നതും എന്തിന് വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ചോദ്യം ആരും ചോദിച്ചില്ല. ആദ്യം ചോദിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇന്നീ നാണക്കേട് ദേവസ്വം ബോർഡിന് പേറേണ്ടിവരുമായിരുന്നില്ല. മാത്രമല്ല, പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഒരു മഹസര്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ആ മഹസറില്‍ സ്വര്‍ണപ്പാളി ചെമ്പായി മാറിയതും ആരുമറിഞ്ഞില്ല. ശ്രീകോവിലിലെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പുപാളി സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നു എന്നാണ് തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്.ബൈജു അടക്കം എട്ടുപേര്‍ ഒപ്പിട്ട് മേയ് മാസം തയ്യാറാക്കിയ മഹസറില്‍ എഴുതിയത്. കട്ടിളപ്പടിയുടെ ഇരുവശത്തും നാലു ചെമ്പുപാളി, പടിയുടെ മുകളില്‍ ഒരു ചെമ്പുപാളി, കട്ടിളയുടെ മുകളിലെ ശിവരൂപം, പ്രഭ, വ്യാളീരൂപം ഉള്‍പ്പെടെ ഏഴുഭാഗമാണ് ഉണ്ടായിരുന്നത്. 42.100 കിലോ തൂക്കമാണ് മൊത്തം എഴുതിയത്. യുബി ഗ്രൂപ്പ് ഒന്നരക്കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്‍പങ്ങളും അങ്ങനെ ചെമ്പുപാളികളായി. തനിക്ക് തന്നത് ചെമ്പുപാളികളാണെന്ന് പോറ്റിയും പറയുന്നു

അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് ദ്വാരപാലക ശില്പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് തെറ്റായി രേഖപ്പെടുത്തിയ പ്രധാന ഉദ്യോഗസ്ഥന്‍. ഈ പ്രാഥമിക റിപ്പോര്‍ട്ട് എക്‌സിക്യുട്ടീവ് ഓഫീസറിലേക്കും, തിരുവാഭരണം കമ്മിഷണറിലേക്കും പോയി. റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് മുന്നിലെത്തിയപ്പോഴും 'ചെമ്പുപാളി' പ്രയോഗം മാറിയില്ല. 'ചെമ്പുപാളികളില്‍ സ്വര്‍ണം പൂശുന്നതിന്' എന്നായിരുന്നു ബോര്‍ഡ് തീരുമാനങ്ങളില്‍ പോലും പ്രയോഗിച്ചത്.

സ്വര്‍ണം പൂശാന്‍ ഇത്, ചെന്നെയിലെത്തിയപ്പോഴും കണക്കുകളില്‍ ചില മിസ്മാച്ച് കാണാം. പാളി അഴിച്ചെടുക്കുമ്പോള്‍ സന്നിധാനത്തെ രജിസ്റ്ററില്‍ 42.8 കിലോഗ്രാം തൂക്കമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചെന്നൈയില്‍ തൂക്കിയപ്പോള്‍ അത് 38.258 കിലോഗ്രാം മാത്രമായിരുന്നു. അതായത് 4.541 കിലോഗ്രാമിന്റെ കുറവ്.

ചെന്നൈയിലെ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സ്, സ്വര്‍ണം പൂശല്‍ പ്രവൃത്തി ഏറ്റെടുത്തത്. സ്വര്‍ണം പൂശാനുള്ള വൈദഗ്ധ്യം ഇല്ലെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ആദ്യം അറിയിച്ചതെങ്കില്‍ പോറ്റിയുടെ നിര്‍ബന്ധത്തെതുടര്‍ന്ന് പണി ഏറ്റെടുത്തെന്ന് വിജിലന്‍സിന്‍സിന്റെ പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. സ്മാര്‍ട്ട് ക്രിയേഷന്‍സ് രാസലായനി ഉപയോഗിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. രണ്ട് തവണയായി 21 സ്വര്‍ണപ്പാളികളില്‍ നിന്നായി 989.8 ഗ്രാം സ്വര്‍ണത്തില്‍ 394.9 ഗ്രാം ഉപയോഗിച്ച് ദ്വാരപാലക ശില്‍പങ്ങളില്‍ വീണ്ടും സ്വര്‍ണം പൊതിഞ്ഞെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് അറിയിച്ചത്. 109 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൂലിയായി പോറ്റി നല്‍കി. ബാക്കി വന്ന 474.9 ഗ്രാം സ്വര്‍ണ്ണം പോറ്റിയുടെ സഹായിയായ കല്‍പ്പേഷിന് കൈമാറിയെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു.

ദേവസ്വം ബോര്‍ഡിന്റേതാണെങ്കിലും ഈ സ്വര്‍ണ്ണം ഇതുവരെ തിരികെയെത്തിയിട്ടില്ല എന്നതും ബാക്കി വന്ന സ്വര്‍ണമെടുത്ത് പോറ്റിക്ക് എങ്ങനെ കൂലിനല്‍കാനാകുമെന്നതും ക്രമക്കേടിന്റെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. നവീകരണ പ്രവൃത്തിക്ക് ശേഷം മല്യ നല്‍കിയ തനിത്തങ്കത്തിലും അരക്കിലോയോളം കുറവു വന്നിട്ടുണ്ട്. അതും പോറ്റിയുടെ കൈവശമാണെന്ന് വിജിലന്‍സും തന്റെ കയ്യില്‍ ചെമ്പാണെന്ന് പോറ്റിയും പറയുന്നു. സ്വര്‍ണം മഹസറില്‍ ചെമ്പായതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് മിനുട്ട്‌സില്‍ ദ്വാരപാലകശില്‍പങ്ങള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ 2019-ല്‍ ബോര്‍ഡിറക്കിയ ഉത്തരവിന് ശേഷവും മഹസര്‍ രേഖകകളിലും ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതായി രേഖപ്പെടുത്തിയതിലാണ് വിജിലന്‍സ് സംശയം ഉന്നയിക്കുന്നത്.

ഹൈക്കോടതി നിരീക്ഷണം

സ്വര്‍ണപ്പാളികള്‍ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്നാണ് വിഷയത്തില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇത് കണ്ടെത്തുന്നതിനായി എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. അന്വേഷണം ആറാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 2019-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. ഭരണസമിതി എട്ടാം പ്രതിസ്ഥാനത്താണ്. അന്നത്തെ ദേവസ്വം കമ്മിഷണര്‍, തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരും കേസില്‍ പ്രതികളാണ്. സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി രേഖകളില്‍ വെറും ചെമ്പുപാളികള്‍ എന്ന് മാത്രം എഴുതി കൈമാറിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കണ്ടെത്തല്‍.

സ്വര്‍ണം പൂശിയശേഷം ബാക്കിയുണ്ടെന്നും നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാനാകുമോയെന്നും കാണിച്ച് പോറ്റി 2019 ഡിസംബര്‍ ഒന്‍പതിന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് ഒരു ഇ മെയില്‍ അയച്ചിട്ടുണ്ട്. പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിച്ചതായി കരുതേണ്ടിവരുമെന്നും കോടതി പറഞ്ഞു.

ചെമ്പുപാളികളാണ് തനിക്ക് ലഭിച്ചതെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം ശരിയാണെങ്കില്‍, മല്യ നല്‍കിയ 100 പവന്‍ എവിടെ പോയി?അന്വേഷണം നീളേണ്ടത് ഈ ദിശയിലേക്കാണ്. ഇപ്പോള്‍ മൂന്നാമതും സ്വര്‍ണംപൂശി തിരികെ എത്തിച്ച പാളികളില്‍ ആകെ 407 ഗ്രാം സ്വര്‍ണം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. അതായത് ആദ്യമുണ്ടായിരുന്ന 800 ഗ്രാം എവിടെ എന്നതിനാണ് ഇപ്പോള്‍ ഉത്തരമില്ലാത്തത്.

ഇ.ഡി. അന്വേഷണം

മണി ലോണ്ടറിംഗ് തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള 10 പേര്‍ ഇ.ഡി. കേസിലും പ്രതികളാകും.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും പ്രതിരോധവും

സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയ സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു. 2019-ലെയും 2025-ലെയും സ്വര്‍ണം പൂശല്‍ ശ്രമങ്ങളില്‍ ഈ ഉദ്യോഗസ്ഥന് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.

ബോര്‍ഡ് അധികാരികളുടെ പങ്ക്: 2019-ലെ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥരുടെ പിഴവെന്ന് അന്നത്തെ ബോര്‍ഡ് അധികാരികളും കൂട്ടുത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ക്ഷേത്ര കാര്യങ്ങളുടെ പൂര്‍ണ്ണ ചുമതല ബോര്‍ഡുകള്‍ക്കാണ് എന്നും മന്ത്രിമാര്‍ ഇടപെടാറില്ലെന്നുമാണ് മന്ത്രി വി.എന്‍. വാസവന്റെ നിലപാട്. വിവാദം രാഷ്ട്രീയമായി സര്‍ക്കാരിലേക്ക് അടിക്കാതിരിക്കാന്‍ 'അന്വേഷണം നടക്കട്ടെ' എന്ന ഒറ്റനിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്.

മുന്‍പ് ശബരിമലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് സംഘത്തെ, ബോര്‍ഡ് അധികാരികള്‍ ആഭ്യന്തരവകുപ്പില്‍ സ്വാധീനം ചെലുത്തി ഒഴിവാക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുണ്ട്. ആരോപണവിധേയരായ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു, പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ചാണ് പൂശിയതെന്നും, ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടെന്നും, അത് ദേവസ്വം ബോര്‍ഡിന്റേതല്ലെന്നും വാദിച്ചു.

ഭാവി നടപടികള്‍

ഉണ്ണികൃഷ്ണന്‍ പോറ്റി ബോര്‍ഡിനെ കുടുക്കിയ പശ്ചാത്തലത്തില്‍, ഇനി മുതല്‍ സ്‌പോണ്‍സര്‍മാരുടെ പശ്ചാത്തലം, കാര്യപ്രാപ്തി, സാമ്പത്തിക സ്രോതസ്സ് തുടങ്ങിയവ ദേവസ്വം വിജിലന്‍സ് വഴി അന്വേഷിച്ച ശേഷം മാത്രം സ്‌പോണ്‍സര്‍ പദവി നല്‍കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിനായി ഹൈക്കോടതിയുടെ അനുമതിയോടെ മാര്‍ഗ്ഗരേഖ പുറത്തിറക്കാനും പദ്ധതിയുണ്ട്. സ്വര്‍ണപ്പാളികളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചും നഷ്ടപ്പെട്ട സ്വര്‍ണം എവിടെ പോയെന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. ശബരിമലയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും, പിന്നില്‍ ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.