രാജ്യതലസ്ഥാനത്തെ നയിക്കാന്‍ വീണ്ടുമൊരു വനിത; രേഖ ഗുപ്ത അധികാരത്തിലേറുമ്പോള്‍
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമ്പോള്‍ ഡല്‍ഹിയെ നയിക്കാന്‍ മറ്റൊരു വനിതാ മുഖ്യമന്ത്രി കൂടി എത്തുകയാണ്. സുഷമസ്വരാജിന് ശേഷം ബിജെപിയില്‍നിന്ന് മറ്റൊരു വനിതാമുഖ്യമന്ത്രി. ഷാലിമാര്‍ബാഗ് എം.എല്‍.എ രേഖ ഗുപ്ത. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പതിനൊന്നാം ദിവസം സത്യപ്രതിജ്ഞാ ചടങ്ങിന്റെ തൊട്ടുതലേ ദിവസമാണ് ബിജെപിയുടെ നിര്‍ണായക പ്രഖ്യാപനം.
സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം രാജ്യതലസ്ഥാനത്തിന്റെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാവുകയാണ് രേഖാ ഗുപ്ത. കെജ്രിവാളിനെതിരേ അട്ടിമറി വിജയം നേടിയ പര്‍വേശ് വര്‍മ്മയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി. മുതിര്‍ന്ന നേതാവ് വിജേന്ദര്‍ ഗുപ്ത സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്തു. മുന്‍പ് രണ്ട് തവണ പരാജയപ്പെട്ട ഷാലിമാര്‍ബാഗ് മണ്ഡലത്തില്‍ നിന്നും ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖഗുപ്ത ഡല്‍ഹി നിയമസഭയിലെത്തുന്നത്.
1974-ല്‍ ഹരിയാനയില്‍ ജനിച്ച രേഖാ ഗുപ്ത വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. 1992-ല്‍ ഡല്‍ഹി ദൗലത്ത് റാം കോളേജിലെ പഠനകാലത്താണ് രേഖാ ഗുപ്ത എബിവിപിയിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തുന്നത്. 1996-97 കാലഘത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍- DUSU ന്റെ പ്രസിഡന്റുമായിരുന്നു. 2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായി. 2007ല്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് പിതംപുരയില്‍ നിന്ന് കൗണ്‍സിലറായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ലും തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി.
ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവും ബിജെപി ദേശീയ മഹിളാമോര്‍ച്ച ഉപാധ്യക്ഷ പദവിയുമാണ് നിലവില്‍ രേഖാ ഗുപ്ത. ബിജെപി ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്. എന്റെ ജോലിയാണ് എന്റെ ഐഡന്റിറ്റി എന്ന ടാഗ്ലൈനോടെ ഡിജിറ്റല്‍ സ്‌പേസിലും ബിജെപിയുടെ യുവമുഖമാണ്
ഡല്‍ഹിയിലെ മൂന്ന് വനിതാമുഖ്യമന്ത്രിമാരില്‍ ഇതുവരെ ഷീല ദീക്ഷിത് മാത്രമാണ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരുന്നിട്ടുള്ളത്. 15 വര്‍ഷവും 25 ദിവസവും. 1998 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ 3 വരെ വെറും 52 ദിവസം മാത്രമായിരുന്നു ബിജെപിയുടെ സുഷമ സ്വരാജ് അധികാരത്തിലിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അതിഷിയാകട്ടെ അഞ്ച് മാസവും. ഡല്‍ഹിയുടെ വികസനമെന്ന ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാനാകുമെന്ന പൂര്‍ണവിശ്വാസമാണ് രേഖാഗുപ്ത ആദ്യ പ്രതികരണത്തിലൂടെ പങ്കുവെച്ചത്.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബി.ജെ.പി. ഡല്‍ഹിയുടെ ഭരണം പിടിച്ചത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസിന് ഇത്തവണയും നിരാശയായിരുന്നു ഫലം.
ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന ഡല്‍ഹിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് ഐകകണ്‌ഠ്യേന മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തുന്ന ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
Inshort | Rekha Gupta sworn in as Delhi`s CM, ending AAP`s rule. BJP`s win after 27 years. Learn about her political journey and future plans for Delhi.
Content Highlights: Rekha Gupta becomes Delhi`s new Chief Minister.
Published: 20 Feb 2025, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented