ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഭരണത്തിലേറിയതിന്റെ നേട്ടങ്ങളെണ്ണി പറയുമ്പോഴും രാജ്യഭരണസിരാകേന്ദ്രമായ ഡല്‍ഹി കൈവശമില്ലാത്തതിന്റെ നിരാശയാണ് കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പിയെ അലട്ടിയിരുന്നത്. രാജ്യത്തിനകത്തും പുറത്തുമുയരുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിക്ക് പതിവായി ഉത്തരം മുട്ടിയിരുന്നു. എന്നാല്‍, ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇതിനുള്ള പരിഹാരമാണ് നല്‍കിയത്.
ദേശീയ-സംസ്ഥാന രാഷ്ട്രീയങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന തലസ്ഥാന പ്രദേശത്ത് നേടിയ വിജയം ദേശീയ രാഷ്ട്രീയത്തിന്റെ ഉള്ളടക്കങ്ങളെ സ്വാധീനിക്കും. ഹരിയാണക്കും മഹാരാഷ്ട്രക്കും പിന്നാലെ ഡല്‍ഹിയിലുണ്ടായ വിജയം ബിഹാറിലേക്കുള്ള പാലം കൂടിയാണ് ബി.ജെ.പിക്ക് മുന്നില്‍ തുറക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത ക്ഷീണത്തിന് പിന്നാലെ നിയമസഭകളില്‍ ലഭിക്കുന്ന തുടര്‍വിജയങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നേതൃത്വത്തിനും ആത്മവിശ്വാസമേറ്റും.
ലോക്സഭാ തിരഞ്ഞൈടുപ്പിനിടയില്‍ തിരിച്ചറിഞ്ഞ ചില തിരിച്ചടിപാഠങ്ങളുടെ അനുഭവങ്ങള്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിനോടുള്ള ബി.ജെ.പിയുടെ സമീപനത്തിന് അടിത്തറയായിട്ടുണ്ട്. ഇടത്തരക്കാരോടുള്ള സമീപനത്തില്‍ പൊളിച്ചെഴുത്ത് ബി.ജെ.പി നേതൃത്വത്തിന് ആര്‍.എസ്.എസ് നിര്‍ദേശിച്ചത് ഇതനുസരിച്ചാണ്. ഇടത്തരക്കാര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം ബി.ജെ.പി തിരിച്ചറിഞ്ഞു.
ഇക്കുറി പൊതുബജറ്റില്‍ പ്രഖ്യാപനങ്ങളുടെ രൂപത്തില്‍ പരിഹാരങ്ങള്‍ ഇടംപിടിച്ചു. മധ്യവര്‍ഗ്ഗ സമൂഹം നിര്‍ണായകമായ ഡല്‍ഹിയില്‍ ഈ പുതുസമീപനം വന്‍തോതില്‍ വോട്ടുറപ്പിച്ചു. ആപ് മുന്നോട്ടുവച്ച ബദല്‍ ഭരണസമീപനങ്ങളെ മറി കടക്കാന്‍ ബി.ജെ.പിയെ ഈ ആശയങ്ങള്‍ സഹായിച്ചു. രാജ്യതലസ്ഥാനത്ത് വിജയംകണ്ട ഈ മധ്യവര്‍ഗ്ഗസമവാക്യം ബി.ജെ.പിയുടെ ഭാവിരാഷ്ട്രീയം നിശ്ചയിക്കുന്നതില്‍ വിപുലമായ പങ്ക് വഹിക്കും.

ഇന്ത്യാ സഖ്യത്തിന്റെ ഉള്ളടക്കം
അതേസമയം, ഒരേ സഖ്യത്തിലെ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ പോരടിച്ചും ചെളിവാരിയെറിഞ്ഞും വോട്ട് വെട്ടിയും പൊതുരാഷ്ട്രീയ ശത്രുവിന് സുഗമപാതയൊരുക്കി നല്‍കിയ രാഷ്ട്രീയ സമസ്യക്ക് ന്യായീകരണം കണ്ടെത്താനുള്ള കുരുക്കിലേക്കാണ് ഇന്ത്യാ സഖ്യം വീണു പോയത്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് മുഖ്യശത്രുവായി ആം ആദ്മി പാര്‍ട്ടിയെ നിശ്ചയിച്ച് നടത്തിയ യുദ്ധത്തില്‍ ഇരുപാര്‍ട്ടികളും ശോണിതമണിഞ്ഞ് നിലത്ത് വീഴുക മാത്രമല്ല, അത് സഖ്യത്തിനുള്ളില്‍ പിണക്കങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്തു.
ആപ്പിന്റെ അടിത്തറയായ ദളിത്-ന്യൂനപക്ഷ വോട്ട് ബാങ്കുകളില്‍ കോണ്‍ഗ്രസ് നടത്തിയ വോട്ട് വെട്ടല്‍ ബി.ജെ.പിക്കാണ് അനായാസസഞ്ചാരമൊരുക്കിയത്. ഈ തിരിച്ചറിവിനെ ന്യായീകരിക്കാന്‍ ഇന്ത്യാ സഖ്യം പ്രയാസപ്പെടും. കോണ്‍ഗ്രസിന് വോട്ട ശതമാനമേറിയെന്ന ന്യായീകരണത്തില്‍ അതവസാനിക്കാനിടയില്ല. എങ്കിലും ഡല്‍ഹി രാഷ്ട്രീയത്തില്‍ വെറും കാഴ്ചക്കാരുടെ തലത്തില്‍നിന്ന് കളിക്കാരുടെ തലത്തിലേക്ക് പരിണമിക്കാന്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സഹായിച്ചുവെന്ന വസ്തുത മറച്ചുവയ്ക്കേണ്ടതുമല്ല.

പല വിഷയങ്ങളില്‍ ഇന്ത്യാ സഖ്യത്തില്‍ അടുത്തിടെ രൂപപ്പെട്ട അസംതൃപ്തിക്ക് വളമേകാന്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് കാരണമായിട്ടുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും സഖ്യത്തിനുള്ളില്‍ ടി.എം.സിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കുറുമുന്നണിക്ക് ഇത് വെള്ളവും വെളിച്ചവും നല്‍കും. പ്രചരണക്കളത്തില്‍ ഇന്ത്യാ സഖ്യത്തിലെ സഖ്യകക്ഷികളായ ടി.എം.സി,എസ്.പി,എന്‍.സി,എന്‍.സി.പി,ശിവസേന (ഉദ്ധവ്) തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയല്ല, ആപ്പിനെയാണ് പരസ്യമായി പിന്തുണച്ചത് എന്ന യാഥാര്‍ഥ്യം ഈ നീക്കങ്ങള്‍ക്ക് ആക്കംകൂട്ടും.
സഖ്യമെന്നത് പാര്‍ലമെന്റിലേക്ക് മാത്രമാണോയെന്ന് കോണ്‍ഗ്രസിനോട് ചോദിച്ച നേതാക്കള്‍, ഭാവിപരിഭവത്തിന്റെ സൂചനകളാണ് പുറത്തുവിട്ടത്. എസ്.പി.നേതാവ് അഖിലേഷ് യാദവ് കേജ്രിവാളിനായി പ്രചരണത്തിനെത്തിയെന്നത് ഈ സൂചനകള്‍ക്ക് ബലം പകരുന്നു. തമ്മില്‍തല്ല് തുടരുകയെന്ന് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം എന്‍.സി.നേതാവ് ഒമര്‍ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത് അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ്. ആപ്പിനെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് തിരിച്ചടിച്ചെങ്കിലും കനല്‍ നീറിക്കിടക്കും.

ആപ്പിന്റെ നഷ്ടം
വിജയിക്കാനല്ല കോണ്‍ഗ്രസ് മത്സരിച്ചതെങ്കിലും, വിജയിക്കാനായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം തട്ടകവും സാമ്രാജ്യവും നഷ്ടമായത് അസഹനീയമാണ്. അഴിമതിക്കെതിരെ രൂപീകരിച്ച മുന്നേറ്റം അഴിമതിയില്‍ കുടുങ്ങിയെന്ന ആക്ഷേപം ദീര്‍ഘകാലം വിലാസമാകും. സത്യവും യാഥാര്‍ഥ്യവും പുറത്തുവരാന്‍ നാളുകള്‍ നീളുംതോറും ആരോപണങ്ങളുടെ പത്മവ്യൂഹത്തിലാകും പാര്‍ട്ടി.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംവിധാനങ്ങളും സന്നാഹങ്ങളുമില്ലാതെ വിപുലീകൃതസന്നദ്ധ സംഘടനയുടെ സ്വഭാവം പേറുന്ന ആപ്പിന് ഡല്‍ഹിയുടെ ഭരണനഷ്ടം പേറുക എളുപ്പമല്ല. പഞ്ചാബ് ഭരണത്തിന്റെ പിന്തുണയില്‍ മാത്രം ആം ആദ്മി പാര്‍ട്ടിക്ക് നിലനില്‍ക്കാനും പ്രയാസം. പഞ്ചാബില്‍ ഭരണം കിട്ടിയതും ഭരിക്കുന്നതും ഡല്‍ഹി ഭരണത്തിന്റെ പരിവേഷത്തിലാണെന്ന പരസ്യമായ രഹസ്യം ആപ്പിന് മറക്കാവുന്നതുമല്ല. അടിത്തട്ടില്‍ വോട്ട് ചോര്‍ച്ച കാര്യമായില്ലെങ്കിലും സംഘടനാ ചട്ടക്കൂടുകളില്ലാത്ത ആപ്പിന് പ്രതിപക്ഷ നിരയില്‍ സ്വന്തം അംഗങ്ങളെ പിടിച്ചുനിര്‍ത്തുകയെന്നത് വലിയ പരീക്ഷണമായിരിക്കും- വലവീശാന്‍ അപ്പുറത്ത് യന്ത്രവല്‍കൃതയാനങ്ങള്‍ കാത്തുനില്‍ക്കേ.
Content Highlights: BJP`s victory in Delhi Assembly elections impacts national politics
Published: 09 Feb 2025, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented