ലോണെടുത്തവർക്ക് ആശ്വാസം;പലിശ കുറയും,റിപ്പോ നിരക്ക് കുറച്ച് RBI | മാറ്റങ്ങള്‍ എന്തൊക്കെ? വിശദമായറിയാം
ട്രംപിന്റെ താരിഫ് വര്‍ധന ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി റിസര്‍വ് ബാങ്കെത്തുന്നത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല് ശതമാനം കുറച്ച് 6.25 ശതമാനത്തില്‍ നിന്ന് ആറുശതമാനമാക്കി. ഇതോടെ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കി പലിശനിര്ണയിക്കുന്ന വായ്പകള്‍ക്ക് ഇളവുലഭിക്കും. ഇങ്ങനെ റിപ്പോ നിരക്ക് കുറച്ചതുകൊണ്ട് സാധാരണക്കാര്‍ക്ക് എന്തുഗുണമാണ് ഉണ്ടാവുക?
അഞ്ചുവര്‍ഷത്തിനു ശേഷം ആദ്യമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് അടിസ്ഥാനപലിശനിരക്ക് കുറച്ചുതുടങ്ങിയത്. അന്നും കുറച്ചത് കാല് ശതമാനം. അങ്ങനെ രണ്ടുതവണയായി പലിശനിരക്കിലുണ്ടായത് അരശതമാനത്തിന്റെ കുറവ്. ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയില്‍ 0.4 ശതമാനം വരെ ഇടിവുണ്ടാക്കുമെന്നായിരുന്നു സാമ്പത്തികനിരീക്ഷകരുടെ പ്രവചനം. ഇതിനിടയിലാണ് സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയാണല്ലോ റിപ്പോ നിരക്ക്, അതുകൊണ്ട് തന്നെ റിപ്പോ നിരക്ക് കുറയ്ക്കുന്നതോടെ ബാങ്കുകള്‍ കൂടുതല്‍ വായ്പയെടുക്കും. ഇത് വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കു കൂട്ടും.
ഇടത്തരക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു തീരുമാനമാണിത്. റിപ്പോ നിരക്ക് കുറയുന്നതോടെ വായ്പകളുടെ പലിശനിരക്ക് കുറയും. ഇത് വായ്പയെടുത്തവരുടെ ബാധ്യത കുറയ്ക്കും. കൂട്ടുപലിശക്രമത്തിലുള്ള ഭവന, വാഹന വായ്പകളില്‍ ഇതിന്റെ നേട്ടം വളരെ വലുതാണ്. വായ്പയെടുത്തിട്ടുള്ളവര്‍ക്ക് പലിശയിലെ ഈ നേട്ടം ഇഎംഐയോ തിരിച്ചടവുകാലാവധിയോ കുറച്ച് പ്രയോജനപ്പെടുത്താം. ഇഎംഐയില്‍ അധികം വരുന്ന തുക മുതലിന്റെ ഭാഗമാകുമെന്നതിനാല്‍ കാലാവധി കുറയ്ക്കുന്നതായിരിക്കും കൂടുതല്‍ ലാഭം. വായ്പയെടുത്തവര്‍ക്ക് ആശ്വാസമാണെങ്കിലും സ്ഥിരനിക്ഷേപത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പലിശ കുറയുന്നത് ആദായം കുറയ്ക്കും.
ഉദാഹരണത്തിന്, 9 ശതമാനം നിരക്കില്‍ 20 വര്‍ഷ കാലാവധിയില്‍ 20 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തിട്ടുള്ള ഒരാള്‍ക്ക് രണ്ടുതവണ പലിശ കുറച്ചതുവഴി ഒരു ലക്ഷത്തി അമ്പതിനായിരത്തി നൂറ്റിമുപ്പത്തിനാല് രൂപവരെ പലിശയിനത്തില്‍ കുറവുണ്ടാകും. ഇഎംഐയില്‍ കുറവുവരുത്തിയാലുള്ള നേട്ടമാണിത്. ഇഎംഐ നിലനിര്‍ത്തി കാലാവധിയാണ് കുറയ്ക്കുന്നതെങ്കില്‍ 19 മാസം മുന്‍പേ വായ്പ അവസാനിക്കും. ഇതുവഴി ആകെ നേട്ടം 3.75 ലക്ഷം രൂപ വരെയായിരിക്കും. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇനിയും നിരക്കുകള്‍ കുറച്ചേക്കാം. ട്രംപിന്റെ പകരച്ചുങ്ക ഭീഷണി 26 ശതമാനമായി ഇന്ത്യയ്ക്കുമേല്‍ പതിച്ചിരുന്നു. അതിന്റെ ഫലമായി രാജ്യത്തെ ജിഡിപിയില്‍ 20 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തുന്നത്. ഇതോടെയാണ് അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.
അതേസമയം ആഗോളതലത്തില്‍ ഉരുത്തിരിഞ്ഞിട്ടുള്ള വ്യാപാരനയങ്ങളിലെ അനിശ്ചിതത്വം രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ട്രംപിന്റെ പകരചുങ്കം ഉണ്ടാക്കാവുന്ന ആഘാതം മുന്‍നിര്‍ത്തി 2025-26 വര്‍ഷത്തെ വളര്‍ച്ച അനുമാനം ആര്‍ബിഐ ഫെബ്രുവരിയില്‍ കണക്കാക്കിയിരുന്ന 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറച്ചു.
വ്യാപാരനയത്തിലുള്ള അനിശ്ചിതത്വം നിക്ഷേപങ്ങളെയും ആളുകളുടെ പണം ചെലവഴിക്കാനുള്ള തീരുമാനങ്ങളെയും സ്വാധീനിക്കും. വ്യാപാരതര്‍ക്കങ്ങള്‍ ആഗോളവളര്‍ച്ചയില്‍ തിരിച്ചടിയാകും. ഇത് ആഭ്യന്തരവളര്ച്ചയിലും പ്രതിഫലിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 2024-25 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനവും ആര്‍ബിഐ പുതുക്കി. ഫെബ്രുവരിയില്‍ കണക്കാക്കിയിരുന്ന 6.4 ശതമാനത്തില്‍നിന്ന് 6.5 ശതമാനമാക്കി. തൊട്ടുമുന്‍വര്‍ഷമിത് 9.2 ശതമാനം വരെയായിരുന്നു. പുതിയ സാഹചര്യത്തില്‍ 2025-26 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ആദ്യപാദത്തില്‍ 6.5 ശതമാനം, രണ്ടാം പാദത്തില്‍ 6.7 ശതമാനം, മൂന്നാം പാദത്തില്‍ 6.6 ശതമാനം, നാലാം പാദത്തില്‍ 6.3 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (വിലക്കയറ്റത്തോത്) നടപ്പുസാമ്പത്തികവര്‍ഷം നാലുശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. ജനുവരി-ഫെബ്രുവരി കാലയളവില്‍ ഭക്ഷ്യപണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. ഇത്തവണ കാലവര്‍ഷം സാധാരണനിലയിലായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നില്ല. ഇതോടൊപ്പം അസംസ്കൃത എണ്ണവില റെക്കോഡ് നിലയിലേക്ക് കുറയുന്നതും പ്രതീക്ഷ നല്കുന്നു. അതേസമയം, ആഗോളവിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ആശങ്കയായുണ്ട്. ആര്‍ബിഐ അനുമാനമനുസരിച്ച് ആദ്യപാദത്തില്‍ 3.6 ശതമാനം, രണ്ടാംപാദത്തില്‍ 3.9 ശതമാനം, മൂന്നാംപാദത്തില്‍ 3.8 ശതമാനം, നാലാം പാദത്തില്‍ 4.4 ശതമാനം എന്നിങ്ങനെയാകും പണപ്പെരുപ്പം.
In Short: The Reserve Bank of India has cut the repo rate to 6% to stimulate economic growth as India faces pressure from Trump's trade tariffs. This decision brings relief to borrowers through lower EMIs and reduced loan interest, while fixed deposit investors may earn less. RBI revised the GDP forecast slightly downward due to global economic uncertainties but expects inflation to remain under control.
Content Highlights: RBI repo rate cut 2025 impact on Indian economy amid US trade war"
Published: 11 Apr 2025, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented