Video| പാലക്കാട്ട് ആളുവില വോട്ടുവില; വോട്ടുകണക്കുകൾ കടുപ്പം, പ്രവചനാതീതം | Palakkad by-election 2024
ചാഞ്ഞും ചെരിഞ്ഞും മുന്നോട്ടുപോകുന്ന കോൺഗ്രസ്സ്, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ ആത്മവിശ്വാസത്തിൽ ബിജെപി. രണ്ടിനുമിടയിൽ അകപ്പെട്ട് സിപിഎം. അടുത്ത കാലത്തായി ബിജെപി ഏറ്റവും സൂക്ഷ്മതയോടെ സമീപിക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിൽ, അതിനിടയിലാണ് ഒരു ഉപതിരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തു തന്നെ തുടങ്ങിയതാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ. പലകാരണങ്ങളാൽ പാലക്കാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട് ഈ ഉപതിരഞ്ഞെടുപ്പിന്. കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചയാൾ റെക്കോർഡ് ഭൂരിപക്ഷം നേടുക, അങ്ങനെ ജയിച്ച സ്ഥാനാർഥിയുടെ പാർട്ടിക്ക് വോട്ടുവിഹിതം കുറയുക, ആഴത്തിൽ നോക്കിയാൽ ഇനിയുമുണ്ട് പാലക്കാടൻ വോട്ടു കണക്കുകൾ. വ്യക്തിപ്രഭാവമുള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് കൂടുതൽ കിട്ടുന്ന നാടാണ് പാലക്കാടെന്ന് അവിടത്തെ വോട്ടുചരിത്രം പരിശോധിച്ചാൽ അറിയാം. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി പ്രഖ്യാപനം, കത്തുവിവാദം മുതൽ മറുകണ്ടം ചാടി മണിക്കൂറുകൾക്കുള്ളിൽ അപ്പുറത്ത് സ്ഥാനാർഥിയാവുന്നതുവരെ കൊണ്ടു ചെന്നെത്തിച്ചു കാര്യങ്ങൾ. ട്രോളി വിവാദം പോലുള്ളവയും അതിനിടെ നടന്നു. കടുത്ത കോൺഗ്രസ് വിമർശകനായ സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് രാജിവെച്ച് ഇപ്പുറത്തെ പടയാളിയായതും നമ്മൾ കണ്ടു. രാജ്യത്തെ കോൺഗ്രസുകാർ കാത്തിരുന്ന പ്രിയങ്കാ ഗാന്ധിയുടെ പാർലമെന്ററി രാഷ്ട്രീയ പ്രവേശത്തിന് അരങ്ങൊരുങ്ങിയ വയനാട്ടിലില്ലാത്ത ആവേശമായിരുന്നു പാലക്കാട്ട്.
ബിജെപിക്ക് മുൻതൂക്കമുള്ള പാലക്കാട് നഗരസഭയും ഇപ്പുറത്ത് കോൺഗ്രസ് കോട്ടയായ പിരായിരി, സിപിഎമ്മിന് മുൻതൂക്കമുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളുമാണ് വോട്ടിട്ടത്. വടകരവഴി ലോക്സഭയിലേക്ക് പോയെങ്കിലും എങ്ങും പോയിട്ടില്ലെന്ന പ്രതീതി ജനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിനൊപ്പം ഷാഫി പറമ്പിലുണ്ട്. പണ്ട് ഒ. രാജഗോപാൽ നേമത്ത് തുറക്കുകയും കഴിഞ്ഞ തവണ ശിവൻകുട്ടി പൂട്ടുകയും ചെയ്ത ബിജെപി അക്കൗണ്ട് തൃശ്ശൂർ തരംഗത്തിൽ വീണ്ടും തുറക്കുമെന്ന് ആത്മവിശ്വാസം കൊള്ളുന്ന സി.കൃഷ്ണകുമാറും, അപ്പുറത്ത് പോയ ഡോക്ടർ പി.സരിനും പ്രചാരണ രംഗത്ത് ഒട്ടും പിന്നോട്ടല്ല.
വ്യക്തിയോ മുന്നണിയോ അതോ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയോ?, എന്താവും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക?. കഴിഞ്ഞ കുറച്ച് കാലത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ ഈ ഉപതിരഞ്ഞെടുപ്പിനോട് പറയുന്നത് എന്താണ്?.


കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മണ്ഡലക്കണക്കെടുത്താൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കാണ് പാലക്കാട്ട് രണ്ടാം സ്ഥാനം. ആ ആത്മവിശ്വാസത്തിൽ പ്രവർത്തിക്കുന്ന എൻഡിഎ യോടാണ് കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിലെ പി സരിനും മത്സരിക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും ജയിച്ചത് യുഡിഎഫാണ് എന്നതുമാത്രമല്ല, മെട്രോമാൻ മത്സരിച്ചപ്പോൾ കുറഞ്ഞ 3859 വോട്ടിന്റെ അന്തരം, ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡല പരിധിയിൽ 9707 ആയി ഉയർന്നു എന്ന ആശ്വാസക്കണക്കും കോൺഗ്രസിന് മുന്നിലുണ്ട്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷക്കണക്കുകൾ ഇങ്ങനെയാണ്. 2011 ൽ ഷാഫി പറമ്പിലിന് കിട്ടിയ ഭൂരിപക്ഷം 7403, 2016 ൽ രണ്ടാമൂഴത്തിൽ 17483, 2021 ൽ മൂന്നാമൂഴത്തിൽ 3859. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയസഭാ മണ്ഡലത്തിൽ എൻഡിഎയെ ആദ്യമായി രണ്ടാമതെത്തിച്ച സി.കൃഷ്ണകുമാറാണ് ഇത്തവണ സ്ഥാനാർഥി. മാസങ്ങളുടെ ഇടവേളയിലാണ് വീണ്ടും വോട്ടു തേടി അതേ കൃഷ്ണകുമാർ വോട്ടർമാർക്ക് മുന്നിലെത്തുന്നത്. ആ തിരഞ്ഞെടുപ്പിലൊക്കെ കോൺഗ്രസിന്റെ സൈബർ പട നയിച്ച, ഷാഫിയടങ്ങുന്ന കോൺഗ്രസിലെ യുവതുർക്കികളിൽ ഒരാളായിരുന്ന പി സരിനാണ് എൽഡിഎഫ് സ്ഥാനാർഥി. അതായത്, കൃഷ്ണകുമാറിനും സരിനും പാലക്കാട് നിയസഭാ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയാം. രാഹുലിന് അത്ര അറിഞ്ഞെന്നു വരില്ല, എന്നാൽ ആ കുറവ് പരിഹരിക്കാനാവണം അടുത്തടുത്ത് മൂന്നുവട്ടം പാലക്കാടിന്റെ എംഎൽഎ ആയിരുന്ന ഷാഫി രാഹുലിനൊപ്പം എന്നും കൂടെയുണ്ടായിരുന്നത്.

പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനം കടത്താൻ മൂന്ന് പേർക്കേ കഴിഞ്ഞിട്ടുള്ളൂ, ഇരുപത് കടത്തിയവർ ഒ രാജഗോപാലും ശോഭാ സുരേന്ദ്രനുമാണ്, മുപ്പത് കടത്തിയ ഒരേ ഒരാൾ ഇ ശ്രീധരനാണ്. ചുരുക്കിപ്പറഞ്ഞാൽ പാലക്കാട് ബിജെപിയുടെ കാര്യമെടുത്താൽ പാർട്ടിയേക്കാൾ സ്ഥാനാർഥിക്ക് പ്രാധാന്യമേറെയുണ്ട്. മോദിപ്രഭാവത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ ബിജെപിക്ക് കൈകൊടുത്ത പാലക്കാട് കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരന് നൽകിയ സ്വീകാര്യത കൂടി ചേർത്തുവായിച്ചാൽ ഈ തത്വം കൂടുതൽ വ്യക്തമാകും.
2021 തിരഞ്ഞെടുപ്പിൽ, കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ടുവിഹിതത്തിലുള്ള വ്യത്യാസം വെറും 2.72 ശതമാനം മാത്രമാണ്. എന്നാൽ കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള വോട്ട് വിഹിതത്തിലുള്ള വ്യത്യാസം 12.42 ശതമാനവും. ആ കണക്കിന്റെ പിൻബലത്തിലാണ് ഇത്തവണ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് നേതാക്കൾ പോലും തറപ്പിച്ച് പറയുന്നത്.


2016 ലും മലമ്പുഴയിൽ വി.എസിനെതിരെ മത്സരിച്ച് ബി.ജെ.പിയെ രണ്ടാം സ്ഥാനത്തെത്തിച്ചയാൾ കൂടിയാണ് സി.കൃഷ്ണകുമാർ. പിന്നെ 2021 ലും കൃഷ്ണകുമാർ മത്സരിച്ചപ്പോൾ രണ്ടാമതായിരുന്നു അവിടെ ബിജെപി. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും നഗരസഭാ കൗൺസിലറും വൈസ് പ്രസിഡന്റുമായുള്ള പ്രവർത്തന മികവുണ്ട് കൃഷ്ണകുമാറിന്. പോരാത്തതിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മണ്ഡലത്തിൽ പാർട്ടിയെ രണ്ടാമതെത്തിച്ചുവെന്ന നേട്ടവും.
സരിന്റേയും സന്ദീപ് വാര്യരുടേയും മറുകണ്ടം ചാട്ടം മാത്രമല്ല, ട്രോളി വിവാദവും കത്തുവിവാദവും ഇരട്ട വോട്ട് വിവാദവും, പരസ്യവിവാദവും എല്ലാമായി സംഭവബഹുലമായിരുന്നു പ്രചാരണ കാലഘട്ടം. ഇവയൊക്കെ വോട്ടുപെട്ടിയിൽ എങ്ങനെ പ്രതിഫലിക്കുമെന്നറിയാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രണ്ടു ദിവസം കൂടി കാത്തിരുന്നാൽ മതി. എന്തൊക്കെയായാലും ആര് ജയിച്ചാലും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ചൂട് അത്ര പെട്ടെന്നൊന്നും വിട്ടുപോകില്ല. അതിനുള്ളതെല്ലാം ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികൾ ബാക്കിവെച്ചിട്ടുണ്ട്.
In Short | The Palakkad by-election has become a heated battle among three key candidates: Rahul Mankootathil of Congress, C. Krishnakumar of BJP, and Dr. P. Sarin of LDF. Rahul, supported by former MLA Shafi Parambil, aims to maintain Congress's dominance despite BJP's growing influence. Krishnakumar, a seasoned BJP leader, builds on his recent successes in narrowing margins with Congress. Meanwhile, Dr. Sarin, a young and articulate leader, seeks to rejuvenate LDF's presence in the constituency. With a history of tight margins and shifting alliances, Palakkad is poised for a fiercely contested by-election.
Content Highlights: Palakkad by-election analysis Video
Published: 20 Nov 2024, 07:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented