പാകിസ്താൻ വീണ്ടും പട്ടാള ഭരണത്തിലേക്കോ? സെെനിക മേധാവിയുടെ വിദേശ പര്യടനങ്ങൾ സംശയ നിഴലിൽ
'നമ്മള്‍ വീഴുകയാണെങ്കില്‍, ലോകത്തിന്റെ പകുതിയും കൂടെ കൊണ്ട് പോകും' - ഇതാണ് പാക് സൈനിക മേധാവി അസീം മുനീറിന്റെ ഏറ്റവും പുതിയ ഭീഷണി. അതും അമേരിക്കന്‍ മണ്ണില്‍ വെച്ച്. മൂന്നാമതൊരു രാജ്യത്തിനെതിരെ അമേരിക്കന്‍ മണ്ണില്‍ നിന്ന് ഉയര്‍ന്ന ആദ്യത്തെ ആണവ ഭീഷണിയായിരുന്നു ഈ പരാമര്‍ശം. സിന്ധു നദിക്ക് കുറുകെ പാകിസ്താനിലേക്കുള്ള ജലപ്രവാഹത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുള്ള ഏത് നിര്‍മിതിയും നശിപ്പിക്കുമെന്നും അസീം മുനീർ പറഞ്ഞു.
അമേരിക്കന്‍ മണ്ണിലിരുന്ന് ഇത്തരമൊരു കൊലവിളി നടത്താന്‍ മുനീറിന് ലഭിക്കുന്ന ധൈര്യം എന്താണ്?. കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ലോകനേതാക്കളുമായി അസീം മുനീര്‍ നടത്തുന്ന സന്ദര്‍ശനങ്ങളും എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മറ്റൊരു സൈനിക അട്ടിമറിയാണോ പാകിസ്താനെ കാത്തിരിക്കുന്നത്. അതോ ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണോ ഈ പര്യടനത്തിലൂടെയും കൂടിക്കാഴ്ചയിലൂടെയും അസീം മുനീര്‍ ലക്ഷ്യമിടുന്നത്?.
ജനാധിപത്യഭരണകൂടങ്ങളേയും, സൈനിക ഭരണവും കണ്ട രാജ്യമാണ് പാകിസ്താന്‍. ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ അധികാര വടംവലി വീണ്ടും തുടങ്ങിയെന്നാണ് നിരീക്ഷകരുടെ പക്ഷം. അതും രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും തമ്മിൽ. അത് വീണ്ടും സൈനിക അട്ടിമറിയിലോ ഭരണമാറ്റത്തിലോ പാകിസ്താനെ കൊണ്ടുചെന്ന് എത്തിക്കുക എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
രാജ്യത്തിന്റെ സൈനിക മേധാവിയായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നീക്കങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പാകിസ്താന്റെ ചരിത്രത്തിലെ അപൂര്‍വമായ ഒരു സ്ഥാനക്കയറ്റവും, അതിന് ശേഷമുള്ള വിപുലമായ അന്താരാഷ്ട്ര നയതന്ത്ര പര്യടനങ്ങളുമെല്ലാം ഒരു അട്ടിമറിക്ക് കോപ്പുകൂട്ടുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
ആരാണ് അസിം മുനീര്‍?
ജനറല്‍ അസിം മുനീര്‍, ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീര്‍, പാകിസ്താന്റെ സൈനിക മേധാവിയാണ്. തീവ്രമായ കാഴ്ചപ്പാട് ഉള്ളയാളായിട്ടാണ് അസീം മുനീറിനെ പാക് രാഷ്ട്രീയ നേതാക്കള്‍ തന്നെ വിശേഷിപ്പിക്കുന്നത്. പാകിസ്താന്‍ സൈന്യത്തിലെ എല്ലാ പ്രധാന സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് അഥവാ ഐഎസ്‌ഐ, ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഇന്റലിജന്‍സ് (ഡിജി എംഐ), കോര്‍ കമാന്‍ഡര്‍ എന്നീ പദവികള്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സൈന്യത്തിലെ എല്ലാ വിഭാഗത്തിലും അസീം മുനീര്‍ സ്വീകാര്യനാണ്. എതിര്‍ ശബ്ദങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുന്നതിലും കുപ്രസിദ്ധനാണ് മുനീര്‍.
ഈ വര്‍ഷമാദ്യമാണ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. പാകിസ്താന്‍ ചരിത്രത്തില്‍ ഒരു സൈനിക മേധാവിക്ക് ഈ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഇത് രണ്ടാമത്തെ മാത്രം സംഭവമാണ്. പിന്നീട് സ്വേച്ഛാധിപതിയായ പ്രസിഡന്റായി മാറിയ അയൂബ് ഖാന്‍ ആയിരുന്നു ഇത്തരത്തില്‍ ഫീല്‍ഡ് മാര്‍ഷലായ ആദ്യ വ്യക്തി.
പട്ടാള അട്ടിമറി ഊഹാപോഹങ്ങള്‍
പാകിസ്താൻ തെഹ്രീക്-ഇ-ഇന്‍സാഫിന്റെ സോഷ്യൽ മീഡിയ ഇടങ്ങൾ, പ്രതിപക്ഷ ബ്ലോഗര്‍മാര്‍, ചില മുഖ്യധാരാ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും സര്‍ക്കാര്‍-സൈനിക പ്രശ്‌നങ്ങളെ കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. മുനീര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ഇത്തരം ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ് അസീം മുനീര്‍ തുടരെ തുടരെ വിദേശ പര്യടനങ്ങള്‍ നടത്തുന്നത്. തന്ത്രപരമായ സ്വാധീനമുള്ള വ്യക്തി എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അസീം മുനീറിന്റെ ഈ നയതന്ത്ര പര്യടനങ്ങള്‍.
മെയ്, ജൂണ്‍ മാസങ്ങളിലാണ് തിടുക്കത്തിലുള്ള ഈ പര്യടനങ്ങളുടെ തുടക്കം. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, തുര്‍ക്കി, ഇറാന്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്ക് ഉന്നതതല സന്ദര്‍ശനങ്ങളില്‍ പാക് പ്രധാനമന്ത്രിയോടൊപ്പം അസീം മുനീറും പോയിരുന്നു.
തുടര്‍ന്ന്, മുനീര്‍ അമേരിക്കയിലേക്ക് ഒറ്റയ്ക്ക് സന്ദര്‍ശനം നടത്തി. അസീം മുനീര്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ അഞ്ച് ദിവസം ചെലവഴിച്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ട്രംപുമായി അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയും പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നേതാക്കളുമായും ബുദ്ധിജീവികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വാഷിംഗ്ടണിലെ പാകിസ്താന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് മുനീര്‍ പ്രഭാഷണം നടത്തുകയും ചെയ്തു. വൈറ്റ് ഹൗസില്‍ കാബിനറ്റ് റൂമില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നടന്ന അപൂര്‍വവും സവിശേഷവുമായ ഉച്ചഭക്ഷണമായിരുന്നു ശ്രദ്ധേയമായ ഒരു സംഭവം. ആ സമയം അവിടെ പാകിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാരുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജൂലൈ 10 ന് കാബിനറ്റ് റൂമിലും ഓവല്‍ ഓഫീസിലും മുനീറും ട്രംപും തമ്മിലുള്ള അടച്ചിട്ട കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു.
പിന്നീട് ശ്രീലങ്കയിലേക്കും ഇൻഡൊനീഷ്യയിലേക്കും ഒരു ദ്വിരാഷ്ട്ര യാത്രയും നടത്തുകയുണ്ടായി. പാകിസ്താന്‍ പ്രധാനമന്ത്രി ഈ യാത്രകളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. ഒരു പ്രധാനമന്ത്രി ചെയ്യേണ്ട റോള്‍ കൂടി ഇപ്പോള്‍ ചെയ്യുന്നത് പാക് സൈനിക മേധാവിയാണ്. ഇതാണ് ഒരു പട്ടാള അട്ടിമറിയിലേക്ക് രാജ്യം നീങ്ങുന്നു എന്നുള്ള ശക്തമായ സൂചനകള്‍ക്ക് ഇന്ധനം പകരുന്നത്.
മുനീറിന്റെ കൊളംബോയിലേക്കുള്ള യാത്ര ഒരു സൈനിക നയതന്ത്ര ഇടപെടലായാണ് പാകിസ്താന്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിരീക്ഷകർ ഇതിനെ ദക്ഷിണേഷ്യയില്‍ ചൈനയുടെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് കാണുന്നത്. കൊളംബോയില്‍ നിന്ന് മുനീര്‍ ഇൻഡൊനീഷ്യയിലേക്കാണ് പോയത്. ഇൻഡൊനീഷ്യ അടുത്തിടെ OIC ഫോറങ്ങളില്‍ കശ്മീര്‍ വിഷയത്തിലുള്‍പ്പടെ ഇന്ത്യയെ പിന്തുണച്ചിരുന്നു എന്നത് പ്രത്യേകം ഓർക്കുക.
ഈ സന്ദര്‍ശനങ്ങള്‍ പതിവ് നയതന്ത്ര യാത്രകളല്ലെന്നും ദീര്‍ഘകാല സൈനിക സഹകരണം ഉണ്ടാക്കുക, പ്രതിരോധ കരാറുകള്‍ ഉറപ്പിക്കുക, എന്നിവ ലക്ഷ്യമിട്ടുള്ള കാലിബ്രേറ്റഡ് നീക്കങ്ങളായാണ് പാകിസ്താന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയുടെ കാഴ്ചപ്പാട്
ഇന്ത്യ ഈ സംഭവ വികാസങ്ങളെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ മാസ്റ്റര്‍ബ്രെയിനായാണ് ഇന്ത്യ അസിം മുനീറിനെ കാണുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്താന്റെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് ടെററിസത്തിന്റെ മുഖമാണ് അസീം മുനീര്‍. പാകിസ്താനില്‍ ഒരു സൈനിക അട്ടിമറിയുണ്ടായാല്‍ കശ്മീര്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ അതിന്റെ അലയൊലികളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പട്ടാള ഭരണങ്ങളുടെ ചരിത്രം
പാക് രാഷ്ട്രീയത്തില്‍ സൈനിക ഇടപെടലിന്റെ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും അവര്‍ പട്ടാള അട്ടിമറിയുടെ നിഴലിലാണെന്ന ഊഹാപോഹങ്ങള്‍ വരുന്നത്. രാജ്യത്തിന്റെ 78 വര്‍ഷത്തെ ചരിത്രത്തില്‍, പാകിസ്താനില്‍ ഏകദേശം 34 വര്‍ഷം നേരിട്ടുള്ള സൈനിക ഭരണത്തിന്റെ കീഴിലായിരുന്നു.
പാകിസ്താന്റെ ചരിത്രത്തിലെ ആദ്യ സൈനിക അട്ടിമറി നടത്തുന്നത് ജനറല്‍ അയൂബ് ഖാനാണ്. 1958-1969 വരെ അയൂബ് ഖാന്‍ അധികാരത്തില്‍ തുടര്‍ന്നു. 1971-ലെ പാകിസ്താന്റെ നാണംകെട്ട യുദ്ധപരാജയത്തിനും ബംഗ്ലാദേശ് രൂപീകരണത്തിനും കാരണമായ യുദ്ധത്തിന് നേതൃത്വം നല്‍കിയ ജനറല്‍ യഹ്യ ഖാന്‍ 1969-ലാണ് അയൂബ് ഖാന്റെ പിന്‍ഗാമിയായെത്തുന്നത്. 1971-ലെ യുദ്ധ പരാജയത്തിന് ശേഷം അറ് വര്‍ഷത്തോളം പാകിസ്താനില്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടു.
ആ ഒരു ചെറിയ ജനാധിപത്യ കാലഘട്ടത്തിനുശേഷം, ജനറല്‍ സിയാ-ഉള്‍-ഹഖ് അധികാരം പിടിച്ചെടുത്തു. അയാളുടെ മരണം വരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിച്ചു. 1988 വരെ. ഒരു വിമാനാപകടത്തില്‍ സിയാ ഉല്‍ ഹഖ് മരിച്ചതോടെ പാകിസ്താനില്‍ വീണ്ടും ജനാധിപത്യത്തിന് വഴിയൊരുങ്ങി. എന്നാല്‍ അതും ഒരു ദശാബ്ധത്തിനപ്പുറം അവസാനിച്ചു.
1999 ല്‍ ജനറല്‍ പര്‍വേസ് മുഷറഫ് നവാസ് ഷെരീഫിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചു, ഏകദേശം ഒരു ദശാബ്ദക്കാലം അധികാരത്തില്‍ തുടര്‍ന്നു. 2008-ല്‍ മുഷറഫ് പുറത്തായതിന് ശേഷം കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി പാകിസ്താന്‍ ഔദ്യോഗികമായി ഒരു ജനാധിപത്യ രാജ്യമാണ്. എന്നാൽ സൈന്യം ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് ചരട് വലിക്കുന്നുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അത് അവര്‍ മൂടിവെക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അസീം മുനീറിന്റെ നിലവിലെ നീക്കങ്ങള്‍ തന്നെ അതിനുദാഹരണമാണ്. തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും വിദേശനയം രൂപപ്പെടുത്തുകയും പാര്‍ലമെന്റിനെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് പട്ടാളമേധാവി.
അസിം മുനീറിന്റെ ഉയര്‍ച്ച വെറും പ്രതീകാത്മകമല്ല, അത് പാകിസ്താനെ യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് ആരാണ് എന്നുള്ളതിന്റെ ഒരു സ്റ്റേറ്റ്‌മെന്റ് മാത്രമാണ്. പാകിസ്താന്‍ ഇപ്പോഴും ജനാധിപത്യ രാജ്യമാണ് എന്നുള്ള മുഖംമൂടി ഇനി എത്ര കാലം നീണ്ടുനില്‍ക്കുമെന്നുള്ളത് കണ്ടുതന്നെ അറിയണം.
In Short | Pakistan Army Chief Asim Munir issues rare nuclear threat from US soil, sparking coup speculation and raising India-Pakistan tensions.
Content Highlights: pakistan in the brim of another military coup asim munir explained
Published: 13 Aug 2025, 05:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented