ന്യൂഡൽഹി: 2019-ൽ ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് വീരചക്ര പുരസ്‌കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്ന് പടിയിറങ്ങി സ്വകാര്യ വിമാനക്കമ്പനിയിൽ ചേർന്നു. മാർച്ച് 31-നാണ് അദ്ദേഹം വ്യോമസേനയിലെ തന്റെ സേവനം അവസാനിപ്പിച്ചത്. തുടർന്ന് അദ്ദേഹം 'ഫ്‌ളൈ91' (Fly91) എന്ന സ്വകാര്യ വിമാനക്കമ്പനിയിൽ ചേർന്നതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കൊമേഷ്യൽ പൈലറ്റായി ജോലിക്ക് പ്രവേശിച്ച അഭിനന്ദൻ വർധമാൻ കമ്പനിയുടെ എടിആർ 72-600 എന്ന ടർബോപ്രോപ് വിമാനമാകും പറത്തുക.

To advertise here,

2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാകിസ്താനിലെ ബാലാകോട്ട് വ്യോമാക്രമണം നടത്തിയത്. ഇതിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 27-നാണ് അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് മുകളിൽ വച്ച് ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശപ്പോരാട്ടം നടക്കുന്നത്. അന്ന് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർദ്ധമാൻ ഇതിൽ നിർണായക പങ്കുവഹിച്ചു. സാങ്കേതികമായും എണ്ണത്തിലും ഏറെ മുന്നിലായിരുന്ന പാക് വ്യോമസേനയെ അദ്ദേഹം ധീരമായി നേരിട്ടു. ഒടുവിൽ തന്റെ മിഗ്-21 ബൈസൺ (MiG-21 Bison) വിമാനം ഉപയോഗിച്ച് ശത്രുവിന്റെ അതിവേഗ പോർവിമാനമായ എഫ്-16 (F-16) അദ്ദേഹം വെടിവെച്ചിട്ടു. വ്യത്യസ്ത തലമുറകളിൽപ്പെട്ട ഈ വിമാനങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ മിഗ്-21 ഉപയോഗിച്ച് ഒരു എഫ്-16 വീഴ്ത്തുന്നത് വ്യോമയാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു.

പോരാട്ടത്തിനൊടുവിൽ ശത്രുവിമാനത്തിൽ നിന്നേറ്റ മിസൈൽ പ്രഹരത്തെ തുടർന്ന് സ്വന്തം വിമാനം തകർന്ന അഭിനന്ദൻ പാരച്യൂട്ട് വഴി അതിർത്തിക്കപ്പുറം പാക് മണ്ണിൽ ലാൻഡ് ചെയ്യാൻ നിർബന്ധിതനായി. അവിടെ വച്ച് പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹത്തെ 60 മണിക്കൂറോളം തടങ്കലിൽ പാർപ്പിച്ച ശേഷം, ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ 2019 മാർച്ച് 1-നാണ് പാകിസ്താൻ ഇന്ത്യയ്ക്ക് തിരികെ കൈമാറിയത്. അതിസാഹസികമായ പോരാട്ടത്തിലൂടെ ശത്രുവിമാനങ്ങളെ തന്ത്രപരമായ ആശയക്കുഴപ്പത്തിലാക്കിയ അഭിനന്ദന്റെ ധീരതയ്ക്കുള്ള അംഗീകാരമായി രാജ്യം അദ്ദേഹത്തിന് 'വീരചക്ര' പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.