പത്ത് തവണ മുഖ്യമന്ത്രി! ഇന്ത്യൻ രാഷ്ട്രീയത്തിലെ 'പൾട്ടു റാം': തിരശ്ശീലയില്ലാത്ത നിതീഷ് കുമാറിന്റെ രാഷ്ട്രീയ നാടകങ്ങൾ
ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയതോടെ, മുഖ്യമന്ത്രിയായി പത്താം തവണയും അധികാരമേൽക്കാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അധികമാർക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് നേട്ടം. രാജ്യത്ത് ഒരു വ്യക്തി ഇത്രയധികം തവണ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്. വർഷങ്ങളുടെ കണക്കെടുത്താലല്ല, എണ്ണത്തിന്റെ കാര്യത്തിൽ.
സഖ്യങ്ങളെ എളുപ്പത്തിൽ മാറ്റുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം 'കൂറ് പതിവായി മാറ്റുന്ന വ്യക്തി' എന്നർത്ഥം വരുന്ന 'പൾട്ടു റാം' എന്ന വിളിപ്പേര് ലഭിച്ച നേതാവാണ് നിതീഷ് കുമാർ. എന്നാൽ ഈ രാഷ്ട്രീയ കാലുമാങ്ങൾക്കപ്പുറം ഒരു ലക്ഷത്തിലധികം അധ്യാപകരെ നിയമിക്കുകയും, ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുകയും, റോഡുകൾ ടാർ ചെയ്യുകയും, സ്ത്രീകളുടെ നിരക്ഷരത പകുതിയായി കുറയ്ക്കുകയും ചെയ്ത വികസന നായകൻ എന്ന പ്രതിച്ഛായയും നിതീഷ് കുമാറിനുണ്ട്.
കേവലം ഏഴ് ദിവസം മാത്രം നീണ്ടുനിന്ന ആദ്യ മുഖ്യമന്ത്രി പദവി മുതൽ, സഖ്യങ്ങൾ തകർത്തെറിഞ്ഞ് അദ്ദേഹം നടത്തിയ ഒൻപത് അധികാരമാറ്റങ്ങളുടെ നാൾവഴികൾ സംഭവബഹുലമാണ്.
സ്നോളിഗോസ്റ്റര്‍. കുശാഗ്രബുദ്ധിയായ, ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍. നിതീഷ് കുമാറിനെ ശശി തരൂര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 2017-ല്‍ നിതീഷ് മഹാസഖ്യം വിട്ടപ്പോള്‍ ശശി തരൂര്‍ പങ്കുവെച്ച ട്വീറ്റായിരുന്നു ഇത്. നിതീഷ് വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറിയതോടെ ആ വാക്ക് തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ചർച്ചയായിരുന്നു.
ബിജെപിക്കെതിരെ ഐഎന്‍ഡിഐഎ എന്ന പ്രതിപക്ഷ സഖ്യം രൂപീകരിക്കാനും അതിന് ഇന്ത്യാ മുന്നണി എന്ന് പേരിടാനും മുന്നില്‍ നിന്ന നിതീഷ് അതേ ബിജെപിക്കൊപ്പം ചേര്‍ന്ന് പഴയ മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ മന്ത്രിസഭയുണ്ടാക്കി മുഖ്യമന്ത്രിയായി തുടർന്നു. ഇന്ന് താൻ മുന്നിൽ നിന്ന് രൂപീകരിച്ച അതേ ഇന്ത്യാ സഖ്യത്തെ നിഷ്പ്രഭമാക്കി, പത്താം തവണയും നിതീഷ് ബീഹാർ മുഖ്യമന്ത്രിയായി.
മുഖ്യമന്ത്രിക്കസേരയിലേക്കുള്ള കണ്ണ്
2000-ല്‍ ആണ് ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷിന്റെ കണ്ണെത്തുന്നത്. അന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പക്ഷേ, വാജ്‌പേയിയുടെ നിര്‍ദേശപ്രകാരം ആദ്യമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ആകെയുള്ള 324 സീറ്റില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടിയിരുന്നത് 163 പേരുടെ പിന്തുണയായിരുന്നു. എന്‍ഡിഎ സഖ്യത്തിന് 151 എംഎല്‍എമാരും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് 159 എംഎല്‍എമാരുമാണുണ്ടായത്. സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയോടെ നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ഏഴ് ദിവസത്തിനുള്ളില്‍ രാജിവെക്കുകയും ചെയ്തു. പിന്നീട് 2005-മുതല്‍ 2010 വരെ ആയിരുന്നു എന്‍ഡിഎയുടെ പിന്തുണയോടെ നിതീഷിന്റ രണ്ടാമൂഴം.
2010 ല്‍ മൂന്നാംതവണയും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികം വൈകാതെ എന്‍ഡിഎയുമായി തെറ്റി. 2013-ല്‍ സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. 2014-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു കനത്ത പരാജയം നേരിട്ടതോടെ നിതീഷ് രാജിവെക്കുകയും ജിതിന്‍ റാം മാഞ്ജി പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകുയും ചെയ്തു. 2015-ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നതോടെയാണ് മഹാസഖ്യത്തിന്റെ പിന്‍ബലത്തോടെ നിതീഷ് നാലാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. നരേന്ദ്രമോദിക്കേതിരേയും എന്‍ഡിഎക്കെതിരേയും ശക്തമായ കാമ്പയിന്‍ നടത്തിയ നിതീഷ് കുമാറും തേജസ്വി യാദവും നയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. സഖ്യം 179 സീറ്റ് നേടുകയും ചെയ്തു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപ മുഖ്യമന്ത്രിയുമായി.
2017-ല്‍ ആണ് ഐആര്‍സിടിസിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ സിബിഐ കേസ് ഫയല്‍ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇത് ചൂണ്ടിക്കാട്ടി നിതീഷ് ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി യാദവിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍ജെഡി ഇത് നിരസിച്ചതോടെ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ദേശീയ പൗരത്വ നിയമം ഉയര്‍ത്തി എന്‍ഡിഎക്കെതിരേ തിരിഞ്ഞ് 2022-ല്‍ മഹാസഖ്യത്തില്‍ മടങ്ങിയെത്തുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു. ഇതിനുശേഷം 2024-ല്‍ ആണ് മഹാസഖ്യവുമായി ഉടക്കി നിതീഷ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാവി സുനിശ്ചിതമല്ലെന്നും സഖ്യം തകര്‍ച്ചയുടെ വക്കിലാണെന്നുമാണ് രാജിക്ക് പിന്നാലെ നിതീഷ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ബിഹാറില്‍ ജെഡിയു മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മറ്റുള്ളവര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുറ്റപ്പെടുത്തിയിരുന്നു. ഒരു തിരഞ്ഞെടുപ്പുഫലം കൂടി പുറത്തുവരുമ്പോള്‍ മഹാസഖ്യത്തെ കുറിച്ച് നിതീഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടിയാണ് ശരിയാവുന്നത്.
കാലുമാറ്റങ്ങളുടെ രാജാവ്
മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994-ല്‍ ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേർന്ന് നിതീഷ് കുമാർ സമതാ പാര്‍ട്ടി രൂപവത്കരിച്ചു. 1996-ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000-ല്‍ ബിഹാർ മുഖ്യമന്ത്രിയാകുകയും 2003-ല്‍ ജനതാദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിച്ചു.
ആദ്യത്തെ ചാട്ടം
2005-ല്‍ നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ത്ത അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് 2010-ല്‍ നടന്ന തിരഞ്ഞെടുപ്പിലും നിതീഷ് തന്നെ മുഖ്യമന്ത്രി. അക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു നിതീഷ്. നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് അദ്ദേഹം ബി.ജെ.പിയുമായി അകലുന്നത്. അതോടെ 17 വർഷത്തെ ജെഡിയു-ബിജെപി സഖ്യം അവസാനിപ്പിച്ച് 2013ൽ നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച നിതീഷ് കുമാറിന് 2009ലെ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്.
രണ്ടാം ചാട്ടം
2014ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരിക്കൽ തൻ്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവിൻ്റെ ആർജെഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ചത് എന്നുള്ളത് ശ്രദ്ധേയമാണ്.
2015-ല്‍ മഹാഗഡ്ബന്ധന്‍ എന്ന മഹാസഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ഈ നീക്കം. ആ വര്‍ഷം അവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ടുള്ള ഈ സഖ്യം ബിഹാറിൽ വെന്നിക്കൊടി പാറിച്ചു. തെരഞ്ഞെടുപ്പിൽ ‘മഹാഗഡ്ബന്ധൻ’ വൻ വിജയം നേടുകയും കുമാർ മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.
എന്നാല്‍, ഈ സഖ്യം അധികകാലം നിലനിന്നില്ല. നോട്ട് നിരോധനത്തിലും ജിഎസ്ടിയിലും നിതീഷ് കുമാർ ബിജെപിയെ പരസ്യമായി പിന്തുണച്ചത് മഹാഗഡ്ബന്ധനിൽ വിള്ളലുകൾ വീഴ്ത്തി തുടങ്ങിയിരുന്നു. പിന്നീട് തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുയര്‍ത്തി അദ്ദേഹത്തോട് രാജിവെക്കാന്‍ നിതീഷ് ആവശ്യപ്പെട്ടു. എന്നാൽ ആര്‍.ജെ.ഡി. ഇത് ശക്തമായി എതിർത്തു. പിന്നാലെ സി.ബി.ഐ ലാലു യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസിൽ കുറ്റം ചുമത്തിയതിന് പിന്നാലെ തൻ്റെ ‘ക്ലീൻ’ ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017-ൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017-ല്‍ വീണ്ടും മുഖ്യമന്ത്രിയായി..
മൂന്നാം ചാട്ടം
സഖ്യത്തിൽ ചെറിയ കക്ഷിയാകുക എന്നത് നിതീഷ് കുമാറിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്നെ നിയന്ത്രിക്കുന്നു എന്ന തോന്നൽ വരുന്നത് അംഗീകരിക്കാൻ സാധിക്കാത്ത നേതാവ്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. സീറ്റ് കണക്കിൽ തൻ്റെ പാർട്ടിയെ പിന്നിലാക്കി ബി.ജെ.പി മുന്നിലെത്തിയതോടെ കുറഞ്ഞുപോയ തന്റെ അധികാരത്തിൽ നിതീഷ് കുമാറിന് ആശങ്കയായി. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായെങ്കിലും തന്നെ നിയന്ത്രിക്കാന്‍ ബി.ജെ.പി. ശ്രമിച്ചത് നിതീഷിന് അംഗീകരിക്കാനാകുമായിരുന്നില്ല.
രണ്ടുവർഷത്തെ ഭിന്നത രൂക്ഷമായതിനെ തുടർന്ന് 2022-ൽ സഖ്യം തകർന്നു. പാർട്ടിയെ പിളർത്താനും തന്നെ തളർത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് നിതീഷ് ആരോപിച്ചു. തൂടർന്ന് രാജിവെച്ച് സഖ്യം വിട്ടു. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗം. ആർജെഡിയുടെ പിന്തുണയോടെ അദ്ദേഹത്തിൻ്റെ പാർട്ടി വീണ്ടും നിയമസഭയിൽ ഭൂരിപക്ഷം നേടുകയും മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
നാലാം ചാട്ടം
സർക്കാരിന്റെ കാലാവധി തീരാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെയാണ് 2024ൽ മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറുന്നത്. 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ 45 സീറ്റുകളാണ് നിതീഷിന്റെ ജെ.ഡി.യുവിന് അന്നുണ്ടായിരുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ 78 സീറ്റുകളുള്ള ബി.ജെ.പിയുമായി ചേർന്നാണ് നാലാം ചാട്ടത്തിൽ നിതീഷ് സർക്കാരുണ്ടാക്കിയത്.
ചരിത്രം പരിശേധിക്കമ്പോൾ ഇപ്പോൾ എൻഡിഎ ആയിച്ചേർന്ന് സർക്കാരുണ്ടാകക്കിയാൽ തന്നെ നിതീഷ് കുമാർ എത്ര നാൾ സഖ്യത്തിലുണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.
Content Highlights: Nitish Kumar becomes Bihar CM for the 10th time
Published: 14 Nov 2025, 06:38 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented