രാജ്യത്തെ പുതിയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്‌) 2025-ൽ ആരംഭിച്ചേക്കും. കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട, 2021 ൽ നടക്കേണ്ടിയിരുന്ന രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള  സെൻസസാണ്‌ അടുത്തവർഷം ആരംഭിച്ച് 2026-ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന്‌ ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനുള്ള നടപടികൾ ഡീ ലിമിറ്റേഷൻ കമ്മിഷൻ ആരംഭിക്കും.

To advertise here,

2028-ൽ മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷം 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പുതിയ മണ്ഡലക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ നടത്താനാണ് ആലോചന. രാജ്യത്തിന്റെ രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണിന്റെ കാലാവധി 2026 ഓഗസ്റ്റ് വരെ നീട്ടിയത് സെൻസസ് നടത്തിപ്പ് ലക്ഷ്യമിട്ടാണെന്നും സൂചനയുണ്ട്. പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസും ഇതിനൊപ്പം നടത്തണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തൽ. മണ്ഡല പുനർനിർണയത്തിനൊപ്പം നിയമസഭകളിലേക്കും പാർലമെന്റിലേക്കുമുള്ള വനിതാ സീറ്റ് സംവരണം നടപ്പാക്കാനും നീക്കമുണ്ട്. 

രാജ്യത്തെ വിശദവും സമ​ഗ്രവുമായ ജനസംഖ്യാപരമായ വിവരശേഖരണമാണ് സെൻസസ് അഥവാ കനേഷുമാരി. കുറ്റമറ്റ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതിൽ സെൻസസിന് മുഖ്യ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണം അത്യാവശ്യമാണ്. 1948-ലെ സെൻസസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്ത്  വർഷവും സെൻസസ് നടത്തുന്നു. 

ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് സെൻസസിൽ ശേഖരിക്കുന്നത്.  സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങൾ, ആസ്തികൾ, വീടുകളിലെ ഭൗതികസൗകര്യങ്ങൾ, നഗരവത്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ-ദളിതർ-അംഗ-വൈകല്യമുള്ളവർ തുടങ്ങി സെൻസസ് ചോദ്യാവലിയിലൂടെ ഒരോ വീടുകളിൽ നിന്നും വിപുലമായ വിവരശേഖരണമാണ്  നടത്തുന്നത്. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ദേശീയ-സംസ്ഥാന-ജില്ല അടിസ്ഥാനത്തിൽ ലഭ്യമാക്കാറുമുണ്ട്. ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ ഗവേഷണത്തിനും അതുപോലെ ത്രിതല പഞ്ചായത്ത് തലത്തിൽ  ഭരണനിർവഹണത്തിനുമുൾപ്പെടെ ഫലപ്രദമായ രീതിയിൽ ഈ വിവരങ്ങൾ ഉപയോ​ഗിച്ചുവരുന്നുണ്ട്. കാലാകാലങ്ങളിൽ സെൻസസിൽ ശേഖരിക്കുന്ന വിവരങ്ങളിൽ ഉള്ളടക്കത്തിലും വ്യാപ്തിയിലും മാറ്റങ്ങളും വരുത്തി വരുന്നു.

Inshort| The upcoming census in India, set to begin in 2025 and conclude by 2026, aims to collect comprehensive demographic data that was originally scheduled for 2021 but delayed due to the COVID-19 pandemic. This census is crucial for understanding various population components, including literacy, education, housing, and socio-economic factors.