ആരാധകരേ നിരാശ വേണ്ട, മെസ്സി ഇന്ത്യയിലെത്തും;കേരളത്തിന് പുറത്ത് കളിപ്പിക്കില്ലെന്ന ഭീഷണി വിലപ്പോകുമോ?
മെസ്സി അടങ്ങിയ അർജന്റീന ടീം കേരളത്തിൽ വരുന്ന കാര്യം ഇപ്പോഴും തുലാസിലാണ്. കായിക മന്ത്രിയുടെ ഭാഗത്തുനിന്ന് പോലും ഇക്കാര്യത്തിൽ വിശ്വസിക്കാവുന്ന ഒരു പ്രതികരണമില്ല. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ സ്‌പോൺസറും നാടകാന്ത്യം കയ്യൊഴിഞ്ഞ മട്ടാണ്. ഇതോടെ മെസ്സി കേരളത്തിൽ പന്തുതട്ടുന്നത് കാണാനിരുന്ന ആരാധകർ ആ മോഹം ഏറെക്കുറേ ഉപേക്ഷിച്ചു. എങ്കിലും മെസ്സി ആരാധകരേ... നിങ്ങൾക്ക് നിരാശ വേണ്ട. മെസ്സിയെ കാണാൻ ഇനിയും അവസരമുണ്ട്.
ഡിസംബറിൽ ഡൽഹിയിലും, കൊൽക്കത്തയിലും, മുംബൈയിലും അഹമ്മദാബാദിലും പോയാൽ സാക്ഷാൽ മെസ്സിയെ നേരിട്ടുകാണാം. മെസ്സിയെ ഇന്ത്യയിലെത്തിക്കുന്ന മുഖ്യസംഘാടകനായ സതാദ്രു ദത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇക്കാര്യം.
കേരളത്തിലെ കായിക മന്ത്രി പ്രഖ്യാപിച്ച പോലെ ഒന്നുംനോക്കാതെ ചാടിക്കേറിയുള്ള പ്രഖ്യാപനമായി ഇതിനെ കാണേണ്ട. മെസ്സിയുടെ വരവും പരിപാടികളിലും തീരുമാനമായിക്കഴിഞ്ഞു. നേരത്തെ പെലെ, ഡീഗോ മറഡോണ, റൊണാൾഡീന്യോ തുടങ്ങിയ താരങ്ങളേയും കൊൽക്കത്തയിലെത്തിച്ചതിന് പിന്നിൽ സതാദ്രു ദത്തയായിരുന്നു.
'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025'
അമേരിക്കൻ സോക്കർ ക്ലബ്ബ് ഇൻർ മയാമിയുടെ താരമായ മെസ്സി, 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്നുപേരിട്ട പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. ഡിസംബർ 12 മുതൽ 15 വരെ താരം ഇന്ത്യയിലുണ്ടാകും. ഈ നാല് ദിവസങ്ങളിലായി ഡൽഹിയിലും കൊൽക്കത്തയിലും മുംബൈയിലും അഹമ്മദാബാദിലും മെസ്സി പര്യടനം നടത്തും.
ഡിസംബർ 12ന് രാത്രി സ്വകാര്യ ജെറ്റിൽ മയാമിയിൽനിന്ന് ദുബായ് വഴി കൊൽക്കത്തയിലെത്തും. 13-ന് നഗരത്തിൽ മെസ്സിയുടെ കൂറ്റൻ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിലും സെലിബ്രിറ്റി ഫുട്‌ബോളിലും താരം പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാണ്ടർ പേസ്, ജോൺ എബ്രഹാം എന്നിവർ മെസ്സിക്കൊപ്പം കളിക്കാൻ സാധ്യതയുണ്ട്. പരിപാടിയിൽ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയെ ആദരിച്ചേക്കും.
13ന് വൈകീട്ട് കൊൽക്കത്തയിൽനിന്ന് നേരേ അഹമ്മബാദാബാദിലെത്തുന്ന മെസ്സി അദാനി ഫൗണ്ടേഷന്റെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കും. അതിനുശേഷം മുംബൈയിലേക്ക്. അവിടെ സച്ചിൻ, ധോനി, രോഹിത് എന്നിവർക്കൊപ്പം ഗോട്ട് മൊമെന്റ് പരിപാടി. അവിടേയും സെലിബ്രിറ്റി ഫുട്‌ബോൾ മത്സരം നടത്താൻ സംഘാടർക്ക് പരിപാടിയുണ്ട്. ഇന്ത്യാ പര്യടനത്തിന്റെ അവസാനദിനം, അതായത് ഡിസംബർ 15ന് മെസ്സി ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ചയും നടത്തും.
ഇൻർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ, ജോർഡി ആൽബ, സെർജി ബുസ്‌കെറ്റ്‌സ് എന്നിവരും മെസ്സിക്കൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. മെസ്സി കേരളത്തിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും കളിപ്പിക്കില്ലെന്ന കേരളത്തിലെ സ്‌പോൺസറുടെ ഭീഷണിയെല്ലാം എന്താകുമെന്ന് വൈകാതെ കണ്ടറിയാം.
ക്രിസ്റ്റിയാനോ ഗോവയിൽ പന്തുതട്ടും?
ഇതിനൊപ്പം ആരാധർക്ക് ആവേശം പകരുന്ന മറ്റൊരു വാർത്ത പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്ത്യയിലെത്തുമെന്നതാണ്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ സൗദി ക്ലബ്ബ് അൽ നസ്‌റും എഫ്‌സി ഗോവയും നറുക്കെടുപ്പിൽ ഒരേ ഗ്രൂപ്പിലായതാണ് ക്രിസ്റ്റ്യാനോയുടെ വരവിന് വഴിയൊരുക്കിയത്. മത്സരങ്ങൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലായതിനാൽ അൽ നസറിന്റെ ഒരു കളി ഗോവയുടെ മൈതാനത്തായിരിക്കും. ഒക്ടോബർ 22ന് മഡ്ഗാവിലെ ഫറ്റേർഡ സ്റ്റേഡിയത്തിലാണ് മത്സരം.
ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ നയിച്ച് ഗോവയിലേക്ക് വരേണ്ടത് ക്രിസ്റ്റിയാനോയാണ്. എന്നാൽ ക്ലബ്ബിന്റെ എവേ മത്സരങ്ങളിൽ ക്രിസ്റ്റിയാനോ കളിക്കേണ്ടതില്ലെന്നാണ് കരാർ. എങ്കിലും താരത്തിന് താത്പര്യമുണ്ടെങ്കിൽ കളിക്കാനും കഴിയും. മുമ്പ് 2017 മേയിൽ സാമൂഹിക മാധ്യമത്തിലൂടെ ഇന്ത്യയിലേക്ക് വരാനുള്ള ആഗ്രഹം ക്രിസ്റ്റ്യാനോ തുറന്നുപറഞ്ഞിരുന്നു. ഇന്ത്യയിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരുണ്ടെന്ന കാര്യം അറിയാമെന്നും താരം വ്യക്തമാക്കിയിരുന്നു. അക്കാര്യം മറന്നിട്ടില്ലെങ്കിൽ ക്രിസ്റ്റ്യാനോ ഇന്ത്യയിലെത്തും. ഏതായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ക്രിസ്റ്റ്യാനോയുടേതാണ്.
ഇന്ത്യൻ മണ്ണിൽ മെസ്സിയെ ഇക്കൊല്ലം തന്നെ കാണാനാകുമെങ്കിലും പോർച്ചുഗീസുകാരനായ ക്രിസ്റ്റിയനോ ഗോവയിൽ പന്തുതട്ടുമോ ഇല്ലോയെന്നറിയാൻ കാത്തിരിക്കേണ്ടിവരും.
Content Highlights: Lionel Messis India Tour 2025
Published: 16 Aug 2025, 08:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented