തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് മാര്‍ക്ക് കാര്‍ണി കാനഡയിലെ ഹിന്ദുവിഭാഗം നടത്തിയ രാമനവമി ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്കും കാനഡയ്ക്കുമിടയിലെ ഭിന്നത തുന്നിക്കെട്ടാനുള്ള കാര്‍ണിയുടെ ഗ്രീന്‍ സിഗ്‌നലാണത് എന്ന് പരക്കെ അഭിപ്രായമുയര്‍ന്നു. മാത്രമല്ല ഇന്ത്യ കാനഡ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി കാര്‍ണി പലയാവര്‍ത്തി പറയുകയും ചെയ്തു. ലിബറല്‍ പാര്‍ട്ടി ഭരണതുടര്‍ച്ച നേടി കാര്‍ണി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. കാര്‍ണിയുടെ വരവോടെ ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലെ മഞ്ഞുരുകുമോ. 

To advertise here,

വിലക്കയറ്റത്തിനും ഭവനപ്രതിസന്ധിക്കും വഴിവെച്ച  മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കുടിയേറ്റ നയം ലിബറല്‍ പാര്‍ട്ടിക്ക് വരുത്തി വെച്ച ക്ഷീണം ചെറുതല്ല. ട്രൂഡോ ഭരണം വന്‍ജനവിരുദ്ധ വികാരത്തിന് വഴി വെക്കുകയും ചെയ്തു. കുടിയേറ്റ നയത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ട്രൂഡോ തന്നെ രംഗത്തെത്തുകയും ചെയ്തു. ഇതോടെ 2025-ല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്ന് തന്നെ ഏതാണ്ടെല്ലാവരും ഉറപ്പിച്ചു. 

ഇതിനിടയില്‍ ട്രംപ് അമേരിക്കയുടെ തലപ്പത്തെത്തി. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തിനും കള്ളക്കടത്തിനുമെതിരെ കാനഡ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചു. കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തി. അതു പോരാതെ കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാമെന്ന് ട്രംപ് പരിഹസിക്കുക കൂടി ചെയ്തു. സ്വന്തം രാജ്യത്ത് അലയടിച്ച ജനവിരുദ്ധവികാരത്തിനും ട്രംപ് നല്‍കിയ തിരിച്ചടിക്കുമിടയില്‍ സ്വന്തം പാര്‍ട്ടിയംഗങ്ങള്‍ കൂടി എതിരായതോടെ ട്രൂഡോയ്ക്ക് നില്‍ക്കക്കള്ളിയില്ലാതായി. 

അങ്ങനെ ഒമ്പതു വര്‍ഷത്തിലധികം ഭരണത്തിലിരുന്ന ശേഷം കഴിഞ്ഞ ജനുവരിയില്‍ ട്രൂഡോ രാജിവെച്ചു. പിന്നാലെ ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തി. ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 86 ശതമാനം വോട്ട് ലഭിച്ച് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ മാര്‍ക് കാര്‍ണി പ്രധാനമന്ത്രി കസേരയിലേക്കെത്തി. 

ട്രംപിന്റെ തീരുവ നയം മുറുകുന്നതിനിടയിലാണ് കാര്‍ണി അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. അതും ലിബറല്‍ സര്‍ക്കാരിന് ഒക്ടോബര്‍ വരെ കാലാവധി ബാക്കിനില്‍ക്കെ. 2008-ല്‍ ആഗോളമാന്ദ്യം ലോകരാജ്യങ്ങളെ പിടിച്ചുലച്ചപ്പോള്‍ കാനഡയെ പോറല്‍ ഏല്‍പ്പിക്കാതെ രക്ഷിച്ചത് കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയുടെ സാമ്പത്തിക നയങ്ങളായിരുന്നു. ആ പരിചയസമ്പത്താണ് കാനഡയുടെ രക്ഷകനായി കാര്‍ണിയെ അവരോധിക്കാന്‍ ലിബറല്‍ പാര്‍ട്ടിക്ക് ധൈര്യമേകിയത്. കാനഡയെ ഭിന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം ഒരുകാലത്തും വിജയിക്കില്ലെന്ന് കാനേഡിയന്‍ തെരുവുകള്‍ തോറും കാര്‍ണി പ്രസംഗിച്ചു. ട്രംപിന്റെ അധിക്ഷേപം ആളിക്കത്തിച്ച ദേശീയതയും കാര്‍ണിയുടെ പ്രതച്ഛായയും കാര്‍ണിക്ക് ഗുണകരമായി. 

343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ചരിത്രപരമായ ഭരണത്തുടര്‍ച്ച ലിബറല്‍ പാര്‍ട്ടി നേടി. 64 ശതമാനം വോട്ടോടെ ഒണ്ടേറിയോ മണ്ഡലത്തില്‍ നിന്ന് കാര്‍ണി വിജയിച്ചു. ഇതോടെ ട്രൂഡോയുടെ പിന്‍ഗാമിയായി ഹ്രസ്വകാലത്തേക്ക് പ്രധാനമന്ത്രിയായ കാര്‍ണി നാലുവര്‍ഷത്തേക്ക് കൂടി തുടരും.

ട്രൂഡോ രാജിവെച്ച സമയത്തു നടന്ന അഭിപ്രായസര്‍വേകളില്‍ 74 ശതമാനമായിരുന്നു കണ്‍സര്‍വേറ്റീവുകളുടെ ജനപ്രീതി. ലിബറല്‍ പാര്‍ട്ടിയുടേതാകട്ടെ 20 ശതമാനം മാത്രം. പക്ഷേ ട്രംപ് ആളിക്കത്തിച്ച തീയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ട്രംപിനോട് വിട്ടുവീഴ്ചയില്ലെന്ന കാര്‍ണിയുടെ നിലപാട് ജനങ്ങള്‍ വിശ്വാസത്തിലെടുത്തു. ലിബറലുകള്‍ 168 സീറ്റുകള്‍ നേടി. രണ്ടാം സ്ഥാനത്തുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത് 144 സീറ്റുകള്‍. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന കാനഡക്കാര്‍ക്ക് പ്രത്യേകരാജ്യം വേണമെന്ന് വാദിക്കുന്ന ബ്ലോക്ക് ക്വി ബെക്വാ പാര്‍ട്ടി 23 സീറ്റ് നേടി  മൂന്നാംസ്ഥാനത്തെത്തി. ഖലിസ്ഥാന്‍ വിഘടനവാദി ജഗ്മീത് സിങ് നയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി ഏഴുസീറ്റലൊതുങ്ങി. 

വിജയത്തിന് തൊട്ടുപിന്നാലെ കാര്‍ണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. കാര്‍ണിക്കും ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനം നേര്‍ന്നുകൊണ്ടുള്ള കുറിപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിന് കാര്‍ണിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കൂടി മോദി കുറിച്ചു. പലതലത്തിലും വ്യക്തിപരമായും സാമ്പത്തികമായും തന്ത്രപരമായും സുപ്രധാനമായ ബന്ധമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ളതെന്ന് വിജയത്തിന് ശേഷവും കാര്‍ണി ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ കാര്‍ണിയുടെ വിജയം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അകലം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. 

2023 ജൂണ്‍ 18-ന് കാനഡയിലെ സറേയില്‍ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ്് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യക്കും കാനഡയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. നിജ്ജറിന്റെ കൊലയ്ക്കു പിന്നില്‍ മോദിയയച്ച ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ട്രൂഡോ ആരോപിച്ചു. ഇതോടെ ഇന്ത്യയും കാനഡയും വര്‍ഷങ്ങളായി നിലനിര്‍ത്തിയ ഊഷ്മളബന്ധം തകര്‍ന്നു. എന്നാല്‍ ഈ ്അകലം കുറയ്ക്കുന്നതിനുള്ള ഒരു പാലമായാണ് കാര്‍ണി സ്വയം സ്ഥാപിച്ചിരിക്കുന്നതെന്ന് നിലപാടുകളില്‍ നിന്ന് വ്യക്തമാ്ണ്. 


ട്രൂഡോയുടെ ഭരണത്തില്‍ ഖലിസ്താന്‍ അനുകൂല പാര്‍ട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയോടുള്ള കാനഡയുടെ വിദേശനയങ്ങളില്‍ ഖലിസ്താന്‍ വാദികളുടെ സ്വാധീനമുണ്ടാകില്ല. അതേസമയം നിജ്ജറിന്റെ കൊലപാതകവുമായും ട്രൂഡോയുടെ ആരോപണവുമായും ബന്ധപ്പെട്ട് യാതൊരു പരാമര്‍ശങ്ങളും കാര്‍ണിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു മാത്രമാണ് കാര്‍ണി സൂചിപ്പിച്ചത്. 

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഥവാ സിഇപിഇ മരവിപ്പിച്ചിരുന്നു. കാര്‍ണിയുടെ വരവോടെ ഇത് വീണ്ടും സജീവമായേക്കാം. 


ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യവും കാനഡയാണ്. ഏകദേശം 4,27,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ടെന്നാണ് കണക്കുകള്‍. ബന്ധം വഷളായതിനു പിന്നാലെ വിദ്യാര്‍ഥി പ്രവേശനം 40 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. കാര്‍ണി അധികാരത്തിലെത്തുന്നതോടെ വിദ്യാര്‍ഥി പ്രവേശനം കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്. കൂടാതെ വ്യാപാരപങ്കാളിത്തം വിപുലമാക്കുന്നതിനുള്ള താത്പര്യവും കാര്‍ണി പ്രകടിപ്പിച്ചിരുന്നു. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇന്ത്യക്കും കാനഡയ്ക്കുമിടയില്‍ പുതിയ വാതായനങ്ങള്‍ തുറന്നേക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

In Short: Mark Carney has emerged as the new Prime Minister of Canada, succeeding Justin Trudeau after a dramatic political turnaround. Carney's participation in a Hindu festival and his commitment to rebuilding ties with India reflect a fresh diplomatic approach. His stance against Trump’s aggressive tariffs, combined with his economic credentials and nationalist appeal, helped the Liberals win re-election. The decline of Khalistani influence within Canadian politics, especially after the NDP’s poor performance, further sets the stage for improving India-Canada relations. Hopes are high that CEPA trade talks will resume, and student visa flows from India will strengthen under Carney’s leadership.