സാധാരണവും അതിക്രൂരവുമായ ഒരു കേസിന്റെ വിചാരണയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ മസന്‍ ഗ്രാമം. ഭക്ഷണത്തില്‍ മയക്കുമരുന്നും ഉറക്കഗുളികയും കലര്‍ത്തി ഭാര്യയെ മയക്കിക്കിടത്തി അന്യപുരുഷന്‍മാരെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവ്. 2010 മുതല്‍ 2020 വരെ, ഏതാണ്ട് 10 വര്‍ഷം നീണ്ടുനിന്ന ക്രൂരതയില്‍ പങ്കാളികളായത് വൃദ്ധരും യുവാക്കളുമടക്കം എഴുപതോളം പേര്‍. 

To advertise here,

അവരില്‍ വിവാഹിതരും അവിവാഹിതരുമുണ്ടായിരുന്നു. നഴ്സും സൈനികനും മാധ്യമപ്രവര്‍ത്തകനും അഗ്നിരക്ഷാ സേനാംഗവും ലോറി ഡ്രൈവറുമുണ്ടായിരുന്നു. അതില്‍ മിക്കവരും ആ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. ദിവസവും പരസ്പരം കാണുന്നവര്‍. നിത്യവും മയക്കുമരുന്ന് കഴിക്കേണ്ടിവന്ന ഭാര്യയ്ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ വന്നിട്ടും ഭര്‍ത്താവ് ഈ ക്രൂരത അവസാനിപ്പിച്ചില്ല. എല്ലാം ക്യാമറയില്‍ ഷൂട്ട് ചെയ്ത് ലാപ്ടോപ്പില്‍ സൂക്ഷിച്ച് അയാള്‍ ആസ്വദിച്ചുകൊണ്ടേയിരുന്നു. ഡൊമിനിക് പെലിക്കോട്ട് എന്നാണ് അതിക്രൂരനായ ആ ഭര്‍ത്താവിന്റെ പേര്. ഒന്നുമറിയാതെ ഇതെല്ലാം സഹിച്ച ഭാര്യയുടെ പേര് ജിസേല്‍ പെലിക്കോട്ടും.

ജര്‍മനിയിലാണ് ജിസേലിന്റെ ജനനം. ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചു. പിന്നാലെ മൂത്ത സഹോദരനും ഹൃദയാഘാതത്തെ തുടര്‍ന്ന് ജിസേലിനെ വിട്ടുപിരിഞ്ഞു. 1971 ലാണ് ജിസേല്‍ ഡൊമിനിക്കിനെ കണ്ടുമുട്ടുന്നത്. വിവാഹതിരാകുമ്പോള്‍ ജിസേലിന് പ്രായം 19, ഡൊമിനിക്കിന് 21. സാമ്പത്തിക പ്രതിസന്ധിയും മറ്റ് പ്രശ്‌നങ്ങളുമുണ്ടായെങ്കിലും, തന്റെ ജീവിതത്തിലെ പ്രണയമെന്നാണ് ഡൊമിനിക്കിനെ ജിസേല്‍ കരുതിയത്. 2013-ലാണ് കുടുംബം മസനിലെത്തുന്നത്. അവിടെവന്നശേഷം ജിസേല്‍ പെട്ടെന്ന് രോഗബാധിതയായി. ഭാരം കുറയാനും മുടി കൊഴിയാനും തുടങ്ങി. ഓര്‍മക്കുറവും. ഡൊമിനിക് തന്നെയാണ് ഡോക്ടറെ കാണിക്കാന്‍ മുന്‍കൈ എടുത്തത്. ബ്രെയിന്‍ ട്യൂമറോ അല്‍ഷിമേഴ്‌സിന്റെ തുടക്കമോ ആണെന്നാണ് ജിസേല്‍ കരുതിയത്. എത്ര ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല.

2020-ലാണ് ഡൊമിനിക്കിന്റെ ക്രൂരത പുറംലോകമറിയുന്നത്. ഒരു മാളില്‍ ഒളിക്യാമറവെച്ച് സ്ത്രീകള്‍ വസ്ത്രംമാറുന്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ 71-കാരനായ ഡൊമിനിക് അറസ്റ്റിലായി. അന്വേഷണത്തിന്റെ ഭാഗമായി ഡൊമിനിക്കിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ വീഡിയോ പോലീസ് കണ്ടെടുക്കുന്നത്. അബ്യൂസ് എന്ന പേരിലുള്ള ഫോള്‍ഡറില്‍ 300-ലേറെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്. അത് ഡൊമിനിക്കിന്റെ ഭാര്യ ജിസേല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി. ജിസേലിനെ അവര്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. എന്നിട്ടും അവരത് വിശ്വസിച്ചില്ല. ഭര്‍ത്താവ് മാന്യനാണെന്നും ഇങ്ങനെ ചെയ്യില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഒടുവില്‍ വീഡിയോ കാണിച്ചുകൊടുക്കകയല്ലാതെ പോലീസിന് മുമ്പില്‍ മറ്റു വഴികളില്ലാതെയായി. ഇത്രയും കാലം ഭര്‍ത്താവ് തന്നെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജിസേല്‍ തകര്‍ന്നുപോയി.

placeholder
gisele pelicot
ജിസേല്‍ പെലിക്കോട്ട് അഭിഭാഷകനൊപ്പം കോടതിയിലെത്തുന്നു | Photo: AFP

എന്നാല്‍, അവര്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. താന്‍ കടന്നുപോയ വേദനയുടെ ഒരംശമെങ്കിലും ഭര്‍ത്താവ് അനുഭവിക്കണമെന്ന ദൃഢനിശ്ചയമാണ് പിന്നീട് അവരെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അതിന്റെ ആദ്യ കടമ്പയെന്നോണം അവര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഒട്ടും വൈകാതെ അത് അനുവദിച്ചുകിട്ടുകയും ചെയ്തു. പിന്നീട് തന്റെ പേരില്‍ നിന്ന് പെലിക്കോട്ട് എന്ന പേര് അവര്‍ നീക്കം ചെയ്തു. പോരാട്ടത്തിന്റെ കരുത്തുറ്റ സ്ത്രീ പ്രതീകമായി താന്‍ നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ച അവര്‍ ഡൊമിനിക്കിനെതിരെ നിയമയുദ്ധം തുടങ്ങി. കോടതിയില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ ഡൊമിനിക്ക് കുറ്റം ഏറ്റുപറഞ്ഞു. ജിസേലിനോട് മാപ്പ് പറഞ്ഞു. താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ പശ്ചാത്തപിക്കുന്നതായി അയാള്‍ കോടതിയെ ധരിപ്പിച്ചു. മക്കളോടും പേരക്കുട്ടികളോടും അയാള്‍ മാപ്പിരന്നു.

എന്നാല്‍ അതിനൊന്നും ജിസേലിന്റെ മനസ് ഇളക്കാന്‍ സാധിച്ചില്ല. ഒരു കീറപ്പാവയായോ മാലിന്യമിടുന്ന ബാഗായോ ആണ് ഡൊമിനിക്ക് എന്നെ ഇതുവരെ കരുതിയിരുന്നത്, അങ്ങനെയൊരാളുടെ ക്രൂരതയ്ക്ക് താന്‍ എന്തിന് മാപ്പ് നല്‍കണം എന്നാണ് ജിസേല്‍ ലോകത്തോട് ഉറക്കെ ചോദിക്കുന്നത്. ജിസേല്‍ അനുഭവിച്ച ക്രൂരതയ്ക്ക് ഓരോരുത്തര്‍ക്കും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് അഭിഭാഷകന്റെ ലക്ഷ്യം. പരസ്യവിചാരണ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കോടതിയില്‍വെച്ച് താനും വീഡിയോകള്‍ കാണുമെന്ന് അവര്‍ അറിയിച്ചു. പക്ഷേ, കണ്ടിരിക്കാന്‍ അത്രയും ബുദ്ധിമുട്ടുള്ള ദൃശ്യങ്ങളായാതിനാല്‍ കോടതി പരസ്യമായി വീഡിയോകള്‍ കാണിക്കേണ്ട എന്ന് തീരുമാനമെടുക്കുകയാണുണ്ടായത്.

ഓണ്‍ലൈനിലൂടെയാണ് ഡൊമിനിക്ക് ജിസേലിനെ ബലാത്സംഗം ചെയ്യാനുള്ള പുരുഷന്‍മാരെ കണ്ടെത്തിയിരുന്നത്. മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് ഡൊമിനിക്കും ഭാര്യയെ ബലാത്സംഗം ചെയ്തു. ഇതിന്റെ വീഡിയോകള്‍ പുതിയ ആളുകളെ കാണിച്ചാണ് ഇയാള്‍ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജിസേലിനെ  ബലാത്സംഗം ചെയ്യുന്നതിന് ആളുകളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചുവന്ന വെബ്സൈറ്റും ബന്ധപ്പെട്ട ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജിസേലിനെ ഉണര്‍ത്താതിരിക്കാനും അവളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന സംശയമുണ്ടാകാതിരിക്കാനും പാലിക്കേണ്ട ചില നിയമങ്ങള്‍ ഡൊമിനിക്ക് ഈ 70 പേര്‍ക്കും നല്‍കിയിരുന്നു. ആഫ്റ്റര്‍ഷേവ് ലോഷൻ ഉപയോഗിക്കരുതെന്നും സിഗറ്റിന്റെ ഗന്ധം ഉണ്ടാകരുതെന്നും നഖം വെട്ടണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. കാറുകള്‍ വീടിന്റെ പരിസരത്തുനിന്ന് മാറ്റി നിര്‍ത്താനും അടുക്കളയില്‍ വസ്ത്രം അഴിച്ചുവെയ്ക്കാനും അക്രമികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പെട്ടെന്ന് ഇറങ്ങിയോടേണ്ടി വന്നാല്‍ വസ്ത്രം കിടപ്പുമുറിയില്‍ ആകാതിരിക്കാനായിരുന്നു ഇത്. ജിസേല്‍ ഉണരാതിരിക്കാന്‍ അക്രമികളുടെ തണുത്ത കൈകള്‍ ചൂടുവെള്ളത്തില്‍ കഴുകുകയും ചെയ്തിരുന്നു.

ക്രൂരപീഡനവുമായി ബന്ധപ്പെട്ട് അമ്പതോളം പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. അവരില്‍ പലരും വിചാരണയ്ക്കിടെ തങ്ങളുടെ കുറ്റം ഏറ്റുപറഞ്ഞു. എന്നാല്‍ മറ്റുചിലര്‍ എന്നാള്‍ തങ്ങള്‍ നിരപരാധികളെന്ന വാദവുമായി കോടതിയില്‍ നാടകീയത സൃഷ്ടിച്ചു. പ്രതി ഭാര്യയെ മയക്കുമരുന്ന് കുത്തിവെച്ചകാര്യം തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് കരുതിയിരുന്നതെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. ജിസേലിന്റെ സമ്മതമുണ്ടെന്ന് ഡൊമിനിക് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചിലര്‍ പറഞ്ഞു. ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവിന്റെ സമ്മതം മതിയെന്നും അതുകൊണ്ടാണ് തങ്ങളിത് ചെയ്തതെന്നുമായിരുന്നു ചില പ്രതികളുടെ വാദം.

placeholder
gisele pelicot
കോടതി വിചാരണയുടെ രേഖാചിത്രം | Photo: AFP

പങ്കാളികളെ കൈമാറുന്നതിനോട് തനിക്ക് താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഭാര്യ അതിന് സമ്മതിക്കാത്തിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഡൊമിനികും വിചാരണയ്ക്കിടെ തുറന്നുപറഞ്ഞു. കുട്ടിക്കാലത്ത് താനും ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും അതിന്റെ ആഘാതവും തന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചുവെന്നും അയാള്‍ വാദിച്ചു. പക്ഷേ അതൊന്നും ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതായിരുന്നില്ല. അവസാന ഘട്ടത്തിലെത്തിയ വിചാരണയ്ക്കൊടുവില്‍ ഡിസംബര്‍ 20-ന് കേസില്‍ വിധി പറയും. ഇരുവിഭാഗവും അവരുടെ ക്ലോസിങ് സ്റ്റേറ്റ്മെന്റുകള്‍ ജൂറിക്ക് മുമ്പില്‍ അവതരിപ്പിച്ച ശേഷമാകും വിധി പ്രഖ്യാപിക്കുക.

ഉയര്‍ന്ന കരഘോഷത്തിനിടെയിലൂടെ ക്യാമറകള്‍ നോക്കി ചിരിച്ച്, കൈവീശിക്കാണിച്ച്, തലയുയര്‍ത്തിപ്പിടിച്ചാണ് ഓരോ ദിവസവും ജിസേല്‍ കോടതിയിലേക്ക് വന്നത്. തന്നോട് കാണിച്ച ക്രൂരത ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കണമെന്നും താനല്ല, മറിച്ച് തനിക്കെതിരേ അതിക്രമം കാണിച്ചവരാണ് ലജ്ജിക്കേണ്ടതെന്നും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ജിസേലിന്റെ ധീരമായ ഈ ചുവടുവെയ്പ്പ്. നിയമത്തിന്റെ വഴിയേ പോരാടാനുറച്ച നിമിഷത്തില്‍ അവര്‍ ലോകത്തിലെ ഒട്ടനവധി അതിജീവിതകളുടെ അഭിമാനത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.