ലഡാക്കിലും തെരുവിലിറങ്ങി ജെൻസികൾ; സർക്കാറിനോടുള്ള അമർഷമാണോ പ്രതിഷേധം? കാരണമെന്ത്?
ലഡാക്കിലും ജെൻസികൾ തെരുവിലിറങ്ങി. അക്രമങ്ങളിലേക്കും പോലീസ് വെടിവെപ്പിലേക്കും നയിച്ച സംഭവത്തിൽ മരിച്ചത് നാല് പേരാണ്. ഒടുവിൽ നിശാനിയമവും നടപ്പിലാക്കി അധികൃതർ നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകി തുടങ്ങിയ സമരം പെട്ടെന്നാണ് പ്രക്ഷോഭമായി മാറിയത്. എന്താണ് പ്രതിഷേധക്കാരുടെ ആവശ്യം? ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെതിരെയുണ്ടായ ചെറുപ്പക്കാരുടെ അമർഷമാണോ ഈ പ്രതിഷേധം? എന്താണ് ലഡാക്കിൽ സംഭവിക്കുന്നത് ? എന്തുകൊണ്ട് കേന്ദ്രം ലഡാക്കിന് സംസ്ഥാന പദവി നൽകുന്നില്ല?
2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെയാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയത്. നിലവിൽ ഏഴ് ജില്ലകളുള്ള ലഡാക്കിൽ നിയമസഭയില്ല, പകരം 2 ജില്ലാ കൗൺസിലുകളാണുള്ളത്. കേന്ദ്രസർക്കാർ നിയോഗിച്ച ലഫ്. ഗവർണർക്കാണ് ഭരണചുമതല. ജമ്മു കശ്മീരിന് കഴിഞ്ഞ വർഷം നിയമസഭ ലഭിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണത്തിലേറിയപ്പോഴും ചെയ്തപ്പോഴും ലഡാക്ക് മാത്രം കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായി. ഇതോടെ ലഡാക്കിനുള്ള കേന്ദ്രഭരണ പ്രദേശ പദവിയെ സ്വാഗതം ചെയ്ത സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവർ ലെഫ്റ്റനന്റ് ഗവർണറുടെ ഭരണത്തിൻ കീഴിലെ രാഷ്ട്രീയ ശൂന്യതയിൽ ആശങ്ക പ്രകടിപ്പിച്ചുതുടങ്ങി. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ തങ്ങളുടെ ഭൂമി സംരക്ഷിക്കാനുള്ള പല അവകാശങ്ങളും ലഡാക്കിന് നഷ്ടമായി. സത്യത്തിൽ ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് നാലുവർഷത്തോളമായി ലേയിൽ സമരവും പ്രതിഷേധപരിപാടികളും നടക്കുന്നുണ്ട്.
ലേ ജില്ലയിൽ ഭൂരിപക്ഷം ബുദ്ധമതവിശ്വാസികളാണ്; കാർഗിലിൽ മുസ്‌ലിംകളും. ലേ പ്രതിനിധീകരിക്കുന്നത് ലഡാക്ക് ഏപ്പെക്സ് ബോഡി (എൽഎബി), കാർഗിലിനെ പ്രതിനിധീകരിക്കുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നീ സംഘടനകൾ ലഡാക്കിനു സ്വയംഭരണവും സംസ്ഥാനപദവിയും ആവശ്യപ്പെട്ട് 2023 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉന്നത സമിതിയുമായി ചർച്ചയിലാണ്. രാഷ്ട്രീയ, മത ഗ്രൂപ്പുകൾ ആദ്യമായി ഒരു സംയുക്ത വേദിയിൽ കൈകോർത്തത് ഈയൊരു ആവശ്യത്തിനാവും. സംസ്ഥാനപദവിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലേറെയും കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിരുന്നു. എന്നാൽ ഭരണഘടനയുടെ ആറാം വകുപ്പു ബാധകമാക്കുന്നതും സംസ്ഥാനപദവിയും കേന്ദ്രംഒരുമിച്ചു നൽകില്ലെന്ന പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് കേന്ദ്രം തയ്യാറായതോടെ ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് ചൂടുപിടിച്ചു. 2024-ന്റെ പകുതിയോടെ ലഡാക്കിലെ ജനങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തുകയും, സോനം വാങ്ചുക്ക് ലേയിൽ നിന്ന് ഡൽഹിയിലേക്ക് കാൽനടയാത്ര നടത്തുകയും ചെയ്തിരുന്നു. ഈ വർഷം മെയ് മാസത്തിന് ശേഷം ഇത് സംബന്ധിച്ച ചർച്ചകളും നടക്കാതെയായി. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് സമ്മര്ദം ചെലുത്താനായി എൽഎബിക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സെപ്റ്റംബർ 10-ന് ലഡാക്കിൽ നിരാഹാര സമരം തുടങ്ങിയത്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗവും 35 ദിവസത്തെ നിരാഹാര സമരത്തിനൊപ്പം ചേർന്നു. സമരം തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 6ന് ചർച്ച നടത്താമെന്ന് അറിയിച്ചു. എന്നാൽ ചർച്ചകൾക്ക് വേഗം കൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ നിരാഹാരത്തിലായിരുന്ന 15 പേരിൽ രണ്ടുപേരുടെ ആരോഗ്യസ്ഥിതി മോശമായതോടെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ യുവാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. സമാധാനപരമായ അഭ്യർത്ഥനകൾ വർഷങ്ങളായി സർക്കാർ അവഗണിച്ചതോടെ നിരാശരായ യുവാക്കൾ തെരുവിലിറങ്ങി.
ലേയിൽ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കൾ പോലീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടുപോയി. തെരുവിലിറങ്ങിയ പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. പോലീസ് വാഹനങ്ങളടക്കം കത്തിച്ചു. ഒട്ടേറെ കടകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായി. ഇതോടെ പോലീസും അർദ്ധസൈനിക വിഭാഗവും സമരക്കാർക്കുനേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഒടുക്കം ലേ ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കി. സമാധാനപരമായി നീങ്ങിയ പ്രതിഷേധം കൈവിട്ട് പോയതോടെ സോനം വാങ്ചുക്ക് തുടങ്ങിയ നിരാഹാരസമരം ബുധനാഴ്ച നിർത്തിവെച്ചു. സമാധാനം പാലിക്കണമെന്നും അക്രമത്തിലേക്കു പോയാൽ നമ്മുടെ ആവശ്യം നിരാകരിക്കപ്പെടുമെന്നും അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ
- കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് നിലവിൽ സ്വയംഭരണം നേടാനുള്ള അവകാശമില്ല. നിയമസഭയുടെ അഭാവം മൂലം സ്വയം ഭരിക്കാനും പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള അവസരം കുറഞ്ഞു. ഭരണത്തിലും വികസനത്തിലും കേന്ദ്രം തീരുമാനമെടുക്കുമ്പോൾ തദ്ദേശീയരെ പരിഗണിക്കാതെ എടുക്കുന്നു എന്ന വിമർശനവും ശക്തമാണ്. നേരത്തെ നിലവിലുണ്ടായിരുന്ന തൊഴിലവസരങ്ങൾ, ഭൂമി അവകാശങ്ങൾ, സംരക്ഷണം എന്നിവ കേന്ദ്രഭരണ പ്രദേശമായി ചുരുക്കിയതോടെ ദുർബലമാവുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. തങ്ങളുടെ കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള അധികാരം ലഭിക്കുന്നതിനാണ് പ്രതിഷേധക്കാർ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെടുന്നത്.
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദിവാസിവിഭാഗങ്ങളുടെ അവകാശങ്ങളും സ്വയംഭരണാധികാരവും ഉറപ്പുനൽകുന്നതാണ് ഭരണഘടനയുടെ ആറാംപട്ടിക. ഇത് പ്രകാരം രൂപീകരിക്കുന്ന ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലുകൾക്ക് ഭൂമി, പിന്തുടർച്ചാവകാശ നിയമങ്ങൾ, സാമൂഹിക ആചാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം ലഭിക്കും. നികുതി പിരിക്കാനും പ്രാദേശിക വിഭവങ്ങൾ കൈകാര്യം ചെയ്യാനും തുടങ്ങി ഗവർണറുടെ അനുമതിയോടെ, സംസ്ഥാന നിയമങ്ങളെ മറികടക്കുന്ന നിയമങ്ങൾ പോലും നിർമ്മിക്കാനുള്ള അധികാരവും ഇവർക്കുണ്ട്.
നിലവിൽ ലഡാക്കിന് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലുകൾ ഉണ്ടെങ്കിലും, അവയ്ക്ക് ജില്ലാ തലത്തിലുള്ള ആസൂത്രണത്തിനും വികസനത്തിനും മാത്രമുള്ള അധികാരങ്ങളാണുള്ളത്. അതുകൊണ്ട് ജനസംഖ്യയുടെ 90 ശതമാനത്തിലേറെയും ഗോത്രവർഗക്കാരുള്ള ലഡാക്കിനെയും ആറാം പട്ടികയിൽപ്പെടുത്തണമെന്നതാണ് മറ്റൊരു ആവശ്യം. ഗോത്രവർഗക്കാരുടെ ഭൂമി, സംസ്കാരം, തനതായ സ്വത്വം എന്നിവ സംരക്ഷിക്കാൻ ഇത് സഹായകമാകും.
- വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും സർക്കാർ നിയമനങ്ങളിലെ മെല്ലെപ്പോക്കുമാണ് ലഡാക്കിൽ ചെറുപ്പക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഒരു സർക്കാർ സർവേ പ്രകാരം, ലഡാക്കിലെ 26.5% ബിരുദധാരികളും തൊഴിൽ രഹിതരാണ്. കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളതും ലഡാക്കിലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലഡാക്കിനായി ഒരു പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി പ്രാദേശിക ജനങ്ങൾക്ക് സർക്കാർ ജോലികളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും
- നിലവിൽ ഒരു പാർലമെൻറ് സീറ്റ് മാത്രമുള്ള ലഡാക്കിന് കേന്ദ്രത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ രണ്ട് സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
Content Highlights: Protests erupt in Ladakh demanding statehood, 6th schedule inclusion, and job security. Clashes with police lead to fatalities and curfew.
Published: 26 Sept 2025, 12:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented