പറഞ്ഞതുപോലെ കേരളത്തിലും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു. ഇത്തരമൊരു ആനൂകൂല്യം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമൊന്നുമല്ല കേരളം, എന്നിട്ടും എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഇത്രയേറെ ചർച്ചയാകുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു ഇത്. അപ്പോൾ തന്നെ പഠനങ്ങളും വിവാദങ്ങളും ഈ സൗജന്യ വനിതാ യാത്രയെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ശമ്പളം മുടങ്ങുന്ന, പെൻഷൻ പോലും കൃത്യമായി നൽകാൻ കഴിയാത്ത കോർപ്പറേഷൻ എങ്ങനെ ഈ ബാധ്യത എടുത്ത് തലയിൽ വെക്കും എന്നതായിരുന്നു പ്രധാന ചോദ്യം. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ഭാഗത്തു നിന്നും വന്ന എതിർപ്പായിരുന്നു മറ്റൊന്ന്. മറ്റ് പല സംസ്ഥാനങ്ങളിലും വർഷങ്ങളായി തുടർന്നു പോരുന്ന ഈ സൗജന്യ യാത്ര കേരളത്തിലെത്തുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ വിവാദമാകുന്നത്? മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? എന്തൊക്കെയാണ് കേരളത്തിന് മുന്നിലുള്ള മറ്റു വെല്ലുവിളികൾ?

To advertise here,

ജൂൺ 15 മുതലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. തമിഴ്നാടും കർണാടകയും അടക്കം നിരവധി സംസ്ഥാനങ്ങളിൽ വിജയകരമായി തുടരുന്ന പദ്ധതികളുടെ മാതൃകയിൽ തന്നെയാണ് കേരളത്തിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ഇന്ദിരാ ഗ്യാരന്റി പ്രകാരം സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര വഴി കെ.എസ്.ആർ.ടി.സി.ക്ക് പ്രതിദിനം മൂന്നുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് പ്രാഥമിക നിഗമനം. കോർപറേഷന്റെ പ്രതിദിന വരുമാനം എട്ട് കോടി കോടി രൂപ വരെയാണ്. കേരളത്തിൽ സ്ത്രീ യാത്രക്കാരുടെ കണക്ക് കെഎസ്ആർടിസി മൂന്ന് ദിവസം ശേഖരിച്ചിരുന്നെങ്കിലും വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകെ 23 ലക്ഷം പേരാണു കെഎസ്ആർടിസിയിൽ പ്രതിദിനം സഞ്ചരിക്കുന്നത്. ഇതിൽ 50% വരെ സ്ത്രീകളാണെന്നാണ് കണക്ക്. അതുപോലെ സൗജന്യയാത്ര അനുവദിക്കുമ്പോൾ സ്ത്രീയാത്രക്കാരിൽ സ്വാഭാവികമായും വർധനയുമുണ്ടാകും. തമിഴ്നാട്ടിൽ പദ്ധതി നടപ്പാക്കിയപ്പോൾ വനിതാ യാത്രക്കാർ 40%ൽ നിന്ന് 70% ആയാണ് വർധിച്ചത്. ഇതിന് ആനുപാതികമായി സർക്കാർ സബ്സിഡി വർധിപ്പിക്കുകയായിരുന്നു. സമാന സാഹചര്യം കേരളത്തിലുമുണ്ടാകും. എല്ലാ തരം ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ സർക്കാരിന് പ്രതിമാസം 90 കോടി രൂപ സബ്‌സിഡിയായി നൽകേണ്ടി വരും. പദ്ധതി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ പ്രതിമാസ ബാധ്യത 60 കോടി രൂപയായി കുറയും. നിലവിൽ ഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യം അനുവദിക്കാമെന്നാണ് ധനവകുപ്പിൽ നിന്നുള്ള നിർദേശം. സൂപ്പർക്ലാസ് ബസുകളെ ഒഴിവാക്കിയാൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ്, ഓർഡിനറി, സിറ്റി സർക്കുലറുകളിൽ സൗജന്യം നൽകേണ്ടിവരും.

മാതൃകകൾ നിരവധി

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം തന്നെ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നുണ്ട്.

1) 2019ൽ ഡൽഹിയിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു പദ്ധതി നിലവിൽ വരുന്നത്. 'പിങ്ക് ടിക്കറ്റ്' എന്ന പേപ്പർ ടിക്കറ്റ് സംവിധാനത്തിലൂടെയാണ് യാത്ര അനുവദിക്കുന്നത്. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, ക്ലസ്റ്റർ ബസുകൾ എന്നിവയിൽ യാത്ര ചെയ്യാം. ഈ വർഷം ജൂലൈ മുതൽ പദ്ധതി ഡിജിറ്റലൈസ് ചെയ്യാൻ ഡൽഹി സർക്കാർ ഒരുങ്ങുകയാണ്. ഇതിനായി 'പിങ്ക് സഹേലി സ്മാർട്ട് കാർഡ്' എന്ന പുതിയ സംവിധാനം കൊണ്ടുവരും. സ്ത്രീകൾ ബസിൽ കയറുമ്പോൾ ഈ കാർഡ് ടാപ്പ് ചെയ്യണം, ഇത് വഴി ഓരോ യാത്രയും ഡിജിറ്റലായി രേഖപ്പെടുത്തും.

2) തമിഴ്നാടിൽ സ്‌റ്റാലിൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2021ലാണ് വിഡിയൽ പയനം എന്ന പേരിൽ സൗജന്യ ബസ് യാത്രാ പദ്ധതി നടപ്പിലാക്കിയത്. ഇത് പ്രകാരം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സർക്കാർ ഓർഡിനറി ബസുകളിൽ പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ എസി, ഡീലക്സ്, ലക്ഷ്വറി സർവീസുകളിൽ സൗജന്യയാത്രയില്ല. എന്തായാലും പദ്ധതി വന്നതോടെ തമിഴ്നാട്ടിലെ വനിതാ യാത്രക്കാരുടെ എണ്ണം 40 ശതമാനത്തിൽ നിന്ന് 70 ശതമാനമായി വർധിച്ചു. ഏകദേശം ₹1,200 മുതൽ ₹1,600 കോടി വരെയാണ് പദ്ധതിയുടെ വാർഷിക ചെലവ്.

3) കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സർക്കാർ ബസുകളിലെ സൗജന്യ യാത്ര. ശക്തി എന്ന പേരിൽ 2023 മേയ് മുതൽ പദ്ധതി നിലവിൽ വന്നു. സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള ഓർഡിനറി, എക്സ്പ്രസ്, നഗര സാരിഗെ, കർണാടക സാരിഗെ, ഗ്രാമാന്തര സാരിഗെ, ബെംഗളൂരു സാരിഗെ ബസുകളിലാണ് സംസ്ഥാനത്തിനുള്ളിൽ സൗജന്യ യാത്രാ അനുമതി. വോൾവോ, എസി, സ്ലീപ്പർ ബസുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശികളായ സ്ത്രീകൾക്കുമാത്രമാണ് സൗജന്യം. ഇതിനായി പ്രത്യേക കാർഡ് നൽകിയിട്ടുണ്ട്. എന്തായാലും പ്രതിദിനം 75 ലക്ഷം സ്ത്രീകൾ പദ്ധതി ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്. പ്രതിവർഷം ₹4,000 മുതൽ ₹5,000 കോടി രൂപ വരെയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുന്നത്

4) 2021 ഏപ്രിൽ മുതലാണ് പഞ്ചാബിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ പഞ്ചാബ് സ്വദേശികളായ സ്ത്രീകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനായി ആധാർ കാർഡോ വോട്ടർ ഐഡിയോ പോലുള്ള രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

5) മഹാലക്ഷ്മി എന്ന പേരിൽ 2023 ഡിസംബറിലാണ് തെലങ്കാനയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും നോൺ-എസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. തെലങ്കാന സ്വദേശികളായ സ്ത്രീകൾക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇതിനായി സർക്കാർ പ്രതിവർഷം ₹3,000 മുതൽ ₹3,500 കോടി രൂപ വരെ സബ്‌സിഡി നൽകുന്നു.

6) 2025 ഓഗസ്റ്റിലാണ് സ്ത്രീ ശക്തി എന്ന പേരിൽ ആന്ധ്രാപ്രദേശിൽ സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചത്. സൗജന്യയാത്ര ലഭിക്കാൻ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖകൾ യാത്രക്കാർ ഹാജരാക്കേണ്ടതുണ്ട്.

7) ജമ്മു, ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷനുകളുടെ പരിധിയിൽ സ്മാർട്ട് സിറ്റി ഇ-ബസുകളിലും ജെ.കെ.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയും യാത്രാ സൗകര്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2025-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഈ സേവനം വിപുലീകരിച്ചത്.

8) പശ്ചിമ ബംഗാളിൽ 2026 ജൂൺ 1 മുതൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 'സീറോ ഫെയർ ടിക്കറ്റ്' അല്ലെങ്കിൽ 'പിങ്ക് ടിക്കറ്റ്' സംവിധാനത്തിലൂടെയായിരിക്കും ഇത് നടപ്പിലാക്കുക.

സ്ത്രീകളുടെ ജീവിതത്തിൽ പദ്ധതിക്കു വൻമാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് അയൽ സംസ്ഥാനങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത്. ഒന്നാമതായി സാമ്പത്തിക ലാഭമാണ്. കുടുംബച്ചെലവ് കുറയ്ക്കാൻ ഇതുവഴിയാകും. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വരെ ലാഭിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സൗജന്യയാത്ര ദൂരെയുള്ള തൊഴിലവസരങ്ങൾകൂടി സ്വീകരിക്കാൻ സ്ത്രീകൾക്കു വഴിയൊരുക്കും. ബസുകളിലും പൊതുഇടങ്ങളിലും സ്ത്രീ സാന്നിധ്യം കൂടുന്നത് സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും വർധിപ്പിക്കും. വിനോദത്തിനായി യാത്ര ചെയ്യാനും കൂടുതൽ വനിതകൾ തയാറാകും.

ബാധ്യതയാകാതെ

പദ്ധതികൾ ഗുണകരമാണെങ്കിലും ചില വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. സൗജന്യ യാത്ര വന്നതോടെ ബസുകളിൽ തിരക്ക് അനിയന്ത്രിതമായി വർധിക്കും. നിലവിൽ തന്നെ നഷ്ടത്തിലുള്ള പല ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും സർക്കാറിനും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. മിക്ക സംസ്ഥാനങ്ങളിലും കോർപ്പറേഷനുകൾക്ക് സർക്കാർ നൽകുന്ന പണം കുടിശികയാകുന്നത് വെല്ലുവിളിയാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ബസുകൾ വാങ്ങേണ്ടി വരുന്നതും ഖജനാവിന് അധിക ബാധ്യതയുണ്ടാക്കും.

കർണാടകയിൽ 'സീറോ ഫെയർ ടിക്കറ്റുകൾ' വഴി യാത്രക്കാരുടെ എണ്ണം ശേഖരിക്കുകയും ഓരോ മാസവും ബസ് കോർപ്പറേഷനുകൾക്ക് സർക്കാർ നേരിട്ട് പണം നൽകുകയുമാണ് ചെയ്യുന്നത്. സാമൂഹ്യ ക്ഷേമ ബജറ്റ് വർധിപ്പിച്ചും നികുതി വരുമാനത്തിലെ വർധനവ് ഉപയോഗിച്ചുമാണ് ഇത് നടപ്പിലാക്കുന്നത്. നഷ്ടം നികത്താൻ വോൾവോ, എസി തുടങ്ങിയ പ്രീമിയം സർവീസുകളിൽ നിന്നുള്ള വരുമാനവും ഉപയോഗിക്കുന്നുണ്ട്. കർണാടക ട്രാൻസ്പോർട്ടിങ് കോർപ്പറേഷൻ സൗജന്യ യാത്ര നൽകിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് മറികടക്കാൻ അടുത്തിടെ ടിക്കറ്റ് നിരക്ക് 15 ശതമാനമാണ് വർധിപ്പിച്ചത്.

തെലങ്കാനയിൽ ടി.എസ്.ആർ.ടി.സി-ക്ക് സർക്കാർ നേരിട്ട് പണം നൽകുന്ന രീതിയാണുള്ളത്. എന്നാൽ സർക്കാർ പണം നൽകുന്നതിലെ താമസം കോർപ്പറേഷനെ സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നുവെന്ന വിമർശനമുണ്ട്. ഈ പദ്ധതിക്കായി പ്രത്യേക ബജറ്റ് വകയിരുത്തുകയും സർക്കാർ സബ്‌സിഡി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നേരത്തെ തന്നെ പൊതുഗതാഗതത്തിന് വലിയ സബ്‌സിഡി ഉണ്ടായിരുന്നു. നിലവിലുള്ള ഈ സബ്‌സിഡി മോഡൽ വിപുലീകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധനച്ചെലവും പെൻഷൻ ബാധ്യതയും സർക്കാർ ഭാഗികമായി വഹിക്കും. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉയർന്നതോടെ സർക്കാർ സബ്‌സിഡി തുകയിലും വർധനവ് വരുത്തിയിട്ടുണ്ട്

ആശങ്കയിൽ സ്വകാര്യ ബസുടമകൾ

യാത്രക്കാരുടെ കുറവുകൊണ്ട് ഇപ്പോഴേ കഷ്ടത്തിലായ സ്വകാര്യ ബസ് വ്യവസായത്തിന് സൗജന്യ യാത്രാപദ്ധതി വൻ തിരിച്ചടിയാകുമെന്നാണ് ആശങ്ക. 15 വർഷത്തിനിടെ സ്വകാര്യ ബസ് സർവീസ് മേഖലയിൽ 25,500 ബസുകൾ സർവീസ് നിർത്തുകയും 35,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം സ്ത്രീകളാണ്. സൗജന്യയാത്ര നടപ്പാകുന്നതോടെ അവർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറും. ഇതോടെ സ്വകാര്യ ബസുകളുടെ വരുമാനം വീണ്ടും കുറയും. ഇപ്പോൾത്തന്നെ പ്രതിദിന വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നത്. വരുമാനം പകുതിയായാൽ ഡീസൽ നിറയ്ക്കാൻ പോലുമുള്ള പണം ലഭിക്കില്ല. ഇന്ധനം നിറയ്ക്കാനും തൊഴിലാളികൾക്ക് വേതനംനൽകാനും പണമില്ലാതെ ബസുകൾ നിർത്തിയിടേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്. എന്തായാലും സ്വാകാര്യ ബസ് സർവീസ് മേഖലയുടെ ആശങ്കകൾ കൂടെ സര്ക്കാർ പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്.

എന്തായാലും സ്ത്രീകളുടെ ശാക്തീകരണത്തിന് സൗജന്യ ബസ് യാത്ര വലിയൊരു മുതൽക്കൂട്ടാണ് എന്നതിൽ തർക്കമില്ല. എങ്കിലും, പൊതുഗതാഗത സംവിധാനത്തിൻ്റെ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി മുന്നോട്ട് പോകുക എന്നതാണ് സർക്കാരുകൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.