ഒരുഭാഗത്ത് മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അർധ അതിവേഗ റെയിൽപ്പാത. മറുഭാഗത്ത് സംസ്ഥാന സർക്കാരിന്റെ വക മറ്റൊരു വേഗപ്പാത. രണ്ടിന്റേയും ലക്ഷ്യം ഒന്നുതന്നെ. കുറഞ്ഞ സമയത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാകണം. പക്ഷേ, ഒരേസമയം രണ്ട് അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടതിന്റെ ആശയക്കുഴപ്പത്തിലാണ് ജനങ്ങൾ. അകാലത്തിൽ പൊലിഞ്ഞ കെ റെയിലിന് ബദലായി ഇതിൽ ഏത് പദ്ധതിയാകും സംസ്ഥാനത്ത് നടപ്പാവുക? ഇ. ശ്രീധരന്റേയും സംസ്ഥാന സർക്കാരിന്റേയും അതിവേഗ റെയിൽ പദ്ധതികൾ എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്? 

To advertise here,

കെ-റെയിൽ ഒരു തരത്തിലും നടപ്പാകില്ലെന്ന് കണ്ടാണ് ഇതിന് ബദലെന്നോണം ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) പദ്ധതിക്ക് സർക്കാർ മുന്നിട്ടിറങ്ങുന്നത്. രാജ്യത്ത് നിലവിൽ ഒരേയൊരു ആർആർടിഎസ് സംവിധാനമാണ് സർവീസിലുള്ളത്. ഡൽഹിക്കും യുപിയിലെ മീററ്റിനുമിടയിലാണത്. ഇതേ ആർആർടിഎസ് മാതൃകയാണ് കേരളവും പിന്തുടരുക. ഇപ്പറഞ്ഞ ആർആർടിഎസ് പേരുമാറിയെത്തുന്ന കെ-റെയിലാണോ എന്ന സംശയം സ്വാഭാവികമായും ഉയരാം. എന്നാൽ, പേരിലോ സാങ്കേതികവിദ്യയിലോ പിടിവാശിയില്ലെന്നാണ് സർക്കാർ നിലപാട്. കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമായതിനാൽ തെക്ക്- വടക്കിനെ ബന്ധിപ്പിച്ച് ഒരു വേഗപ്പാത എങ്ങനെയെങ്കിലും വന്നാൽ മതിയെന്നാണ് സർക്കാരിന്. പക്ഷേ കെ റെയിലിനെതിരായ പ്രതിഷേധങ്ങൾ പുതിയ പാതയ്ക്കെതിരേ ഉയരരുത് എന്ന നിർബന്ധം സർക്കാരിനുണ്ട്. ജനങ്ങളുടേയും പ്രതിപക്ഷത്തിന്റേയും പരാതികൾ പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ശ്രീധരന്റെ അതിവേഗ പാതയും വിഭാവനം ചെയ്തിട്ടുള്ളത്.

റാപ്പിഡ് റെയിൽ Vs ശ്രീധരന്റെ ബദൽ

രണ്ട് പദ്ധതികളും തമ്മിൽ സാമ്യതകളും വ്യത്യാസങ്ങളും ഏറെയുണ്ട്. ആദ്യം ഇരുപാതകളുടേയും ദൈർഘ്യം നോക്കാം. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്നതാണ് റാപ്പിഡ് റെയിൽ. ആകെ ദൂരം 583 കിലോ മീറ്റർ. അതേസമയം, ശ്രീധരന്റെ പാത തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ്. ആദ്യഘട്ടത്തിൽ കാസർകോട് ജില്ലയിലേക്ക് പാത നീളുന്നില്ല. പാതയുടെ ആകെ ദൂരം 430 കിലോമീറ്റർ. ഭാവിയിൽ കാസർകോടും മംഗളൂരുവും കടന്ന് മുംബൈ വരെ പാത നീട്ടാനുമായേക്കും. വേഗത നോക്കിയാൽ, റാപ്പിഡ് റെയിലിന് പരമാവധി വേഗം 180 കിലോമീറ്ററാണ്. ശരാശരി വേഗം ഇതിനെക്കാൾ കുറയും. ശ്രീധരന്റെ പാതയിൽ പരമാവധി 200 കിലോ മീറ്റർ വേഗതയിലും ട്രെയിൻ കുതിക്കും. കൂടുതൽ വേഗം ശ്രീധരന്റെ ബദൽ പാതയ്ക്കാണെന്ന് ചുരുക്കം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ പാത കടന്നുപോവുക. സംസ്ഥാനത്ത് ഇതുവരെ ട്രെയിൻ സർവ്വീസ് കടന്നുചെന്നിട്ടില്ലാത്ത പല സ്ഥലങ്ങളിലേക്കും പാതയെത്തുമെന്ന പ്രത്യേകതയുണ്ട്. ആകെ സ്റ്റേഷൻ 22. തിരുവന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശ്ശേരി, തൃശ്ശൂർ, കുന്നംകുളം, എടപ്പോൾ, തിരൂർ, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് 22 സ്റ്റേഷനുകൾ.

കെ റെയിലിന് സർക്കാർ പറഞ്ഞിരുന്നത് 11 സ്റ്റേഷനുകളാണെങ്കിലും റാപ്പിഡ് റെയിലിന് എത്ര സ്റ്റേഷനുകൾ ഉണ്ടാകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൊച്ചി മെട്രോയേയും വരാനിരിക്കുന്ന തിരുവനന്തപുരം കോഴിക്കോട് മെട്രോകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുക. അതായത് നിലവിൽ കൊച്ചി മെട്രോ കടന്നുപോകുന്ന അതേ പാതയിലൂടെ തന്നെ റാപ്പിഡ് റെയിലും കടന്നുപോകും. കൊച്ചിയിൽ മെട്രോ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ റാപ്പിഡ് റെയിലിനായി പ്രത്യേകം പാത നിർമിക്കേണ്ടതില്ല. സമാനമായി കോഴിക്കോട്ടും തിരുവനന്തപുരത്തും വരാനിരിക്കുന്ന മെട്രോ ലൈനുകളിലൂടെ തന്നെ റാപ്പിഡ് റെയിലും കടന്നുപോകും.

വേഗത്തിൽ പൂർത്തിയാവുക ശ്രീധരന്റെ ബദൽ

അഞ്ചു വർഷത്തിനകം പദ്ധതി പൂർത്തീകരിച്ച് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് ശ്രീധരൻ പറയുന്നത്. പക്ഷേ, റാപ്പിഡ് റെയിൽ പൂർത്തിയാകാൻ 12 വർഷമെടുക്കും. നാല് ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ നീളുന്ന 284 കിലോമീറ്റർ ട്രാവൻകൂർ ലൈൻ. 2027ൽ നിർമാണം തുടങ്ങി 2033ൽ ഈ പാതയുടെ നിർമാണം പൂർത്തിയാക്കും. രണ്ടാംഘട്ടം തൃശ്ശൂർ മുതൽ കോഴിക്കോട് വരെയുള്ള മലബാർ ലൈൻ. കോഴിക്കോട് മുതൽ കണ്ണൂർ വരെ നീളുന്ന കണ്ണൂർ ലൈനാണ് മൂന്നാം ഘട്ടം. നാലാം ഘട്ടം കണ്ണൂരിൽനിന്ന് നേരേ കാസർകോട്ടേക്ക്. ഇങ്ങനെ നാല് ഘട്ടങ്ങളിലായി പണി പൂർത്തിയാക്കുന്ന റാപ്പിഡ് റെയിൽ 2039ഓടെ പൂർണ സജ്ജമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ശ്രീധരൻ മുന്നോട്ടുവെച്ച പാതയിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ 3 മണിക്കൂറും 15 മിനിറ്റും മതി. ഒരു മണിക്കൂർ 20 മിനിറ്റിൽ തലസ്ഥാനത്തുനിന്ന് കൊച്ചിയിലുമെത്താം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്താൻ രണ്ടര മണിക്കൂറും മതി. ആദ്യഘട്ടത്തിൽ ട്രെയിനിൽ എട്ട് കോച്ചുകളുണ്ടാകും. ഇത് പിന്നീട് 16 വരെയായി വർധിപ്പിക്കാം. എട്ട് കോച്ചുകളിലായി 560 പേർക്ക് സഞ്ചരിക്കാം. കോച്ച് 16 ആയി വർധിക്കുമ്പോൾ യാത്രക്കാരുടെ എണ്ണം 1000 കടക്കും. ഉയർന്ന യാത്രാശേഷി, കുറഞ്ഞ സ്റ്റേഷൻ ഇടവേള എന്നിവയാണ് റാപ്പിഡ് റെയിലിന്റേയും സവിശേഷത. എത്ര സ്റ്റേഷനുകൾ ഉണ്ടാകും എന്നതെല്ലാം കണക്കാക്കിയശേഷമേ റാപ്പിഡ് റെയിലിന്റെ യാത്രാ സമയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളു.

ജനങ്ങൾക്ക് അധികഭൂമി നഷ്ടമാകില്ല

കെ റെയിലിന് ആവശ്യമായിരുന്ന ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ അർധ അതിവേഗ പാതയ്ക്ക് ഏറ്റെടുക്കേണ്ടി വരുവെന്നാണ് ശ്രീധരൻ പറയുന്നത്. 25 മീറ്ററിൽ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. അതിനാൽ ജനങ്ങൾക്ക് അധികഭൂമി നഷ്ടമാകില്ല. ജനങ്ങളുടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല എന്നതിനാൽ തന്നെ പദ്ധതിക്കെതിരായ എതിർസ്വരങ്ങളും കുറയാം. പ്രദേശങ്ങളെ രണ്ടായി കീറിമുറിക്കുന്നതായിരിക്കില്ല പുതിയ പാത. 70 ശതമാനത്തോളം സ്ഥലത്തും തൂണിന് മുകളിലൂടെയാണ് ട്രെയിൻ കടന്നുപോവുക. 20 മുതൽ 25 ശതമാനം ഇടങ്ങളിൽ തുരങ്കത്തിനുള്ളിലൂടെയായിരിക്കും പാത. ഈ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കേണ്ടിയും വരില്ല. അഞ്ചുമുതൽ 10 ശതമാനംവരെ മാത്രമേ സാധാരണ സ്ഥലത്തൂകൂടി പാത കടന്നുപോകുന്നുള്ളൂ.

പാതയുടെ നിർമാണശേഷം കൃഷി ആവശ്യങ്ങൾക്ക് നിബന്ധനകളോടെ ഭൂമി യഥാർഥ ഉടമകൾക്ക് പാട്ടത്തിന് നൽകും. പക്ഷേ പാലത്തിനടിയിൽ നിർമാണങ്ങൾക്കോ വലിയ മരങ്ങൾ നടുന്നതിനോ അനുമതിയുണ്ടാകില്ല. ശ്രീധരന്റെ പദ്ധതിയിലേതിന് സമാനമായി റാപ്പിഡ് റെയിലും ഭൂരിഭാഗം ഇടങ്ങളിലും തൂണിന് മുകളിലൂടെയാണ് കടന്നുപോവുക. ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്‌മെന്റ്, ടണൽ എന്നിവയിലൂടെയും പാത നിർമിക്കും.

പക്ഷേ, റാപ്പിഡ് റെയിലിന്റെ ചെലവ് സംബന്ധിച്ച കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കെ-റെയിലിന് സംസ്ഥാനം ചെലവ് കണക്കാക്കിയിരുന്നത് 64000 കോടിയായിരുന്നു. ശ്രീധരൻ മുന്നോട്ടുവെച്ച റെയിൽപദ്ധതിക്ക് പക്ഷേ, ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവിന്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും 40 ശതമാനം കടമായോ കണ്ടെത്തണം. ഇനി സംസ്ഥാനത്തിന്റെ റെയിൽ പദ്ധതിയിലേക്ക് വന്നാൽ പദ്ധതിച്ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ, 20 ശതമാനം കേന്ദ്രസർക്കാർ, 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് പണം കണ്ടെത്തേണ്ടത്.

ആർക്കായിരിക്കും ആദ്യം കേന്ദ്രാനുമതി?

ഇനിയറിയേണ്ടത് സംസ്ഥാനം മുന്നോട്ടുവെച്ച റാപ്പിഡ് റെയിലിനാണോ അതോ ശ്രീധരന്റെ ബദലിനാണോ കേന്ദ്രം കൈകൊടുക്കുക എന്നതാണ്. പുതിയ പാതയ്ക്കായി പൊന്നാനിയിൽ വസതിയോട് ചേർന്ന് ശ്രീധരൻ ഓഫീസ് വരെ തുറന്നുകഴിഞ്ഞു. സംസ്ഥാനം മുന്നോട്ടുവെച്ച റാപ്പിഡ് റെയിൽ കേരളത്തിൽ ഒരു തരത്തിലും പ്രായോഗമാകില്ലെന്നും ആർആർടിഎസ് ഇവിടെ ഒരു മണ്ടൻ തീരുമാനമാകുമെന്നും അദ്ദേഹം തുറന്നടിച്ചു. ശ്രീധരനും സർക്കാരും തമ്മിൽ തുറന്ന വാക്‌പോരിലേക്കും കാര്യങ്ങൾ നീങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ റെയിൽപ്പാത മുഖ്യപ്രചാരണ വിഷയങ്ങളിലൊന്നാകുമെന്നും ഉറപ്പാണ്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഒരുപക്ഷേ ശ്രീധരന്റെ ബദലിനാണ് കേന്ദ്രം ആദ്യം അനുമതി കൊടുക്കുന്നതെങ്കിൽ അതിനൊപ്പം നിൽക്കുന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ മാറിയാലും അത്ഭുതപ്പെടേണ്ടതില്ല.