പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ സിൽവൽ ലൈനിന് ഒടുവിൽ അകാലചരമം. ചർച്ചകൾക്കും വിവാദങ്ങൾക്കും സമരപരമ്പരകൾക്കും ട്രോളുകൾക്കുമൊടുവിൽ പദ്ധതി പിൻവലിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തീരുമാനിച്ചു. പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കി.
എൽഡിഎഫിന്റെ അഭിമാനപദ്ധതി
കേന്ദ്രസർക്കാരുമായി സഹകരിച്ച് 529.45 കിലോമീറ്റർ ദൂരത്തിൽ നാലുമണിക്കൂറിൽ താഴെ ദൈർഘ്യത്തിൽ യാത്ര ചെയ്യാവുന്ന അർധ- അതിവേഗ പാതയാണ് സർക്കാർ പദ്ധതിയിട്ടത്. ഇതിനെ സിൽവർലൈൻ എന്ന് വിളിച്ചു. തിരുവനന്തപുരത്തേയും കാസർകോടിനേയും ബന്ധിപ്പിച്ച് മണിക്കൂറിൽ 200 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ തെക്ക്- വടക്ക് ഓടും. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകളുണ്ടാവുമെന്നും സർക്കാർ അവകാശപ്പെട്ടു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടി കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെ- റെയിൽ) പദ്ധതി നിർവഹണ ചുമതല. സിൽവർലൈൻ പദ്ധതിയെ മലയാളികൾ കെ- റെയിലെന്ന് വിളിച്ചു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ 'കെ- റെയിൽ വരും കെട്ടോ' എന്ന പ്രസ്താവന അങ്ങനെ ട്രോളായി.
പ്രതിഷേധം, പ്രതിരോധം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ഡിപിആർ തയ്യാറാക്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ടുപോയി. ഇതിന്റെ ഭാഗമായി പഠനങ്ങൾ നടന്നു. 63,000 കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കാമെന്നായിരുന്നു സർക്കാർ വാദം. ചെലവിന്റെ 80% ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ(ജൈക)നിന്ന് വായ്പയായും ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായും പദ്ധതിയിലേക്കെത്തുമെന്നായിരുന്നു ധാരണ. ആദ്യ പിണറായി സർക്കാരിന്റെ കാലത്തുതന്നെ കേന്ദ്രസർക്കാരിന് ഡിപിആർ സമർപ്പിക്കപ്പെട്ടു.
രണ്ടാം പിണറായി സർക്കാരാണ് സിൽവർലൈനിനു വേണ്ടി അതിശക്തമായി രംഗത്തിറങ്ങിയത്. ഡിപിആറിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും പദ്ധതി കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ലെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തെ മതിൽകെട്ടി വിഭജിക്കുമെന്നും 20,000-ത്തിലധികം കുടുംബങ്ങൾ വഴിയാധാരമാവുമെന്നും ആരോപിക്കപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും ഉയർന്നു. പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകി. യാത്രാനിരക്ക് സാധാരണക്കാർക്ക് പ്രാപ്യമാവുന്നതാണോ എന്ന സംശയവും ഉയർന്നു.
ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് സമരപരമ്പരകളുണ്ടായി. കോഴിക്കോട്ട് കാട്ടിലപ്പീടികയിലും കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരങ്ങളും കേരളമാകെ ചർച്ചയായി. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ പലതവണ ആവർത്തിച്ചുപറഞ്ഞു. കെ- റെയിൽ വന്നാൽ പാലക്കാട്ടെ കൂറ്റനാടുനിന്ന് കുടുംബശ്രീ പ്രവർത്തകർക്ക് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിന് മുമ്പ് തിരികെയെത്താൻ കഴിയുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം വലിയ രാഷ്ട്രീയപരിഹാസമായി.
അപാകതകളുള്ള, അപൂർണ്ണമായ ഡിപിആറുമായി ഭൂമിയെടുപ്പിന് സർവേക്കായി കല്ലുകൾ സ്ഥാപിച്ചത് മറ്റൊരു സമരപരമ്പരയ്ക്ക് തുടക്കം കുറിച്ചു. സ്വകാര്യസ്ഥലങ്ങളിൽ കല്ലുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ജനരോഷമുയർന്നു. അടുക്കളപ്പുറത്ത് മഞ്ഞക്കുറ്റി സ്ഥാപിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരേ സമരക്കാർ പ്രതിരോധമുയർത്തി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് നടപടിക്കെതിരേ വൈകാരിക പ്രതികരണങ്ങളുണ്ടായി. സമരക്കാർക്ക് പിന്തുണയുമായി അന്നത്തെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ശക്തമായ ജനരോഷത്തെത്തുടർന്ന് മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നത് സർക്കാർ നിർത്തിവെച്ചു.
ഡിപിആറിലെ സാങ്കേതിക വിവരങ്ങൾ വ്യക്തമല്ലെന്ന് കാണിച്ച് കേന്ദ്രസർക്കാർ അനുമതി നൽകുന്നത് നീട്ടിവെച്ചതാണ് സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായത്. സിൽവർലൈനിൽ കേന്ദ്രത്തിന്റെ നിലപാടുകൾ പലതവണ മാറിമറിഞ്ഞു. ചിലപ്പോൾ അനുകൂലമായി പ്രതികരിച്ച കേന്ദ്രം രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് വാക്കുമാറ്റി പറഞ്ഞു.
മെട്രോമാനും ആർആർടിഎസും
സിൽവർലൈനിന് കേന്ദ്രസർക്കാർ അനുമതി ലഭിക്കില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ആർആർടിഎസു(റിജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം)മായി രംഗത്തെത്തിയത്. ഡൽഹി- മീററ്റ് ആർആർടിഎസ് ഇടനാഴിക്ക് സമാനമായി സിൽവർലൈനിന് പകരം 583 കിലോമീറ്റർ ദൂരത്തിൽ പ്രത്യേക ഇടനാഴി ആയിരുന്നു സർക്കാർ ലക്ഷ്യം. അവസാന ബജറ്റിൽ 100 കോടി രൂപയും പിണറായി സർക്കാർ അനുവദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതിക്ക് കേന്ദ്ര അനുമതി നേടിയെടുക്കാനും ശ്രമമുണ്ടായി.
ഇതിനിടെ, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നുമണിക്കൂർ 20 മിനിറ്റിൽ സഞ്ചരിക്കാവുന്ന പുതിയ അതിവേഗ പാത നിർദേശവുമായി മെട്രോമാൻ ഇ. ശ്രീധരൻ രംഗത്തെത്തി. പദ്ധതി നിർവഹണത്തിനായി ഇ. ശ്രീധരൻ ഓഫീസും തുറന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ച് 56,500 കോടി ചെലവിൽ കേരള ഹൈ- സ്പീഡ് റെയിൽ (കെഎച്ച്എസ്ആർ) എന്ന പേരിലായിരുന്നു പദ്ധതി. സിൽവർലൈനിനേക്കാൾ ചെലവും പാരിസ്ഥിതിക ആഘാതവും കുറവെന്നായിരുന്നു ശ്രീധരന്റെ അവകാശവാദം.
എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഇ. ശ്രീധരന്റെ രംഗപ്രവേശം സംശയത്തോടെയാണ് മലയാളികൾ കണ്ടത്. ബിജെപി നേതാവുകൂടിയായ ശ്രീധരന്റെ പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യം സംശയിക്കപ്പെട്ടു. പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഒളിച്ചുകളി സംശയത്തെ കൂടുതൽ ബലപ്പെടുത്തി.
ആശ്വാസനീക്കം, ഇനി?...
സിൽവർലൈൻ പദ്ധതി പിൻവലിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ സമരസമിതികൾ സ്വാഗതം ചെയ്യുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം. സിൽവർലൈനുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കുറ്റികൾ നീക്കംചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശവും നൽകി.
സിൽവർലൈൻ നടപ്പാക്കില്ലെന്നാണ് യുഡിഎഫ് നിലപാട്. എന്നാൽ, കേരളത്തിന് അതിവേഗ യാത്രാ സംവിധാനം വേണമെന്നതിൽ മുന്നണിക്കോ സർക്കാരിനോ സംശയമില്ല. സമഗ്രമായ ചർച്ചകൾക്കുശേഷം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ജനങ്ങളെ ദുരതത്തിലാക്കാതെയും പുതിയ സംവിധാനം കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്നു സതീശൻ. യുഡിഎഫിന്റെ മനസിലുള്ളതെന്തെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Content Highlights: UDF government officially scraps the K-Rail SilverLine semi-high speed rail project. Land acquisition notifications have been cancelled and yellow survey stones are being removed. Legal cases related to the project protests are set to be withdrawn. The government plans to explore sustainable high-speed transit alternatives without public displacement. The decision follows years of intense public protest and environmental concerns
Published: 20 May 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented