
പിറവിയില്‍ തന്നെ പിളര്‍ന്ന് ബദ്ധവൈരികളായ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. വിഭജനത്തിന്റെ മുറിപ്പാടുകള്‍ മായുംമുമ്പ് തന്നെ പരസ്പരം യുദ്ധത്തിലേര്‍പ്പെട്ട ചരിത്രമുള്ള രാജ്യങ്ങള്‍. ഒരേ പാരമ്പര്യവും വംശചരിത്രവുമുള്ള ജനത വിഭജനത്തിന് പിന്നാലെ എക്കാലത്തെയും ബദ്ധവൈരികളായി മാറി. ഇതിന് പിന്നില്‍ കശ്മീരെന്ന ഒറ്റക്കാരണവും. വിഭജനത്തിന് പിന്നാലെ കശ്മീരിനെ സ്വന്തമാക്കാനാഗ്രഹിച്ച പാകിസ്താന്‍ നടത്തിയ ശ്രമങ്ങളാണ് പില്‍ക്കാലത്ത് ഇന്ത്യാ- പാകിസ്താന്‍ ബന്ധത്തെ നിര്‍ണയിച്ചത്. ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയുടെ പ്രധാനകാരണവും കശ്മീരുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ പേരില്‍ മൂന്ന് യുദ്ധങ്ങളാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയത്. മൂന്നിലും പരാജയം സംഭവിച്ചിട്ടും ഇന്ത്യയോടുള്ള വൈര്യം മറക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടുമില്ല.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റവും അടുത്ത കാലത്ത് നടന്ന യുദ്ധമാണ് കാര്‍ഗിലില്‍ നടന്നത്. 1999 മെയ് മുതല്‍ ജൂലൈ വരെ മൂന്ന് മാസത്തോളം നീണ്ട സായുധ സംഘര്‍ഷം ദക്ഷിണേഷ്യയില്‍ ഇന്ത്യ മേധാവിത്വ ശക്തിയായി ഉയര്‍ന്നുവരുന്നതിന് കാരണമായി. അന്താരാഷ്ട്രതലത്തില്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഇക്കാലത്ത് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി. ലോകത്ത് ആണവായുധ ശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ ആദ്യമായി സൈനികമായി നേരിട്ട് ഏറ്റുമുട്ടിയ സംഭവമാണ് കാര്‍ഗിലില്‍ നടന്നത്. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ശ്രമങ്ങള്‍ നടക്കവെ അതിന് തുരങ്കം വെയ്ക്കുകയായിരുന്നു പാക് സൈനിക നേതൃത്വം. നമുക്ക് അതിന്റെ പിന്നാമ്പുറകഥകളിലേക്ക് പോകാം.
മുഷറഫിന്റെ ചതി, ഓപ്പറേഷന്‍ ബാദര്‍
കാര്‍ഗില്‍ യുദ്ധത്തിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനം കശ്മീരായിരുന്നുവെങ്കിലും അതിന് 1971ലെ ഇന്ത്യാ- പാക് യുദ്ധവും ഇന്ത്യയുടെ ആണവപരീഷണവുമായൊക്കെ ബന്ധമുണ്ട്. 1971 ലെ യുദ്ധപരാജയം മുറിപ്പാടായി പാകിസ്താന്റെ മനസില്‍ കിടക്കുന്ന സമയത്താണ് ഇന്ത്യ 1974 ല്‍ ആണവപരീക്ഷണം നടത്തുന്നത്. ഇതോടെ യുദ്ധം മൂലം തകര്‍ന്ന സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാന്‍ ശ്രമിച്ച് മുന്നോട്ടുപോകുന്നതിനിടെ പാകിസ്താനും ആണവായുധം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു.
കാര്യങ്ങള്‍ അത്ര ഊഷ്മളമല്ലായിരുന്നുവെങ്കിലും ഇന്ത്യാ- പാകിസ്താന്‍ ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു തുടര്‍ക്കഥയായി. എന്നാല്‍ 1990 മുതല്‍ ഇന്ത്യാ പാകിസ്താന്‍ ബന്ധം മോശമായിത്തുടങ്ങി. നിയന്ത്രണരേഖയില്‍കൂടി നുഴഞ്ഞുകയറി വരുന്ന പാക് ഭീകരര്‍ കശ്മീരില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ വാരിവിതറി. കശ്മീര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായി വളര്‍ന്നു. സുരക്ഷാ സംഘങ്ങളുമായി ഭീകരര്‍ ഏറ്റുമുട്ടുന്നതിന് പുറമെ താഴ്വരയിലെ യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ തിരിക്കാനും ഭീകരവാദികള്‍ക്ക് സാധിച്ചു. ഈ സമയത്ത് ഇന്ത്യയില്‍ രാഷ്ട്രീയമായ അസ്ഥിരത നിലനിന്നത് പാകിസ്താന് അനുകൂല ഘടകമായി. ഇതിനിടെ 1998ലെ ആണവ പരീക്ഷണത്തോടെ ഇന്ത്യ ആണവായുധശക്തി ആര്‍ജ്ജിച്ചുകഴിഞ്ഞുവെന്ന് പാകിസ്താന് വ്യക്തമായി. എന്നാല്‍ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ 1999 ഫെബ്രുവരിയില്‍ വാഗാ അതിര്‍ത്തിയില്‍ നിന്ന് ലാഹോറിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയത് ചരിത്രസംഭവമായി മാറി. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും, ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും തമ്മില്‍ ആണവ നിയന്ത്രണ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തു.

ലാഹോര്‍ ഉടമ്പടിയിലൂടെ കശ്മീരിലെ വിദേശ ഇടപെടലുകള്‍ കുറയുമെന്ന് കരുതിയ ഇന്ത്യയ്ക്ക് പക്ഷെ തെറ്റി. ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പിരിച്ചെടുക്കാനുള്ള പദ്ധതി പാക് പട്ടാള മേധാവി ആയിരുന്ന പര്‍വേസ് മുഷറഫ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഈ സമയം. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള കാര്‍ഗില്‍ പിടിച്ചെടുത്ത് ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങള്‍ ഇന്ത്യ തിരിച്ചറിയാതെ പോയി. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യന്‍ പട്ടാളത്തെ സിയാച്ചിനില്‍ നിന്ന് പിന്‍വലിക്കുവാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനു സമ്മതിപ്പിക്കാം എന്നും മുഷ്റഫ് കണക്കുകൂട്ടി. അങ്ങനെ ഓപ്പറേഷന്‍ ബാദര്‍ എന്ന പദ്ധതി തയ്യാറായി.
വിഭജനത്തിന് മുമ്പ് ഗില്‍ജിത്-ബാള്‍ട്ടിസ്താന്റെ ഭാഗമായിരുന്നു കാര്‍ഗില്‍. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെ ഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി. 1971-ലെ ഇന്ത്യാ പാകിസ്താന്‍ യുദ്ധം അവശേഷിക്കുന്ന തന്ത്രപ്രധാനമായ മിലിട്ടറി പോസ്റ്റുകള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി. പാകിസ്താനുമേലുള്ള ഇന്ത്യയുടെ മേല്‍ക്കൈ ഇല്ലാതാക്കാനാണ് മുഷറഫ് പദ്ധതി തയ്യാറാക്കിയത്. കശ്മീരിന്റെ പേരിലുള്ള ഏതൊരു പ്രശ്‌നവും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ഇടയാകുമെന്നു കണക്കൂട്ടിയാണ് മുഷ്റഫ് ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം നടത്തിയത്.
സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശമായതിനാല്‍ തന്നെ അതികഠിനമായ തണുപ്പുമൂലം ഇരു രാജ്യങ്ങളും കാര്‍ഗിലിലെ നിയന്ത്രണ രേഖയോടു ചേര്‍ന്ന സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മിലിട്ടറി പോസ്റ്റുകള്‍ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയില്‍ തിരിച്ചെത്തുകയും പതിവായിരുന്നു. എന്നാല്‍ 1999-ല്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ പാക് സൈന്യം സേനാതാവളങ്ങളിലെത്തി. മേയ് മാസത്തിന്റെ തുടക്കത്തോടെ ഇന്ത്യന്‍ സൈനികര്‍ പിന്‍മാറിയ മിലിട്ടറി പോസ്റ്റുകള്‍ ആയാസഹരിതമായി അവര്‍ കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഭീകരവാദികളെയുള്‍പ്പെടെ ഉപയോഗിച്ചുള്ള സൈനിക നീക്കമാണ് പാകിസ്താന്‍ നടത്തിയത്. സ്‌പെഷ്യല്‍ സെര്‍വീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ട്രി ബറ്റാലിയനുകളും കശ്മീര്‍ വിഘടനവാദികള്‍, അഫ്ഗാനിസ്താനില്‍ നിന്ന് കൂലിക്കെടുത്ത പോരാളികള്‍ എന്നിവരെയൊക്കെ ഉപയോഗിച്ചാണ് പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയത്. ഈ സമയത്ത് ഇന്ത്യയുടെ ശ്രദ്ധതിരിക്കാന്‍ പാകിസ്താന്‍ നിയന്ത്രണരേഖയിലുടനീളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പീരങ്കി ഉപയോഗിച്ചുള്ള ആക്രമണം കടുത്തപ്പോള്‍ ഇന്ത്യയും തിരിച്ചടിച്ചു. പ്രതീക്ഷിച്ചതുപോലെ ഇന്ത്യന്‍ സൈന്യം കാര്‍ഗിലിലെ നുഴഞ്ഞുകയറ്റം അറിയാതെ പോയി.
ഒപ്പറേഷന്‍ വിജയ്, പാകിസ്താന്റെ നാണംകെട്ട പരാജയം
മേയ് മാസത്തില്‍ ഈ പ്രദേശങ്ങളില്‍ ആടുകളെ മേച്ചിരുന്ന ആട്ടിടയന്മാരാണ് ഇവിടെ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തെ അറിയിക്കുന്നത്. തുടര്‍ന്ന് മേയ് അഞ്ചിന് സൈന്യം ഇവിടേക്ക് നിരീക്ഷണ സംഘത്തെ അയച്ചു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ നുഴഞ്ഞുകയറ്റക്കാരുടെ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതോടെ സ്ഥിതി ഗുരുതരമാണെന്ന് സൈന്യത്തിന് ബോധ്യപ്പെട്ടു. ആദ്യത്തെ സംഘത്തെപ്പറ്റി വിവരമില്ലാതെ വന്നതോടെ അയച്ച രണ്ടാമത്തെ പട്രോള്‍ സംഘത്തിലെ ഓഫീസറാണ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കിയത്. ഇവര്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ പ്രശ്‌നത്തിന്റെ ഗൗരവം സൈന്യത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയിലായിരുന്നു സൈന്യം. ആദ്യമൊക്കെ ഇത് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റമാണെന്ന് കരുതിയ ഇന്ത്യന്‍ സൈന്യത്തിന് തെറ്റി. കാര്‍ഗിലിലെ ദ്രാസ്, കക്‌സര്‍ തുടങ്ങിയ മേഖലകളിലും നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പെട്ടതോടെ കരസേന ചതി മണത്തു. ഭീകരവാദികളെ തുരത്താന്‍ സൈന്യം നടപടി തുടങ്ങിയപ്പോഴാണ് ഇതിനെല്ലാം പിന്നില്‍ പാക് സൈന്യമാണെന്ന് തിരിച്ചറിയുന്നത്. ഇന്ത്യ സൈനിക നീക്കത്തിലൂടെ ഇവരെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്തു. അങ്ങനെ നിയന്ത്രണ രേഖ മറികടക്കാതെ നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നടപടി പ്രഖ്യാപിച്ചു. നിയന്ത്രണരേഖ മറികടക്കുന്നത് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയാക്കുമെന്ന് കരുതിയാണ് ഈ രീതി സ്വീകരിച്ചത്.

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം തടയാന്‍ വ്യാപകമായ ഷെല്ലിങ്ങാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം നുഴഞ്ഞുകയറ്റക്കാര്‍ക്ക് അനുകൂലമായിരുന്നു സാഹചര്യങ്ങള്‍. ഇവരെ ഒഴിപ്പിക്കാന്‍ ചിറിപ്പായുന്ന വെടിയുണ്ടകളെയും പീരങ്കി ഷെല്ലുകളെയും അതിജീവിച്ച് ധീരോധാത്തമായ പോരാട്ടമാണ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മെയ് 26 ആയപ്പോഴേക്കും വ്യോമസേനയും സൈനിക ദൗത്യത്തില്‍ പങ്കാളിയായി. എന്നാല്‍ അന്ന് വ്യോമസേനയുടെ പക്കലുള്ള മിഗ് വിമാനങ്ങള്‍ക്ക് കാര്‍ഗില്‍ പോലെ ഉയരമുള്ള പ്രദേശങ്ങളില്‍ ഫലപ്രദമായി ആക്രമണം നടത്താനായില്ല. മാത്രമല്ല യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിടുകയും ചെയ്തു. ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താന്‍ പിടികൂടുകയും ചെയ്തു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. നുഴഞ്ഞുകയറ്റക്കാര്‍ തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നതിന് പുറമെ മോര്‍ട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതോടെ പിന്നില്‍ പാക് സൈന്യമുണ്ടെന്ന് ഉറപ്പായി.
ഉയരം കൂടിയ പ്രദേശങ്ങളായതിനാല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചരക്കുകള്‍ എത്തിക്കുക എന്നത് ചിന്തിക്കാന്‍പോലുമാകില്ല. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാന്‍ ദേശീയ പാത ഒന്ന് ഉപയോഗിക്കണം. എന്നാല്‍ ഈ പാതയാകട്ടെ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണ പരിധിയിലും. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയില്‍ ഇന്ത്യന്‍ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി സൈനികരെയും ആയുധങ്ങളെയും എത്തിക്കാനാകാതെ ഇന്ത്യ വലഞ്ഞു. തിരിച്ചടി ഭയന്ന് നില്‍ക്കവേ മിഗ് വിമാനങ്ങളെ പിന്‍വലിച്ച് ഇസ്രായേല്‍ നിര്‍ദ്ദേശപ്രകാരം ഇന്ത്യ മിറാഷ് വിമാനങ്ങള്‍ ഉപയോഗിക്കുകയും ഇസ്രായാല്‍ സഹായത്തോടെ സ്വന്തമാക്കിയ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വ്യോമസേന പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഭീകരവാദി കേന്ദ്രങ്ങളുടെ കൃത്യമായ പൊസിഷനുകള്‍ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കി ഇസ്രായേല്‍ ഇന്ത്യയെ കൂടുതല്‍ സഹായിച്ചു. പിന്നാലെ ഉയരമുള്ള കാര്‍ഗിലിലെ മലനിരകളിലേക്ക് ഇന്ത്യ പീരങ്കിയാക്രമണം തുടങ്ങി. 1999 ജൂണ്‍ ആറിന് സൈന്യം കാര്‍ഗിലില്‍ രൂക്ഷമായ പ്രത്യാക്രമണം തുടങ്ങി. നാലുദിവസം കൊണ്ട് തന്ത്രപ്രധാനമായ ബതാലിക് സെക്ടറിലെ രണ്ട് കേന്ദ്രങ്ങള്‍ സേന തിരികെ പിടിച്ചു.
ഇതിനിടെ ജൂണ്‍ 11ന് സൈന്യം ദ്രാസിലെ ടോലോലിങ് കുന്നുകള്‍ പാകിസ്താനില്‍ നിന്ന് തിരികെ പിടിച്ചു. അടുത്തത് ടൈഗര്‍ ഹില്‍ തിരികെ പിടിക്കലായിരുന്നു. ഈ മലമുകളില്‍ നിന്ന് ദേശീയപാത ആക്രമിക്കാന്‍ എളുപ്പമായിരുന്നു. ഇന്ത്യയുടെ സൈനിക നീക്കം വിജയിക്കാന്‍ ഈ സ്ഥലം പിടിച്ചെടുക്കുക എന്നത് തന്ത്രപ്രധാനവും. അതിരൂക്ഷമായ പോരാട്ടമാണ് ഇവിടെ നടന്നത്. 18ആം ഗ്രനേഡിയറിനായിരുന്നു ടൈഗര്‍ഹില്‍ തിരികെ പിടിക്കാന്‍ ഇറങ്ങിയത്. അതിലെ ഗ്രനേഡിയറായിരുന്ന യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് പാകിസ്താന്റെ മിലിട്ടറി പോസ്റ്റുകള്‍ പിടിച്ചെടുത്തത്. മാരകമായി മുറിവേറ്റിട്ടും യുദ്ധസമയത്ത് കാണിച്ച ധീരതയ്ക്ക് അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു. ഇതേപോലെ പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാന്‍ നടത്തിയ പോരാട്ടവും സമാനതകളില്ലാത്തതായിരുന്നു. ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സംഘമാണ് ഈ സ്ഥലം തിരികെ പിടിക്കാന്‍ നിയോഗിക്കപ്പെട്ടത്. പോരാട്ടത്തില്‍ മാരകമായി മുറിവേറ്റിട്ടും പതറാതെ അദ്ദേഹം സേനയെ മുന്നില്‍ നിന്ന് നയിച്ചു. യുദ്ധഭൂമിയിലെ അസാമാന്യ ധൈര്യത്തിന്റെ പേരില്‍ അദ്ദേഹത്തെ സൈനികര്‍ പിന്നീട് ഷേര്‍ഷ എന്ന് ബഹുമാനത്തോടെ വിളിച്ചു.

പോയിന്റ് 5140 തിരികെ പിടിച്ചതോടെ തുടര്‍ച്ചയായ വിജയങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം നേടി. എന്നാല്‍ പോയിന്റ് 4875 തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ ശത്രുക്കളുടെ വെടിയേറ്റ് അദ്ദേഹം രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചു. പാക് സൈന്യത്തിനെ ഭയപ്പെടുത്തി, വീരസ്വര്‍ഗം പൂല്‍കിയ ഷേര്‍ഷ എന്ന വിക്രം ബത്രയ്ക്ക് അന്ന് പ്രായം വെറും 24 ആയിരുന്നു. ഒന്നുകില്‍ ഞാന്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയിട്ടു തിരിച്ചുവരും അല്ലെങ്കില്‍ അതു പുതച്ച്, തിരികെവരും. ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയില്‍ സൈനികര്‍ക്ക് ആത്മവീര്യം നല്‍കാനായി പറഞ്ഞിരുന്നത്. ധീരസൈനികന് മരണാനന്തര ബഹുമതിയായി രാജ്യം പരംവീര ചക്ര നല്‍കി ആദരിച്ചു.
'Either I will come back after hoisting the Tricolor, or I will come back wrapped in it, but I will be back for sure.' - Captain Vikram Batra of Kargil war-
തന്ത്രപ്രധാനമായ ദേശീയപാത ഒന്നിന്റെ സുരക്ഷ ഉറപ്പുവരുത്താനായതോടെ പിന്നീട് നീക്കങ്ങള്‍ വളരെ വേഗം മുന്നോട്ടുപോയി. കൂടുതല്‍ സൈനികരെ ഇന്ത്യ കാര്‍ഗിലില്‍ എത്തിച്ചു. ഈ സമയത്ത് പാക് സൈനിക മേധാവി മുഷറഫ് ചൈനയിലേക്ക് പറന്നു. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് ചൈനീസ് പിന്തുണ തേടിയായിരുന്നു യാത്ര. എന്നാല്‍ ഇത് വേണ്ടവിധത്തില്‍ വിജയിച്ചില്ല. എന്നാല്‍ പാക് സൈനിക മേധാവിയുടെ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ സൈന്യം കാര്‍ഗിലിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന് തെളിയിക്കാന്‍ അത് പുറത്തുവിട്ടു. എല്ലാത്തിനും കാരണം പാകിസ്താനാണെന്ന് ഇന്ത്യ സ്ഥാപിച്ചതോടെ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്‌ക്കൊപ്പം നിലകൊണ്ടു. സഖ്യകക്ഷിയായിരുന്നിട്ടും കാര്‍ഗിലില്‍ നിന്ന് പിന്മാറാന്‍ ചൈന ഉപദേശിച്ചു. ഇന്ത്യ നടത്തിയ സമാധാന ശ്രമങ്ങളെ പാകിസ്താന്‍ ഇല്ലാതാക്കിയെന്ന് അമേരിക്ക നിലപാടെടുത്തു. വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി8 ഇന്ത്യയെ പിന്തുണച്ചു. ഇതോടെ പാകിസ്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടു. ഇതേസമയം ഇന്ത്യന്‍ നാവികസേന പാകിസ്താന്‍ തുറമുഖങ്ങളെ ഉപരോധിച്ചു. ഇതോടെ ലോകം രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള സമ്പൂര്‍ണ യുദ്ധം നടക്കുമെന്ന് ഭയപ്പെട്ടു. സമ്പൂര്‍ണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാല്‍ പാകിസ്താന് ആറു ദിവസം പിടിച്ചു നില്‍ക്കാനുള്ള ഇന്ധനം മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളു.
രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം കേന്ദ്രങ്ങളും തിരിച്ചു പിടിക്കാനായി. ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% വും ഇന്ത്യ തിരികെപ്പിടിച്ചു. ഇന്ത്യയ്ക്ക് വിജയം സുനിശ്ചിതമായപ്പോഴേക്കും ആണവാക്രമണം നടത്താന്‍ അന്നത്തെ സൈനിക മേധാവി ആയിരുന്ന മുഷറഫ് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപ്പോഴേക്കും അമേരിക്ക പാകിസ്താനെ പൂര്‍ണമായും കൈവിട്ടതോടെ കാര്‍ഗിലില്‍ നിന്ന് പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരായി. പോരാട്ടത്തില്‍ പാകിസ്താനൊപ്പം ചേര്‍ന്ന ഭീകരവാദികള്‍ പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ സൈനിക നീക്കത്തിലൂടെ അവരെ നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് തുരത്തി. 1999 ജൂലൈ 26ന് കാര്‍ഗിലിലെ എല്ലാ കേന്ദ്രങ്ങളും തിരികെ പിടിച്ച് ഇന്ത്യ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ചു.

യുദ്ധാനന്തരം
യുദ്ധത്തിനു ശേഷം ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി. ഈ സന്ദര്‍ഭത്തില്‍, പ്രതിരോധ ഇടപാട് കുംഭകോണം, ശവപ്പെട്ടി കുംഭകോണം ചില അപവാദങ്ങളും ഉയര്‍ന്നു വന്നു. നുഴഞ്ഞുകയറ്റം മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കാതെ പോയ റോ പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകള്‍ക്കെതിരേയും കടുത്ത വിമര്‍ശനമുയര്‍ന്നു. യുദ്ധവിജയം അന്നത്തെ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയനേട്ടമുണ്ടാക്കി കൊടുത്തു. ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ഇന്ത്യ- അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക് വളര്‍ന്നു. ഇസ്രായേല്‍- ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമായി. അതേസമയം അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. കൊല്ലപ്പെട്ട സൈനികരെ അംഗീകരിക്കാനും ആദരിക്കാനും തയ്യാറാകാതെ വന്നതോടെ സൈനികരുടെ ആത്മവീര്യം തകര്‍ന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിന്മാറിയത് സൈനികര്‍ക്കിടയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അമര്‍ഷം ജനിപ്പിച്ചു. അത് പിന്നീട് പാകിസ്താനില്‍ പട്ടാള അട്ടിമറിയിലേക്കാണ് ഇത് വഴിതെളിയിച്ചത്. കാര്‍ഗിലിലെ നീക്കം താന്‍ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് നവാസ് ഷെരീഫ് കൈകഴുകിയത് മുഷറഫിനെ ചൊടിപ്പിച്ചിരുന്നു. മുഷറഫിനെ സൈനിക വിചാരണ ചെയ്യാനുള്ള പദ്ധതി പാക് സര്‍ക്കാര്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് അട്ടിമറി നടന്നത്.
ഇന്ത്യയില്‍ ജനങ്ങളുടെ ദേശസ്‌നേഹം വര്‍ധിക്കാന്‍ കാര്‍ഗില്‍ പോരാട്ടം ഇടയാക്കി. 527 സൈനികരാണ് രാജ്യത്തിന് വേണ്ടി കാര്‍ഗിലില്‍ ജീവത്യാഗം ചെയ്തത്. 1363 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്റെ ഭാഗത്ത് 453 സൈനികരാണ് കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം തെളിയിക്കുന്ന യുദ്ധമായിരുന്നു കാര്‍ഗിലില്‍ നടന്നത്. മേജര്‍ രാജേഷ് അധികാരി, മേജര്‍ വിവേക് ഗുപ്ത, ഹവില്‍ദാര്‍ ദിഗേന്ദ്രകുമാര്‍ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ചു. കേണല്‍ ബല്‍വന്‍ സിങ്, കേണല്‍ രവീന്ദ്രനാഥ്, ക്യാപ്റ്റന്‍ വിജയന്ത് ഥാപുര്‍, റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍, മേജര്‍ രാജേഷ് സിങ് അധികാരി, ക്യാപ്റ്റന്‍ സൗരഭ് കാലിയ അങ്ങനെ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യത്തിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഇതേപോലൊരു പോരാട്ടം 1962ലും നടന്നിരുന്നു. അധികമാര്‍ക്കുമറിയാത്ത ധീരോധാത്തമായ ആ പോരാട്ടത്തിന്റെ കഥ അടുത്ത തവണ പറയാം.
Content Highlights: The 1999 Kargil War: India`s valiant fight against Pakistan`s infiltration
Published: 10 Feb 2025, 06:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented