വാർത്താ ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകൾ കാണുമ്പോൾ നമുക്ക് പലപ്പോഴും തോന്നിയിട്ടില്ലേ, ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്? അമേരിക്കൻ സൈന്യം വെനസ്വേലയിൽ നടത്തിയ മിന്നൽ നീക്കങ്ങളും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അപ്രതീക്ഷിത അറസ്റ്റും ലോകത്തെ ഞെട്ടിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ തീ പടർത്തുന്നത് 2019-ൽ പുറത്തിറങ്ങിയ 'ടോം ക്ലാൻസിസ് ജാക്ക് റയാൻ' എന്ന സീരീസിലെ ഒരു രംഗമാണ്.

To advertise here,

ആറ് വർഷം മുൻപ് ആമസോൺ പ്രൈമിൽ പുറത്തുവന്ന സീരീസിലെ ഒരു രംഗത്തിൽ, ജോൺ ക്രാസിൻസ്കി അവതരിപ്പിക്കുന്ന ജാക്ക് റയാൻ എന്ന സി.ഐ.എ അനലിസ്റ്റ് വെനസ്വേലയെ ലോകത്തിലെ ഏറ്റവും വലിയ ഭീഷണിയായി വിശേഷിപ്പിക്കുന്നുണ്ട്. വെനസ്വേലയുടെ സ്വർണ്ണശേഖരത്തെക്കുറിച്ചും എണ്ണനിക്ഷേപത്തെക്കുറിച്ചും റയാൻ അന്ന് നൽകിയ മുന്നറിയിപ്പുകൾ ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി അതിശയിപ്പിക്കുന്ന വിധം ഒത്തുപോകുന്നു. 'ദി സിംപ്സൺസ്' എന്ന കാർട്ടൂൺ പരമ്പര ഭാവി പ്രവചിക്കുന്നതുപോലെ, ജാക്ക് റയാനും ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ മുൻകൂട്ടി കണ്ടോ എന്ന ചർച്ചയിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

പ്രശസ്ത എഴുത്തുകാരൻ ടോം ക്ലാൻസിയുടെ 'റയാൻവേഴ്സ്' (Ryanverse) എന്ന നോവൽ സീരീസിനെ ആസ്പദമാക്കി ഒരുക്കിയ ഒരു പൊളിറ്റിക്കൽ സ്പൈ ത്രില്ലറാണ് ജാക്ക് റയാൻ. ജോൺ ക്രാസിൻസ്കി അവതരിപ്പിക്കുന്ന ജാക്ക് റയാൻ എന്ന കഥാപാത്രം സാധാരണ കണ്ടുപരിചയിച്ച ഹീറോ ക്യാരക്ടറുകൾ പോലെയല്ല. മറിച്ച് അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഫീൽഡിലേക്ക് ഇറങ്ങേണ്ടി വരുന്ന ഒരു സി.ഐ.എ അനലിസ്റ്റാണ്. ഹാരിസൺ ഫോർഡ് മുൻപ് സിനിമകളിൽ അവതരിപ്പിച്ച ജാക്ക് റയാന്റെ അതേ രീതികൾ ഈ കഥാപാത്രത്തിലും കാണാം.

നാല് സീസണുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സീരീസിന്റെ ഓരോ സീസണുകളിലും വ്യത്യസ്ഥമായ സാഹചര്യങ്ങളാണ് ജാക്ക് നേരിടുന്നത്.

തീവ്രവാദത്തിന് പിന്നാലെയുള്ള ആദ്യ സീസൺ

സി.ഐ.എയിലെ താരതമ്യേന താഴ്ന്ന തസ്തികയിലുള്ള അനലിസ്റ്റായ ജാക്ക്, സംശയാസ്പദമായ ചില ബാങ്ക് ഇടപാടുകൾ കണ്ടെത്തുന്നു. ഇത് യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുലൈമാൻ എന്ന ഭീകരവാദ നേതാവിലേക്കാണ് അവനെ എത്തിക്കുന്നത്. ഡെസ്ക് ജോലിയിൽ നിന്നും ആക്ഷൻ രംഗങ്ങളിലേക്കുള്ള ജാക്കിന്റെ മാറ്റമാണ് ആദ്യ സീസൺ പറയുന്നത്.

വെനസ്വേലയിലെ രാഷ്ട്രീയ യുദ്ധം കാണിക്കുന്ന രണ്ടാം സീസൺ

ഇപ്പോൾ വൈറലായിരിക്കുന്ന ക്ലിപ്പ് ഈ സീസണിലേതാണ്. വെനസ്വേലയിലെ അഴിമതി നിറഞ്ഞ ഭരണകൂടവും അവിടുത്തെ രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന്റെ പ്രമേയം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ-സ്വർണ്ണ ശേഖരമുള്ള വെനസ്വേല എങ്ങനെ അമേരിക്കയ്ക്ക് ഭീഷണിയാകുന്നു എന്ന് ഇതിൽ വിശദീകരിക്കുന്നു.

റഷ്യൻ ഗൂഢാലോചനകൾ കാണിക്കുന്ന മൂന്നാം സീസൺ

പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു സംഘം ചെക്ക് റിപ്പബ്ലിക്കിൽ ആണവായുധം പ്രയോഗിക്കാൻ ശ്രമിക്കുന്നതും അത് ജാക്ക് തടയുന്നതുമാണ് മൂന്നാം സീസണിലെ കഥ.

ആഭ്യന്തര അഴിമതികൾ തുറന്നുകാട്ടുന്ന നാലാം സീസൺ

സി.ഐ.എയുടെ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടറായി ജാക്ക് മാറുന്നതും ഏജൻസിക്കുള്ളിലെ അഴിമതിയും മയക്കുമരുന്ന് മാഫിയയും തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുമാണ് സീരീസിന്റെ അവസാന സീസൺ ചർച്ച ചെയ്യുന്നത്.

വൈറലായ വെനസ്വേല ക്ലിപ്പും യാഥാർഥ്യവും

സീരീസിലെ രണ്ടാമത്തെ സീസണിൽ, വെനസ്വേലയെ റഷ്യയേക്കാളും ചൈനയേക്കാളും വലിയ ഭീഷണിയായി ജാക്ക് റയാൻ വിശേഷിപ്പിക്കുന്നുണ്ട്. വെനസ്വേലയിലെ എണ്ണ നിക്ഷേപം സൗദി അറേബ്യയേക്കാൾ കൂടുതലാണെന്നും അവിടുത്തെ സ്വർണ്ണ ശേഖരം ആഫ്രിക്കയിലെ എല്ലാ ഖനികളേക്കാളും വലുതാണെന്നും അദ്ദേഹം ഈ രംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വെനസ്വേലയിൽ നിന്നുള്ള ആണവ മിസൈലുകൾക്ക് വെറും 30 മിനിറ്റിനുള്ളിൽ അമേരിക്കയിൽ എത്താൻ കഴിയുമെന്നും ഈ സീരീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

യഥാർത്ഥ ജീവിതത്തിൽ പ്രസിഡന്റ് മഡുറോ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായപ്പോൾ, സീരീസിൽ ജാക്ക് റയാനും സംഘവും ഹെലികോപ്റ്ററിൽ കൊട്ടാരത്തിൽ ഇറങ്ങി അഴിമതിക്കാരനായ പ്രസിഡന്റിനെ പുറത്താക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.

കോ-ക്രിയേറ്ററുടെ പ്രതികരണം

ജാക്ക് റയാനിലെ ആ രംഗം ഒരു പ്രവചനമായിരുന്നില്ല, മറിച്ച് ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ (geopolitical dynamics) അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു കഥ മാത്രമായിരുന്നു എന്നാണ് ഈ രംഗം വൈറലായതിനെത്തുടർന്ന് സീരീസിന്റെ കോ-ക്രിയേറ്റർ കാൾട്ടൺ ക്യൂസ് പ്രതികരിച്ചത്. എന്നിരുന്നാലും യാഥാർത്ഥ്യം ഫിക്ഷനോട് ഇത്രത്തോളം ചേർന്നു നിൽക്കുന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.

മികച്ച ആക്ഷൻ രംഗങ്ങളും ആഴത്തിലുള്ള തിരക്കഥയും ജാക്ക് റയാനെ മറ്റ് സ്പൈ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു പ്രൊപ്പഗണ്ടയായി ചിലർ ഇതിനെ വിമർശിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ഈ സീരീസ് സഹായിക്കും.