മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ പതിവുപോലെ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ഒന്നിച്ചിറങ്ങി. ഇന്നിങ്‌സ് ഓപ്പൺ ചെയ്തു. ഇന്ത്യയുടെ നീലക്കുപ്പായത്തിലല്ല, രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി. സമീപകാലത്ത് ടെസ്റ്റിൽ ഇന്ത്യക്കായി ദയനീയ പ്രകടനം കാഴ്ചവെക്കുന്ന നായകൻ മുംബൈയിലും പതിവുതെറ്റിച്ചില്ല. ആദ്യ ഇന്നിങ്സിൽ വെറും മൂന്ന് റൺസ് മാത്രമെടുത്ത് കൂടാരം കയറി. മത്സരം തുടങ്ങി വെറും മുപ്പത് മിനിറ്റിനുള്ളിൽ ഇന്ത്യയുടെ ഓപ്പണേഴ്‌സ് മടങ്ങി. പിന്നാലെ ജമ്മുവിനെതിരേ ഞെട്ടിക്കുന്ന തോൽവിയും. ഫോം വീണ്ടെടുക്കാനാവാതെ ഉഴറുന്ന ഈ താരങ്ങളെ കാണുമ്പോൾ അഭിമന്യു ഈശ്വരനേയും കരുൺ നായരെയും സർഫറാസ് ഖാനെയും പ്രിയങ്ക് പഞ്ചാലിനെയുമൊക്കെ ഓർമ വരും. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും അവർ താണ്ടിയ റൺമലകളെയോർക്കും. ഇന്ത്യൻ ടീമിലേക്കുള്ള നീണ്ട കാത്തിരിപ്പുകൾ, അവഗണനകൾ. ഇനിയും എന്തിനാണ് പുറത്തുനിർത്തുന്നതെന്ന ചോദ്യം ഒരുപക്ഷേ അവർ നേരിട്ട സകലമാന ബൗൺസറുകളേക്കാളും മാരകമായിട്ടാണുയരുന്നത്.  

To advertise here,

ഓസീസ് മണ്ണിൽ തകർന്നടിഞ്ഞ് രോഹിത്തും കോലിയും മടങ്ങുന്നതിനെക്കാൾ നിരാശ തോന്നി അഭിമന്യു ഈശ്വരൻ എന്ന 29-കാരനെ അന്ന്മൈതാനത്ത് കണ്ടപ്പോൾ. മെൽബണിൽ സെഞ്ചുറി നേടിയ നിതീഷ് റെഡ്ഡിയെ അഭിനന്ദിക്കാനെത്തിയതായിരുന്നു അഭിമന്യു. ബോർഡർ ഗാവസ്‌കർ പരമ്പരയിൽ ടീമിലെടുത്തിട്ടും അദ്യ പതിനൊന്നിൽ അഭിമന്യുവിനെ പരിഗണിച്ചിതേയില്ല. ഓസീസിനൊപ്പം ഇന്ത്യ തകർന്നടിഞ്ഞുകൊണ്ടിരിക്കുമ്പോഴും അയാൾക്കായി ഒരാളും ശബ്ദമുയർത്തിയില്ല. ടീമിൽ ഇടം പിടിച്ച സർഫറാസ് ഖാന്റെ അവസ്ഥയും സമാനം. കരുൺ നായരും പ്രിയങ്ക് പഞ്ചാലും പുറത്തുതന്നെ നിൽപ്പുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഫോം വീണ്ടെടുക്കാൻ സീനിയർ താരങ്ങളെ പറഞ്ഞയക്കുമ്പോൾ അവിടെ കളിച്ചുപയറ്റിതെളിഞ്ഞവരെ പാടെ വിസ്മരിക്കുന്നു. 

അഭിമന്യു ഈശ്വരൻ എന്ന യുപിക്കാരൻ ഇന്ത്യൻ ടീമിലേക്കുള്ള വിളിക്കായി വർഷങ്ങളോളമാണ് കാത്തിരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം. ബാറ്റിങ്ങിൽ 50 ശരാശരി. 44 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 12 അർധസെഞ്ചുറിയും. എന്നിട്ടും ഇന്ത്യക്കായി ഒരു ടെസ്റ്റ് പോലും കളിച്ചില്ല. 2019-ൽ ദേവ്ധർ ട്രോഫിക്കുള്ള ഇന്ത്യ എ ടീമിലെത്തി. 2021 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെ സ്റ്റാൻഡ്‌ബൈ താരമായും. പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ എവേ ടെസ്റ്റിലും സ്റ്റാൻഡ്‌ബൈ താരമായി മാത്രം പരിഗണിക്കപ്പെട്ടു. കഴിഞ്ഞ ബോർഡർ ഗാവസ്‌കർ പരമ്പരയിൽ ടീമിലെടുത്തതല്ലാതെ ഒറ്റ മത്സരത്തിൽ പോലും കളിപ്പിച്ചില്ല.

അടുത്തിടെ നടന്ന കിവീസിനെതിരായ പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചങ്കൂറ്റത്തോടെ മുന്നിൽ നിന്നത് സർഫറാസ് ഖാൻ എന്ന മുംബൈക്കാരനായിരുന്നു. ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് കൂടാരം കയറിയപ്പോൾ ഒരു ഇന്നിങ്‌സ് തോൽവി മുന്നിൽ കണ്ടിരുന്നു ഇന്ത്യൻ ആരാധകർ. ന്യൂസീലൻഡ് കെട്ടിപ്പൊക്കിയ റൺമല താണ്ടാനാവാതെ രണ്ടാം ഇന്നിങ്‌സിൽ മടങ്ങേണ്ടിവന്നേക്കാമെന്ന ആശങ്കയും. എന്നാൽ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ പൊരുതാനുറച്ച്  ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഇന്നിങ്സിനെ അക്ഷരാർഥത്തിൽ നിറം പിടിപ്പിച്ചത് കരിയറിലെ അഞ്ച് ടെസ്റ്റ് പോലും തികച്ചിട്ടില്ലാത്ത ആ 26 കാരനായിരുന്നു. കിവീസിന്റെ ബൗളിങ് അറ്റാക്കിനെ തെല്ലും കൂസാതെ നേരിട്ട സർഫറാസ് ഖാന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ജീവൻ പകർന്നത്. കരിയറിലുടനീളം നേരിടേണ്ടി വന്ന അവഗണനകൾക്കുള്ള മറുപടി കൂടിയായിരുന്നു ചിന്നസ്വാമിയിലെ ആ 150 റൺസ്.

ഹാരിസ് സ്‌കൂൾ ഇന്റർ സ്‌കൂൾ ടൂർണമെന്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന സച്ചിന്റെ റെക്കോഡും മറികടന്നാണ് സർഫറാസിന്റെ കരിയർ തുടങ്ങുന്നത്. അതും 12-ാം വയസ്സിൽ. പിന്നാലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യൻ അണ്ടർ 19 ടീമിനായി വിവിധ ടൂർണമെന്റുകളിലും രഞ്ജിയിലും മികവ് തുടർന്നു. ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയെങ്കിലും ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമായി സർഫറാസിനെ പരിഗണിച്ചില്ല. കിവീസിനെതിരേ കളിച്ചെങ്കിലും ഓസീസിനെതിരേ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചില്ല.

സെലക്ടർമാരുടെ റഡാറിൽ സജീവമായുള്ള മറ്റൊരാൾ കരുൺ നായരാണ്. 33-കാരനായ താരം എട്ടുവർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഇന്ത്യക്കായി പാഡണിഞ്ഞത്. 2017 ൽ ഓസീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ. അടുത്തിടെ അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ടർമാർ പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്‌സുകളിൽ നിന്നായി 779 റൺസാണ് കരുൺ നായർ അടിച്ചെടുത്തത്. ടെസ്റ്റിൽ ആറ് മത്സരങ്ങൾ മാത്രമേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂവെങ്കിലും 62.33 ബാറ്റിങ് ശരാശരിയുണ്ട്.

വിരേന്ദർ സേവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് മലയാളിവേരുകളുള്ള കരുൺ നായർ. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കിലാണ് താരം ട്രിപ്പിൾ സെഞ്ചുറി തികച്ചത്. പിന്നീട് താരത്തിന് ഇന്ത്യൻ ടീമിലേക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ടീമിൽ പരിഗണിക്കപ്പെടാതിരുന്ന സമയത്ത് കരുൺ നായർ അന്ന് എക്സിൽ ഇങ്ങനെ കുറിച്ചു.  പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരംകൂടി നൽകൂ. രോഹിത്തും കോലിയുമുൾപ്പെടെ മുതിർന്ന താരങ്ങൾക്കെതിരേ വൻ വിമർശനങ്ങളുയരുന്ന പശ്ചാത്തലത്തിൽ റെഡ്ബോൾ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തുമെന്ന് ആശിക്കാനേ കഴിയൂ.

പ്രിയങ്ക് പഞ്ചാലെന്ന അഹമ്മദാബാദുകാരനും ഇന്ത്യൻ ടീമിലൊരിടം മോഹിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 28 സെഞ്ചുറികൾ 34 അർധസെഞ്ചുറികൾ. ആഭ്യന്തരക്രിക്കറ്റിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോഴും സെലക്ടർമാരുടെ റഡാറിൽ പോലും അയാളില്ല. റൺസ് നേടാനല്ലേ തനിക്ക് സാധിക്കൂ എന്നുമാത്രം പറഞ്ഞുവെക്കുന്നു അയാൾ. ഷെൽഡൺ ജാക്‌സൺ, ജലജ് സക്‌സീന, ബാബ അപരജിത്. അനുസ്തുപ് മജുംദാർ എന്നിങ്ങനെ പട്ടിക നീളുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും സ്ഥിരമായി തഴയപ്പെടുന്നവർ. ടീമിലെടുത്തിട്ടും അവസരം കിട്ടാത്തവർ. ഈ നിലപാട് തിരുത്തിയേ മതിയാവൂ. 

പരിമിത ഓവർ ക്രിക്കറ്റിന്റെ ശൈലിയും സ്വഭാവവുമല്ല റെഡ്‌ബോൾ ക്രിക്കറ്റിന്. ദിവസങ്ങളോളം ക്ഷമയോടെ പ്രതിരോധിക്കേണ്ടിവരും. പിച്ചും പന്തും കാലാവസ്ഥയുമെല്ലാം നിർണായകമായി സ്വാധീനിക്കും. അവിടെ പിടിച്ചുനിൽക്കുകയെന്നത് മറ്റേതൊരു ഫോർമാറ്റിനേക്കാളും പ്രയാസകരമാണ്. പതറിനിൽക്കുന്ന സീനിയർ താരങ്ങൾ ഇനിയെങ്കിലും വഴിമാറിക്കൊടുക്കേണ്ടതുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ചുനിൽക്കുന്നവരെ ഇനിയും അവഗണിക്കരുത്. അത് നീതിയുമല്ല. ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്യുന്ന സാം കോൺ‌സ്റ്റാസിനെ കാണുമ്പോഴെങ്കിലും ഒന്ന് ഇരുത്തി ചിന്തിക്കേണ്ടതാണ് സെലക്ടർമാർ.