മുംബൈ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി മുംബൈയിലെ ഇറാൻ എംബസി. "ആദ്യം ഇന്ത്യയെ മനസിലാക്കൂ, എന്നിട്ട് സംസാരിക്ക്" എന്നാണ് കോൺസുലേറ്റ് ട്രംപിനോട് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച എക്സിലൂടെയായിരുന്നു ഇറാൻ എംബസിയുടെ പ്രതികരണം.

To advertise here,

ട്രംപിന് അടിയന്തരമായി ഒരു 'സാംസ്കാരിക ശുദ്ധീകരണം' ആവശ്യമാണെന്നും അതിനായി ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക-ഭൂമിശാസ്ത്ര പൈതൃകം അറിയണമെന്നും എംബസി പറഞ്ഞു. മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ ഇത്തരം സാംസ്കാരിക ബോധവത്കരണം സഹായിക്കുമെന്നും എംബസി പറഞ്ഞു.

 

അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കൽ സാവേജ് എഴുതിയ വിദ്വേഷം നിറഞ്ഞ നാല് പേജുകളുള്ള കത്തും പോഡ്‌കാസ്റ്റും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സാവേജ് ഈ കത്തെഴുതിയത്.

ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള കുടിയേറ്റക്കാർ അമേരിക്കയിലെത്തി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ അവർ ഉടനടി പൗരത്വം നേടിയെടുക്കുന്നുവെന്നും പിന്നീട് അവരുടെ കുടുംബത്തെ മുഴുവൻ ഈ 'നരകക്കുഴികളിൽ'നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നുമാണ് കത്തിലെ ആരോപണം.

വിവാദം കനത്തതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ യുഎസ് എംബസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളതെന്നും എംബസി വക്താവ് ക്രിസ്റ്റഫർ എൽസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.