സ്വർണം വിൽക്കണോ അതോ വാങ്ങണോ എന്ന കൺഫ്യൂഷനോ, കൈയിലുള്ള സ്വർണത്തിന് മൂല്യം കൂടുമ്പോഴുള്ള ആത്മവിശ്വാസമോ അനുഭവിച്ചവർ ഒരുപാടുണ്ട് നമ്മുടെ ഇടയിൽ. സ്വർണ വില റെക്കോർഡിടുന്നതും, പിന്നാലെ റെക്കോർഡ് വിലത്തകർച്ചയുണ്ടാകുന്നതും ദിവസങ്ങളുടെ ഇടവേളയിൽ നമ്മൾ കണ്ടു. എങ്ങനെയാണ് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഒരു ദിവസം തന്നെ പലതവണ സ്വർണവില മാറുന്നത് എന്തുകൊണ്ടാണ്. ആഗോള രാഷ്ട്രീയ സാമ്പത്തിക സംഘർഷങ്ങൾ എങ്ങനെയൊക്കെയാണ് സ്വർണവിലയെ ബാധിക്കുന്നത്.

To advertise here,

വില എങ്ങിനെ മാറിയാലും നമ്മൾ ഇന്ത്യക്കാർക്ക് സ്വർണം സുപ്രധാനമാണ്. കാരണം അഞ്ച് രാജ്യങ്ങളുടെ മൊത്തം കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ട് നമ്മുടെ ഇന്ത്യയിലെ സ്ത്രീകളുടെ സ്വർണസമ്പാദ്യമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ സ്വർണവിപണിയിലെ ഉയർച്ച താഴ്ച്ചകൾ നമുക്ക് വലിയ വാർത്തയാണ്. ഇനി എന്തൊക്കെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നു നോക്കാം.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടിയുള്ള സ്വര്‍ണ്ണവില എല്ലാ ദിവസവും നിശ്ചയിക്കുന്നത് ആഗോള, ആഭ്യന്തര ഘടകങ്ങളെ ആശ്രയിച്ചാണ്.

 

ഇതിൽ ആഗോള ഘടകങ്ങള്‍ ആദ്യം പരിശോധിക്കാം

1. അന്താരാഷ്ട്ര വില

ആഗോള വിപണിയിലെ ട്രെന്‍ഡുകളാണ് സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കുന്നത്. ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA) പോലുള്ള പ്രധാന എക്‌സ്‌ചേഞ്ചുകള്‍ ബെഞ്ച്മാര്‍ക്ക് വിലകള്‍ നിശ്ചയിക്കുന്നു.

2. യുഎസ് ഡോളറിന്റെ മൂല്യം

സ്വര്‍ണ്ണവില ഡോളറിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു; ഇത് വിപരീത അനുപാതത്തിലാണ്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍, വിദേശകറന്‍സിയില്‍ വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണം വില കുറഞ്ഞതായി തോന്നുകയും ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുകയും ആഗോള വില ഉയര്‍ത്തുകയും ചെയ്യും.

3. നാണയ വിനിമയ നിരക്ക്

ഇന്ത്യ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍, രൂപയുടെ വിനിമയ നിരക്ക് നിര്‍ണ്ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞാല്‍, ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന് കൂടുതല്‍ വില നല്‍കേണ്ടിവരും, ഇത് വില വര്‍ദ്ധിപ്പിക്കും.

4. പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍, പണപ്പെരുപ്പം, ഇക്വിറ്റിയിലെ ചലനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും ആഗോള വിലകളെ ബാധിക്കുന്നു.

5. കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് കേന്ദ്ര ബാങ്കുകളുടെയും സ്വര്‍ണ്ണ ശേഖരവും നയങ്ങളും വിലയെ സ്വാധീനിക്കുന്നു.

 

ഇനി ആഭ്യന്തര ഘടകങ്ങള്‍ നോക്കാം:

1. ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ

 ആവശ്യകതയും ലഭ്യതയും വിലയെ നേരിട്ട് ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും ഡിമാന്‍ഡ് ഉയരുന്നത് വില വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്. ഈ ദീപാവലി - വിവാഹ സീസണിൽ വില ഉയർന്നതിന് പിന്നിൽ ഒരു കാരണം ഇതാണ്.

2. സര്‍ക്കാര്‍ നികുതികളും തീരുവകളും

സര്‍ക്കാര്‍ ചുമത്തുന്ന ഇറക്കുമതി തീരുവകളും നികുതികളും വില നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. കസ്റ്റംസ് തീരുവ, സെസ്, സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സ്വര്‍ണ്ണത്തിന്റെ 'ലാന്‍ഡഡ് കോസ്റ്റ്' കണക്കാക്കുന്നത്.

3. സംസ്ഥാന നിയമങ്ങള്‍

 ഓരോ സംസ്ഥാനത്തിനും സ്വര്‍ണ്ണ വില നിര്‍ണ്ണയിക്കുന്നതില്‍ അതിന്റേതായ നിയമങ്ങളും നികുതികളും ഉണ്ട്. സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ചുമത്തുന്നത് അന്തിമ വിലയെ ബാധിക്കുന്നു.

4. ഉത്പാദന, കടത്ത് ചെലവുകള്‍

 സ്വര്‍ണ്ണ ഖനന കമ്പനികളുടെ ഉത്പാദന ചെലവിലെ മാറ്റങ്ങള്‍ വിലയെ ബാധിക്കുന്നു. കൂടാതെ, ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണം വിവിധ നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും എത്തിക്കാനുള്ള കടത്ത് ചെലവുകളും (Hauling cost) അന്തിമ വില്‍പന വിലയില്‍ ഉള്‍പ്പെടുന്നു.

5. മേക്കിങ് ചാര്‍ജസ്:

ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മേക്കിങ്ങ് ചാര്‍ജസും ഉള്‍പ്പെടുന്നു.

 

ഇനി സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് എങ്ങനെയെന്ന് നോക്കാം
 

ഇന്ത്യയിലെ പ്രതിദിന സ്വര്‍ണ്ണവില പ്രസിദ്ധീകരിക്കുന്നതില്‍ ഇന്ത്യന്‍ ബുള്യണ്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷനാണ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. ആഗോള ബെഞ്ച്മാര്‍ക്കുകള്‍, രൂപ-ഡോളര്‍ വിനിമയ നിരക്ക്, പ്രാദേശിക വിപണിയിലെ ഡിമാന്‍ഡ്-സപ്ലൈ സാഹചര്യങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് IBJA വിലകള്‍ നിശ്ചയിക്കുന്നത്. കേരളത്തിലാണെങ്കിൽ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വില നിശ്ചയിക്കുന്നത്.

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് (LBMA) വില അനുസരിച്ച് അന്താരാഷ്ട്ര വില ഡോളര്‍ നിരക്കില്‍ എത്രയാണെന്ന് രാവിലെ അറിയുന്നു. രാവിലെ 9.15 ഓടെ രൂപയുടെ വിനിമയ നിരക്ക് (INR) ലഭിക്കും. ഈ അന്താരാഷ്ട്ര വിലയും രൂപയുടെ വിനിമയ നിരക്കും ബാങ്ക് നിരക്കും പരിഗണിച്ച് 92 എന്ന അനുപാതത്തിലേക്ക് വില നിശ്ചയിക്കുകയും, അതില്‍ 1% മാര്‍ജിന്‍ കൂടി ചേര്‍ത്താണ് ഓരോ ദിവസത്തേയും 24 കാരറ്റ് സ്വര്‍ണ്ണവില (ബാങ്ക് നിരക്ക്) നിശ്ചയിക്കുന്നത്. ഇത് സാധാരണയായി രാവിലെ 9.20 ഓടെ നടക്കുന്നു.

മുമ്പ്, കേരളത്തില്‍ ഒരു ദിവസം മുഴുവന്‍ ഒരേ വിലയായിരുന്നു സാധാരണ നിലയില്‍. എന്നാല്‍ നിലവില്‍, ആഗോള വിപണിയിലെ വന്‍കിട മാറ്റങ്ങള്‍ കാരണം ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ വിലയില്‍ വ്യത്യാസം വരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 10 ഡോളറോ, 40 ഡോളറോ, 50 മുതല്‍ 100 ഡോളര്‍ വരെയോ വ്യത്യാസം വരുമ്പോള്‍, ബാങ്കുകളില്‍ നിന്ന് ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണം ലഭിക്കുന്നത്. അതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സാധിക്കാത്തതിനാലാണ് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നത്.

ഇപ്പോഴത്തെ ഈ ചാഞ്ചാട്ടത്തിന് കാരണമെന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അമേരിക്ക. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവോടെ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി, പലിശനിരക്ക് കുറയ്ക്കും എന്ന യുഎസ് കേന്ദ്ര ബാങ്ക് നല്‍കുന്ന സൂചന, യുഎസ്-ചൈന വ്യാപാരയുദ്ധം എന്നീ ഘടകങ്ങളാണ് സ്വര്‍ണ വിലയെ പ്രധാനമായി സ്വാധീനിക്കുന്നത്. ദീപാവലി, വിവാഹ സീസണ്‍ എന്നിവമൂലം ഇന്ത്യയിലുണ്ടായ ഉയര്‍ന്ന ഡിമാഡും ചൈനയുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷിയും രാജ്യങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയതുമൊക്കെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കൂടാൻ കാരണമായി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമൊക്കെ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് പിന്നിലുണ്ട്.

 

കുതിപ്പിനുള്ള കാരണങ്ങള്‍ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാണ്...

 

വിപണി അസ്ഥിരമാവുകയോ മാന്ദ്യം വരുമെന്ന ആശങ്ക പടരുകയോ ചെയ്യുമ്പോള്‍, നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയുന്നു. പണപ്പെരുപ്പത്തിനെതിരെയുള്ള പരിരക്ഷയായും സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കാം എന്ന സൂചന നല്‍കിയതും വില വര്‍ദ്ധനവിന് കാരണമായി. പലിശ നിരക്ക് കുറയുമ്പോള്‍ സ്വര്‍ണ്ണത്തിനായുള്ള ഡിമാന്‍ഡ് കൂടുന്നു. സ്ഥിതി മറിച്ചാവുമ്പോൾ സ്വർണവിലയിൽ കുറവുമുണ്ടാകുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെയും മറ്റും ആളുകള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് വില വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. അവര്‍ 10 ശതമാനം മാത്രം നിക്ഷേപിച്ച് വലിയ ലാഭം നേടുന്നു, ഫിസിക്കല്‍ ഡെലിവറി എടുക്കേണ്ട ആവശ്യമില്ല. ഏത് വിലയ്ക്കും സ്വര്‍ണ്ണം വാങ്ങുന്ന ഈ ട്രെന്‍ഡ് വില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സ്വര്‍ണ്ണം ഒരു നിക്ഷേപം എന്ന നിലയില്‍ പല ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍, നിക്ഷേപകര്‍ പെട്ടെന്ന് പോയി സ്വര്‍ണ്ണം വാങ്ങുന്നതിന് മുന്‍പ്, എത്ര അളവില്‍, ഏത് രൂപത്തില്‍ (ഫിസിക്കല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ടുകള്‍) നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂര്‍വ്വം തീരുമാനിക്കണം. നിലവില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കൈവശമുള്ള സ്വര്‍ണം ലാഭം നോക്കി ഉടന്‍ വില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം