കൊച്ചി: വിലയിടിവ് തുടരുന്നതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെത്തന്നെ. ബുധനാഴ്ച പവന് ഒറ്റയടിക്ക് 2,040 രൂപയാണ് കുറഞ്ഞത്. 97,720 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയുമായി. ഇതോടെ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. ജനുവരി ഒന്നിലെ പവൻവിലയായ 99,040 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന കുറഞ്ഞ നിരക്ക്.

To advertise here,

ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻവിലയിലെ റെക്കോഡ് നിരക്ക്. ഈ നിലയിൽ നിന്ന് സ്വർണവിലയിൽ 33,440 രൂപയുടെ കുറവാണുണ്ടായത്. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെപ്പോയത്. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് വിലയിറക്കത്തിന് പിന്നിൽ.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,762 ഡോളറിലായിരുന്നു വ്യാപാരം. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. നിരക്കുവർധന ഏതാണ്ട് ഉറപ്പായതോടെ ഡോളറിലും യു.എസ്. ബോണ്ടിലുമുള്ള നിക്ഷേപങ്ങളുടെ ആദായം ഉയർന്നിട്ടുണ്ട്. ഡിസംബറിലെ പണനയ യോഗത്തിൽ ഫെഡ് റിസർവ് പലിശനിരക്ക് കാൽ ശതമാനം ഉയർത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് അര ശതമാനം വരെ ഉയർന്നേക്കാമെന്നും സൂചനയുണ്ട്. വെള്ളിവിലയിലും കുറവുണ്ടായി. ഗ്രാമിന് വില അഞ്ച് രൂപ കുറഞ്ഞ് 185 രൂപയിലെത്തി.