ചെസ് എന്നാല്‍ ഇന്ത്യയ്ക്ക് വിശ്വനാഥന്‍ ആനന്ദായിരുന്നു. 1988-ല്‍ 18-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായ ആനന്ദ് 2000-ല്‍ ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. പിന്നീട് വര്‍ഷങ്ങളോളം ലോക ചെസ്സില്‍ ഇന്ത്യയുടെ മുഖം ആനന്ദായിരുന്നു. 2013-ല്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് വഴിമാറിക്കൊടുത്ത ശേഷം ഇന്ത്യ കാത്തിരിക്കുകയായിരുന്നു മറ്റൊരു ചാമ്പ്യനു വേണ്ടി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം സിംഗപ്പുരിലെ റിസോര്‍ട്‌സ് വേള്‍ഡ് സെന്റോസയില്‍ ഇന്ത്യയുടെ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കി 18-കാരന്‍ ദൊമ്മരാജു ഗുകേഷ് ചെസ് ചരിത്രത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുന്നു.

To advertise here,

വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സനും ഏറ്റുമുട്ടിയ 2013-ലെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന് വേദിയായത് ചെന്നൈയായിരുന്നു. ആ മത്സരം നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും ഒരു സീറ്റുപോലും കിട്ടിയില്ല അന്നത്തെ ഏഴു വയസുകാരന്‍ ഗുകേഷിന്. പക്ഷേ അന്നവന്‍ കണ്ട സ്വപ്‌നം ആ മത്സരത്തിലെ ഒരു ഇരിപ്പിടമായിരുന്നു. ലോക ചാമ്പ്യനാകണമെന്ന മോഹമായിരുന്നു. ഒരു ദശാബ്ദത്തിനിപ്പുറം ആ സ്വപ്‌നമിതാ യാഥാര്‍ഥ്യമായിരിക്കുന്നു.

ക്ലാസിക്കല്‍ ചെസിലെ മികവാണ് ഗുകേഷിന്റെ കരുത്ത്. 12-ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയ ഗുകേഷിന് സമയമെടുത്തുള്ള പരമ്പരാഗത ഗെയിമിനോടായിരുന്നു ചെറുപ്പംമുതലേ പ്രിയം. ഓരോ നീക്കങ്ങളിലും അതീവ ശ്രദ്ധ. അതിവേഗ നീക്കങ്ങള്‍കൊണ്ട് എതിരാളികളെ സമ്മര്‍ദത്തിലാക്കുന്ന ആനന്ദിന്റെയോ പ്രഗ്നാനന്ദയുടെയോ അര്‍ജുന്‍ എരിഗാസിയുടെയോ ശൈലിയല്ല ഗുകേഷിന്റേത്. സമയനിയന്ത്രണമുള്ള റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റിനെ അപേക്ഷിച്ച് ക്ലാസിക്കല്‍ ഗെയിമില്‍ ഗുകേഷ് കാണിക്കുന്ന അസാധാരണ മികവിനെ പുകഴ്ത്തിയിട്ടുള്ളവരില്‍ മുന്‍ ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍ വരെയുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാള്‍സണ്‍ ഒഴികെ ലോകത്തെ ചെസ് അതികായരെല്ലാം മാറ്റുരച്ച ടൊറന്റോ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായി ഗുകേഷ്, ലിറനെതിരേ മത്സരിക്കാന്‍ യോഗ്യത നേടിയത്. കരുനീക്കങ്ങളിലും മാനസികസംയമനത്തിലും പ്രായത്തെ വെല്ലുന്ന ആഴവും പക്വതയും കാട്ടിയ ഗുകേഷ് അന്നു തന്നെ ചെസ് പ്രേമികളുടെ ആദരം പിടിച്ചുപറ്റിയിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് ജയങ്ങളും എട്ടു സമനിലയും നേടിയപ്പോള്‍ ഒരു കളിയില്‍ മാത്രമാണ് ഗുകേഷ് പരാജയപ്പെട്ടത്. 17-ാം വയസില്‍ നേടിയ ഈ വിജയത്തോടെ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. റഷ്യയുടെ മുന്‍ ലോകചാമ്പ്യന്‍ ഗാരി കാസ്പറോവ് 22-ാം വയസില്‍ സ്വന്തമാക്കിയ നേട്ടമാണ് ഗുകേഷ് അന്ന് മറികടന്നത്. ഇപ്പോഴിതാ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി കാസ്പറോവിന്റെ തന്നെ മറ്റൊരു റെക്കോഡും തകര്‍ത്തെറിഞ്ഞിരിക്കുന്നു ഗുകേഷ്.

ഏഴാം വയസില്‍ കരുനീക്കം തുടങ്ങിയ ഗുകേഷിന്റെ വേരുകള്‍ ആന്ധ്രാപ്രദേശിലാണ്. എങ്കിലും വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണ് 2020 മുതല്‍ പരിശീലനം.

തെലുഗു കുടുംബത്തില്‍ 2006 മേയ് 29-ന് ജനനം. പിതാവ് ഡോ. രജനികാന്ത് ഇ.എന്‍.ടി. സര്‍ജനും അമ്മ പദ്മ മൈക്രോബയോളജിസ്റ്റും. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ചെസിലേക്കുള്ള വരവ്. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കറാണ് ഗുകേഷിന് ചെസ്സിലുള്ള മികവ് കണ്ടെത്തുന്നത്. ആറു മാസത്തെ പരിശീലനം കൊണ്ടുമാത്രം 1291 ഫിഡെ റേറ്റിങ്ങിലേക്ക് ഗുകേഷെത്തി. ഈ സെപ്റ്റംബറില്‍ സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെ പിന്തള്ളി ഫിഡെ റാങ്കിങ്ങില്‍ മുന്നിലെത്തുകയും ചെയ്തു. 37 വര്‍ഷത്തിനിടെ ഫിഡെ റേറ്റിങ്ങില്‍ ആനന്ദിനെ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. പിന്നീട് അര്‍ജുന്‍ എരിഗാസിയും ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. നിലവില്‍ 2783 റേറ്റിങ്ങുമായി അഞ്ചാം സ്ഥാനത്താണ് ഗുകേഷ്. 

ചെസില്‍ ഏറെക്കാലമായി ഇന്ത്യ തുടരുന്ന സുസ്ഥിരമായ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിലെ കിരീടനേട്ടവും ഗുകേഷിന്റെ ലോക ചാമ്പ്യന്‍ പട്ടവും. ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ് വ്യക്തിഗത സ്വര്‍ണം നേടിയിരുന്നു. നവംബര്‍ 25-ന് ആരംഭിച്ച ലോക ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് അങ്ങനെ 18-ാം ദിവസം പരിസമാപ്തി. 14-ാം ഗെയിമില്‍ ഇന്ത്യ കാത്തിരുന്ന വിജയമെത്തി. ലോക ചെസിന്റെ തലപ്പത്ത് ഇനി ഈ 18-കാരനുണ്ട്. ഇന്ത്യന്‍ ചെസിന്റെ മുഖമായി.