കാറിൽ വെന്തമർന്നത് മൂന്നുപേർ; കാൽനൂറ്റാണ്ടിന് ശേഷം പ്രതി പുറത്തിറങ്ങുമ്പോൾ | Graham Staines murder
1999 ജനുവരി 22. ഒഡിഷയിലെ മനോഹര്‍പുരില്‍ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതാണ് സുവിശേഷകനായ ഗ്രഹാം സ്റ്റെയ്ന്‍സും മക്കളായ പത്തുവയസ്സുകാരന് ഫിലിപ്പും ആറു വയസ്സുള്ള തിമോത്തിയും. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തി കുഷ്ഠരോഗികളുടെ പരിചരണവും സുവിശേഷ പ്രവര്‍ത്തനവും നടത്തിവരികയായിരുന്നു ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സ് എന്ന ഗ്രഹാം സ്റ്റെയ്ന്‍സ്. നേരം ഇരുണ്ടതോടെ യാത്രയ്ക്ക് ഒരു ഇടവേള നല്കി വിശ്രമിക്കാമെന്ന തീരുമാനത്തിലെത്തി സ്റ്റെയ്ന്‍സ്. പുറത്ത് നല്ല തണുപ്പായതുകൊണ്ടു കാറില്‍ തന്നെ അച്ഛനും മക്കളും കിടന്നുറങ്ങി. അര്‍ധരാത്രിയോടടുത്തപ്പോള്‍ അലറിവിളിച്ചുകൊണ്ട് ഒരു അമ്പതംഗ സംഘം ഗ്രഹാം സ്റ്റെയ്ന്‍സിനും മക്കള്‍ക്കും നേരെ പാഞ്ഞുവന്നു. കാറിനു തീകൊളുത്തി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ജീവനോടെ അവര്‍ ചുട്ടുകൊന്നു. അതിക്രൂരമായി അവരെ തീവെച്ചുകൊന്ന ബജ്റംഗ്ദള്‍ പ്രവർത്തകരിലൊരാളാണ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായ മഹേന്ദ്ര ഹെംബ്രാം.
ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയ്ന്‍സ് 1965-ലാണ് ഇന്ത്യയിലെത്തുന്നത്. ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റിയുടെ ഭാഗമായി ചേര്‍ന്ന് കുഷ്ഠരോഗികള്‍ക്കിടയിലും ഒഡിഷയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും സന്നദ്ധസേവനം നടത്തിവരികയായിരുന്നു സ്റ്റെയ്ന്‍സ്. 1983 ല്‍ മയൂര്‍ഭഞ്ച് ലെപ്രസി ഹോം എന്ന പേരില്‍ കുഷ്ഠരോഗികള്‍ക്കായി ഒരു സന്നദ്ധ സ്ഥാപനം സ്റ്റെയ്ന്‍സ് ആരംഭിക്കുകയും ചെയ്തു. 1983-ല്‍ തന്നെയാണ് ഗ്ലാഡിസിനെ വിവാഹം ചെയ്യുന്നതും. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ടായി. എസ്തര് എന്ന മകളും ഫിലിപ്, തിമോത്തി എന്നിങ്ങനെ രണ്ടാണ്മക്കളും. സന്നദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെങ്കിലും സ്റ്റെയ്ന്‍സിനെതിരെ പല ഭീഷണികളും നിലനിന്നിരുന്നു. സ്റ്റെയ്ന്‍സ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിരന്തരഭീഷണി മുഴക്കി.
അങ്ങനെയിരിക്കെ മനോഹര്‍പുരില്‍ വെച്ച് ക്രിസ്ത്യന്‍ സംഘടനകളുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഒരു ക്യാമ്പ് സംഘടിപ്പിച്ചു. ഊട്ടിയില്‍ പഠിക്കുന്ന ഫിലിപ്പിനെയും തിമോത്തിയേയും കൂട്ടി സ്റ്റെയ്ന്‍സ് ക്യാമ്പിലേക്ക് പുറപ്പെട്ടു. ഒരു അവസരം കാത്തിരിക്കുകയായിരുന്നു ശത്രുക്കൾ. അവര്‍ സ്റ്റെയ്ന്‍സിനെ പിന്തുടര്ന്ന് മനോഹര്‍പുരില്‍ തമ്പടിച്ചു. കാര്‍ നിര്‍ത്തി സ്റ്റെയ്ന്‍സും മക്കളും വിശ്രമിക്കുന്ന സമയം കോടാലിയും തീപ്പന്തങ്ങളും പെട്രോള്‍ ക്യാനുകളുമായി അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അവരെ വളഞ്ഞു. കാറിന് പെട്രോളിച്ച് തീകൊളുത്തി. ബഹളം കേട്ടുണര്‍ന്ന സ്റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ബജ്റംഗ്ദള്പ്രവര്ത്തകനായ ദാരാസിങ് എന്ന രവീന്ദ്രകുമാര്പാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജയില്‍മോചിതനായ മഹേന്ദ്ര ഹെംബ്രാം ഉള്‍പ്പടെ 51 പേരാണ് അറസ്റ്റിലായത്. ഇതില്‍ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. പ്രധാന പ്രതി ദാരാസിങ്ങിന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. മഹേന്ദ്ര ഹെംബ്രാമുള്പ്പടെയുള്ളവര്ക്ക് ജീവപര്യന്തവും വിധിച്ചു. പ്രതികള്‍ വധശിക്ഷയ്ക്കെതിരെ പ്രതികള്‍ ഒഡിഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വധശിക്ഷയില്‍ ഇളവുനല്‍കി ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ഇളവ് ചെയ്തതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും ജീവപര്യന്തം ശിക്ഷയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. സ്റ്റെയ്ന്‍സിന്റെയും മക്കളുടെയും കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതില്‍ ന്യായമില്ലെന്ന വിവാദപരാമര്ശത്തോടെയാണ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി.എസ് ചൗഹാനുമടങ്ങിയ ബെഞ്ച് അപ്പീല്‍ തള്ളിയത്. പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് സുപ്രീംകോടതി ആ പരാമര്‍ശം നീക്കിയത്.
25 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഹെംബ്രാമിന്റെ നല്ലനടപ്പ് പരിഗണിച്ചാണ് ഒഡിഷയിലെ ബിജെപി സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കിയത്. ശിക്ഷയിളവിനും ജയില്‍മോചനത്തിനുമായി നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ക്കുപുറമേ വിവിധ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന 30 കുറ്റവാളികള്‍ക്കും സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കിയിട്ടുണ്ട്.
In Short: In a tragic incident on January 22, 1999, Australian missionary Graham Staines and his two sons were brutally burned alive by a mob in Manoharpur, Odisha, while they slept in their vehicle. Staines, a leprosy worker with decades of service in Odisha, had faced threats from right-wing groups accusing him of religious conversions. The horrific act led to national and international outrage. Of the 51 arrested, key accused Dara Singh was given a life sentence. After 25 years, one of the convicts, Mahendra Hembram, has now been released on the basis of good behavior, as part of a broader remission initiative by the state government.
Content Highlights: Graham Staines murder case
Published: 19 Apr 2025, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented