1959-ലെ ഒരു മാർച്ച് മാസം. ചോര മണത്ത, എരിഞ്ഞടങ്ങിയ ബുദ്ധവിഹാരങ്ങളുടെ ചാരം മണത്ത കാറ്റ് ടിബറ്റാകെ ആഞ്ഞുവീശി. തലസ്ഥാനമായ ലാസയുടെ ഒരറ്റത്തുള്ള നോർബുലിംഗ കൊട്ടാരത്തിലെ ആ മുറിയിൽ രാത്രി വൈകിയും വെളിച്ചം മാഞ്ഞിട്ടില്ല. ആ മുറിയാകെ ഉറഞ്ഞുതുള്ളിയ ടിബറ്റൻ കോമരം ഒരു കടലാസ് നീട്ടി. അതിൽ ഒരു വഴി വരച്ചിരുന്നു. ആ വഴി നീണ്ടത് ടിബറ്റിന്റെ വടക്കു പടിഞ്ഞാറേക്ക്. ഗൗതമബുദ്ധന് ബോധോദയത്തിന്റെ വെളിച്ചം നൽകിയ ഇന്ത്യയിലേക്ക്. പിന്നാലെ ഒരു ഇരുപത്തിനാലുകാരൻ്റെ നേതൃത്വത്തിൽ ഒരു സംഘം കൊട്ടാരം വിട്ടിറങ്ങി. ഇന്ത്യൻ സർക്കാ‍ർ അവരെ ഇന്ത്യൻ മണ്ണിലേക്കും ആത്മാവിലേക്കും സ്വീകരിച്ചു. അന്ന് മലയും കാടും താണ്ടി ഇന്ത്യയിലെത്തിയ 24-കാരനാണ് പതിനാലം ദലൈലാമ ടെൻസിൻ ഗ്യാറ്റ്സോ.

90ാം പിറന്നാളിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ദലൈലാമ, ഒരു പ്രഖ്യാപനം നടത്തുന്നത്. മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകും. അതാരാണെന്ന് ലോകത്തോട് പറയാനുള്ള അധികാരം താൻ സ്ഥാപിച്ച പ്രവാസി സർക്കാരായ ഗദെൻ ഫോദ്രാങ് ട്രസ്റ്റിനു മാത്രമാണ്.

പുതിയ ദലൈ ലാമ ആരാണെന്ന് പറയാനുള്ള അധികാരം മറ്റാർക്കുമല്ല എന്ന ആ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ചൈനയാണ്. പതിനാലാം ദലൈലാമയുടെ അന്ത്യത്തോടെ ആറു നൂറ്റാണ്ട് പഴക്കമുള്ള ടിബറ്റൻ ബുദ്ധിസത്തിന്  തിരശ്ശീല വീഴുമെന്ന കണക്കുകൂട്ടലുകൾ അവിടെ തകർന്നടിഞ്ഞു. ടിബറ്റൻ ബുദ്ധിസവും, അവരുടെ രാഷ്ട്രീയ പ്രധാന്യവും ഒന്നുകൂടി ചർച്ചയായി. അതിനൊപ്പം രണ്ട് ദലൈലാമകൾ ഉണ്ടാവുമോ എന്ന ഗൗരവതരമായ ചർച്ചയും സജീവമായി.ആരാണീ ദലൈലാമ, ദലൈലാമയോട് ചൈനക്ക് എന്താണിത്ര വിരോധം? പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ചൈനയ്ക്ക് എന്താണ് കാര്യം.

To advertise here,

ടിബറ്റൻ ബുദ്ധമതവിശ്വാസപ്രകാരം തങ്ങളുടെ ആത്മീയാചാര്യനായ ദലൈലാമ കാരുണ്യത്തിന്റെ ദൈവമാണ്. ബോധിസത്വനായ അവലോകിതേശ്വരന്റെ പുനർജന്മമാണ്. ദലൈലാമ എന്ന പദം മംഗോൾ ഭാഷയിലെ ദലൈ എന്ന വാക്കും ടിബറ്റൻ ഭാഷയിലെ ലാമ എന്ന വാക്കും ചേർന്നുണ്ടായതാണ്. ദലൈ എന്നാൽ സമുദ്രം എന്നാണർഥം, ലാമ എന്നാൽ സന്യാസിയെന്നും. സമുദ്രം പോലെ അറിവുള്ള സന്യാസിവര്യൻ .. അതാണ് ദലൈ ലാമ.

എ.ഡി ഏഴാം നൂറ്റാണ്ടിലാണ് ടിബറ്റിൽ ബുദ്ധിസം പ്രചാരത്തിൽ എത്തുന്നത്. പതിനാറാം നൂറ്റാണ്ടിൽ ദലൈലാമയുടെ വാഴ്ചയും ആരംഭിച്ചു. മഹായാന ബുദ്ധിസത്തിന്റെ ഒരു ശാഖയായാണ് ടിബറ്റൻ ബുദ്ധിസവും രൂപം കൊള്ളുന്നത്. ഇന്ത്യയിൽ നിന്നാണ് ബുദ്ധിസം ടിബറ്റിലേക്കെത്തുന്നത്. യാർലങ് രാജവംശത്തിലെ സോങ്‌സ്റ്റൻ ഗ്യാമ്പോയുടെ ഭരണകാലത്ത് അദ്ദേഹം സംസ്‌കൃതത്തിലുള്ള ബുദ്ധിസ്റ്റ് വേദഗ്രന്ഥങ്ങൾ ടിബറ്റൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് നേതൃത്വം നൽകി. പിന്നീട് എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജാവായ ട്രൈസങ്ങ് ഡെറ്റ്‌സൻ ഇന്ത്യയിൽ നിന്നുള്ള ബുദ്ധസന്യാസിമാരെ ടിബറ്റിലേക്ക് ക്ഷണിച്ചു. നളന്ദ മഠാധിപതി ശന്തരാക്ഷിതയാണ് ടിബറ്റിലെ ആദ്യ ബുദ്ധവിഹാരത്തിന്റെ സ്ഥാപകൻ. ചുരുങ്ങിയ നൂറ്റാണ്ടുകൾ കൊണ്ട് ടിബറ്റിലെ ഏറ്റവും പ്രബലമായ മതമായി ബുദ്ധിസം മാറി.

1578-ൽ ടിബറ്റൻ ബുദ്ധിസത്തിന്റെ മൂന്നാം ആത്മീയാചാര്യനായിരുന്ന സോനം ഗ്യാട്‌സോവിന്, അന്നത്തെ മംഗോൾ പടത്തലവനായിരുന്ന അൽട്ടാൻ ഖാനാണ് ദലൈലാമ എന്ന പദവി നൽകിയത്. അതോടെ സോനം ഗ്യാട്‌സോവിന്റെ മുൻഗാമികളും പിൻഗാമികളും ദലൈലാമ എന്നറിയപ്പെടാൻ തുടങ്ങി.

ഒരു ദലൈലാമയുടെ മരണശേഷം പിൻഗാമി പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ആ വിശ്വാസപ്രകാരം മുതിർന്ന സന്യാസിമാർ
ആത്മീയ അടയാളങ്ങളും അവർക്കുണ്ടാകുന്നുവെന്ന് പറയപ്പെടുന്ന സ്വപ്‌നദർശനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ ദലൈലാമയുടെ പുനരവതാരത്തെ തേടിയിറങ്ങും. സാധ്യതയുള്ള കുട്ടികളെ കണ്ടെത്തിയാൽ മുൻ ദലൈലാമയുടെ സ്വകാര്യ വസ്തുക്കൾ മറ്റു വസ്തുക്കളുമായി ഇടകലർത്തി അവരെ കാണിക്കും. ദലൈലാമയുടെ വസ്തുക്കൾ കുട്ടി തിരിച്ചറിഞ്ഞാൽ അവനാകും അടുത്ത ദലൈലാമ. ബുദ്ധമതക്കാരുടെ ആത്മീയാചാര്യൻ മാത്രമല്ല, ആ പ്രദേശത്തെ ഭരണാധികാരി കൂടിയാണ് അദ്ദേഹം. അങ്ങനെ ദലൈലാമമാർ ടിബറ്റിന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായി. ചൈന കൈകടത്തുന്നതുവരെ ആത്മീയമായ കാര്യങ്ങളിൽ മാത്രം വിരാജിച്ചിരുന്ന വരായിരുന്നു അവർ. ചൈന ടിബറ്റിൽ താൽപര്യം കാണിച്ചു തുടങ്ങിയതോടെ ചിത്രം മാറി.

കൃത്യമായി പറഞ്ഞാൽ, ഏഴാമത്തെ ദലൈലാമയുടെ കാലത്ത്, 1720-ൽ, സുംഗാറുകൾ എന്ന ഗോത്രസംഘം ടിബറ്റിനെ കീഴടക്കാനെത്തിയതോടെ. അവരെ തോൽപ്പിക്കാൻ സഹായ ഹസ്തവുമായി ചൈന രംഗത്തെത്തിയതോടെയാണ് ടിബറ്റിലെ ആത്മീയ പരിതസ്ഥിതിയിൽ രാഷ്ട്രീയ താൽപര്യം കടന്നുവരുന്നത്.


അതിനുശേഷം ചൈനീസ് ഭരണകൂടം ആംബൻസ് എന്ന് വിളിക്കപ്പെടുന്ന തങ്ങളുടെ  രണ്ട് ഉദ്യോഗസ്ഥരെ ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിയമിച്ചുതുടങ്ങി.  ഓരോ പുതിയ നേതാവ് വരുന്നതിനുമുമ്പും ഒരു ചെറിയ ഇടവേളയുണ്ടാകാറുണ്ട്. ഈ ഇടവേളയിൽ ടിബറ്റിന്റെ ഭരണം കൈയാളിയിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളായ ആംബനുകളും റീജന്റുമാരുമായിരുന്നു..
1895ൽ ചുമതലയേറ്റ പതിമ്മൂന്നാമത് ദലൈലാമ ദീർഘദർശിയായൊരു നേതാവായിരുന്നു. ചൈനീസ് സാമ്രാജ്യത്തിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലായി കിടന്നിരുന്ന ടിബറ്റിന്റെ നയതന്ത്രപ്രാധാന്യം അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ സ്വതന്ത്രമായ രീതികൾ ആദ്യം ബ്രിട്ടീഷുകാരിൽനിന്നും പിന്നീട് ചൈനയിൽനിന്നും കടുത്ത പ്രതികരണങ്ങൾക്കിടയാക്കി. 1910-ൽ ചൈന ടിബറ്റിനെ കീഴടക്കി. ഇതോടെ, ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തു. 1911-ൽ ചൈനയിൽ മാഞ്ചു ഭരണകൂടം തകർന്നതോടെ ദലൈലാമ തിരിച്ചെത്തുകയും ടിബറ്റിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അവരുമായി സന്ധിചെയ്തു. ഒരു പ്രദേശം വിട്ടുകൊടുത്തുകൊണ്ട് വടക്കൻ അതിർത്തി പുനർനിർണയിക്കുക എന്നതായിരുന്നു അത്. 1914-ൽ സിംലയിൽവെച്ച് ബ്രിട്ടൻ, ചൈന, ടിബറ്റ് എന്നീ ത്രിരാഷ്ട്രങ്ങൾ ചേർന്ന് ഒപ്പുവെച്ച കരാർപ്രകാരം മക്‌മോഹൻ രേഖ എന്നറിയപ്പെടുന്ന പുതിയ അതിർത്തി നിലവിൽവന്നു.

1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്ത ഉടനെത്തന്നെ 'ടിബറ്റിന്റെ മോചനം' അവരുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണെന്ന് പ്രഖ്യാപിച്ചു. അടുത്തവർഷംതന്നെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ടിബറ്റിലെത്തുകയും ചെയ്തു. ഈ പ്രതിസന്ധികൾക്കിടയിലാണ് പതിന്നാലാം ദലൈലാമയായി നിലവിലെ ലാമ ടെൻസിൻ ഗ്യാറ്റ്‌സോ സ്ഥാനമേൽക്കുന്നത്.

മറ്റു ലോകരാജ്യങ്ങളിൽനിന്നു പിന്തുണലഭിക്കാതിരുന്ന ടിബറ്റൻ ജനതയ്ക്ക് ചൈനീസ് സൈനികശക്തിയുടെമുന്നിൽ ഒന്നും ചെയ്യാൻകഴിയുമായിരുന്നില്ല. ബെയ്ജിങ്ങിൽനടന്ന ചർച്ചകൾക്കൊടുവിൽ 1951 മേയിൽ 17 ധാരണകളുള്ള കരാറിൽ ചൈനയും ടിബറ്റും ഒപ്പുവെച്ചു. ഇതുപ്രകാരം ദലൈലാമയുടെ സ്ഥാനത്തിലും അധികാരങ്ങളിലും മാറ്റമുണ്ടാകില്ലെന്ന് ചൈന ഉറപ്പും നൽകി.
അതോടെ, ടിബറ്റിൽ സമാധാനാന്തരീക്ഷം നിലവിൽവന്നു. 1955-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ദലൈലാമയെ നിയമിക്കുന്ന അവസ്ഥവരെയുണ്ടായി.

എന്നാൽ, ചൈന പതുക്കെ ടിബറ്റിനുചുറ്റുമുള്ള പ്രദേശങ്ങളിൽ പിടിമുറുക്കിത്തുടങ്ങി. ഇത് അവിടത്തെ നിവാസികളായ 'കംഫ' എന്ന വംശത്തിൽപ്പെട്ട ജനങ്ങളുടെയിടയിൽ വലിയതോതിലുള്ള മുറുമുറുപ്പുണ്ടാക്കി; ഇത് വളർന്ന് 1957 ആയപ്പോഴേക്കും ഒരു സായുധകലാപമായി പരിണമിച്ചു. ഇത് അടിച്ചമർത്താൻ ചൈന കൂടുതൽ സേനയെ ടിബറ്റിൽ വിന്യസിച്ചു.
ഫ്യൂഡലിസത്തിന്റെയും ലാമമാരുടെയും പൗരോഹിത്യത്തിന്റെയുമൊക്കെ പിടിയിൽ നിന്ന് മോചിപ്പിച്ച് ടിബറ്റിനെ പുനരുദ്ധരിക്കുക എന്നതാണ് പുറത്തേക്ക് പറഞ്ഞ ലക്ഷ്യമെങ്കിലും ഒരു പുരാതന രാജ്യത്തിന്റെ സംസ്‌കാരത്തെ തകർക്കുക എന്നതായിരുന്നു ചൈനയുടെ ഗൂഢോദ്ദേശം. നിരവധി പേരെ കൊന്നു തള്ളി, ബുദ്ധവിഹാരങ്ങൾ തകർത്തു,ടിബറ്റാകെ ചൈനീസ് ചാരന്മാർ വിഹരിച്ചു.

ടിബറ്റിൽ അശാന്തിയും അസ്വസ്ഥതയും പടർന്നു. ഈ സാഹചര്യത്തിൽ ദലൈലാമയുടെ ജീവനുപോലും ഭീഷണിയുയർന്നു. ഒരു ദിവസം രാത്രി പ്രവചനങ്ങൾ നടത്തുന്ന ടിബറ്റൻ കോമരത്തിന്റെ നി‍‍‍ർദേശപ്രകാരം ഇരുപത്തിനാലുകാരനായ ദലൈലാമയുടെ നേതൃത്വത്തിൽ ഒരു സംഘം ഇന്ത്യയിലെത്തി. നെഹ്രു ആ സംഘത്തെ സ്വീകരിച്ചു ചൈനയെ മുഷിപ്പിച്ചു കൊണ്ടുതന്നെ. അതുകഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ചൈന ഇന്ത്യയെ ആക്രമിച്ചു; രണ്ടുവർഷം കഴിഞ്ഞപ്പോൾ നെഹ്രു മരിച്ചു. എന്നാൽ, അപ്പോഴേക്കും താൻ തുറന്നമനസ്സോടെ സ്വീകരി ച്ച മനുഷ്യരുടെ തുടർജീവിതത്തിനും വിദ്യാഭ്യാസത്തിനുംവേണ്ട കരടുപദ്ധതികളെല്ലാം നെഹ്രു ചെയ്തുവെച്ചിരുന്നു. ടിബറ്റിന്റെ കാലാ വസ്ഥയുമായി ഏകദേശ ഇണക്കമുള്ള ഹിമാചൽപ്രദേശിലെ ധർമ ശാലയിലും കർണാടകത്തിലെ കുടകിലും അവർക്ക് സ്ഥലംനൽകി. തങ്ങളുടേതായ സർക്കാർ രൂപവത്കരിക്കാൻ അനുവാദം നൽകി. ഇന്നും അത് തുടരുന്നു.
ധർമശാലയിൽ അദ്ദേഹം 1960-ൽ ടിബറ്റിന്റെ പാർലമെന്റ് സ്ഥാപിച്ച് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷൻ എന്നപേരിൽ ഒരു ഭരണസംവിധാനം തുടങ്ങി. എന്നാൽ, ഇന്ത്യ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്നത് രസകരമായ വസ്തുതയാണ്! 2011-ൽ ദലൈലാമ തന്റെ ഭരണപരമായ ചുമതലകളിൽനിന്നു പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു; അതിനുശേഷം ഭരണകാര്യങ്ങൾക്കുള്ള ഉത്തരവാദിത്വം കഷാഗ് എന്ന മന്ത്രിസഭയ്ക്കും കലോൻ കൃപ എന്ന അതിന്റെ നായകനുമാണ്.

സമീപകാലത്ത് ടിബറ്റിനുമേലും ബുദ്ധമതത്തിന് മേലും കൂടുതൽ അധികാരം സ്ഥാപിക്കാൻ ചൈന ശ്രമിച്ചിട്ടുണ്ട്. പുതിയ ദലൈലാമയെ അംഗീകരിക്കാനും നിയമിക്കാനുമുള്ള അവകാശവും തങ്ങൾക്കാണെന്ന് ചൈന വാദിക്കുന്നു.
ക്വിങ് രാജവംശത്തിന്റെ കാലത്ത് മുൻ ദലൈലാമമാരെ അംഗീകരിക്കുന്നതിൽ പങ്കുവഹിച്ചതുപോലെ, അതിന് ചരിത്രപരമായ നിയമസാധുതയുണ്ടെന്നാണ് ചൈനയുടെ പക്ഷം.

ടിബറ്റുകാരും ആഗോള ബുദ്ധമത സമൂഹങ്ങളും ഈ വാദത്തെ എതിർക്കുന്നുണ്ട്. രാഷ്ട്രീയ നേട്ടത്തിനായാണ് ചൈനയുടെ കൈകട്ത്തൽ എന്ന് അവർ ആരോപിക്കുന്നു. തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്ത് ഇന്ത്യയിലോ പോലും ആകാം എ്ന്ന സൂചന ദലൈലാമ നൽകി കഴിഞ്ഞു. ചൈന നിർദേശിക്കുന്ന ആളെ ടിബറ്റൻ ജനത അംഗീകരിക്കില്ല എന്നും അദ്ദേഹം പറയുന്നു.

രണ്ടു ദലൈലാമകൾ ഉണ്ടാവുന്ന സാഹചര്യമുണ്ടായാൽ അത് ടിബറ്റൻ ബുദ്ധമതത്തിൽ തന്നെ വലിയ വിഭജനമുണ്ടാക്കും. നയതന്ത്രമായ പ്രശ്‌നങ്ങൾ ഉടലെടുക്കും. ടിബറ്റൻ സംസ്‌കാരത്തിന്റെ സ്വത്വത്തിന്റെ നിലനിൽപ്പാണ് പ്രധാനമായും ചോദ്യചിഹ്നത്തിലാകുന്നത്. ദലൈലാമയെ നിയമിക്കാൻ ചൈനയ്ക്ക് അധികാരം ലഭിച്ചാൽ അവർ തിരഞ്ഞെടുക്കുക ചൈനീസ് ഭരണകൂടത്തിന്റെ ചരടുവലിക്കൊപ്പം നിക്കുന്ന ഒരു പാവയേയാകുമെന്ന് ടിബറ്റൻ ജനത ഭയപ്പെടുന്നു. ഇത്
ടിബറ്റൻ പ്രതിരോധത്തെ തടയുന്നതിനും ദീർഘകാല രാഷ്ട്രീയ നിയന്ത്രണം ഉറപ്പാക്കുന്നതിനും ഇന്ത്യയിൽ ടിബറ്റൻ സമൂഹത്തിനുള്ള സ്വാധീനം ദുർബലപ്പെടുത്തുന്നതിനും വഴിവെച്ചേക്കാമെന്ന് അവർ ആശങ്ക പെടുന്നു.

ഇന്ത്യയുൾപ്പെടുന്ന അന്താരാഷ്ട്ര സമൂഹത്തിന് ഇത് നയതന്ത്രപരമായ പ്രശ്‌നമാണ്.1959 മുതൽ ദലൈലാമയെ ആതിഥ്യം വഹിച്ച ഇന്ത്യയ്ക്ക് , ചൈന ഒരു പുതിയ ആത്മീയ നേതാവിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇതിനകം തന്നെ ഉള്ള പിരിമുറുക്കം അത് വർദ്ധിപ്പിക്കാം.

In Short: Ahead of his 90th birthday, the 14th Dalai Lama announced that only the Gaden Phodrang Trust can name his successor—rejecting China’s claim to that authority. The move rekindles global debate on Tibetan sovereignty and religious freedom.