വീണ്ടുമൊരു കോവിഡ് വ്യാപനഭീതിയിലൂടെ കടന്നുപോവുകയാണോ ലോകം? ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പുരിലും തായ്‌ലന്‍ഡിലും ഹോങ്കോങ്ങിലും കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമായ ജെ.എന്‍ വണ്ണിന്റെ എല്‍.എഫ് 7, എന്‍.ബി 1.8 എന്നീ വകഭേദങ്ങളാണ് ഇപ്പോഴത്തെ രോഗപ്പകര്‍ച്ചയ്ക്ക് പിന്നില്‍. ഇവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ് എന്നത് ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന കാര്യമാണ്. 

To advertise here,

സിങ്കപ്പുര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 15,000ത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തായ്‌ലന്‍ഡില്‍ 33,000 കേസുകളും ബാങ്കോക്കില്‍ 6000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ്ങില്‍ മാര്‍ച്ച് മാസത്തില്‍ 1.7 ശതമാനമായിരുന്നു കോവിഡ് നിരക്ക്. മേയ് പകുതിയോടെ ഇത്  11.4 ശതമാനമായി ഉയര്‍ന്നു. മേയ് ആദ്യവാരം മാത്രം 30ലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലും പുതിയ കേസുകളില്‍ വര്‍ധനവുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈറസിനെതിരേയുള്ള ബൂസ്റ്റര്‍ വാക്‌സിനെടുക്കാന്‍ ഹോങ്കോങ്ങിലേയും സിംങ്കപ്പൂരിലേയും തായ്‌ലാന്‍ഡിലേയും ആരോഗ്യവിഭാഗങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലെല്ലാം രോഗവ്യാപനം കൂടുന്നുണ്ടെങ്കിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. 

എന്താണ് ജെഎന്‍ 1 വകഭേദം 

2023 ഓഗസ്റ്റിലാണ് കോവിഡ് വൈറസിന്റെ ജെഎന്‍ 1 വകഭേദത്തെ ലോകാരോഗ്യ സംഘടന തിരിച്ചറിയുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍ വണിന് 30ഓളം രൂപഭേദങ്ങളുണ്ട്. ഇതില്‍ എല്‍എഫ് 7, എന്‍ബി 1.8 എന്നീ വകഭേദങ്ങളാണ് സിങ്കപ്പൂരിലെ പുതിയ കോവിഡ് കേസുകളില്‍ മുന്നില്‍ രണ്ട് ഭാഗത്തിനും കാരണം. 

കുറഞ്ഞ സമയത്ത് കൂടുതല്‍ പേര്‍ക്ക് പകരാവുന്ന വകഭേദമാണിത്. ഒമിക്രോണ്‍ ആറു മുതല്‍ ഒന്‍പതു വരെ ആളുകളിലേക്ക് രോഗം പരത്തിയിരുന്നുവെങ്കില്‍ ഇതിന്റെ രോഗവ്യാപന ശേഷി അതില്‍ കൂടുതലാണ്. എന്നാല്‍ അതിന്റെ പേരില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. അതേസമയം ഗുരുതരമായ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കാര്യമായി മരുന്നുകള്‍ കഴിക്കുന്നവര്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്കായി ചികിത്സ തേടുന്നവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. കാരണം ഇത്തരക്കാര്‍ക്ക് രോഗം വന്നാല്‍ പെട്ടെന്ന് രോഗശമനം സംഭവിച്ച് റിക്കവറി വരാന്‍ പ്രയാസം നേരിട്ടേക്കാം 

പനി, ശ്വാസതടസ്സം, മൂക്കൊലിപ്പ്, തൊണ്ട എരിച്ചില്‍, ചുമ, തളര്‍ച്ച തുടങ്ങി കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ തന്നെയാണ് ജെഎന്‍-1 വകഭേദത്തിനും. കഴിഞ്ഞ വര്‍ഷവും ജെഎന്‍ വണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ഇതിന്റെ പുതിയ ഉപവകഭേദങ്ങള്‍, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതര സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ കാണുന്നുമില്ല. 

ജാഗ്രതയോടെ ഇന്ത്യ, നിരീക്ഷണം ശക്തം

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കോവിഡിനെതിരേ ഇതിനോടകം പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ പുതിയ കേസുകളിലുണ്ടാകുന്ന വര്‍ധനവ് ആശങ്കാജനകമാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ പുതിയ വകഭേദങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുമേറെയാണ്. ഇതോടെ ഇന്ത്യയിലും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അവലോകനയോഗം ചേരുകയും ചെയ്തിരുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് നിരക്കുകള്‍ നിയന്ത്രണവിധേയാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്. 

വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 257 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ വളരെ ചെറിയ നിരക്കാണ് ഇതെന്ന വിലയിരുത്തലിലാണ് അധികൃതര്‍. എങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിംങ്കപ്പൂരിലും മറ്റും വൈറസ് വ്യാപിക്കുന്നതിനാല്‍ ഇന്ത്യയിലെ പുതിയ കേസുകളും കൂടുതല്‍ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്. 

നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ്. കേരളത്തില്‍ മാത്രം 95 പേര്‍ കോവിഡ് ബാധിതരായിട്ടുണ്ട്. കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഇവര്‍ക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പുതിയ കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും രാജ്യത്തുടനീളം കാര്യമായ വാക്‌സിനേഷന്‍ നടന്നിട്ടുള്ളതിനാല്‍ തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. രോഗം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതകള്‍ നിലവിലില്ലെന്ന് ഐസിഎംആറും അറിയിച്ചിട്ടുണ്ട്. പുതിയ കോവിഡ് തരംഗം ലോകാരോഗ്യ സംഘടനയും സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.