ഇന്ത്യൻ മഹാസമുദ്രത്തിലെ നിഴൽ യുദ്ധം; ഇന്ത്യക്കെതിരെ ചൈനയുടെ ചാരകേന്ദ്രമാകുമോ കൊക്കോ ദ്വീപുകൾ?
ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ ചൈന നടത്തുന്ന ഇടപെടലിനെ എന്നും ഗൗരവമായി തന്നെയാണ് നമ്മൾ നോക്കിക്കാണുന്നത്. ചൈനക്ക് വ്യക്തമായ മേൽക്കൈയുള്ള പാകിസ്താനിലെ ഗ്വാദർ, ശ്രീലങ്കയിലെ ഹംബന്തോട്ട, മ്യാൻമറിലെ ക്യുക്പ്യു തുറമുഖങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അങ്ങനെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകൾക്ക് സമീപം ചൈനയുടെ സാമീപ്യം ചർച്ചയാവുന്ന ഈ കാലത്താണ് കൊക്കോ ദ്വീപുകളേക്കുറിച്ചുള്ള വാർത്തകളും സജീവമാകുന്നത്. ബംഗാൾ ഉൾക്കടലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, മ്യാൻമറിൻ്റെ ഉടമസ്ഥതയിലുള്ള ഈ ദ്വീപുകളിൽ ചൈനീസ് സാന്നിധ്യമുണ്ടെന്നാണ് നമ്മുടെ വാദം. ആൻഡമാൻ ദ്വീപുകളിൽ നിന്ന് വെറും 55 കിലോമീറ്റർ ദൂരത്തിലാണ് കൊക്കോ ദ്വീപുകൾ! എന്തുകൊണ്ടാണ് ഈ കുഞ്ഞൻ ദ്വീപുകൾ ഇന്ത്യയ്ക്ക് ഇത്രയധികം തലവേദനയാകുന്നത്? നമുക്ക് നോക്കാം
കൊക്കോ ദ്വീപിൽ ഒരു താവളം സ്ഥാപിക്കാനായാൽ, ചൈനയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യമുറപ്പിക്കാനാകും. മാത്രമല്ല, ഇതു വഴി ചൈനയ്ക്ക് ആഗോള വ്യാപാര പാതയായ മലാക്ക കടലിടുക്കിൻ്റെ പടിഞ്ഞാറൻ ഭാഗം നിരീക്ഷിക്കാം. സമുദ്ര ആശയവിനിമയ സിഗ്നലുകളും നിരീക്ഷിക്കാൻ സാധിക്കും. ഇവിടെ ചൈന സിഗ്നൽ ഇന്റലിജൻസ് സ്റ്റേഷൻ ചൈന സ്ഥാപിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ചൈനയും മ്യാൻമറും ഇത് കാലാകാലങ്ങളിൽ നിഷേധിച്ചിട്ടുണ്ടെങ്കിലും ആ വാദത്തിൽ നിന്നും നമ്മൾ പിന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിൽ കൊക്കോ ദ്വീപിലെ ഏത് നീക്കവും ഇന്ത്യയുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കൊക്കോ ദ്വീപുകൾക്ക് മേൽ ചൈനയുടെ ദൃഷ്ടി പതിഞ്ഞിട്ടുണ്ട് എന്ന സംശയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1994 മുതൽ കൊക്കോ ദ്വീപിലെ ഒരു ഭാഗം ചൈനീസ് സൈന്യം പാട്ടത്തിനെടുത്തിരുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾ അക്കാലത്തുണ്ടായിരുന്നു. 1992-ലാണ്, ആൻഡമാൻ നിക്കോബാറിലെ ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ചൈന ഇവിടെയൊരു സിഗ്നൽസ് ഇൻ്റലിജൻസ് സ്റ്റേഷൻ സ്ഥാപിച്ചു എന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നത്. അങ്ങനെയൊരു നിരീക്ഷണകേന്ദ്രം സ്ഥാപിച്ചിരുന്നെങ്കിൽ, അവർക്ക് മലാക്കാ കടലിടുക്കിലൂടെയും ബംഗാൾ ഉൾക്കടലിലൂടെയുമുള്ള കപ്പൽ ഗതാഗതം നിരീക്ഷിക്കാൻ കഴിയും. എന്നാൽ, 1994-ൽ തന്നെ ചൈനീസ് സൈന്യം പാട്ടത്തിനെടുത്തിരുന്നുവെന്ന ആരോപണങ്ങളെ മ്യാൻമാർ സർക്കാർ നിഷേധിച്ചു. 1998-ൽ അമേരിക്കയും, 2005 ഒക്ടോബറിൽ ഇന്ത്യൻ നാവികസേനാ മേധാവിയും ഇവിടെ ചൈനയുടെ നിരീക്ഷണകേന്ദ്രമില്ല എന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഇരുപത് വർഷങ്ങൾക്കിപ്പുറം വീണ്ടും കൊക്കോ ദ്വീപുകളിൽ നിന്ന് രാജ്യസുരക്ഷ സംബന്ധിച്ച ഭീഷണി ഉയരുകയാണ്. 2025 സെപ്റ്റംബർ 25 മുതൽ 27 വരെ മ്യാൻമർ സന്ദർശിച്ച ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനോട്, കൊക്കോ ദ്വീപുകളിൽ “ഒരൊറ്റ ചൈനീസ് പൗരൻ പോലും” ഇല്ലെന്ന് മ്യാൻമർ സൈനിക മേധാവി ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ, കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ ഇന്ത്യൻ നാവികസേന ആവശ്യപ്പെട്ടു. എന്നാൽ കോക്കോ ദ്വീപുകൾ സന്ദർശിക്കാനുള്ള അനുമതി നൽകാൻ മ്യാൻമർ ഇതുവരെ തയ്യാറായിട്ടില്ല! എന്തുകൊണ്ടാണ് നയ്‌പിഡോ ഈ അഭ്യർത്ഥനകളോട് പ്രതികരിക്കാത്തത്? അവിടെയാണ് സംശയം വർദ്ധിച്ചത്.
ഉപഗ്രഹ ചിത്രങ്ങളിലെ രഹസ്യം
ഇന്ത്യയുടെ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകിക്കൊണ്ട്, 2023 ജനുവരിയിൽ മാക്‌സർ ടെക്‌നോളജീസ് ഗ്രേറ്റ് കൊക്കോ ഐലൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിൽ ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിന് എയർസ്ട്രിപ്പ് വികസിപ്പിച്ചതായും 1500-ൽ അധികം സൈനികരെ ഉൾക്കൊള്ളാൻ കഴിയുന്ന ബാരക്കുകൾക്ക് സമാനമായ കെട്ടിടങ്ങൾ നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. കൂടാതെ, പ്രധാന കൊക്കോ ദ്വീപിന് സമീപത്തുള്ള ജെറി ദ്വീപുമായി ബന്ധിപ്പിക്കാൻ പുതിയ കോസ്‌വേയുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഈ വികസനം വെറും സാധാരണ ആവശ്യങ്ങൾക്ക് വേണ്ടിയാകില്ല. ഇന്ത്യയുടെ തന്ത്രപരമായ മേഖലയിൽ ചൈന ഒരു രഹസ്യചാരകേന്ദ്രം നിർമ്മിക്കുകയാണെന്ന സംശയം ഈ സാഹചര്യത്തിൽ തള്ളിക്കളയാനുമാകില്ല. ഉപഗ്രഹ ചിത്രങ്ങൾ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാന ആശങ്ക
കൊക്കോ ദ്വീപുകൾ ചൈന താവളമാക്കിമാറ്റിയാൽ, ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങൾ വിലയിരുത്താൻ അവർക്ക് കഴിയും. ബാലസോർ മിസൈൽ പരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള ഇന്ത്യൻ വിക്ഷേപണങ്ങൾ നിരീക്ഷിക്കുന്നതിനും, രാംബില്ലിയിലെ നാവിക താവളത്തിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയുടെ അണുവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളുടെ (SSBNs) നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും, ചൈനയ്ക്ക് കഴിയും. ഇവിടെ നിരീക്ഷണ സൗകര്യങ്ങൾ സ്ഥാപിക്കാൻ മ്യാൻമർ ചെെനയ്ക്ക് അനുമതി നൽകിയിട്ടുണ്ടോ എന്ന ആശങ്കയാണ് ഇന്ത്യയെ അലട്ടുന്നത്. കാരണം, ബാലസോറിലെയും എപിജെ അബ്ദുൾ കലാം ദ്വീപിലെയും മിസൈൽ പരീക്ഷണ കേന്ദ്രങ്ങൾ കൊക്കോ ദ്വീപസമൂഹത്തിൻ്റെ അതേ ലാറ്റിറ്റ്യൂഡിലാണ് സ്ഥിതി ചെയ്യുന്നത്.
അവസാനിക്കാത്ത നിഴൽ യുദ്ധം
രാജ്യത്ത് ചൈനീസ് സൈനികരില്ലെന്ന് മ്യാൻമർ അവകാശപ്പെടുന്നുണ്ടെങ്കിലും, ചിൻഡ്വിൻ നദിയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ നയ്പിഡോയുടെ ഭരണം കാര്യമായി നടക്കുന്നില്ല. അവിടെ ചൈനയുമായി ബന്ധമുള്ള വിമത സംഘങ്ങളും മയക്കുമരുന്ന് മാഫിയകളുമാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊക്കോ ദ്വീപുകളിലെ ഈ നിഴൽ യുദ്ധം അവസാനിക്കുന്നില്ല. ഈ തന്ത്രപരമായ വാതിൽ ആർക്കാണ് തുറന്ന് കൊടുക്കുന്നത് എന്നതിലാണ് ഇനി ഇന്ത്യയുടെയും ഏഷ്യയുടെയും സുരക്ഷ നിലകൊള്ളുന്നത്. ചൈനീസ് സാന്നിധ്യം ഇല്ലെന്ന മ്യാൻമറിൻ്റെ വാദം ഇന്ത്യ അംഗീകരിക്കുമോ? അതോ, യാഥാർത്ഥ്യം നേരിട്ട് അറിയാനുള്ള ശ്രമങ്ങൾ ന്യൂഡൽഹി ശക്തമാക്കുമോ?
Content Highlights: Explore the strategic importance of Myanmar`s Coco Islands and China`s alleged shadow war operations. Understand the threat to India`s national security in the Indian Ocean.
Published: 15 Oct 2025, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented